Jump to content

ബഹുനില കെട്ടിടങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ബഹുനിലകെട്ടിടം

ജനസംഖ്യയിലുള്ള ക്രമാതീതമായ വളർച്ചയും, കൂടുതൽ സുഖസൌകര്യങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണവും ബഹുനില കെട്ടിടങ്ങളെ ആശ്രയിക്കുവാൻ കാരണമായി കൊണ്ടിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നേരത്തേ തന്നെ രൂപം കൊണ്ട ഈ പ്രവണത ഇന്ന് നമ്മുടെ നാട്ടിലും വന്നു കഴിഞ്ഞു. പട്ടണങ്ങളെ കേന്ദ്രീകരിച്ച് ആണ് കൂടുതലും ഇത്തരത്തിലുള്ള അംബരചുംബികളായ കെട്ടിടങ്ങൾ വരുന്നത്. ഓരോ മതിൽ കെട്ടിനുള്ളിലും സ്വതന്ത്രമായി ഉണ്ടായിരുന്ന വീടുകൾ ഇന്ന് അപ്രത്യക്ഷമാകുന്നു. ഒരു പക്ഷേ, ബഹുനില കെട്ടിടം എന്ന ആശയം ജനസാന്ദ്രതയ്ക്കുള്ള മറുമരുന്നായി നമുക്ക് കണക്കാക്കാം. പൂർണ്ണമായ സുരക്ഷിതത്വം ലക്ഷ്യമിടുന്ന ഇതിലെ അന്തേവാസികൾക്ക്, അത് ഉറപ്പ് വരുത്തുക എന്നുള്ളത് ഈ കെട്ടിടങ്ങളുടെ രൂപം മനസ്സിൽ തുടങ്ങി വയ്ക്കുന്ന ആർക്കിടെക്ടിൽ തുടങ്ങുന്നു. ഇദ്ദേഹം അടിസ്ഥാനമിടുന്ന രൂപകൽപനയിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വായു, വെള്ളം, വൈദ്യുതി, മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം, വന്നു ഭവിക്കാവുന്ന അപകടങ്ങൾ ഇല്ലാതാക്കുവാനുള്ള ക്രമീകരണങ്ങളും സജ്ജീകരിക്കേണ്ടതാണ്. ഇതിനായി വിവിധ മേഖലകളിലുള്ള സാങ്കേതിക വിദഗ്ദരുടെ കൂട്ടായ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. കല്ലും മരവും കമ്പിയും ഉപയോഗിച്ച് പണിതുയർത്തപ്പെടുന്ന ഈ കെട്ടിടങ്ങൾക്ക് ജീവൻ നൽകുന്നത് വൈദ്യുതി ഒന്നു മാത്രമാണ്. വൈദ്യുതി ലഭ്യമാക്കുവാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പല നിലകളുള്ള കെട്ടിടങ്ങളാണ് അക്ഷരാർത്ഥത്തിൽ ബഹുനിലകെട്ടിടങ്ങൾ. പലപ്പോഴും ഉയരം കണക്കാക്കിയാണ് ഇവയെ തരം തിരിക്കുന്നത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഉയരം കണക്കാക്കുന്ന രീതി പലപ്പോഴും തർക്കം ഉണ്ടാക്കുന്ന വസ്തുതയാണ്. നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇൻഡ്യ, 2005 – ൽ (എൻ .ബി .സി) വളരെ വ്യക്തമായി കെട്ടിടങ്ങളുടെ ഉയരം എന്നത് നിർവചിച്ചിട്ടുണ്ട്. തറനിരപ്പി(ഗ്രൌണ്ട് ലെവൽ)ൽ നിന്നും, ഏറ്റവും മുകളിലത്തെ താമസയോഗ്യമായ മുറിയുടെ ടെറസും മുറിയുടെ പുറം ഭിത്തിയുമായി ചേർന്ന് നിൽക്കുന്ന ഭാഗം വരെയാണ് കെട്ടിടത്തിന്റെ ഉയരം. അതായത് ഈ ഭാഗത്തിന് മുകളിലായി ഉയർന്നു നിൽക്കുന്ന കൈവരികളോ, ജലസംഭരണിയോ, ലിഫ്റ്റിന്റെ മെഷീൻ റൂമോ, സ്റ്റെയർകേസ് റൂമോ കെട്ടിടത്തിന്റെ ഉയരം അളക്കുമ്പോൾ പരിഗണിക്കേണ്ടതില്ല. കെട്ടിടത്തിന് ചുറ്റുമായി പല തറ നിരപ്പാണ് ഉള്ളതെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ഫയർ എഞ്ചിൻ വന്നു നിൽക്കുവാൻ സൌകര്യമുള്ള ഏറ്റവും ഉയർന്ന തറനിരപ്പാണ് ഉയര‍ം കണക്കാക്കുവാൻ പരിഗണിക്കേണ്ടത്. പ്രധാനമായും 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നു. 1956-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി റൂൾ 50A വകുപ്പ് പ്രകാരമാണ് ഈ തരത്തിലുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കേണ്ടത്. വൈദ്യുതി തരുന്നത് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പോലെയുള്ള ലൈസൻസികൾ ആണെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്ന സർക്കാർ വകുപ്പിന്റെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഇവർക്ക് വൈദ്യുതി തരുവാൻ സാധിക്കൂ. സാധാരണ ഗതിയിൽ, 15 മീറ്ററും അതിനു താഴെയും ഉയരമുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി നൽകുവാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അംഗീകാരം ആവശ്യമില്ല. പക്ഷേ, അവയിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന ജനറേറ്റർ, ലിഫ്റ്റ് എന്നിവ പ്രവർത്തിക്കുവാൻ പ്രത്യേക അംഗീകാരം വാങ്ങിയിരിക്കണം.

സവിശേഷതകൾ

[തിരുത്തുക]

ബഹുനില കെട്ടിടങ്ങൾക്ക് അത്യന്താപേക്ഷിതമായും ഉണ്ടായിരിക്കേണ്ട മൂന്ന് വൈദ്യുത ഉപകരണങ്ങളാണ് (1)ഫയർ പമ്പ് (2)ലിഫ്റ്റ് (3)ജനറേറ്റർ (1) ഫയർ പമ്പ് :– കെട്ടിടത്തിൽ ഏതെങ്കിലും തരത്തിലുള്ള തീ പിടിത്തം ഉണ്ടായാൽ ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളം ശക്തിയായി പമ്പ് ചെയ്തു തീ അണയ്ക്കുവാൻ വേണ്ടിയാണ് ഫയർ പമ്പ്. കെട്ടിടത്തിന്റെ ഉയരവും, കെട്ടിടം ഏത് ഉദ്ദേശ്യത്തോടെയുള്ളതാണെന്നും നോക്കിയാണ് ഫയർ പമ്പിന്റെ ശേഷി (എച്ച്.പി) തീരുമാനിക്കുന്നത്. ഇതിന് ഉത്തരവാദപ്പെട്ടിരിക്കുന്നത് കേരളാ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഡിപ്പാർട്ട്മെന്റ് ആണ്. വൈദ്യുതി കൊണ്ടോ ഡീസൽ കൊണ്ടോ പ്രവർത്തിക്കുന്ന ഫയർ പമ്പുകൾ ആകാം.

(2) ലിഫ്റ്റ് :– എൻ.ബി.സി മൂന്നാം ഭാഗത്തിന്റെ വകുപ്പ് 20 പ്രകാരം, 15 മീറ്റർ മുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് നിർബന്ധമാണ്. കേരളാ മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ്, 1999-ന്റെ വകുപ്പ് 48 പ്രകാരം 3 നിലകൾക്ക് മുകളിലുള്ള ആശുപത്രി സംബന്ധമായ കെട്ടിടങ്ങൾക്കും 4 നിലകൾക്ക് മുകളിലുള്ള മറ്റ് കെട്ടിടങ്ങൾക്കും (തറനിരപ്പിന് താഴെയുള്ള നിലകൾ ഒഴിവാക്കാവുന്നതാണ് ) ഓരോ 2500 ചതുരശ്ര മീറ്റർ പ്ളിംന്ത് വിസ്തീർണ്ണത്തിനും ഓരോ ലിഫ്റ്റ് വീതം നിഷ്കർഷിക്കുന്നു. വൈദ്യുതി ഇല്ലാതാകുന്ന പക്ഷം, ജനറേറ്റർ വഴി ലിഫ്റ്റ് പ്രവർത്തിപ്പിക്കുവാനുള്ള സൌകര്യങ്ങൾ ഉണ്ടായിരിക്കുകയോ, അതുമല്ലെങ്കിൽ എ.ആർ.ഡി (ആട്ടോമാറ്റിക് റെസ്ക്ക്യൂ ഡിവൈസ് ) എന്ന സംവിധാനം വഴി തൊട്ടടുത്ത നിലയിൽ ലിഫ്റ്റ് കാർ ചെന്ന് നിന്ന് ഡോർ തുറക്കുവാനുള്ള സൌകര്യമോ ഉണ്ടായിരിക്കേണ്ടതാണ്. ഇപ്പോൾ സ്ഥാപിക്കുന്ന പുതിയ ലിഫ്റ്റ് പ്രതിഷ്ഠാപനങ്ങളിൽ വി3എഫ് (വേരിയബിൾ വോൾട്ടേജ് വേരിയബിൾ ഫീക്വൻസി) എന്ന കൂടുതൽ ഉർജ്ജക്ഷമതയുള്ള ലിഫ്റ്റ് കൺട്രോള്ളർ ആണ് ഉപയോഗിക്കുന്നത്.

(3) ജനറേറ്റർ :- 15 മീറ്റർ മുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് പൊതുവായ ലൈറ്റ്, ലിഫ്റ്റ്, ഫയർ പമ്പ് മോട്ടോർ, വാട്ടർ പമ്പ് മോട്ടോർ, മുതലായവ പ്രവർത്തിക്കുവാൻ ആവശ്യമായ ജനറേറ്റർ വേണമെന്ന് എൻ.ബി.സി നിഷ്കർഷിക്കുന്നു. കുറഞ്ഞത് 10 കെ.വി.എ കാര്യക്ഷമതയുള്ള ജനറേറ്റർ എങ്കിലും ഉപയോഗിച്ചിരിക്കണമെന്നുണ്ട്. ജനറേറ്ററിന്റെ ശരിയായ കാര്യക്ഷമത തീരുമാനിക്കുന്നത് ഏറ്റവും വലിയ ഫയർ പമ്പ് മോട്ടോറിന്റെ റേറ്റിംഗ്, ലിഫ്റ്റ് പ്രതിഷ്ഠാപനം വി3എഫ് സൌകര്യം ഉള്ളതാണോ അല്ലയോ, കെട്ടിടത്തിലെ അന്തേവാസികൾക്ക് ജനറേറ്ററിൽ നിന്നുള്ള അടിയന്തര വൈദ്യുതി കൊടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ലിഫ്റ്റ് വി3എഫ് സൌകര്യം ഉള്ളതാണെങ്കിൽ ജനറേറ്റർ, ലിഫ്റ്റ് മോട്ടോറിന്റെ നാല് മടങ്ങും അല്ലെങ്കിൽ ആറ് മടങ്ങും കാര്യശേഷി ഉള്ളതായിരിക്കണം. ജനറേറ്ററിൻറെ പുകകുഴൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ എത്തിച്ച് ആർക്കും ഉപദ്രവമില്ലാത്ത തരത്തിൽ പുക അന്തരീക്ഷത്തിലേയ്ക്ക് കളയേണ്ടതാണ്. കൂടാതെ ശബ്ദമലിനീകരണം നിയന്ത്രിക്കത്തക്കവണ്ണം സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി) അംഗീകാരമുള്ള അക്കോസ്റ്റിക് ചേമ്പർ ഉള്ള ജനറേറ്റർ ആയിരിക്കണം.

അവലംബം

[തിരുത്തുക]

http://jameskutty.info/CEA_Safety_Regulations_2010.pdf

"https://ml.wikipedia.org/w/index.php?title=ബഹുനില_കെട്ടിടങ്ങൾ&oldid=2284603" എന്ന താളിൽനിന്ന് ശേഖരിച്ചത്