ഉള്ളടക്കത്തിലേക്ക് പോവുക

ബഹിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചകൻ മുഹമ്മദ് നബി തന്റെ അമ്മാവനായ അബു താലിബിനൊപ്പമുള്ള ഒരു വ്യാപാര യാത്രയിൽ കണ്ടുമുട്ടിയപ്പോൾ മുഹമ്മദ് ഭാവിയിൽ പ്രവാചകൻ ആകുമെന്ന് പ്രവചിച്ച ഒരു ക്രിസ്ത്യൻ സന്യാസിയുടെ ഇസ്ലാമിക പാരമ്പര്യത്തിലെ പേരാണ് ബഹിറ (അറബിക്: بَحِيرَىٰ, ക്ലാസിക്കൽ സിറിയക്: ܒܚܝܪܐ).[1] ബഹിറ എന്ന പേര് സുറിയാനി ഭാഷയിൽ നിന്നാണ് വന്നത്, അവിടെ അത് ഒരു ശരിയായ പേരല്ല, മറിച്ച് ഒരു സന്യാസിയെ അഭിസംബോധന ചെയ്യുന്നതിനോ വിവരിക്കുന്നതിനോ ഉള്ള പേര് ആയിട്ടാണ് കണക്കാക്കുന്നത്."പരീക്ഷിക്കപ്പെട്ട" "അംഗീകരിക്കപ്പെട്ട" ഒരാളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു നാമവിശേഷണമാണിത്, ആലങ്കാരികമായി "പ്രശസ്തൻ" അല്ലെങ്കിൽ "ശ്രേഷ്ഠൻ" എന്നർത്ഥം. ഇത് bhr ന്റെ നിഷ്ക്രിയ ക്രിയയുടെ രൂപമാണ്, ഇത് "ശ്രമിക്കുക, തീയിൽ വെള്ളിയായി തെളിയിക്കുക" എന്ന് വിവർത്തനം ചെയ്യുന്നു. [2]

ഇസ് ലാമിക പാരമ്പര്യങ്ങളിലെ പരാമർശം

[തിരുത്തുക]

അബ്ദുള്ള ഇബ്നു അബി ബക്കർ അൽ-അൻസാരിയിൽ നിന്ന് ലഭിച്ച വിവരണമാണ് താഴെ കൊടുക്കുന്നത്. [3] സിറിയയിലെ ബോസ്രയിലാണ് ബഹിറ എന്ന ജ്ഞാനിയായ സന്യാസി താമസിച്ചിരുന്നത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പഴയ മതഗ്രന്ഥങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം സമയം ചെലവഴിച്ചു. ഈ പുസ്തകങ്ങളിലൊന്നിൽ, ഭാവിയിൽ വരാനിരിക്കുന്ന ഒരു പ്രത്യേക പ്രവാചകനെക്കുറിച്ച് അദ്ദേഹം വായിച്ചു. ഒരു ദിവസം, മക്കയിൽ നിന്ന് ഒരു കൂട്ടം വ്യാപാരികൾ ബോസ്രയിലേക്ക് വന്നു. അവരിൽ മുഹമ്മദ് എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ബഹിറ വിചിത്രവും അതിശയകരവുമായ എന്തോ ഒന്ന് അദ്ദേഹത്തിൽ ശ്രദ്ധിച്ചു. ഒരു മേഘം മുഹമ്മദിനെ പിന്തുടരുകയും അദ്ദേഹത്തിന് തണൽ നൽകുകയും ചെയ്തു. മുഹമ്മദ് ഒരു മരത്തിനടിയിൽ ഇരിക്കുമ്പോൾ, ആ മരം അതിന്റെ ശാഖകൾ താഴ്ത്തി അദ്ദേഹത്തിന് കൂടുതൽ തണൽ നൽകി.ബഹിറയ്ക്ക് ഈ ആൺകുട്ടിയെക്കുറിച്ച് എന്തോ പ്രത്യേകത തോന്നി. അദ്ദേഹം മുഴുവൻ സംഘത്തെയും ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണസമയത്ത്, ബഹിറ ചോദ്യങ്ങൾ ചോദിച്ചു, മുഹമ്മദിനെ സൂക്ഷ്മമായി നോക്കി. മുഹമ്മദിന്റെ മുതുകിൽ "ഒരു പ്രവാചകന്റെ അടയാളം" എന്ന് അദ്ദേഹത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ഒരു അടയാളം അദ്ദേഹം കണ്ടു.താൻ വായിച്ച ഭാവി പ്രവാചകനാണ് മുഹമ്മദ് എന്ന് ബഹിറയ്ക്ക് ഉറപ്പായി. ചിലർ ആൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽ, മുഹമ്മദിന്റെ അമ്മാവനായ അബു താലിബിനോട് പറഞ്ഞു, "ഈ കുട്ടിയെ സുരക്ഷിതമായി സൂക്ഷിക്കാൻ വേഗത്തിൽ താങ്കൾ മക്കയിലേക്ക് തിരികെ കൊണ്ടുപോകുക." അബു താലിബ് അത് കേട്ടു, മുഹമ്മദിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട്, വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുന്ന മൂന്ന് പേർ മുഹമ്മദിനെ അന്വേഷിച്ചു വന്നു. എന്നാൽ ബഹിറ അവരെ തടഞ്ഞു നിർത്തി, "ഇത് ദൈവത്തിന്റെ പദ്ധതിയാണ്. ദൈവം തീരുമാനിച്ചത് നിങ്ങൾക്ക് മാറ്റാൻ കഴിയില്ല" എന്ന് ഓർമ്മിപ്പിച്ചു.[4] [5]

അൽ-തബാരിയുടെ മറ്റൊരു പതിപ്പിൽ പറയുന്ന സംഭവം ഇങ്ങിനെയാണ്.[6] ബഹിറ അതിലും അത്ഭുതകരമായ ഒന്ന് കണ്ടിരുന്നു. മുഹമ്മദ് കടന്നുപോകുമ്പോൾ മരങ്ങളും കല്ലുകളും ആദരസൂചകമായി കുമ്പിടുന്നത് ബഹിറ കാണുന്നു. ഇതുകണ്ട് ബഹിറ ഞെട്ടിപ്പോയി, "ഈ കുട്ടി ലോകനാഥന്റെ ദൂതനാണ്" എന്ന് പറയുന്നു. ബഹിറ പക്ഷെ വളരെ വിഷമിക്കുന്നു. ബൈസന്റൈൻസ് (അന്നത്തെ ശക്തമായ ഒരു സാമ്രാജ്യം) മുഹമ്മദ് ആരാണെന്ന് കണ്ടെത്തിയാൽ അവനെ ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിച്ചേക്കാമെന്ന് അയാൾ വിശ്വസിക്കുന്നു. അതിനാൽ മുഹമ്മദിനെ ഉടൻ മക്കയിലേക്ക് തിരികെ കൊണ്ടുപോകാൻ ബഹിറ അബു താലിബിനോട് പറയുന്നു. അബു താലിബ് സമ്മതിക്കുകയും വിശ്വസ്തരായ രണ്ട് പുരുഷന്മാരായ അബുബക്കർ, ബിലാൽ ഇബ്നു റബാഹ് എന്നിവരോട് മുഹമ്മദിനെ സംരക്ഷിക്കാൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. താമസിയാതെ, ബൈസന്റൈൻ സാമ്രാജ്യത്തിൽ നിന്നുള്ള ഏഴ് പേർ മുഹമ്മദിനെ കൊല്ലാൻ അന്വേഷിച്ച് വരുന്നു. എന്നാൽ അപ്പോഴേക്കും അദ്ദേഹം സുരക്ഷിതമായി മക്കയിൽ തിരിച്ചെത്തിയിരിന്നു.[4][5]

ഈ സംഭവങ്ങൾക്ക് അൽ-സുഹൈലി പറയുന്ന മറ്റൊരു പതിപ്പുണ്ട്. ഈ വിവരണപ്രകാരം മുഹമ്മദിനെ കാണുന്നയാൾ ഒരു ക്രിസ്ത്യൻ സന്യാസിയല്ല, മറിച്ച് ഒരു ജൂത റബ്ബിയാണ് എന്നതാണ്. കൂടാതെ ഇത് സംഭവിക്കുന്നത് ബോസ്രയിലല്ല എന്നും തൈമ എന്ന നഗരത്തിലാണ് എന്നുമാണ്. മുഹമ്മദ് ഭാവിയിൽ ഒരു പ്രവാചകനാകുമെന്ന് കാണിക്കുന്ന അടയാളങ്ങളും ജൂത റബ്ബി കാണുന്നു. സിറിയയിലേക്ക് കൂടുതൽ ദൂരം പോയാൽ മറ്റ് ജൂതന്മാർ മുഹമ്മദിനെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കുമെന്ന് അയാൾ ഭയപ്പെടുന്നു. അതിനാൽ, മറ്റ് കഥകളിലെന്നപോലെ, മുഹമ്മദിനെ വേഗത്തിൽ വീട്ടിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം അബു താലിബിനോട് പറയുന്നു.[7][8]

ഖദീജയെ വിവാഹം കഴിക്കുന്നതിന് മുമ്പ്, പ്രവാചകൻ മുഹമ്മദ് നബി അവർക്കായി ഒരു പ്രത്യേക വ്യാപാര യാത്ര നടത്തി. മക്കയിലെ ഒരു വലിയ ധനികയായിരുന്നു ഖദീജ. തനിക്ക് വേണ്ടി ബിസിനസ്സ് ചെയ്യാനായി അവർ മുഹമ്മദിനെ മൈസറ എന്ന തന്റെ ദാസനെയും അവർ അദ്ദേഹത്തോടൊപ്പം പോകാൻ അയച്ചു. ഈ യാത്രയ്ക്കിടെ, അവർ ഒരു ക്രിസ്ത്യൻ സന്യാസിയെ കണ്ടുമുട്ടി. സന്യാസിയെ നസ്തൂർ അല്ലെങ്കിൽ നസ്തൂര എന്ന് വിളിക്കുന്നു. എല്ലാ കഥകളിലും ഈ യാത്രയുടെ സ്ഥാനം ഒരുപോലെയല്ല. ചിലർ ഹുബാഷ എന്ന സ്ഥലത്തേക്ക് പോയതായി പറയുന്നു, മറ്റുള്ളവർ അത് സിറിയയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[9] മുഹമ്മദ് ഒരു മരത്തിനടിയിൽ ഇരിക്കുന്നത് സന്യാസി കണ്ടു, അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ആ മരത്തിനടിയിൽ പ്രവാചകന്മാർ മാത്രമേ ഇരിക്കുന്നുള്ളൂ.” അദ്ദേഹം മൈസറയോട് ചോദിച്ചു, “മുഹമ്മദിന്റെ കണ്ണുകളിൽ ചുവപ്പുണ്ടോ?” മൈസാര അതെ എന്ന് പറഞ്ഞു. അപ്പോൾ സന്യാസി പറഞ്ഞു, “അവൻ വരാനിരിക്കുന്ന പ്രവാചകനാണെന്ന്.” കഥയുടെ സംഭവത്തിൽ, മുഹമ്മദ് ഒരിക്കലും തീർന്നുപോകാത്ത ഭക്ഷണം സൃഷ്ടിക്കുന്നത് സന്യാസി കണ്ടു. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി, മുഹമ്മദ് പ്രത്യേകതയുള്ളവനാണെന്ന് അദ്ദേഹത്തിന് കൂടുതൽ ഉറപ്പായി.ആ സന്യാസിക്ക് വളരെയധികം മതിപ്പുതോന്നി, വളരെ ഉയർന്ന വിലയ്ക്ക് മുഹമ്മദിന്റെ സാധനങ്ങൾ വാങ്ങി. തിരികെ പോകുമ്പോൾ രണ്ട് മാലാഖമാർ പ്രത്യക്ഷപ്പെട്ട് മുഹമ്മദിന് കടുത്ത വെയിലിൽ നിന്ന് തണൽ നൽകുന്നതായും ആ സന്യാസി കണ്ടു.അവർ വീട്ടിലേക്ക് മടങ്ങിയപ്പോൾ, മൈസറ യാത്രയിൽ സംഭവിച്ചതെല്ലാം ഖദീജയോട് പറഞ്ഞു. സന്യാസിയുടെ വാക്കുകൾ, അത്ഭുതങ്ങൾ, മാലാഖമാർ. ഖദീജയെ വളരെയധികം സ്പർശിക്കുകയും മുഹമ്മദ് സത്യസന്ധനും അനുഗ്രഹീതനുമായ ഒരു മനുഷ്യനാണെന്ന് അനുഭവിക്കുകയും ചെയ്തു. താമസിയാതെ, അവർ അദ്ദേഹത്തോട് വിവാഹാഭ്യർത്ഥന നടത്തി. ഒടുവിൽ അവർ വിവാഹിതരായി.[9]മറ്റൊരു എഴുത്തുകാരൻ പറഞ്ഞ മറ്റൊരു കഥയിൽ, യാത്രയിൽ അദ്ദേഹത്തോടൊപ്പം പോയത് അബൂബക്കർ (മുഹമ്മദിന്റെ അടുത്ത സുഹൃത്ത്) ആയിരുന്നു എന്നാണ്. ആ പതിപ്പിൽ, സന്യാസി പറയുന്നു, "ഈ മരത്തിന്റെ ചുവട്ടിൽ അവസാനമായി ഇരുന്ന വ്യക്തി യേശുവായിരുന്നു." ഇതിനർത്ഥം യേശുവിന്റെ ശേഷമുള്ള അടുത്ത പ്രവാചകൻ മുഹമ്മദ് ആണെന്ന് സന്യാസി വിശ്വസിച്ചു എന്നാണ്.[10]

അവലംബം

[തിരുത്തുക]
  1. Abel, A. "Baḥīrā". Encyclopaedia of Islam, Second edition. Brill. Brill Online, 2007 [1986].
  2. Roggema 2008, p. 57–8.
  3. Anthony 2020, p. 71–2.
  4. 4.0 4.1 Roggema 2008, p. 38–9.
  5. 5.0 5.1 Anthony 2020, p. 70.
  6. Roggema 2008, p. 39–40.
  7. Roggema 2008, p. 44.
  8. Anthony 2020, p. 69.
  9. 9.0 9.1 Roggema 2008, p. 40.
  10. Roggema 2008, p. 42.
"https://ml.wikipedia.org/w/index.php?title=ബഹിറ&oldid=4504198" എന്ന താളിൽനിന്ന് ശേഖരിച്ചത്