ഫുഗ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിനായക ചതുർഥി, വ്രത തുടങ്ങിയ ഹിന്ദു മതപരമായ ഉത്സവങ്ങളിലോ ധാലോ പോലുള്ള മറ്റ് നൃത്തങ്ങളുടെ അവസാനത്തിലോ മഹാരാഷ്ട്ര, ഗോവ സംസ്ഥാനത്തെ കൊങ്കൺ മേഖലയിലെ സ്ത്രീകൾ അവതരിക്കുന്ന നാടോടി നൃത്തമാണ് ഫുഗ്ഡി. ചില ചരിത്ര വസ്‌തുതകൾ അനുസരിച്ച്, ഈ നൃത്ത ശൈലി പുരാതന ഗോവ പാരമ്പര്യങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത് ഹിന്ദു മാസമായ “ഭദ്രപദ” യിലാണ്. മതപരവും സാമൂഹികവുമായ പരിപാടികളിൽ ഇത് നടത്താറുണ്ട്.

പരമ്പരാഗത വേരുകൾ[തിരുത്തുക]

മഹാരാഷ്ട്രയിലെയും ഗോവയിലെയും സാംസ്കാരിക പാരമ്പര്യങ്ങൾ കണ്ടെത്താൻ കഴിയുന്ന ഒരു നാടോടി കലാരൂപമാണ് ഫുഗ്ഡി. വിവിധ മത, സാമൂഹിക അവസരങ്ങളിൽ ഇത് നടത്താറുണ്ട്. ഭദ്രപദ മാസത്തിലാണ് ഫുഗ്ഡി പൊതുവേ നടത്തുന്നത്, സ്ത്രീകൾക്ക് അവരുടെ സാധാരണ, ഏകതാനമായ ജീവിതത്തിൽ നിന്ന് താൽക്കാലിക ഇടവേള എടുക്കാനുള്ള അവസരമാണിത്.[1] ധൻഗാർ (ഇടയ സമൂഹം) സ്ത്രീകൾക്കിടയിൽ ഫുഗ്ഡിയുടെ ഒരു പ്രത്യേക രീതി കാണപ്പെടുന്നു. ദേവിയ്ക്ക് സമർപ്പിച്ച വ്രതത്തിനിടെ മഹാലക്ഷ്മി ദേവിയുടെ മുമ്പിലാണ് കലാഷി ഫുഗ്ഡി നടത്തുന്നത്.

നൃത്ത രീതി[തിരുത്തുക]

വൃത്തത്തിലോ വരിയായോ നിന്ന് സ്ത്രീകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. സാധാരണയായി ഗ്രാമങ്ങളിലെ സ്ത്രീകൾ വട്ടത്തിൽ ഫുഗ്ഡി നൃത്തം ചെയ്യുമ്പോൾ, വനവാസ കേന്ദ്രങ്ങളിലെ സ്ത്രീകൾ വരികളായി നൃത്തം ചെയ്യുന്നു.[2] ഹിന്ദു പ്രാർത്ഥനയോടെയാണ് നൃത്തം ആരംഭിക്കുന്നത്. തുടക്കത്തിൽ മന്ദഗതിയിലാണെങ്കിലും ഉടൻ തന്നെ വേഗത കൈവരിക്കുകയും പാരമ്യത്തിലെത്തുകയും ചെയ്യുന്നു. ഒരു താളവാദ്യ പിന്തുണയും നൃത്തത്തിനില്ല. പരമാവധി വേഗതയിൽ, "ഫൂ" എന്ന് തോന്നിക്കുന്ന ശബ്ദം ഉണ്ടാകുന്നതിനാൽ അതിനാൽ ഫൂഗ്ഡി എന്ന പേര് വന്നുവെന്ന് കരുതപ്പെടുന്നു. കുറച്ച് നിശ്ചിത ചുവടുകളും കൈ ആംഗ്യങ്ങളും നൃത്തത്തിലെ പ്രധാന ഘടകങ്ങളാണ്. നൃത്തത്തിന് സംഗീത ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും പ്രത്യേക ഫുഗ്ഡി ഗാനങ്ങൾ എണ്ണമറ്റതാണ്.

ഉപ വിഭാഗങ്ങൾ[തിരുത്തുക]

ഗിർകി, സൈക്കിൾ, റാഹത്ത്, സിമ്മ, കാർവർ, ബസ് ഫുഗ്ഡി, കോംബ്ഡ, ഘുമ, പഖ്‌വ എന്നിവ ഫുഗ്ഡിയുടെ ജനപ്രിയ ഉപരൂപങ്ങളിൽ പെടുന്നു. വളരെ ദൂരെ നിന്ന് വെള്ളം ലഭ്യമാക്കുന്ന ദിനചര്യയുടെ ഏകതാനത്തെ ഒഴിവാക്കുന്നതിനുള്ള ഒരു മാർഗമായി കലാഷി ഫുഗ്ഡി ആരംഭിച്ചു.സ്ത്രീകൾ വെള്ളക്കെട്ടുകളിലേക്ക് നടക്കും വഴി നൃത്തം ചെയ്യുമായിരുന്നു. കട്ടി ഫുഗ്ഡി മറ്റൊരു ജനപ്രിയ രൂപമാണ്, ഇത് കൈയിൽ ചിരട്ട പിടിച്ചുകൊണ്ടുള്ള നൃത്തമാണ്.

അവലംബം[തിരുത്തുക]

  1. "Folk Dances of South West India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-14.
  2. "Goan Folk Arts". ശേഖരിച്ചത് 23 November 2011.
"https://ml.wikipedia.org/w/index.php?title=ഫുഗ്ഡി&oldid=3527679" എന്ന താളിൽനിന്ന് ശേഖരിച്ചത്