ബന്തടുക്ക കോട്ട
കാസർകോഡ് ജില്ലയിലെ 'ബന്തടുക്ക കോട്ട' വളരെയേറെ ചരിത്ര പ്രാധാന്യമുള്ളതാണ്.
സ്ഥാനം
[തിരുത്തുക]കാസർകോഡ് - കാഞ്ഞങ്ങാട് ദേശീയപാതയിൽ പൊയിനാച്ചിയിൽ നിന്നും ആരംഭിക്കുന്ന സംസ്ഥാനപാതയിൽ 30 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് (12° 30′ 03.6″ N, 75° 16′ 05.88″ E) ബന്തടുക്ക കോട്ട സ്ഥിതി ചെയ്യുന്നത് . കോട്ടയുടെ വടക്ക്പടിഞ്ഞാറ് അതിർത്തി പങ്കിടുന്നത് ബന്തടുക്ക ടൗൺ. തെക്ക് അതിര് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കിഴക്ക് സുബ്രഹ്മണ്യ ക്ഷേത്രവും ശ്രീരാമക്ഷേത്രവും. ചരിത്രപ്രസിദ്ധമായ ഏണിയാടി മഖാം സ്ഥിതി ചെയ്യുന്നതും ബന്തടുക്ക കോട്ടയ്ക്ക് അല്പം അകലെ സ്ഥിതി ചെയ്യുന്നത് ബന്തടുക്ക പട്ടണത്തിൽ . 'കോട്ടക്കാൽ' എന്നാണ് ബന്തടുക്ക അറിയപ്പെടുന്നത് [1]
ചരിത്രം
[തിരുത്തുക]16-ാം നൂറ്റാണ്ടിലാണ് കോട്ട സ്ഥാപിതമായതെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു [2]. ഇക്കേരി രാജവംശമാണ് വിവിധ കോട്ടകൾ നിർമ്മിക്കുന്നതിന് മുൻകൈ എടുത്തത്. വിദേശരാജ്യങ്ങളുമായി മൈസൂർ രാജ്യത്തിന് ബന്ധപ്പെടാനും വാണിജ്യാവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് കോട്ട നിർമിച്ചത്. അക്കാലത്ത് ബേക്കൽ തുറമുഖമായിരുന്നു ആശ്രയം. ഇവിടെനിന്ന് ഒരോ പന്ത്രണ്ട് കിലോമീറ്റർ ഇടവിട്ട് കോട്ടയുണ്ടായിരുന്നു. അങ്ങനെയാണ് ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട കുണ്ടംകുഴി കോട്ട, ബന്തടുക്ക കോട്ടകൾ ഉണ്ടായത്. കുണ്ടംകുഴി, ബന്തടുക്ക കോട്ടകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ഇക്കേരി രാജവംശത്തിലെ ശിവപ്പനായ്ക്കനായിരുന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെത്തിയ കർണാടക വംശജർ ഇപ്പോഴും ഇവിടെ താമസിക്കുന്നു. ഇക്കേരി രാജവംശത്തെത്തുടർന്ന് ടിപ്പുസുൽത്താനും മറ്റും ഇവിടെയെത്തി. ടിപ്പുസുൽത്താനോടൊപ്പം എത്തിയ സാഹിബുമാർ ഇപ്പോഴും കുണ്ടംകുഴിയിൽ കഴിയുന്നുണ്ട്. മൈസൂർ മുസ്ലിം ഭരണത്തിനു കീഴിലായപ്പോൾ ഉണ്ടായ മാറ്റങ്ങൾ ഇപ്പോഴും ഈ പ്രദേശങ്ങളിൽ കാണാവുന്നതാണ് [3].ടിപ്പുസുൽത്താന്റെ ഭരണകാലത്ത് ആയുധങ്ങളും കുതിരകളും ഇറക്കുമതിചെയ്തത് ബേക്കൽതുറമുഖം വഴിയായിരുന്നു. അവിടെനിന്ന് ഇറക്കുമതിസാധനങ്ങൾ കർണാടകത്തിലേക്ക് കൊണ്ടുപോയത് ഈ പ്രദേശം വഴിയായിരുന്നു.
സർക്കാർ രേഖയിൽ സർവേനമ്പർ 150-ൽ 9.16 ഏക്കർ സ്ഥലമാണ് കോട്ടയ്ക്കുള്ളത്. ആകെ 12 കോട്ടകൊത്തളങ്ങൾ ഉണ്ടായിരുന്നു. കോട്ടയും കൊത്തളവും നശിച്ചിരിക്കുന്നു. കൊത്തളത്തിന്റെ അവശിഷ്ടം ബന്തടുക്ക ഗവ. ഹൈസ്‌കൂളിന്റെ ഓഫീസിനോട് ചേർന്നു കാണാം. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് 1932-ൽ കോട്ട അളന്നുമുറിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കോട്ടസംരക്ഷണത്തിനായി എത്തിച്ചേർന്ന കർണാടക വംശജരായ ചേര്യക്കാർ തുടങ്ങി മറ്റ് നിരവധിയാളുകളുടെ പേരിലാണിപ്പോൾ കോട്ടക്കാൽ. 1956 വരെ കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകൾ ദക്ഷിണ കാനറയുടെ ഭാഗമായിരുന്നു. വടക്കും പടിഞ്ഞാറും തെക്കും പുഴകളാൽ ചുറ്റപ്പെട്ട ബേഡഡുക്ക കർണാടകത്തിലെ സുള്ള്യ നഗരത്തെയാണ് ആശ്രയിച്ചിരുന്നത്.
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണം
[തിരുത്തുക]പന്ത്രണ്ടാം ധനകാര്യകമ്മീഷൻ പുരാവസ്തുവകുപ്പുമായിചേർന്ന് സർവേ നടത്താൻ ശ്രമിച്ചുവെങ്കിലും ബന്തടുക്ക കോട്ടയിലെ താമസക്കാർ എതിർത്തിരുന്നു. ധനകാര്യകമ്മീഷന്റെ സഹായധനത്തോടെ കുണ്ടംകുഴി ബന്തടുക്ക കോട്ടകൾ നവീകരിക്കുകയുണ്ടായി. എന്നാൽ, നിർമ്മാണപ്രവർത്തനം ഇടയ്ക്കുവെച്ച് നിർത്തേണ്ടിവന്നു. കുണ്ടംകുഴി കോട്ടയിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലം മുഴുവൻ പഞ്ചലിംഗേശ്വരം ക്ഷേത്രത്തിന്റെ അധീനതയിലാണ് [4].
കോട്ടയും സ്കൂളും
[തിരുത്തുക]നാടിന്റെ ചരിത്ര പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന വിധത്തിൽ ബന്തടുക്ക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ മുഖ്യ കവാടം നിർമ്മിച്ചിരിക്കുന്നു [5]
ചിത്രശാല
[തിരുത്തുക]-
ബന്തടുക്ക കോട്ട
-
Bandaduka Fort
-
ബന്തടുക്ക ടൗൺ
അവലംബം
[തിരുത്തുക]- ↑ [1] Archived 2021-12-04 at the Wayback Machine.|ബന്തടുക്കയിൽ കോട്ടയുണ്ടായിരുന്നു-Mathrubhumi.com
- ↑ [2]|http:// deshabhimani News
- ↑ [3] Archived 2021-11-29 at the Wayback Machine.|കുണ്ടംകുഴി കോട്ടയും നാശോന്മുഖം- Mathrubhumi
- ↑ [4] Archived 2021-11-29 at the Wayback Machine.|Mathrubhumi Digital paper
- ↑ [5][പ്രവർത്തിക്കാത്ത കണ്ണി]|കാസർകോട് ബന്തടുക്ക സ്‌കൂൾ കവാടം ചരിത്രത്തിലേക്കുള്ള വാതിൽ -Reporterlive