ഫ്രഞ്ച് ചാരക്കേസ്
കേരളത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത്, വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഫ്രഞ്ച് ചാരക്കേസ്. സി.ബി.ഐ. അന്വേഷിച്ച കേസ് ഇപ്പോഴും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നിലനിൽക്കുന്നു.
കേസിനാസ്പദമായ സംഭവം
[തിരുത്തുക]1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് നൗകയിൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ചു. ഗോവയിൽ നിന്നാണ് ഒരു പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനും കൊച്ചിയിൽ എത്തിയത്. സർവേയിൽ സംശയം തോന്നിയ കോസ്റ്റ് ഗാർഡ് ഡിസംബർ 28ന് നൗകയിലുള്ളവരെ അറസ്റ്റ് ചെയ്തു. കോസ്റ് ഗാർഡ് ബോർഡിംഗ് ഓഫീസർ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സമുദ്രാതിർത്തി ലംഘിച്ച് സർവേ നടത്തിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ലോക്കൽ പോലീസ്് കേസ് ചാർജ് ചെയ്യുകയായിരുന്നു. [1] പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നാണ് കേസ്.
പ്രതികൾ
[തിരുത്തുക]ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികൾ. മൂന്നാം പ്രതി ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെയും നാലാം പ്രതി കോൺഗ്രസ് നേതാവ് കെ.വി. തോമസുമാണ്.
ഫ്രഞ്ച് സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജാമ്യം ലഭിച്ച ആദ്യ രണ്ട് പ്രതികൾ ഇന്ത്യ വിട്ടു. ഇന്ത്യയിൽ തിരിച്ചെത്തുമെന്ന ഉറപ്പിലാണ് പ്രതികൾക്ക് 1996 ജനവരിയിൽ കേരള ഹൈക്കോടതി ജാമ്യം നൽകിയത്. തിരിച്ചുവരാത്ത പ്രതികളെ പിടികൂടാൻ കേന്ദ്ര സർക്കാർ ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. സി.ബി.ഐ. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം മുമ്പ് പാരീസിലും പോയിരുന്നു. [2]
മൂന്നാം പ്രതി ക്യാപ്റ്റൻ ഫ്യർതാഡോയുടെ വിചാരണയും പൂർത്തിയായിട്ടില്ല.
നാലാം പ്രതി കെ.വി. തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ട് 1998 ജനുവരി 28 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടിരുന്നു.
രാഷ്ട്രീയ മാനം
[തിരുത്തുക]കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി. തോമസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് ഫ്രഞ്ച് ചാരക്കേസിന് രാഷ്ട്രീയമാനം കൈവന്നു. 1996-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിച്ച കെ.വി. തോമസിന്റെ പരാജയത്തിന് ഈ വിവാദം ഒരു ഘടകമാണെന്ന് പല നിരീക്ഷകരും കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ http://malayalam.oneindia.in/news/2000/05/28/ker-french.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-24. Retrieved 2014-10-11.