ഫ്ലോറൻസ് ചാഡ്‍വിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Florence May Chadwick
Florence Chadwick 1963.jpg
Florence May Chadwick in 1963
ജനനംNovember 9, 1918
മരണംമാർച്ച് 15, 1995(1995-03-15) (പ്രായം 76)
ദേശീയതAmerican
അറിയപ്പെടുന്നത്long distance swimming

ഫ്ലോറൻസ് മേ ചാഡ്‌വിക്ക് (നവംബർ 9, 1918 - മാർച്ച് 15, 1995) ദീർഘദൂരനീന്തലിന് പ്രശസ്തയായ അമേരിക്കൻ വനിതയാണ്. ഇംഗ്ലീഷ് ചാനൽ ഇരു ദിശകളിലേക്കും നീന്തുന്ന ആദ്യത്തെ വനിതയായിരുന്നു അവർ. കാറ്റലീന ചാനൽ, ജിബ്രാൾട്ടർ കടലിടുക്ക്, ബോസ്‌പോറസ് (വൺ വേ), ഡാർഡനെല്ലെസ് (റൗണ്ട് ട്രിപ്പ്) എന്നിവ നീന്തുന്ന ആദ്യ വനിത കൂടിയായിരുന്നു അവർ.[1]

ജീവിതരേഖ[തിരുത്തുക]

1918 നവംബർ 8-ന് സാൻ ഡിയാഗോയിൽ ജനിച്ചു. പോലീസ് ഉദ്യോഗസ്ഥനായ റിച്ചാർഡ് ചാഡ്‌വിക്കും പിന്നീട് സാൻ ഡീഗോ റസ്റ്റോറന്റ് നടത്തിയിരുന്ന വീട്ടമ്മ മേരി ലാക്കോയും ആയിരുന്നു മാതാപിതാക്കൾ. സാൻ ഡീഗോയിലെ പോയിന്റ് ലോമയ്ക്കടുത്താണ് ചാഡ്‌വിക്ക് വളർന്നത്. 1936-ൽ പോയിന്റ് ലോമ ജൂനിയർ-സീനിയർ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി.

നീന്തൽ മത്സരങ്ങൾ[തിരുത്തുക]

ചാഡ്‌വിക്ക് ചെറുപ്പം മുതലേ നീന്തൽ മത്സരങ്ങളിൽ പ്രവേശിച്ചു. പത്താം വയസ്സിൽ ആദ്യ വിജയം നേടി. 10 വയസ്സുള്ളപ്പോൾ സാൻ ഡീഗോ ബേയിലൂടെ നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 18 വർഷത്തിനിടെ 10 തവണ ലാ ജോല്ല സമുദ്രത്തിൽ വാർഷിക 2.5 മൈൽ ഓട്ടത്തിൽ വിജയിച്ചു. തെക്കൻ കാലിഫോർണിയയിൽ സമുദ്ര മത്സരങ്ങളിൽ പതിറ്റാണ്ടുകളായി അമേച്വർ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു. 1950-ൽ ഡെയ്‌ലി മെയിൽ സ്പോൺസർ ചെയ്‌ത 1950-ലെ ചാനൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രശസ്തി ഇല്ലാത്തതിനാൽ നിരസിക്കപ്പെട്ടു. അതിനാൽ സ്വന്തം ചെലവിൽ ശ്രമിക്കാൻ തീരുമാനിക്കുകയും ജൂലൈയിൽ വെള്ളത്തിൽ 14 മണിക്കൂർ നീന്കതി പരാജയപ്പെടുകയും ചെയ്തു. എന്നാൽ നീന്തൽ ചരിത്രത്തിൽ അത് അവരുടെ അറിയപ്പെടുന്ന സംഭാവനയായി.

പ്രധാന നീന്തൽശ്രമങ്ങൾ[തിരുത്തുക]

1950 ഓഗസ്റ്റ് 8-ന്, 32-ാം വയസ്സിൽ, 13 മണിക്കൂറും 23 മിനിറ്റും കൊണ്ട് ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നുകൊണ്ട് അമേരിക്കൻ നീന്തൽ താരം ഗെർട്രൂഡ് എഡെർലെയുടെ അന്നത്തെ വനിതാ റെക്കോർഡ് തകർത്തു. ഒരു വർഷത്തിനുശേഷം, ചാഡ്‌വിക്ക് വീണ്ടും ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്ക്, 16 മണിക്കൂർ 22 മിനിറ്റിനുള്ളിൽ, വീണ്ടും ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നു. ഇത്തവണ ഇംഗ്ലീഷ് ചാനൽ ഇരുവശത്തേക്കും നീന്തുന്ന ആദ്യത്തെ വനിതയായി.

1952-ൽ ഫ്ലോറൻസ് കാറ്റലീന ദ്വീപിനും കാലിഫോർണിയ തീരപ്രദേശത്തിനും ഇടയിലുള്ള 26 മൈൽ നീന്താൻ ശ്രമിച്ചു. ഈ യാത്രയിൽ, സ്രാവുകളെ നിരീക്ഷിക്കുന്ന ചെറുവള്ളങ്ങൾ അവരെ സഹായിക്കാൻ തയ്യാറായി കൂടെയുണ്ടായിരുന്നു. ഏകദേശം 15 മണിക്കൂറിന് ശേഷം കനത്ത മൂടൽമഞ്ഞ് എത്തുകയും മൂടൽമഞ്ഞ് കാരണം തീരപ്രദേശം കാണാൻ കഴിയാതെ വരികയും ചെയ്തു. രണ്ടു മാസം കഴിഞ്ഞ് വീണ്ടും നീന്താൻ ശ്രമിക്കുകയും അതേ കനത്ത മൂടൽമഞ്ഞിൽ പെട്ടെങ്കിലും കാറ്റലീനയിൽ എത്തുന്നതിൽ വിജയിക്കുകയും ചെയ്തു. പിന്നീട് രണ്ട് തവണ കൂടി കാറ്റലീന ചാനൽ നീന്തിക്കടന്നു.[2]

റെക്കോർഡുകൾ[തിരുത്തുക]

1953-ലെ വേനൽക്കാലത്ത് വീണ്ടും കാറ്റലീന ചാനൽ നീന്തിക്കടന്നതോടെ വനിതകളുടെ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ജിബ്രാൾട്ടർ കടലിടുക്ക് നീന്തിക്കടന്ന് 5:06 എന്ന എക്കാലത്തെയും റെക്കോർഡ് സ്ഥാപിച്ചു. 1955-ൽ അവൾ വീണ്ടും ചാനൽ നീന്തി, സ്വന്തം റെക്കോർഡ് സമയം തകർത്തു. 1957 ഓഗസ്റ്റിൽ അവൾ വെസ്റ്റൺ-സൂപ്പർ-മാരിൽ നിന്ന് പെനാർത്ത് ഹെഡിലേക്ക് ബ്രിസ്റ്റോൾ ചാനൽ നീന്തി, 6 മണിക്കൂർ 7 മിനിറ്റിനുള്ളിൽ 11 മൈൽ റെക്കോഡ് തകർത്തു. എന്നാൽ 1954-ൽ, ഒന്റാറിയോ തടാകത്തിന് കുറുകെ നീന്തുന്ന ആദ്യത്തെ വ്യക്തിയാകാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജുവാൻ ഡി ഫുക്ക കടലിടുക്കും ഐറിഷ് കടലിലെ രണ്ട് ശ്രമങ്ങളും (1960-ൽ അവളുടെ അവസാനത്തെ പ്രധാന നീന്തൽ ശ്രമം) വിജയിക്കാതെപോയി.

നിരവധി വേദികളിൽ നീന്തൽ പഠിപ്പിക്കുകയും സിനിമാ നീന്തൽ സീക്വൻസുകൾ രൂപകൽപ്പന ചെയ്യാൻ എസ്തർ വില്യംസിനൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 1995-ൽ സാൻ ഡിയാഗോയിൽ രക്താർബുദം ബാധിച്ച് അവർ മരണപ്പെട്ടു. അവരുടെ ചിതാഭസ്മം പോയിന്റ് ലോമയിൽ നിന്ന് സമുദ്രത്തിലേക്ക് വിതറി.

അവലംബം[തിരുത്തുക]

  1. "Florence Chadwick".
  2. "Florence Chadwick".
"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_ചാഡ്‍വിക്ക്&oldid=3712986" എന്ന താളിൽനിന്ന് ശേഖരിച്ചത്