ഫ്രെഡറിക് റോബർട്ട് ടെനന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക് റോബർട്ട് ടെനന്റ്
ഫ്രെഡറിക് റോബർട്ട് ടെനന്റ്.jpg
ഫ്രെഡറിക് റോബർട്ട് ടെനന്റ്
ജനനം 1866 സെപ്റ്റംബർ 1
മരണം 1957 സെപ്റ്റംബർ 9
ദേശീയത ബ്രിട്ടിഷ്
പ്രശസ്തി മതതത്ത്വശാസ്ത്രജ്ഞൻ, ഈശ്വരജ്ഞാനവിശാരദൻ

മതതത്ത്വശാസ്ത്രജ്ഞൻ, ഈശ്വരജ്ഞാനവിശാരദൻ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ബ്രിട്ടിഷ് ചിന്തകനാണ് ഫ്രെഡറിക് റോബർട്ട് ടെനന്റ് (ജനനം:സെപ്റ്റംബർ 1, 1866, Burslem, Staffordshire, England — മരണം സെപ്റ്റംബർ 9, 1957, Cambridge, Cambridgeshire). 1866-ൽ ജനിച്ച ഇദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കേംബ്രിഡ്ജിലാണ് കഴിച്ചുകൂട്ടിയത്[1]. കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ടെനന്റ് അവിടെ മതതത്ത്വശാസ്ത്രാധ്യാപകൻ എന്ന നിലയിൽ സേവനം അനുഷ്ഠിച്ചിരുന്നു.

ദൈവശാസ്ത്രത്തെക്കുറിച്ചും മതത്തിന്റെയും ശാസ്ത്രത്തിന്റെയും തത്ത്വചിന്താപരമായ പശ്ചാത്തലത്തെക്കുറിച്ചും ഇദ്ദേഹം ധാരാളം എഴുതിയിരുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ട് ഈശ്വരനാണ് പ്രപഞ്ച കാരണം എന്നു യുക്തിയുക്തം തെളിയിക്കാൻ കഴിയുമെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് നിലനിൽക്കുന്ന മറ്റു സിദ്ധാന്തങ്ങളെക്കാൾ ശക്തവും നിലവിലുള്ള വിശ്വാസ പ്രമാണങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ് തന്റെ സിദ്ധാന്തമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

ടെനന്റിന്റെ വീക്ഷണത്തിൽ ഗണിതശാസ്ത്രവും തർക്കശാസ്ത്രവും ഒഴിച്ചുള്ള എല്ലാ അറിവുകളും സംഭാവ്യമായ വ്യാഖ്യാന നിഗമനങ്ങളാണ്, മനുഷ്യനു അതു സയുക്തികമായിരിക്കും എന്നുമാത്രം. അങ്ങനെ നോക്കുമ്പോൾ ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും ഒരുപോലെ വീക്ഷിക്കാവുന്നതാണ്. ആത്മജ്ഞാനികളുടെ ദൈവസിദ്ധാന്തത്തെ ടെനന്റ് നിഷേധിക്കുകയും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിനു കാരണമായ ഒരു ദൈവത്തിന്റെ അസ്തിത്വം ഊട്ടി ഉറപ്പിക്കുകയും ചെയ്തു. തന്റെ സിദ്ധാന്തത്തിന്റെ സാധുത ഉറപ്പിക്കാൻ പല വസ്തുതകളും ഇദ്ദേഹം നിരത്തുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഘടനയും അതിലെ സൃഷ്ടികളും മനുഷ്യനും അവന്റെ ബുദ്ധിവൈഭവവും ധാർമികതയുമൊക്കെ ലക്ഷ്യബോധമില്ലാതെ എങ്ങനെയോ സംഭവിച്ചതാണെന്നുള്ള നിഗമനം യുക്തിക്ക് നിരക്കുന്നതല്ല. ഒരു സൃഷ്ടികർത്താവിന്റെ ബോധപൂർവ്വമായ പ്രവർത്തന ഫലമായിട്ടാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്; അതാണ് ഈശ്വരൻ എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ടെനന്റിന്റെ വീക്ഷണത്തെ അപ്പാടെ സ്വീകരിക്കാൻ തത്ത്വചിന്തകർ വിമുഖതകാട്ടുന്നു. 1957-ൽ ഇദ്ദേഹം നിര്യാതനായി.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഫ്രെഡറിക് റോബർട്ട് ടെനന്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.