ഫർസാൻ ദ്വീപ്
ഫർസാൻ | |
---|---|
Country | Saudi Arabia |
Province | ജിസാൻ പ്രവിശ്യ |
• ആകെ | 686 ച.കി.മീ.(265 ച മൈ) |
(2010) | |
• ആകെ | 20,000 |
സമയമേഖല | UTC+3 |
ഫർസാൻ ദ്വീപ് (അറബി: جزيرة فرسان; പരിഭാക്ഷ: ജസീറാത്ത് ഫർസാൻ) ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ഫർസാൻ ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപാണ്. ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന പവിഴപ്പുറ്റിൽ നിന്നു രൂപം കൊണ്ട ഈ ദ്വീപസമൂഹത്തിൽ ആകെ 84 ദ്വീപുകളാണുള്ളത്. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഫർസാൻ. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറേ ദിക്കിൽ, ജിസാൻ തീരത്തു നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
ഫർസാൻ ദ്വീപിലെ ഒരു പ്രധാന ആകർഷണം ഇവിടുത്തെ അതീവ സുന്ദരങ്ങളായ കടൽത്തീരങ്ങളാണ്. ചെങ്കടലിലെ ഈ മനോഹര തീരങ്ങളിൽ നീരാടുവാനും കടലിൽ മുങ്ങി വർണ്ണവൈവിധ്യമുള്ള വിവിധയിനം മത്സ്യങ്ങളും വർണ്ണാഭമായ പവിഴപ്പുറ്റുകളും ദർശിക്കുവാൻ സഞ്ചാരികളുടെ പറുദീസയായ ഇവിടേയ്ക്ക് ലോകത്തിൻറെ നാനാഭാഗങ്ങളിൽനിന്ന് അനേകം സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. ജീവശാസ്ത്രപരമായ വൈവിധ്യം നിലനിൽക്കുന്ന ഇവിടെ മുങ്ങൽ വിദഗ്ദ്ധരായവർക്ക് കടലിനടിയിലെ മനോഹര ദൃശ്യങ്ങൾ പകർത്തുവാൻ പറ്റിയ സൗകര്യങ്ങളാണുള്ളത്. എറിത്രിയൻ തുറമുഖമായ “മസാവ” യിലേയ്ക്ക് ഇവിടെ നിന്ന് 160 നോട്ടിക്കൽ മൈൽ (298 കിലോമീറ്റർ) ദൂരമാണുള്ളത്. ദ്വീപിലേയ്ക്കുള്ള യാത്രാമദ്ധ്യേ ജനവാസമില്ലാത്ത ഏതാനും ചെറു ദ്വീപുകൾ സഞ്ചാരികൾക്ക് കാണുവാൻ സാധിക്കുന്നതാണ്. ഈ ചെറുദ്വീപുകളിൽ ചിലത് പാറക്കെട്ടുകൾ മാത്രമുള്ളതും മറ്റു ചിലത് പവിഴപ്പുറ്റിനു മദ്ധ്യത്തിലുള്ള വെറും മണൽത്തിട്ടകളുമാണ്. ഈ മേഖലയിലെ കടൽ വളരെ ശാന്തവുമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഫർസാൻ ദ്വീപ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 16°42′21″N 41°59′0″E / 16.70583°N 41.98333°E ആണ്. ദ്വീപിലെ പ്രധാന പട്ടണം ഫർസാൻ ആണ്. ജൈവവൈവിദ്ധ്യം കാത്തു സൂക്ഷിക്കുന്നതിന് ദ്വീപിനു ചുറ്റിലുമായി "ഫർസാൻ ഐലൻറ് മറൈൻ സാങ്ച്വരി" രൂപീകരിച്ചിരിച്ചിരിക്കുന്നു.
സുന്ദരമായി കൊത്തുപണികൾ ചെയ്ത കവാടങ്ങൾ സ്ഥിതി ചെയ്യുന്ന ഏതാനും പുരാവസ്തു ഖനന പ്രദേശങ്ങൾ ഇവിടെയുണ്ട്. കല്ലുകളിൽ അതിസൂക്ഷ്മമായി നടത്തിയ കൊത്തു പണികളുള്ള സുന്ദരമായ എടുപ്പുകൾ ഈ പ്രദേശത്തെ പള്ളികളിലും വീടുകളിലും മറ്റു കെട്ടിടങ്ങളിലും ദർശിക്കുവാൻ സാധിക്കുന്നതാണ്.
അൽ-ഖസ്സർ വില്ലേജ്
[തിരുത്തുക]ഫർസാനിലെ ഈന്തപ്പനകൾ ഇടതിങ്ങി വളരുന്ന ഒരു പുരാതന ഗ്രാമമാണിത്. വില്ലേജിനു സമീപം കെദ്മി എന്ന സ്ഥലത്ത് സമചതുരാകൃതിയും ദീർഘചതുരാകൃതിയുമായ അനേകം ബൃഹത്തായ ശിലകൾ കാണപ്പെടുന്നു. ഈ നിർമ്മിതികൾ പുരാതന റോമൻ സ്തൂപങ്ങളെയും സ്തംഭങ്ങളെയും അനുസ്മരിപ്പിക്കുന്നതാണ്. ഈ മേഖലയിൽ ധാരാളം പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ഭവനങ്ങൾ കാണാൻ സാധിക്കുന്നു. പുരാതനമായ ഈ ഭവനങ്ങളിൽ ധാരാളം കൊത്തുപണികളും കാണപ്പെടുന്നു. ഈ ഭവനങ്ങൾ പഴയകാലത്തുണ്ടായിരുന്ന കച്ചവടക്കാരുടെയും മുത്തു വ്യാപാരം നടത്തിയിരുന്നവരുടേതുമായിരുന്നു
ഒട്ടമൻ കോട്ട
[തിരുത്തുക]മേഖലയുടെ വടക്കൻ ഭാഗത്ത് 400 മീറ്റർ ഉയരമുള്ള മലയിൽ സ്ഥിതി ചെയ്യുന്ന തുർക്കികളുടെ കാലത്തെ കോട്ട പഴയകാലത്ത് പട്ടാളക്കാർ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതാണ്. ഇവിടെ നിന്ന് ദ്വീപിലെ മിക്കവാറുമുള്ള തീരപ്രദേശങ്ങൾ നിരീക്ഷിക്കുവാൻ സാധിച്ചിരുന്നു.
ഫർസാൻ ദ്വീപിൻറെ വടക്കുഭാഗത്തായിട്ടാണ് കണ്ടൽ വനങ്ങൾ സ്ഥിതി ചെയ്യുന്നത്. വിവിധയിനം പക്ഷിമൃഗാദികൾ ഈ കണ്ടൽകാടുകൾക്കിടയിൽ ജീവിക്കുന്നു. ദേശാടനപ്പക്ഷികളുടെ ഒരു പ്രധാന പ്രജനന കേന്ദ്രം ഫർസാൻ ദ്വീപിലെ ഈ കണ്ടൽവനങ്ങളാണ്. ദേശാടനപ്പക്ഷികൾ ചേക്കേറുന്നതും കൂടുകെട്ടുന്നതും പ്രധാനമായി ഫർസാൻ ദ്വീപിലെ ഈ പ്രദേശത്താണ്. ഈ കാടുകളുടെ ധാരാളമായുള്ള വേരുപടലങ്ങൾക്കിടയിൽ വളരെയധികം സൂക്ഷ്മ ജീവികൾ കാണപ്പെടുന്നതിനാൽ ഇത് ധാരാളമായി മത്സ്യങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. കണ്ടൽച്ചെടിയുടെ ശിഖരങ്ങളിൽ നിന്നു താഴേക്കു വളർന്ന് ചതുപ്പു നിലത്തു കൂടി താണിറങ്ങുന്ന താങ്ങുവേരുകൾ ഈ സസ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്. കണ്ടൽ വനങ്ങൾക്കുള്ളിലൂടെ കൂടിപ്പിരിഞ്ഞു കിടക്കുന്ന ജലമാർഗ്ഗങ്ങളും ചെറു തടാകങ്ങളും സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു.
കാലാവസ്ഥ
[തിരുത്തുക]വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ വർഷം മുഴുവൻ മിതമായ കാലാവസ്ഥായാണിവിടെ അനുഭവപ്പെടാറുള്ളത്. വേനൽക്കാലത്തെ ശരാശരി താപനില 66% ആർദ്രതയോടെ 30°C (86 F) ആണ്.
സംസ്കാരം
[തിരുത്തുക]ഈ ദ്വീപിൽ വസിക്കുന്ന ജനങ്ങളിൽ ഏറിയ പങ്കും പരമ്പരാഗതമീൻ പിടുത്തക്കാരോ കടലിൽ മുങ്ങി മുത്തുവാരുന്നവരോ ആണ്. ഇതൊരു സംരക്ഷത പ്രദേശമാണ്.
പ്രാദേശിക ആഘോഷങ്ങൾ
[തിരുത്തുക]ഹരീദ് (പാരറ്റ് ഫിഷ്) ആഘോഷം
[തിരുത്തുക]ഫർസാൻ ദ്വീപ് ലോകത്തിലെ മറ്റു ദ്വീപുകളിൽ നിന്നു ചില കാര്യങ്ങളിൽ വ്യതിരിക്തമായിരിക്കുന്നു. അതിലൊന്ന് ഇവിടെ നടത്തപ്പെടുന്ന ഹരീദ് (പാരറ്റ് ഫിഷ്) ഫെസ്റ്റിവൽ ആണ്. വിനോദസഞ്ചാരകാലത്ത് ഈ മേഖലയിലെ ഒരു പ്രധാന ആഘോഷമാണിത്. ഹരീദ് മത്സ്യം അതീവരുചികരമായ ഒരു മത്സ്യമാണ്. ഈ മത്സ്യത്തിൻറെ തത്തയുമായുള്ള മുഖ സാദൃശ്യത്താൽ തദ്ദേശീയർ ഈ മത്സ്യത്തിന് കടൽതത്ത (സീ പാരറ്റ്) എന്നു പറയാറുണ്ട്. ഇത്തരം മത്സ്യങ്ങൾ എല്ലാ വർഷങ്ങളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ ആഴം കുറഞ്ഞ ഈ തീരത്ത് എത്തുകയും അവയുടെ വരവു പ്രമാണിച്ച് ദേശവാസികൾ ഇതൊരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നു.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]വിവിധയിനം ദേശാടനക്കിളികളെ ഫർസാൻ ദ്വീപിൽ കണ്ടുവരുന്നു. ദ്വീപ് ദേശാടനക്കിളികളുടെ ഒരു പ്രജനന കേന്ദ്രവും കൂടിയാണ് അതുപോലെ തന്നെ അറേബ്യൻ ചെങ്കവരിമാനിൻറ സ്വാഭാവിക ആവാസ കേന്ദ്രവുമാണീ പ്രദേശം. കുതിച്ചോടുന്ന 500 ൽ ഏറെയുള്ള അറേബ്യൻ മാൻകൂട്ടങ്ങളെ അപൂർവ്വമായി കാണാൻ സാധിക്കുന്നതാണ്. സൌദി വൈൽഡ് ലൈഫ് അതോറിറ്റി (SWA) യുടെ മേൽനോട്ടത്തിൽ ഈ ആവാസവ്യവസ്ഥ സംരക്ഷിച്ചുവരുന്നു. ആൾ താമസമില്ലാത്ത അനേകം ദ്വീപുകളിൽ ദേശാടനപ്പക്ഷികൾ കൂടുകൂട്ടി താമസിക്കുന്നു. പച്ചപ്പു കുറഞ്ഞ ദ്വീപാണെങ്കിലും വളരെ മനോഹരമായി കടൽത്തീരങ്ങളാണിവിടെയുള്ളത്.
ദ്വീപിലേയ്ക്കുള്ള യാത്രാ സൌകര്യം
[തിരുത്തുക]ജിസാൻ പട്ടണത്തിൽ നിന്ന് ഫർസാൻ ദ്വീപിലേയ്ക്കുള്ള ദൂരം ഏകദേശം 50 കിലോമീറ്റർ (31 മൈൽ) ആണ്. സർക്കാർ ഉടമസ്ഥതിയിലുള്ള കടത്തു ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഏതാനും വിനോദസഞ്ചാരക്കപ്പലുകളും ഇവിടേയ്ക്കു സർവ്വീസ് നടത്തുന്നുണ്ട്.
ഈ ദ്വീപിലേയ്ക്കുള്ള യാത്ര തികച്ചും സൌജന്യമാക്കിയിരിക്കുന്നു. മഹാമനസ്‌കരായ ഇവിടുത്തെ രാജാക്കന്മാരുടെ ജനങ്ങളോടുള്ള സ്നേഹവായ്പായി ഇതിനെ കണക്കാക്കാം. രണ്ടു കപ്പലുകൾ ദിവസവും ഓരോ വശത്തേയ്ക്കും സർവ്വീസ് നടത്തുന്നു. ഒന്നരമണിക്കൂർ സമയം കൊണ്ട് ജിസാൻ തുറമുഖത്തുനിന്ന് ദ്വീപിലെത്തിച്ചേരാൻ സാധിക്കും. കപ്പൽ സർവ്വീസ് എല്ലാ ദിവസങ്ങളിലും ഫർസാനിൽ നിന്ന് ജിസാനിലേയ്ക്ക് രാവിലെ 7-30 മുതൽ 3-30 വരെയും ജിസാനിൽ നിന്നു ഫർസാനിലേയ്ക്ക് പകൽ സമയം 7-30 മുതൽ 3-30 വരെയും ഉണ്ട്.കപ്പൽ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഐ.ഡി. കാർഡ് സമർപ്പിച്ച് പോർട്ട് കൌണ്ടറിൽ നിന്ന് യാത്രയ്ക്കുള്ള ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. ടിക്കറ്റ് മുൻകൂർ ബുക്കിംഗിനും സൌകര്യമേർപ്പെടുത്തിയിരിക്കുന്നു. ദ്വീപിലേയ്ക്ക് വാഹനം കൊണ്ടുപോകാനും കപ്പലിൽ സൌകര്യമുണ്ട്, പക്ഷേ പരിമിതമായ സ്ഥലമേ കപ്പലിൽ ഇതിനായിട്ടുള്ളൂ.
കപ്പലുകളിൽ ഏകദേശം 35 മുതൽ 40 വരെ കാറുകളും അറുപതിനു മേലുള്ള യാത്രക്കാരെയും വഹിക്കുവാൻ സാധിക്കും. ജിസാൻ പട്ടണത്തിൽ നിന്നും ഫർസാൻ ദ്വീപിലേയ്ക്ക് കടത്തു ബോട്ടുകളിൽ ഒന്നര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ സമയം സഞ്ചരിച്ച് എത്തിച്ചേരാൻ സാധിക്കുന്നു.
12 പേരെ വഹിച്ചു കൊണ്ടു പോകാവുന്ന ചെറു ബോട്ടുകളിൽ സ്വകാര്യ വ്യക്തികളുടേതായുണ്ട്. 300 റിയാലിന് ഇതു വാടകയ്ക്ക് എടുക്കാൻ സാധിക്കും. ബോട്ടുകൾ സമയനിബന്ധനയില്ലാതെ ദ്വീപിൽ നിന്നു ജിസാനിലേയ്ക്കും തിരിച്ചും ആളുകളുടെ ആവശ്യാനുസരണം സർവ്വീസ് നട്ത്തുന്നു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് ഇവയിൽ ദ്വീപിലെത്താവുന്നതാണ്.
ചികിത്സാ സൌകര്യങ്ങൾ
[തിരുത്തുക]സൌദി അറേബ്യൻ സർക്കാർ 1986 ൽ ഇവിടെ "ഫർസാൻ ജനറൽ ഹോസ്പിറ്റൽ" എന്ന പേരിൽ ഒരു ആശുപത്രി നിർമ്മിച്ചിട്ടുണ്ട്. വിവിധ ചികിത്സാ രംഗങ്ങളിൽ വൈദഗ്ദ്ധ്യമുള്ള 35 ഡോക്ടർമാരുടെ ഒരു സംഘം ഇവിടെ സേവനമനുഷ്ടിക്കുന്നു. എക്സ്-റേ, അൾട്രാ സൌണ്ട് സ്കാനിംഗ് സൌകര്യങ്ങളും നിലവിലുണ്ട്.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- മൊഹ്സിൻ താര്ഖ്. "ഫർസാനിലേയ്ക്കുള്ള സാങ്കൽപ്പിക യാത്ര". Archived from the original on 2018-01-06. Retrieved 2016-11-14. (English ഭാഷയിൽ)
- ഫർസാൻ ദ്വീപ് ഔദ്യോഗിക വെബ് പേജ് Archived 2012-11-02 at the Wayback Machine. (Arabic ഭാഷയിൽ)
- Erik Bjurström (January–February 2000). "Dreaming of Farasan". Saudi Aramco World. Archived from the original on 2012-07-16. Retrieved September 26, 2012. (English ഭാഷയിൽ)
- "ഫർസാൻ ദ്വീപ്, ജിസാൻ". സ്പ്ലൻഡിഡ് അറേബ്യ. Archived from the original on 2012-06-14. Retrieved September 26, 2012. (English ഭാഷയിൽ)
- ഫർസാൻ ദ്വീപിലെ ബീച്ച്
- ഫർസാൻ ദ്വീപിലെ പൌരാണിക അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ