ഫുൽകാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്യാല പ്രദേശത്തു നിന്നുള്ള ഫുൽകാരി

ഇന്ത്യയിലും പാകിസ്താനിലുമായി ഉൾപ്പെട്ടിരിക്കുന്ന പഞ്ചാബ് പ്രദേശത്ത് നിലനിൽക്കുന്ന ഒരു അലങ്കാരത്തുന്നൽ (എംബ്രയോഡറി) രീതിയാണ് ഫുൽകാരി (ഇംഗ്ലീഷ്: Phulkari, പഞ്ചാബി: ਫੁਲਕਾਰੀ) എന്ന് അറിയപ്പെടുന്നത്. 'പുഷ്പം' എന്നർത്ഥമുള്ള ഫുൽ, 'കരകൗശലം' എന്നർത്ഥമുള്ള കാരി എന്നീ വാക്കുകൾ ചേർന്നാണ് 'പുഷ്പാലംകൃത കരകൗശലപ്പണി' എന്നർത്ഥതിൽ ഈ ചിത്രതുന്നലിന് ഫുൽകാരി എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നത്. ഫുൽകാരി വസ്ത്രങ്ങൾക്ക് ഭൂപ്രദേശസൂചിക പദവി ലഭിച്ചിട്ടുണ്ട്.

വിവരണം[തിരുത്തുക]

ഫുൽകാരി ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു

ഒരു കാലത്ത് അലങ്കാരത്തുന്നലുകളോടു കൂടിയുള്ള എല്ലാ വസ്ത്രങ്ങളെയും ഈ പ്രദേശത്ത് ഫുൽകാരി എന്നറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഈ വിശേഷണം അലങ്കാരത്തുന്നലുകളുള്ള ഷാളുകൾക്കും ശിരോവസ്ത്രങ്ങൾക്കും മാത്രമായി ചുരുക്കപ്പെട്ടു. ആധുനിക കാലത്ത്, ലളിതവും അങ്ങിങ്ങായി അലങ്കാരത്തുന്നലുകളുള്ള ഷാളുകൾ, ദുപ്പട്ട, ഒഡിനി എന്ന ശിരോവസ്ത്രം തുടങ്ങി നിത്യവും ഉപയോഗിക്കുന്നവയെ ഫുൽകാരി എന്നറിയപ്പെടുമ്പോൾ, ശരീരം മുഴുവൻ മൂടുന്നവയും വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നവയുമായ നിർലോഭമായ രീതിയിൽ അലങ്കാരപ്പണികൾ ചെയ്തിട്ടുള്ള വസ്ത്രങ്ങളെ 'ഉദ്യാനം' എന്നർത്ഥം വരുന്ന ബാഗ് (Bagh) എന്ന് വിശേഷിപ്പിക്കുന്നു. ഇവയിൽ തന്നെ അത്ര സമൃദ്ധമല്ലാതെ അവിടവിടങ്ങളിൽ മാത്രം അലങ്കാരപ്പണികൾ ചെയ്തിട്ടുള്ള വസ്ത്രങ്ങളെ ചെറിയ പൂന്തോട്ടം അഥവാ 'അര ഉദ്യാനം' എന്ന അർത്ഥമുള്ള ആധാബാഗ് എന്നറിയപ്പെടുന്നു.

പഞ്ചാബി പെൺകുട്ടികളുടെ ജീവിതവും ഫുൽകാരിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളിലും ഉത്സവ വേളകളിലും കുടുംബചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള ഫുൽകാരി അല്ലെങ്കിൽ ബാഗ് (Bagh) അണിയാറുണ്ട്. പരമ്പരാഗതമായി പഞ്ചാബി പെൺകുട്ടികളുടെ വിവാഹ വസ്ത്രശേഖരത്തിൽ ഫുൽകാരി വസ്ത്രങ്ങളും ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

ഈ തുന്നൽ വേലയുടെ ആരംഭകാലമോ കൃത്യമായ ചരിത്രമോ പൂർണ്ണമായ രീതിയിൽ രേഖപ്പെടുത്തിയിട്ടില്ല. 15-ആം നൂറ്റാണ്ടിൽ വാരിസ് ഷാ രചിച്ച ഹീർ-രംജ എന്ന കൃതിയിൽ ഫുൽകാരിയെ പറ്റിയുള്ള പരാമർശമുണ്ട്.[1] മധ്യേഷ്യയിൽ നിന്ന് കുടിയേറിപ്പാർത്ത ജാട്ട് വിഭാഗക്കാരിൽ നിന്നുമാണ് ഈ തുന്നൽ വേല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. പേർഷ്യൻ തുന്നൽ കലയായ ഗുൽകാരിയിൽ നിന്നാണ് ഫുൽകാരി രൂപമെടുത്തതെന്ന ഒരു അഭിപ്രായവുമുണ്ട്. ഗുൽകാരിയുടെ വാച്യാർത്ഥവും ഫുൽകാരിയുടേത് തന്നെയാണ്. ഫുൽകാരിയുടെ നിർമ്മാണ രീതിയും മാതൃകകളും തലമുറയായി വാമൊഴിയായി കൈമാറപ്പെട്ടു വന്നിരുന്നു. അതിനാൽ തന്നെ ഒരോരോ പ്രദേശങ്ങളിലെ ഫുൽകാരിയിലും അതിന്റേതായ വ്യത്യസ്തകൾ ദർശനീയമാണ്. പ്രധാനമായും സിഖ് പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് ഫുൽകാരിയുടെ വളർച്ചയും പ്രചാരമെന്നിരുന്നാലും ഹിന്ദു-മുസ്ലീം സമുദായങ്ങളും ഇതിൽ പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ മതപരം എന്നതിനേക്കാൽ പ്രാദേശികപരമായാണു ഇതിന്റെ പ്രാധാന്യം.[2]

1947-ലെ ഇന്ത്യാ-പാകിസ്താൻ വിഭജനവും ലാഭമില്ലായ്മ, വ്യാവസായവത്കരണം, യന്ത്രസഹായമില്ലാതെയുള്ള പണിയോടുള്ള മടുപ്പ് തുടങ്ങിയ സാമൂഹിക-സാമ്പത്തിക കാരണങ്ങളും ഫുൽകാരിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിച്ചു. എങ്കിലും വർഷങ്ങളായി ഗവണ്മെന്റ് ഈ തുന്നൽ വിദ്യയെ നിലനിർത്തുവാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും പ്രദർശനങ്ങളും മേളകളും സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

നിർമ്മാണരീതി[തിരുത്തുക]

ഈ തുന്നൽ പണി ഗാർഹികമായി പഞ്ചാബിലെ സ്ത്രീകൾ അവരുടെ ഒഴിവ് സമയങ്ങളിലാണ് ചെയ്തു വരുന്നത്. വ്യാവസായികമായ നിർമ്മാണവും ഉണ്ട്. കൈ കൊണ്ട് നെയ്തെടുത്ത ഖദർ ആണ് ഇതിന്റെ അടിസ്ഥാന നിർമ്മാണ് വസ്തു. പ്രധാനമായും മൂന്നു തരത്തിലുള്ള ഖദർ ഇതിനായി ഉപയോഗിക്കുന്നു - അയഞ്ഞ രീതിയിൽ നൂൽ നൂറ്റെടുത്ത പരുക്കൻ തുണിയിലുള്ള ഖദർ, പകിട്ടാർന്ന നൂലുകൊണ്ടുള്ള ചൗൻസ ഖദർ (ബാഗ്(bagh) നിർമ്മാണത്തിനുപയോഗിക്കുന്നു), ഭാരം കുറഞ്ഞ ഇഴയടുപ്പത്തോട് കൂടിയ ഹൽവൻ ഖദർ (പടിഞ്ഞാറൻ പഞ്ചാബിലെ ഹസാര, റാവൽപിണ്ടി പ്രദേശങ്ങളിൽ പ്രചാരമുള്ള ഈയിനം ഫുൽകാരിക്ക് മാത്രം ഉപയോഗിക്കുന്നു). എന്നിരിക്കിലും കൂടുതലായും ഉപയോഗിക്കുന്നത് പ്രാദേശികമായി ലഭിക്കുന്നതും വിലകുറഞ്ഞതും എന്നാൽ ഈട് നിൽക്കുന്നതുമായ ഖദർ ആണ്. മൃദുവും തിളക്കമുള്ളതുമായ പിരിക്കാത്ത പട്ടുനൂലാണ് തുന്നുവാൻ ഉപയോഗിക്കുന്നത്. കാശ്മീർ, അഫ്ഗാനിസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഈ നൂൽ ലഭ്യമാകുന്നത്. പട്ട്നൂലിന് പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള, സുവർണ മഞ്ഞ, കടും നീല നിറങ്ങളിലുള്ള നൂലകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. The culture and future of phulkari embroidery, Utsavpedia
  2. "PHULKARI - Ancient Textile of Punjab, indianheritage.biz". മൂലതാളിൽ നിന്നും 2016-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-06.
"https://ml.wikipedia.org/w/index.php?title=ഫുൽകാരി&oldid=3638491" എന്ന താളിൽനിന്ന് ശേഖരിച്ചത്