ഫോറൻസിക് സയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യസംസ്കാരത്തിനോളം തന്നെ പഴക്കമുണ്ട് കുറ്റകൃത്യങ്ങൾക്കും കുറ്റാന്വേഷണത്തിനും. കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു. വിവിധ ശാസ്ത്രശാഖകളുൾപ്പെടുത്തി കുറ്റാന്വേഷണം നിർവ്വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ശാസ്ത്രശാഖയെയാണ് കുറ്റാന്വേഷണ ശാസ്ത്രം അഥവാ ഫോറൻസിക് സയൻസ്. കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന സ്ഥലം സന്ദർശിക്കുന്ന കുറ്റാന്വേഷണ ശാസ്ത്രജ്ഞൻ സ്ഥലത്തു ലഭ്യമായ എല്ലാ ശാസ്ത്രീയമായ തെളിവുകളും ശേഖരിക്കുന്നു. പിന്നീട് ഈ തെളിവുകളെ ലബോറട്ടറികളിൽ വിശദപരിശോധനക്ക് വിധേയമാക്കുന്നു. അവയിൽ നിന്നും ഉരുത്തിരിയുന്ന നിഗമനങ്ങൾ കുറ്റാന്വേഷണത്തെ വളരെയധികം സഹായിക്കുന്നു. ഈ തെളിവുകൾ കുറ്റാന്വേഷണകൻ കോടതികളിൽ സമർപ്പിക്കുകയും കോടതിയിൽ നേരിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. നീതിനിർവ്വഹണത്തിൽ ഇന്ന് ഒഴിവാക്കാനാവാത്തതാണ് Forensic Science.

ചരിത്രം[തിരുത്തുക]

പുരാതന കാലങ്ങളിൽ ശാസ്ത്രീയമായ രീതികൾ കുറ്റാന്വേഷണത്തിൽ ഉണ്ടായിരുന്നില്ല. കുറ്റാരോപിതന്റെ കുറ്റസമ്മതം, സാഹചര്യങ്ങൾ എന്നിവ മാത്രമാണ് അവലംബിച്ചിരുന്നത്. ഇവ കുറ്റകൃത്യം തെളിയുക്കുന്നതിന് തികച്ചും അപര്യാപ്തമായിരുന്നു. പ്രാകൃതമായ പല രീതികളും അക്കാലത്ത് അവലംബിച്ചിരുന്നു. തീയിൽ തൊടുക, തിളച്ച എണ്ണയിൽ കൈ മുക്കുക എന്നിവ അവയിൽ ചിലത് മാത്രമായിരുന്നു. ശവശരീരങ്ങളെ കീറിമുറിച്ച് പരിശോധിച്ച് മരണകാരണം കണ്ടുപിടിക്കുന്നതിന് നടത്തിയ ശ്രമങ്ങൾക്ക് 12-ആം നൂറ്റാണ്ട് വരെ പഴക്കം കാണുന്നു. ശ്വാസകോശത്തിൽ കാണുന്ന വെള്ളം മുങ്ങിമരണത്തിന് തെളിവാണെന്നും, കഴുത്തിലെ അസ്ഥിയുടെ പൊട്ടൽ കഴുത്തു ഞെരിച്ച് കൊലനടത്തിയതിന് തെളിവാണെന്നും കണ്ടുപിടിക്കപ്പെട്ടു ഫ്രാൻസിസ് ഗാൽട്ടൺ എന്ന ബ്രിട്ടീഷ് Scientist വിരലടയാളങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഫിംഗർപ്രിന്റ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപു തന്നെ വിരലടയാളങ്ങളുടെ സാദ്ധ്യത ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയിരുന്നു. അർജന്റീനയിൽ നടന്ന ഒരു കൊലപാതകം തെളിയിക്കുന്നതിന് 1892-ൽ വിരലടയാളപരിശോധന വിദഗ്ദ്ധമായി ഉപയോഗിക്കപ്പെട്ടു. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ ശരിയായ ആരംഭം അവിടെയാണെന്ന് കരുതാം.


കാലക്രമത്തിൽ ഫോറൻസിക് സയൻസ് വളരെയധികം വികാസം പ്രാപിക്കുകയുണ്ടായിട്ടുണ്ട്. രസതന്ത്രം, ജീവശാസ്ത്രം, മനഃശാസ്ത്രം തുടങ്ങി വിവിധ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഫോറൻസിക് സയൻസ് നിലകൊള്ളുന്നത്.

വിവിധ ശാഖകൾ[തിരുത്തുക]

ഫോറൻസിക് സയൻസിൽ ഇന്ന് നിരവധി ശാഖകൾ നിലനിൽക്കുന്നുണ്ട്. അവ താഴെകൊടുത്തിരിക്കുന്നു.


ഫോറൻസിക് ബാലിസ്റ്റിക്സ്[തിരുത്തുക]

വിവിധ തരത്തിലുള്ള തോക്കുകൾ അവയുടെ ഉപയോഗങ്ങൾ കുറ്റകൃത്യങ്ങളിൽ അവയുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള പഠനശാഖയാണ് ഫോറൻസിക് ബാലിസ്റ്റിക്സ്. വെടിയേറ്റുണ്ടാകുന്ന മുറിവുകൾ എത്ര ദൂരെനിന്നു സംഭവിച്ചതാണെന്നും ഏതു തോക്കിൽനിന്നാണെന്നും ഏതു ദിശയിൽ സഞ്ചരിച്ച ഉണ്ടയാണ് മുറിവുണ്ടാക്കിയതെന്നും തുടങ്ങി നിരവധി വിവരങ്ങൾ പരിശോധകന് ലഭിക്കുന്നു. തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു.

ഫോറൻസിക്[തിരുത്തുക]

ഫിസിക്സ്

വിവിധതരം ആയുധങ്ങൾ, അവകൊണ്ടുണ്ടാകുന്ന ക്ഷതങ്ങൾ, മുറിവുകൾ, കീറലുകൾ എന്നിവ പരിശോധിക്കുക, കൃത്യസ്ഥലത്തു നിന്നും മറ്റും ശേഖരിക്കുന്ന വസ്തുക്കൾ താരതമ്യം ചെയ്യുക, ആയുധങ്ങൾ സൃഷ്ടിക്കുന്ന പാടുകൾ പരിശോധിച്ച് ആയുധം തിരിച്ചറിയുക തുടങ്ങി വിവിധ തരം പരിശോധനകൾ ഈ വിഭാഗത്തിൽ നടത്തപ്പെടുന്നു.

ആന്ത്രോപോമെട്രി[തിരുത്തുക]

മനുഷ്യശരീരത്തിന്റെ അളവുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഈ സംവിധാനം കുറ്റാന്വേഷണത്തിൽ ഉപയോഗിക്കപ്പെടുന്നു.

ഫോറൻസിക് ബയോളജി[തിരുത്തുക]

സംഭവസ്ഥലത്തു നിന്നും ലഭിക്കുന്നതും മറ്റുമായ ശരീരഭാഗങ്ങൾ പരിശോധിക്കുന്നത് ഫോറൻസിക് ബയോളജി വിഭാഗമാണ്. രക്തം, മുടി, നഖങ്ങൾ, സസ്യഭാഗങ്ങൾ, ഉമിനീർ തുടങ്ങി വിവിധതരം വസ്തുക്കൾ പരിശോധനക്ക് വിധേയമാക്കുന്നു. രക്തക്കറകളുടെ ഗ്രൂപ്പ് നിർണ്ണയം, |ഉമിനീർ തുടങ്ങിയ ശരീരസ്രവങ്ങളുടെ പരിശോധന എന്നിവ വ്യക്തികളെ തിരിച്ചറിയുന്നതിന് വളരെ സഹായകരമാണ്. 1985-ൽ അലക് ജഫ്രീസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ വികസിപ്പിച്ചെടുത്ത ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് ഈ രംഗത്ത് ഒരു സ്ഫോടനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തികളെ സംശയലേശമന്യെതിരിച്ചറിയുന്നതിന് ഈ രീതി ഉപയോഗിക്കപ്പെടുന്നു.


ഫോറൻസിക് കെമിസ്ട്രി[തിരുത്തുക]

രാസവസ്തുക്കളുടെ പരിശോധന കുറ്റാന്വേഷണത്തിൽ വളരെ പ്രധാനമായ ഒരു ഘടകമാണ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷവസ്തുക്കൾ, വിവിധ തരം മയക്കുമരുന്നുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ തിരിച്ചറിയുന്നതിന് ഈ ശാസ്ത്രശാഖ സഹായിക്കുന്നു.

ഫോറൻസിക് ഡോക്യുമെന്റ്സ്[തിരുത്തുക]

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു കൈയക്ഷരങ്ങൾ, ഒപ്പുകൾ, അച്ചടി, വ്യാജകറൻസികൾ എന്നിവയുടെ പരിശോധന.

ഡിജിറ്റൽ ഫോറൻസിക്[തിരുത്തുക]

ഇന്ന് ഡിജിറ്റൽ യുഗമാണ്. അതുകൊണ്ടുതന്നെ എന്തിലും ഒരു ഡിജിറ്റൽ/സൈബർ അംശം ഉണ്ടാവുന്നു. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി എല്ലാവിധ ആധുനിക ഉപകരണങ്ങളും പരിശോധിക്കുന്നു. ഫോട്ടോഗ്രാഫുകളുടെ മോർഫിംഗ്, വിവിധ തരം സൈബർ വ്യക്തിഹത്യകൾ എന്നിവ പരിശോധികുന്നതിന് ഈ ശാസ്ത്രശാഖ സഹായിക്കുന്നു. പോളിഗ്രാഫ്, ബ്രെയിൻ ഫിംഗർപ്രിന്റിംഗ്, നാർക്കോ അനാലിസിസ്, ടോക്സിക്കോളജി, ഫിംഗർപ്രിന്റിംഗ് തുടങ്ങി നിരവധി വ്യതസ്ത മേഖലകളിൽ വളർന്ന് ഫോറൻസിക് സയൻസ് കുറ്റാന്വേഷണത്തിന്റെ ഒരു നെടുംതൂണായി നിൽക്കുന്നു.

ഇതും കാണുക[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോറൻസിക്_സയൻസ്&oldid=3968508" എന്ന താളിൽനിന്ന് ശേഖരിച്ചത്