Jump to content

ഫിലിപ്പീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫിലിപ്പൈൻസ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പീൻസ്

Repúbliká ng̃ Pilipinas
Flag of ദ ഫിലിപ്പീൻസ്
Flag
Coat of arms of ദ ഫിലിപ്പീൻസ്
Coat of arms
ദേശീയ മുദ്രാവാക്യം: Maka-Diyos, Makatao, Makakalikasan, at Makabansa
(English: "For God, People, Nature and Country")
ദേശീയ ഗാനം: Lupang Hinirang
"Chosen Land"
Location of ദ ഫിലിപ്പീൻസ്
തലസ്ഥാനംമനില
വലിയ നഗരംQuezon City
ഔദ്യോഗിക ഭാഷകൾഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും
അംഗീകരിച്ച പ്രാദേശിക ഭാഷകൾBikol, Cebuano, Ilocano, Hiligaynon, Kapampangan, Pangasinan, Tagalog, Waray-Waray[1]
നിവാസികളുടെ പേര്Filipino, Pinoy
ഭരണസമ്പ്രദായംUnitary presidential constitutional republic
• President
റോഡ്രിഗോ ഡുറ്റെർട്
Leni Robredo
Independence 
1521 മാർച്ച് 16
• Declared
1898 ജൂൺ 12
1934 മാർച്ച് 24
1946 ജൂലൈ 4
1987 ഫെബ്രുവരി 2
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
300,000 കി.m2 (120,000 ച മൈ)[2] (72nd)
•  ജലം (%)
0.61%[2]
ജനസംഖ്യ
• 2008 estimate
90.5 million[3] (12th)
• 2007 census
88,574,614 [4]
•  ജനസാന്ദ്രത
295/കിമീ2 (764.0/ച മൈ) (32nd)
ജി.ഡി.പി. (PPP)2006 estimate
• ആകെ
$466.632 billion [5] (25th)
• പ്രതിശീർഷം
$5,365.287[5] (99th)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$117.562 billion[5] (47th)
• Per capita
$1,351.718[5] (117th)
ജിനി (2003)44.5[2]
Error: Invalid Gini value
എച്ച്.ഡി.ഐ. (2007/2008)Increase 0.771[6]
Error: Invalid HDI value · 90th
നാണയവ്യവസ്ഥPeso (Filipino: piso ) (PHP)
സമയമേഖലUTC+8 (PST)
കോളിംഗ് കോഡ്63
ഇൻ്റർനെറ്റ് ഡൊമൈൻ.ph
  1. Spanish and Arabic are promoted on a voluntary and optional basis.
  2. Rankings above were taken from associated Wikipedia pages as of December, 2007, and may be based on data or data sources other than those appearing here.

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീൻസ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാ‍മം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീൻസ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. ലോകം ചുറ്റി സഞ്ചരിച്ച ആദ്യ മനുഷ്യനായ പോർച്ചുഗീസ് നാവികൻ ഫെർഡിനൻസ് മഗല്ലൻ തന്റെ മഹാ യാത്ര പൂർത്തിയാക്കും മുമ്പ് ജീവൻ വെടിഞ്ഞത് ഫിലിപ്പിൻസിൽ വച്ചാണ്'. ആ മരണവും യാത്രയും ഫിലിപ്പിൻസിനെ നാലു നൂറ്റാണ്ടു നീണ്ട കോളനി വാഴ്ച്ചക്ക് കാരണമായിത്തീർന്നു. ആ അധിനിവേശമാണ് ഫിലീപ്പിൻസിനെ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ഭൂരിപക്ഷ രാജ്യവും പാശ്ചാത്യ വൽ കൃതരാജ്യവുമാക്കിയത്. പോർച്ചുഗൽക്കാരനായ മഗല്ലൻ സ്പെയിൻ രാജാവിനു വേണ്ടിയാണ് ആ യാത്ര നടത്തിയത്.അങ്ങനെ ഫിലിപ്പിൻസ് സ്പെയിന്റെ കോളനിയായി .മൂന്നര നൂറ്റാണ്ടിനു ശേഷം സ്പെയിൻ ഒഴിവായപ്പോൾ അമേരിക്കയുടെ കീഴിയായി. സ്പാനീഷ് രാജാവായ ഫിലിപ്പ് രണ്ടാമന്റെ പേര് രാജ്യത്തിന്റെ പേരായി മാറുകയും ചെയ്തു. വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യൻ സംസ്കാരങ്ങളും സ്പെയിൻ, ലാറ്റിൻ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനവും ഫിലിപ്പീൻസ് പ്രദർശിപ്പിക്കുന്നു.

ഫിലിപ്പിനോകൾ പ്രധാനമായും ആസ്ത്രൊനേഷ്യൻ തായ്‌വഴിയിൽ ഉള്ളവരാണ്. ചില ഫിലിപ്പിനോകൾ സ്പാനിഷ്, ചൈനീസ്, അറബ് തായ്‌വഴികളിൽ നിന്നാണ്. [7]

മുൻപ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിൻ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്. [8]

ചരിത്രം

[തിരുത്തുക]

ആദിമമനുഷ്യൻ ജീവിച്ച ഇടങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പലാവൻ ദ്വീപിലെ താബോൺ ഗുഹയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ 50,000 വർഷം മുമ്പു മനുഷ്യജാതി ജീവിച്ചിരുന്നതിന് തെളിവു നൽക്കുന്നു. താബോൺ മനുഷ്യൻ എന്നാണ് ആ നരവംശം അറിയപ്പെടുന്നത്. മഗല്ലന്റെ വരവിനു ശേഷം യൂറോപ്യൻമാർ രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്ത ചരിത്രത്തിനും സഹസ്രാബ്ദങ്ങൾക്കും മുമ്പ് തന്നെ തുടങ്ങുന്നതാണ് ഫിലിപ്പിയൻസിന്റെ യഥാർത്ഥ ചരിത്രം. അവസാനത്തെ ഹിമയുഗകാലത്താവണം നെഗ്രിറ്റോ വംശജരായ മനുഷ്യർ‌ ഇവിടേക്ക് കടന്നുവന്നത്. ഇരുമ്പുയുഗത്തിൽ തെക്കൻ ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ളവർ ഫിലിപ്പീൻ ദ്വീപികളിലേക്ക് ചേക്കേറി. ചിതറിക്കിടക്കുന്ന ദ്വീപുകളായതിനാൽ ഒറ്റ രാജ്യവും ഒറ്റ ജനതയുമെന്ന ബോധം പുരാതനകാലത്ത് ഉണ്ടായിരുന്നില്ല. ദാത്തു എന്ന മൂപ്പന്റെ കീഴിലുള്ള ബരാങ്ഗേ എന്ന കുടിപ്പാർപ്പുകളുടെ സമൂഹമായാണ് ദ്വീപുകളിലെ ജനസമൂഹങ്ങൾ വികസിച്ചത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശകർ എത്തുമ്പോൾ അഞ്ചുലക്ഷത്തോളം ജനങ്ങൾ ബരാങ്ഗേ കുടിപാർപ്പുകൾ കേന്ദ്രീകരിച്ചാണ് ജീവിച്ചിരുന്നത്.

സ്പെയിൻകാർ ഫില്ലിപ്പീൻസിൽ എത്തുന്നതിനുമുമ്പ് അവിടെ തദ്ദേശീയ മതങ്ങൾക്കൊപ്പം ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനവും ഉണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ജാവ കേന്ദ്രമായുണ്ടായിരുന്ന ശ്രീവിജയസാമ്രാജ്യം വഴിയാണ് ഇവ രണ്ടും ഫില്ലിപ്പീൻസിലെത്തിപ്പെട്ടത്. അവിടെ ഇന്ത്യയിലെ ദക്ഷിണബ്രാഹ്മിയുടെ ഗണത്തിൽപ്പെട്ട ഒരു ലിപിവ്യവസ്ഥയും നിലനിന്നിരുന്നു[9].

സ്പാനിഷ് അധിനിവേശം

[തിരുത്തുക]

1521 ൽ സീബു ദ്വീപിലെത്തിയ ഫെർഡിനാന്റ് മഗല്ലൻ ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. സ്പെയിനിലെ പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ ലാപു ലാപു അതിനു വഴങ്ങിയില്ല. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു.വിദേശാദിപത്യത്തെ ചെറുത്ത ആദ്യത്തെ ഫിലീപ്പിൻ ദേശീയ നായകനായി ഇന്ന് ലാപുവിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം മക്താനിലുണ്ട്.ലാപു എന്ന പേരിൽ നഗരവുമുണ്ട്. മഗല്ലനെ തുടർന്ന് പല സ്പാനീഷ് ഗവേഷകരും ഫിലിപ്പിൻസി ലെത്തി പല പേരുകളിൽ അവർ ആദ്വീപ് സമൂഹത്തെ വിളിച്ചു. 1543 ൽ റൂയ് ലോപ്പെത് ഡി വിൽയലോബൂസ് നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. ആദ്വീപുകൾക്ക് ലാസ് ഐസ് ലാസ് ഫിലിപ്പീനാസ് എന്ന് വിൽലോബുസ് പേരിട്ടു. തദ്ദേശിയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി ഇൻഡൊനീഷ്യയുടെ ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.

മീഗൽ ലോപെസ് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി.ആറു വർഷത്തിനു ശേഷം പ്രാദേശിക മുസ്ലീം ഭരണാധികാരികളെ പരാജയപ്പെടുത്തി ലെഗസ്പി മനിലയെ തലസ്ഥാനമാക്കി.മനിലയായിരുന്നു സ്പാനീഷ് ഭരണത്തിന്റെ കേന്ദ്രം. ന്യൂ സ്പെയിൻ എന്നറിയപ്പെടുന്ന മെക്സിക്കോയുടെ ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. ഫിലിപ്പീനുകളെ കത്തോലിക്കാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കലായിരുന്നു സ്പെയിൻ അനുവർത്തിച്ച പ്രധാന നയം.ഇസ്ലാം ഒഴികെ മറ്റു സംഘടിത മതങ്ങളൊന്നുമില്ലാത്തതിനാൽ മതപരിവർത്തനം എളുപ്പമായിരുന്നു. മുസ്ലിങ്ങളും പർവ്വത പ്രദേശങ്ങളിലെ ഗോത്രവർഗ്ഗക്കാരും മാത്രം ഇതിൽ നിന്നു ഒഴിഞ്ഞു നിന്നു. പ്രാദേശിക ആചാരങ്ങളും സാഹൂഹിക ക്രമങ്ങളും കലർന്ന ഒരു കത്തോലിക്കാ മതമാണ് ഫിലിപ്പീൻസിൽ നിലവിൽ വന്നത്. കോളനി ഭരണം യഥാർത്ഥത്തിൽ സ്പെയിന് നഷ്ടക്കച്ചവടമായിരുന്നു. ഡച്ചുകാരും പോർച്ചു ഗീസുകാരു മായും മുസ്ലീങ്ങളുമായുള്ള യുദ്ധങ്ങൾ കോളനി ഭരണത്തെ ചാപ്പരാക്കി. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി ബ്രിട്ടൻ, ഫ്രാൻസ്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ സപ്തവത്സരയുദ്ധത്തിന്റെ ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യങ്ങളും കലാപങ്ങളും ഉയരുകയും ചെയ്തു.18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സ്പെയിൻ നേരിട്ട് ഫിലിപ്പിയൻസ് ഭരണം തുടങ്ങി.1869-ൽ സൂയസ് കനാൽ തുറന്നതോടെ സ്പെയ്നിലേക്കുള്ള യാത്രാ സമയവും കുറഞ്ഞു.ഇതോടെ ഒട്ടേറെ ഫിലിപ്പിനോകൾക്ക് യൂറോപ്പിൽ വിദ്യാഭ്യാസവും നേടുവാൻ അവസരമുണ്ടായി. ഇലസ്ട്രാഡോസ് എന്ന ഫിലിപ്പീനോ ഉപരിവർഗ്ഗം ഉയർന്നു വന്നത് ഈ സാഹചര്യത്തിലാണ്.

യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പ്രൊപ്പഗാൻഡ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് ഹോസെ റിസാൽ എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്. ആന്ദ്രേസ് ബോണിഫാസിയോ സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് ഹോസെ റിസാലിനെ വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും എമിലിയോ അഗിനാൾഡോയുടെ മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും ഹോങ്കോങ്ങിലേക്ക് പലായനം ചെയ്യുകയും ചെയ്തു

അമേരിക്കൻ വാഴ്ച

[തിരുത്തുക]

1834 മുതൽ തന്നെ അമേരിക്ക ഫിലിപ്പീൻസിൽ കച്ചവടം തുടങ്ങിയിരുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയിലും അമേരിക്കയ്ക്ക് താല്പര്യമുണ്ടായിരുന്നു. ക്യൂബയിലും ഫിലിപ്പീൻസിലുമുള്ള അമേരിക്കൻ താല്പര്യം 1898 ൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലേക്കാണ് അവസാനിച്ചത്. ക്യൂബയിലെ ഹവാനാ തുറമുഖത്തും ഫിലിപ്പീൻസിലെ മനില ഉൾക്കടലിലും അമേരിക്കൻ സൈന്യം സ്പാനിഷ് നാവികസേനയുമായി ഏറ്റുമുട്ടി. ഫിലിപ്പീൻസിലെ യുദ്ധത്തിനിടയിൽ ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത മഗ്ദാലോ വിപ്ലവ നേതാവ് എമിലിയോ അഗിനാൾഡോ ഫിലിപ്പീൻസിലേക്ക് അമേരിക്ക ക്ഷണിച്ചു. ക്യൂബയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ ഫിലിപ്പീൻസിനും സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാൽ 1898 മേയ് 19 ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ഫിലിപ്പീൻ സ്വാതന്ത്ര്യപ്പോരാളികൾ ലുസോൺ ദ്വീപിന്റെ നിയന്ത്രണം പിടിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടു. 1898 ജൂൺ 12 ന് അഗിനാൾഡോ ഫിലിപ്പീൻസിന്റെ സ്വാതന്ത്രം പ്രഖ്യാപിച്ച് ഒന്നാമത്തെ ഫിലിപ്പീൻ റിപ്പബ്ലിക്ക് സ്ഥാപിച്ചു. യുദ്ധശേഷം അമേരിക്ക ഒരു കൊളോണിയൽ ശക്തിയായി ഉയർന്നു വന്നു. പാരീസ് സമാധാന സന്ധിയെ തുടർന്ന് സ്പെയിനിന്റെ അധീനതയിലായിരുന്ന ഫിലിപ്പീൻസ്, ഗുവാം, പ്യൂർട്ടോറീക്കോ എന്നിവ അമേരിക്കയുടെതായി. സ്വാതന്ത്യം നല്കുന്നതിനു പകരം ഫിലിപ്പീൻസിനെ സ്വന്തം കോളനിയാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇതോടെ അഗിനാൾഡോയുടെ ഫിലിപ്പീൻ റിപ്പബ്ലിക്ക് അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ടമാരംഭിച്ചു.

1899 മുതൽ പതിനാലുവർഷം നീണ്ട ഫീലിപ്പീൻസ്-അമേരിക്ക യുദ്ധത്തിൽ 16,000 ഫിലിപ്പിനോ വിപ്ലവകാരികൾക്കും 4,234 അമേരിക്കൻ പട്ടാളക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. രണ്ടരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ സാധാരക്കാരും മരിച്ചു. 1901 മാർച്ച് 23 ന് ഇസബെലാ ദ്വീപിലെ പലാനനിൽ നിന്നും അമേരിക്കൻ സേന അഗിനാൾഡോയെ പിടികൂടി മനിലയിലേക്ക് എത്തിച്ചു. വിജയവും ചെറുത്തുനിൽപും അസാധ്യമെന്ന് മനസ്സിലാക്കിയ അഗിനാൾഡോ അമേരിക്കയോട് സന്ധി ചെയ്യാനും ആയുധം താഴെ വയ്ക്കാനും വിപ്ലവകാരികളോട് അപേക്ഷിച്ചു. എങ്കിലും യുദ്ധവും ചെറുത്തുനിൽപ്പും 1913 വരെ തുടർന്നു. തെക്കൻ പ്രദേശത്തെ മുസ്ലികളാണ് ഏറ്റവുമധികം ചെറുത്തുനിന്നത്. അഗിനാൾഡോയുടെ പതനത്തോടെ ഫിലിപ്പീൻസ് അമേരിക്കയുടെ കോളനിയായി മാറി. ഇന്ത്യയിൽ ബ്രിട്ടൻ അനുവർത്തിച്ച പോലെയാണ് അമേരിക്ക ഫീലിപ്പീൻസ് ഭരിച്ചത്. അമേരിക്കൻ ഗവർണർ ജനറലിനു കീഴിൽ ഫീലിപ്പീൻസുക്കാർ നടത്തുന്ന ഭരണവ്യവസ്ഥയായിരുന്നു അത്. 1935-1946 കാലത്ത് ഫിലിപ്പീൻസ് കോമൺവെൽത്തും രൂപവൽക്കരിച്ചു.

ജാപ്പനീസ് അധിനിവേശം

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ 1941 ഡിസംബർ 8 ന് ജപ്പാൻ ഫീലിപ്പീൻസ് ആക്രമിച്ചു. പേൾഹാർബർ ആക്രമണമുണ്ടായി 10 മണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു ഇത്. ജനറൽ മക്താർതറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ-ഫീലിപ്പീൻസ് സേന ജപ്പാനുമുമ്പിൽ അടിയറവുവെച്ചു. മക്കാർതർ ഓസ്ട്രേലിയയിലേക്കും ഫീലിപ്പീൻസ് കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. കിസോൺ അമേരിക്കയിലേക്കും പലായനം ചെയ്യു. ജപ്പാനീസ് പട്ടാളമേധാവികൾ ഫിലിപ്പീൻസിനെ സ്വതന്ത്യറിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഗറില്ലായുദ്ധമുറകളിലുടെ ഫിലിപ്പീൻസ് പട്ടാളം ജപ്പാനെ നേരിട്ടുകൊണ്ടിരുന്നു. 1944 ൽ ഹുക്ബലാഹാപ് എന്ന ഫിലിപ്പീൻസ് ജനകീയസേന ലുസോൺ ദ്വീപിൽ നിയന്ത്രണം നേടി. 1944 ഒക്ടോബർ 20 ന് മക്കാർതറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫീലിപ്പീൻസിലെത്തി ജപ്പാനുമായി യുദ്ധം ആരംഭിച്ചു. സെപ്തംബർ 2 ന് ജപ്പാൻ ഔദോഗികമായി കീഴടങ്ങി. അപ്പോഴേക്കും നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിൽ ജപ്പാൻ തകർന്നിരുന്നു. 10 ലക്ഷം ഫിലിപ്പീൻസുകാരാണ് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ മരിച്ചതെന്നാണ് കണക്ക്.

സ്വാതന്ത്യത്തിലേക്ക്

[തിരുത്തുക]

1946 ജൂലൈ 4 ന് ഫിലിപ്പീൻസ് സ്വതന്ത്യരാഷ്ട്രമായി.ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിനേതാവായ മാനുവൽ എൽ. റോക്സാസായിരുന്നു ആദ്യ പ്രസിഡന്റ്. വിവാദമായ ഫിലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ടിലൂടെ റോക്സാസ് അമേരിക്കയുമായി ബന്ധം ശക്തമാക്കി. 99 വർഷത്തേക്ക് ഫിലിപ്പീൻസിലെ 23 സൈനികകേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വാടകയ്ക്കു നൽക്കാനും രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തുല്യ പങ്കാളിത്തം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ട്രേഡ് ആക്ട്. പിൻക്കാലത്ത് കൊറിയ, വിയറ്റ്നാം, ചൈന, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിൽ അമേരിക്ക സൈനികമുന്നേറ്റങ്ങൾ നടത്തിയത് ഫിലിപ്പീൻസിലെ സൈനികകേന്ദ്രങ്ങളിൽ നിന്നായിരുന്നു. യുദ്ധകാലത്ത് ജപ്പാനുമായി സഹകരിച്ചവർക്ക് റോക്സാസ് പൊതുമാപ്പ് നൽകി എന്നാൽ യുദ്ധത്തിൽ ജപ്പാനെതിരെ പൊരുതിയ ജനകീയസേനയായ ഹുക്ബലഹാപിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1948 ഏപ്രിൽ 15 ന് റോക്സാസ് അന്തരിച്ചപ്പോൾ വൈസ് പ്രസിഡന്റ് എൽ പിഡിയോ കിറിനോ പ്രസിഡന്റായി. ഹുക്ബലാഹാപ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. ഫിലിപ്പീൻസിൽ വൻതോതിൽ ശ്രമമാരംഭിച്ചു. സി.ഐ.എ യുടെ പിന്തുണയോടെ 1953 ൽ റമോൺ മഗ്സാസെ പ്രസിഡന്റായതോടെ അമേരിക്കൻ വിരുദ്ധരെയും രാഷ്ട്രീയശത്രുക്കളെയും സി.ഐ.എ വകവരുത്തി.

മർക്കോസിന്റെ സർവാധിപത്യം

[തിരുത്തുക]

1965 ൽ നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫെർഡിനൻഡ് മർക്കോസ് (1917-1989) പ്രസിഡന്റായതോടെ അടിസ്ഥാനസൗകര്യത്തിലും വിദ്യാഭ്യാസരംഗത്തും ശക്തമായ നടപടികൾ സ്വീകരിച്ചു. 1969 ൽ മർക്കോസ് വീണ്ടും പ്രസിഡന്റായി. പുരോഗതിക്കൊപ്പം അഴിമതിയും ജനപ്പെരുപ്പവും രാജ്യത്ത് സംജാതമായി. മർക്കോസിന്റെ ദുർഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ന്യൂപീപ്പിൾസ് ആർമി രൂപീകരിച്ചു. മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടന മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി രംഗത്തിറങ്ങി. 1972 ൽ കമ്യൂണിസ്റ്റുകൾക്കെതിരെ പട്ടാളനിയമം പ്രഖ്യാപിച്ച മർക്കോസ് 1881 വരെ നിയമം തുടർന്നു. പട്ടാളനിയമകാലത്ത് മർക്കോസ് എല്ലാ പൗരാവകാശങ്ങളും റദ്ദാക്കുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ചെയ്തു. മർക്കോസിന്റെ കടുത്ത വിമർശകനായായ സെനറ്റർ ബെനിങ്ഗോ അക്കിനോ ആണ് തടവിലായവരിൽ പ്രമുഖൻ. രണ്ടിൽ കൂടുതൽ തവണ പ്രസിഡന്റാവാമെന്ന് ഭരണഘടന പൊളിച്ചെഴുതിയ മർക്കോസ് പ്രസിഡന്റ് പദവിയിൽ തുടർന്നു. 1981 ൽ പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ജയിച്ച മർക്കോസ് വീണ്ടും പ്രസിഡന്റായി. 1983 ൽ വർഷങ്ങൾ നീണ്ട പ്രവാസവാസം കഴിഞ്ഞ് ബെനിങ്ഗോ അക്കിനോ ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ മർക്കോസിന്റെ പട്ടാളം വെടിവെച്ച് കൊന്നു. ഇതോടെ മർക്കോസിനെതിരായ ജനവികാരവും അമേരിക്കൻ സമ്മർദ്ദവും മൂലം 1986 ഫ്രബുവരിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മർക്കോസ് നിർബന്ധിതനായി. അക്കിനോയുടെ ഭാര്യ കൊറസോൺ അക്കിനോയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. വ്യാപകമായി തട്ടിപ്പു നടന്ന തെരഞ്ഞെടുപ്പിൽ മർക്കോസ് വിജയിച്ചുവെങ്കിലും പ്രതിപക്ഷവും അന്താരാഷ്ട്ര നീരിക്ഷകരും അമേരിക്കയും തെരഞ്ഞെടുപ്പു ഫലം അംഗീകരിച്ചില്ല. സൈന്യാധിപൻ ജനറൽ ഫിദെൽ റമോസും പ്രതിരോധമന്ത്രി ഹുവാൻ പോൺസ് എന്റീലും എതിർത്തോടെ മർക്കോസ് ഫിലിപ്പീൻസിൽ നിന്നും പലായനം ചെയ്തു. ഫ്രബുവരി 25 ന് കൊറസോൺ അക്കിനോ പ്രസിഡന്റായി.

കൊറസോൺ അക്കിനോയുടെ ഭരണകാലത്ത് ഫിലിപ്പീൻസിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. പ്രസിഡണ്ടിന് പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനയിൽ നിന്നും റദ്ദാക്കി. ഫിലിപ്പീൻസിലെ അമേരിക്കയുടെ സൈനികസാന്നിധ്യം ഒഴിവാക്കുകയും ചെയ്തു. 1992 ൽ കൊറസോണിന്റെ പിന്തുണയോടെ മുൻസൈന്യാധിപൻ ഫിദെൽ റമോസ് പ്രസിഡന്റായി. 1996 ൽ മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി പേരാടുന്ന മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയുമായി റമോസ് സമാധാനക്കരാറിൽ ഒപ്പുവെച്ചു. സ്വതന്ത്രഇസ്ലാം രാഷ്ട്രത്തിനായി മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയിലെ ഒരു വിഭാഗം ഇപ്പോഴും സായുധകലാപത്തിലാണ്. 1998 ൽ മുൻ സിനിമാതാരവും വൈസ് പ്രസിഡണ്ടുമായ ജോസഫ് ട്രാഡാ പ്രസിഡന്റായി. അഴിമതിയാരോപണത്തെ തുടർന്ന് 2001 ൽ രാജിവെച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് ഗ്ലോറിയ മക്കപാഗൽ-അറോയോ പ്രസിഡന്റായി. 2004 ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഗ്ലോറിയ വീണ്ടും പ്രസിഡന്റായി. 2010 ജൂൺ 30 നു നടന്ന തെരഞ്ഞെടുപ്പിൽ കൊറസോൺ അക്കിനോയുടെ മകൻ നൊയ്നൊയ് അക്കിനോ അഥവാ ബെനിങ്ഗോ അക്കിനോ മൂന്നാമൻ പ്രസിഡന്റായി.

സംസ്കാരം

[തിരുത്തുക]

ജനങ്ങൾ

[തിരുത്തുക]

ജനസംഖ്യയിൽ ലോകത്തു പന്ത്രണ്ടാം സ്ഥാനത്താണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിലെ ജനതയിൽ മൂന്നിൽ രണ്ടും താമസിക്കുന്നത് ലുസോൺ ദ്വീപിലാണ്. ആയിരത്തിലധികം വർഷം മുമ്പ് തയ്വാനിൽ നിന്ന് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് ഫിലിപ്പിനോകൾ. ഇവർ പ്രധാനമായും 12 വംശീയവിഭാഗങ്ങളാണ്. ടാഗലോഗ്, സെബുവാനോ, ഇലോകാനോ എന്നിവയാണ് എറ്റവും പ്രധാനപ്പെട്ടവ. നെഗ്രിറ്റോ അഥവാ എയ്റ്റ എന്നു വിളിക്കുന്ന ആദിമനിവാസികൾ ഇന്ന് മുപ്പതിനായിരത്തോളമേ വരൂ. ഫിലിപ്പിനോകളും മറ്റു വംശീയപാരമ്പര്യങ്ങളിൽപ്പെട്ടവരും തമ്മിലുള്ള ബന്ധത്തിൽനിന്നുണ്ടായ സങ്കരവർഗ്ഗം ന്യൂനപക്ഷമാണെങ്കിലും സാമ്പത്തികമായും രാഷ്ട്രീയമായും ശക്തരാണ്. ചൈനീസ്, അമേരിക്കൻ, ദക്ഷിണേഷ്യൻ ജനവിഭാഗങ്ങൾ രാജ്യത്തെ വൈദേശിക ന്യൂനപക്ഷമാണ്.

ലോകത്തെ മൂന്നാമത്തെ വലിയ റോമൻ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീൻസ്. 92 ശതമാനം ക്രൈസ്തവരാണ്. കത്തോലിക്കർ മാത്രം 83 ശതമാനം വരും. കൂടാതെ ഇസ്ലാം, ഹിന്ദു, ബുദ്ധമതസ്ഥരുമുണ്ട്. ജനസംഖ്യയിൽ അഞ്ചു ശതമാനം മുസ്ലികളാണ്.

തദ്ദേശീയ സംസ്കാരത്തിൽ ചൈനീസ്, ഹിസ്പാനിക്, അമേരിക്കൻ സംസ്കാരങ്ങളുടെ സ്വാധീനം കലർന്നതാണ് ഫിലിപ്പീൻസ് സംസ്കാരം. മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്പാനിഷ് കോളനി ഭരണം സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ചു. മെക്സിക്കോയുടെ ഭാഗമായാണ് സ്പെയിൻ ഫിലിപ്പീൻസിൽ ഭരണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മെക്സിക്കൻ സംസ്കാരവും ഫിലിപ്പീൻസിൽ പ്രകടമാണ്. കത്തോലിക്കാ സഭയുടെ ഉത്സവകളിലും ആചാരങ്ങളിലുമാണ് സ്പാനിഷ് സ്വാധീനം ഏറെയുള്ളത്. ഭക്ഷണരീതിയിൽ ചൈനീസ് സ്വാധീനമാണുള്ളത്. ഇംഗ്ലീഷും ബാസ്കറ്റ്ബോളും ഫാസ്റ്റ് ഫുഡുമെല്ലാം അമേരിക്കൻ സംഭാവനകളാണ്. വൈദേശികമായ ഈ സ്വാധീനങ്ങളെല്ലാമുണ്ടെങ്കിലും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഫിലിപ്പീൻസ് ഏഷ്യൻ സ്വഭാവം നിലനിർത്തുന്നു. കുടുംബകേന്ദ്രിതമാണ് എല്ലാ സാമൂഹികബന്ധങ്ങളും. പള്ളികളിലെ പെരുന്നാളുകളാണ് പ്രധാന ഉത്സവങ്ങൾ. ഫീസ്റ്റ എന്ന ഉത്സവങ്ങൾ വർഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയസംസ്കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. ആഴിചാട്ടവും കോഴിപ്പോരും വെടിക്കെട്ടും നൃത്തമത്സരവുമെല്ലാം കൂട്ടിചേർന്നതാണ് ആ പള്ളിപ്പൂരങ്ങൾ. വൈവിധ്യത്തിലെ ഏകത്വമാണ് ഫിലിപ്പീൻസിന്റെ മുഖമുദ്ര. 170-ൽ അധികം ഭാഷ രാജ്യത്ത് സംസാരിക്കുന്നു. പടിഞ്ഞാറൻ മലയോ പോളിനേഷ്യൻ ,ഓസ്ട്രനീഷ്യൻ കുടുംബങ്ങളിൽ പെട്ടവരാണ് അവരിൽ അധികവും.തഗലോഗ് ഗോത്രവിഭാഗത്തിന്റെ ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള മാനകീകൃത ഭാഷാഭേദമാണ് ഔദ്യോകിക ഭാഷയായ ഫിലിപ്പിനോ .

അവലംബം

[തിരുത്തുക]
  1. "General information". Government of the Philippines. Archived from the original on 2007-10-22. Retrieved 2007-10-01.
     "Official Website". Government of the Philippines. Archived from the original on 2012-01-01. Retrieved 2007-10-01.
  2. 2.0 2.1 2.2 "World Factbook — Philippines". CIA. Archived from the original on 2010-01-11. Retrieved 2007-09-27. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "CIAfactbook" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. 2000 Census-based Population Projection, National Statistics Office, Republic of the Philippines, 2006, retrieved 2008-04-17
  4. Official population count reveals..., National Statistics Office, Republic of the Philippines, 2008, archived from the original on 2009-03-02, retrieved 2008-04-17
  5. 5.0 5.1 5.2 5.3 Report for Selected Countries and Subjects (Philippines), International Monetary Funds, 2006, retrieved 2008-04-17
  6. Philippines—The Human Development Index - going beyond income, United Nations Development Programme, 2007/2008, archived from the original on 2007-11-30, retrieved 2007-12-14 {{citation}}: Check date values in: |year= (help)CS1 maint: year (link)
  7. WOW Philippines Archived 2007-06-02 at the Wayback Machine. www.tourism.gov.ph. Accessed September 30,2006
  8. Constitution of the Republic of the Philippines, Article ZIV, Section 7 Chan Robles Virtual Law Library. Accessed December 2, 2006.
  9. ലിപികളും മാനവസംസ്കാരവും, പ്രൊ. കെ.ഏ. ജലീൽ


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"https://ml.wikipedia.org/w/index.php?title=ഫിലിപ്പീൻസ്&oldid=3899377" എന്ന താളിൽനിന്ന് ശേഖരിച്ചത്