ബന്ദിപ്പൂർ, നേപ്പാൾ
ബന്ദിപ്പൂർ
बन्दीपुर | |
---|---|
Country | Nepal |
Zone | Gandaki Zone |
District | Tanahun District |
സർക്കാർ | |
• തരം | Municipality |
ഉയരം | 1,030 മീ (3,380 അടി) |
ജനസംഖ്യ (2011) | |
• ആകെ | 15,591 |
സമയമേഖല | UTC+5:45 (NST) |
Postal code | 33904 |
ഏരിയ കോഡ് | 056 |
വെബ്സൈറ്റ് | bandipurmun.gov.np |
ബന്ദിപ്പൂർ (ദേവനാഗരി बन्दीपुर) നേപ്പാളിലെ തനാഹുൻ ജില്ലയിലുള്ള (ഗൻഡക്കി മണ്ഡലം) കുന്നിൻ മുകളിലെ അധിവാസ കേന്ദ്രവും മുനിസിപ്പാലിറ്റിയുമാണ്. ഈ മുനിസിപ്പാലിറ്റി സ്ഥാപിക്കപ്പെട്ടത് 2014 മെയ് 18 ന് ആയിരുന്നു. നിലനിന്നിരുന്ന ധരംപാനി പട്ടണവും ബന്ദിപ്പൂർ വില്ലേജ് ഡവലപ്പ്‍മെൻറ് കമ്മിറ്റിയും (വി.ഡി.സി.) ലയിപ്പിച്ചായിരുന്നു ഈ മുനിസിപ്പാലിറ്റി രൂപീകരിച്ചത്.[1][2] ഇവിടുത്തെ പ്രാചീന സംസ്കൃതികളുടെ അന്തരീക്ഷം നന്നായി സംരക്ഷിച്ചിരിക്കുന്നതിനാല് വിനോദസഞ്ചാരികളുടെ ശ്രദ്ധ ഈ മലയോര മുനിസിപ്പാലിറ്റിയിലേയ്ക്കു സമീപകാലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്. 2011 ലെ നേപ്പാൾ സെൻസസ് പ്രകാരം ബന്ദിപ്പൂരിലെയും ധരംപാനിയിലെയും കൂടിയുള്ള ആകെ ജനസംഖ്യ 15591 ആണ്.[3]
സ്ഥാനം
[തിരുത്തുക]ബന്ദിപ്പൂർ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാശങ്ങൾ 27.56 N, 84.25 E ആണ്. 1030 മീറ്റർ ഉയരമുള്ള പർവ്വതി നിരയിൽ (മഹാഭാരത് റേഞ്ച്) മർസ്യാങ്ടി നദീ താഴ്വരയിൽ നിന്ന് ഏകദേശം 700 മീറ്റർ മുകളിലും കാഠ്‍മണ്ഡുവിൻറെ പടിഞ്ഞാറു നിന്ന് 143 കിലോമീറ്റർ ദൂരെയും പോഖാറായിൽ നിന്ന് 80 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1998 മുതൽ ഡുമ്രെയിൽ നിന്ന് 8 കിലോമീറ്റർ ദൂരമുള്ള ഒരു റോഡ് (കാഠ്‍മണ്ഡു-പൊഖാറ ഹൈവേ) ഇവിടേയ്ക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. അതുവരെ അവിടേയ്ക്കുള്ള ട്രാക്ടറുകൾക്കു മാത്രം പോകാൻ സാധിക്കുന്ന ദുർഘടമായി റോഡായിരുന്നു ഉണ്ടായിരുന്നത്.
ചരിത്രം
[തിരുത്തുക]ബന്ദിപ്പൂർ ഒരിക്കൽ പുരോഗതി നേടിയ വാണിജ്യകേന്ദ്രമായിരുന്നു. യഥാർത്ഥത്തിൽ ഇതൊരു സാധാരണ മഗർ വില്ലേജായിരുന്നു. ഭക്തിപ്പൂരിൽ നിന്നുള്ള നെവാരസ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ കുടിയേറിപ്പാർത്തു. ബന്ദിപ്പൂരിൽ ഇന്ന് ബഹുൺസ്, ഛെട്രിസ്, നെവാർസ്, ദമയിസ്, കാമിസ്, സർകിസ്, കസായിസ്, മഗാർസ്, ഗുരുങ്‍സ് എന്നു തുടങ്ങി വ്യത്യസ്ത ആചാരവിശ്വാസങ്ങൾ പാലിക്കുന്ന അനേകം വർഗ്ഗക്കാർ താമസിക്കുന്നു.
ബന്ദിപ്പൂർ മുനിസിപ്പാലിറ്റി
[തിരുത്തുക]2014 മെയ് 8 ന് പ്രധാനമന്ത്രിയുടെ ഓഫീസായ സിങ്ഘ ഡർബാറിൽ ഒരു ക്യാബിനറ്റ് മീറ്റിങ്ങ് കൂടുകയും അനുമതി കാത്തു കിടന്നിരുന്ന 37 മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ 72 പുതിയ മുനിസിപ്പാലിറ്റികൾ കൂടി നിലവിൽ വരുന്നതായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1999 ലെ സെൽഫ് ഗവർണൻസ് ആക്ട് അനുസരിച്ചാണ് ഈ പ്രഖ്യാപനം നടന്നത്. ഈ പ്രഖ്യാപന പ്രകാരം ബന്ദിപ്പൂരും നേപ്പാളിലെ ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തുകയും ചെയ്തു. സമീപത്തെ ധരംപാനി വി.ഡി.സിയും (വില്ലേജ് ഡവലപ്‍മെൻറ് കമ്മിറ്റി) കൂടി ബന്ദിപ്പൂരിൽ ലയിപ്പിച്ചാണ് ഇതു മുനിസിപ്പാലിറ്റിയാക്കിയത്. 2014 ജൂൺ രണ്ടാം തീയതി, തിങ്കളാഴ്ച ബന്ദിപ്പൂർ വില്ലേജ് കമ്മിറ്റിയുടെ ഉദ്ഘാടന പരിപാടികളോടെ ഔദ്യോഗികമായി ബന്ദിപ്പൂർ മുനിസിപ്പാലിറ്റി പ്രവർത്തനമാരംഭിച്ചു.
വിദ്യാഭ്യാസ സൌകര്യങ്ങൾ
[തിരുത്തുക]ബന്ദിപ്പൂരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ, ഭാനു ഹൈയർ സെക്കൻററി സ്കൂൾ 1950 ലാണ് സ്ഥാപിക്കപ്പെട്ടത്. 1980 വരെ ഇതു മാത്രമായിരുന്നു പട്ടണത്തിലെ ഏക ഹൈയർ സെക്കൻററി വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥാപനം. ഒരു കത്തോലിക്കാ മിഷണറി സംഘടനയായ സകൂൾ സിസ്റ്റേർസ് ഓഫ് നോത്രദാമിൻറ കീഴിൽ പ്രവർത്തിക്കുന്ന നോത്രദാം ഹൈയർ സെക്കൻററി സ്കൂൾ 1985 ൽ സ്ഥാപിതമായി. ഇത് നേപ്പാളിലെ ഏറ്റവും നല്ലവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ബന്ദിപ്പൂരിൽ "ബന്ദിപ്പൂർ കാമ്പസ്" എന്ന പേരിൽ ഒരേയൊരു പൊതു ബിരുദ കോളേജേയുള്ളൂ. ഇത് ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഇതു കൂടാതെ ദിൽ പ്രൈമറി സ്കൂൾ, രത്നരാജ്യ മിഡിൽ സ്കൂൾ, ബിലീവേഴ്സ് അക്കാദമി എന്നിങ്ങനെ ഏതാനും ലോവർ സെക്കൻററി സ്കൂളുകളും ഉണ്ട്.
കാലാവസ്ഥ
[തിരുത്തുക]വേനൽക്കാലത്തെ താപനില (മാർച്ച് മുതൽ ജൂലൈ വരെ) ഏറ്റവും കൂടിയത് 32 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 12 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. ശൈത്യകാലത്ത് (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ) താപനിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. ഇത് 18 മുതൽ 21 വരെയും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. ജൂൺ മുതൽ ആഗസ്റ്റു വരെയുള്ള മാസങ്ങ്ങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "72 new municipalities announced". My Republica.com. Archived from the original on 2014-06-18. Retrieved 2014-06-10.
- ↑ "Government announces 72 new municipalities". The Kathmandu Post. Archived from the original on 2014-10-06. Retrieved 2014-06-10.
- ↑ "Nepal Census 2001", Nepal's Village Development Committees, Digital Himalaya, archived from the original on 12 October 2008, retrieved 15 November 2009.