ഫേസ്‌ബുക്ക് ലൈക്ക് ബട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Facebook "Like" button

സ്വകാര്യ ഉടമസ്ഥതയിൽ ഉള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫേസ്‌ബുക്കിലുള്ള ഒരു സവിശേഷതയാണ് ഫേസ്‌ബുക്ക് ലൈക്ക് ബട്ടൺ. 2009 ഫെബ്രുവരി 9 - നാണ് ഈ സവിശേഷത ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ, കമന്റുകൾ, ചിത്രങ്ങൾ, വീഡിയോകൾ, സുഹൃത്തുക്കൾ പങ്കുവയ്ക്കുന്ന ലിങ്കുകൾ, പരസ്യങ്ങൾ എന്നിവയുമായി അനായാസം സമ്പർക്കം പുലർത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് ലൈക്ക് ബട്ടൺ രൂപകല്പന ചെയ്തത്. ഒരു തവണ ഒരു ഉപയോക്താവ് ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യുന്നതോടെ, നിർദ്ദിഷ്ട ഫേസ്‌ബുക്ക് പോസ്റ്റ് ഈ ഉപയോക്താവിന്റെ സുഹൃത്തുക്കൾക്ക് ന്യൂസ് ഫീഡായി പ്രത്യക്ഷപ്പെടുകയും ഒപ്പം ഈ ലൈക്ക് ബട്ടൺ അതുവരെ ആ പോസ്റ്റ് ലൈക്ക് ചെയ്ത ഉപയോക്താക്കളുടെ എണ്ണവും പൂർണ്ണമോ ഭാഗികമോ ആയി ഉപയോക്താക്കളുടെ പട്ടികയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ കമന്റുകൾക്കും ഇത്തരത്തിൽ ലൈക്ക് ചെയ്യാനുള്ള സംവിധാനം ഫേസ്‌ബുക്ക് ഏർപ്പെടുത്തുകയുണ്ടായി. ഏതാനും വർഷങ്ങളായി ഉപയോക്താക്കൾ ലൈക്ക് ബട്ടണോടൊപ്പം ഡിസ്‍ലൈക്ക് ബട്ടൺ കൂടി വേണമെന്നുള്ള ആവശ്യം ഉയർത്തിയതോടെ 2016 ഫെബ്രുവരി 24 - ന് ആഗോളതലത്തിൽ റിയാക്ഷൻസ് എന്ന പേരിൽ പുതിയ സംവിധാനം ഫേസ്‌ബുക്ക് ഔദ്യോഗികമായി ഏർപ്പെടുത്തി. ഈ സംവിധാനത്തിൽ ലൈക്ക് ബട്ടണിൽ അമർത്തിപ്പിടിച്ചാൽ "Love", "Haha", "Wow", "Sad", "Angry" എന്നിങ്ങനെ അഞ്ച് രീതിയിൽ പോസ്റ്റിനോട് പ്രതികരിക്കാനുള്ള അവസരം ലഭിക്കും. ഇത്തരത്തിലുള്ള റിയാക്ഷൻ സവിശേഷത 2017 മേയ് മാസത്തിൽ കമന്റുകളിലേക്ക് നീട്ടിയിരുന്നു. തുടർന്ന് 2019 ഏപ്രിൽ മാസത്തിൽ റിയാക്ഷൻ സംവിധാനത്തിലെ വിവിധ റിയാക്ഷനുകളെ ഗ്രാഫിക്കലായി പരിഷ്കരിക്കുകയും ചെയ്തു.