ഫ്രാൻസിസ് പീറ്റർ ആഞ്ജലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള വ്യാകരണം സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആദ്യകാല ഗ്രന്ഥകർത്താക്കളിലൊരാളാണ് ഫ്രാൻസിസ് പീറ്റർ ആഞ്ചലോസ്.[1] 1712 ൽ ലത്തീൻ ഭാഷയിലാണ് അദ്ദേഹം ഈ വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ജീവിതരേഖ[തിരുത്തുക]

ഇറ്റലിയിൽ പീഡ്മോണ്ട് എന്ന പ്രദേശത്തുള്ള മോണ്ട്റീഗൽഗ്രാമത്തിലെ വിയോലിത്തി കുടുംബത്തിൽ 1650-ൽ ജനിച്ചു. കർമലീത്താപാതിരിയായി 17-ാം ശതകത്തിന്റെ ഒടുവിൽ വരാപ്പുഴ വന്നിറങ്ങിയ ആഞ്ജലോസ്, 1700-1712 കാലയളവിൽ വരാപ്പുഴയിലെ ബിഷപ്പ് ആയി പ്രവർത്തിച്ചു. കൽദായസുറിയാനി മെത്രാനായ മാർശിമയോനാണ് ഇദ്ദേഹത്തിന് മെത്രാൻപട്ടം നല്കിയത്. കേരള കത്തോലിക്കർ പാരമ്പര്യമനുസരിച്ച് ആഞ്ജലോസ് മെത്രാനെയും മാർത്തോമ്മാ എന്ന് വിളിച്ചുപോന്നു. മലയാളഭാഷാപഠനത്തിൽ അതീവ താത്പര്യമെടുത്ത ആഞ്ജലോസ്, സംസാര ഭാഷയെ പരിഗണിച്ചു കൊണ്ടായിരുന്നു ആദ്യ മലയാള വ്യാകരണഗ്രന്ഥം തയ്യാറാക്കിയത്.[2] തുടർന്ന് മതപരമായ ഏതാനും ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചതായി പറയപ്പെടുന്നു; അവയൊന്നും ഇപ്പോൾ ലഭ്യമല്ല.

മലയാളവ്യാകരണം[തിരുത്തുക]

1712-നടുത്ത് രചിച്ച മലയാളവ്യാകരണമാണ് ഇദ്ദേഹത്തിന്റെ പ്രകൃഷ്ടകൃതി. മലയാളഭാഷയ്ക്ക് രണ്ട് തരംതിരിവുകൾ ഉള്ളതായി ആഞ്ജലോസ് മനസ്സിലാക്കി (വാമൊഴി, വരമൊഴി എന്നിങ്ങനെ പില്ക്കാലത്ത് വിളിക്കപ്പെട്ട ഈ പിരിവുകൾക്ക് യഥാക്രമം 'നീചഭാഷ' എന്നും 'ഉച്ചഭാഷ' എന്നും ആണ് മിഷനറിമാർ പേർ കൊടുത്തിരുന്നത്). ഇതിൽ വ്യവഹാരഭാഷയ്ക്കാണ് ഇദ്ദേഹം വ്യാകരണം നിർമിച്ചത്. സംസ്കൃതപ്രചുരമായ ഉച്ച (സാഹിത്യ) ഭാഷയ്ക്ക് പിന്നീട് അർണോസുപാതിരി വ്യാകരണമെഴുതി.

ആഞ്ജലോസ് നിർമിച്ച മലയാളവ്യാകരണത്തിന്റെ മൂലം റോമിൽ ബോർജിയ കർദിനാളിന്റെ ഗ്രന്ഥശേഖരത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ഇതിന്റെ ഒരു പകർപ്പ് വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. കേരളത്തിൽ വന്ന എല്ലാ വിദേശീയർക്കും ഈ വ്യാകരണഗ്രന്ഥം സഹായകമായിരുന്നു. ഈ കൃതിയെ ഉപജീവിച്ചാണ് ക്ലെമന്റ് പാതിരി മലയാള അക്ഷരമാല (1772) രചിച്ചത്. ആഞ്ജലോസ് 12 വർഷം മെത്രാപ്പോലീത്ത ആയി സേവനം അനുഷ്ഠിച്ചു. വരാപ്പുഴവച്ചു തന്നെയാണ് ഇദ്ദേഹം നിര്യാതനായത്; എതു വർഷമെന്നു കൃത്യമായി അറിയുന്നില്ല. വരാപ്പുഴ പള്ളിയിൽ ശവസംസ്കാരവും നടത്തപ്പെട്ടു. വരാപ്പുഴ ഗ്രന്ഥശേഖരത്തിൽ ആഞ്ജലോസിന്റെ ഡയറിയും ചില കൈയെഴുത്തുഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ അതുവരെയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് പ്രസ്തുത കുറിപ്പുകൾ. ആദ്യത്തെ മലയാളനിഘണ്ടുവിന്റെ കൈയെഴുത്തുപ്രതി തയ്യാറാക്കിയതും ആഞ്ജലോസ് ആണെന്നു പറയപ്പെടുന്നു.

അവലംബം[തിരുത്തുക]