ഫിനെഗൻസ് വെയ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിനെഗൻസ് വെയ്ക്
Simple book cover, unadorned.
കർത്താവ്ജെയിംസ് ജോയ്സ്
ഭാഷഇംഗ്ലീഷ്
പ്രസാധകർഫേഫർ & ഫേബർ
പ്രസിദ്ധീകരിച്ച തിയതി
4 മേയ് 1939
മാധ്യമംഅച്ചടി
ISBN0-14-118126-5
OCLC42692059
823/.912 21
LC ClassPR6019.O9 F5 1999
മുമ്പത്തെ പുസ്തകംയുളീസീസ് (1922)

ഐറിഷ് സാഹിത്യകാരൻ ജെയിംസ് ജോയ്സ് എഴുതിയ പ്രഹസനസ്വഭാവമുള്ള നോവലാണ് ഫിനെഗൻസ് വെയ്ക് (Finnegans Wake - ഫിനെഗന്റെ ശവജാഗരണം). പരീക്ഷണശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ദുർഗ്രഹമായ കഥാരചനകളിൽ ഒന്നായി അറിയപ്പെടുന്നു. പാരിസിൽ താമസിച്ചിരുന്ന ജോയ്സ് 1923-ൽ തുടങ്ങി പതിനേഴുവർഷമെടുത്ത് എഴുതിയ ഈ അന്തിമസൃഷ്ടി, ഗ്രന്ഥകർത്താവിന്റെ മരണത്തിനു രണ്ടു വർഷം മുൻപ് 1939-ലാണു പ്രസിദ്ധീകരിക്കപ്പെട്ടത്. "പുരോഗമിച്ചു കൊണ്ടിരിക്കുന്ന രചന"-യുടെ ഭാഗങ്ങൾ എന്ന പേരിൽ ചില ഖണ്ഡങ്ങൾ കൃതിയുടെ ദീർഘമായ രചനാകാലത്ത് പ്രസിദ്ധീകരണത്തിനു നൽകിയ ജോയ്സ് "ഫിനെഗൻസ് വെയ്ക്" എന്ന പേര് അവസാനം വരെ ഗോപ്യമായി വച്ചു.[1]

ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മൃതിപ്പെട്ടെങ്കിലും ശവജാഗരണത്തിനിടെ (wake) നടന്ന ലഹരിശണ്ഠയിൽ ചുണ്ടിൽ വിസ്കി വീണതിനെ തുടർന്ന് പുനർജ്ജീവിച്ച ടിം ഫിനെഗൻ എന്ന കുമ്മായത്തൊട്ടി ചുമപ്പുകാരനെക്കുറിച്ചുള്ള ഐറിഷ് നാടോടിപ്പാട്ടിനെ[2] ആശ്രയിച്ചാണ് ഈ കൃതിയുടെ പേര്.[1][3]

ഭാഷ[തിരുത്തുക]

ഭാഷയെക്കുറിച്ചുള്ള സാമാന്യധാരണ കണക്കിലെടുത്താൽ, ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ അല്ല ഇത് എഴുതിയിരിക്കുന്നതെന്ന് ഇതിന്റെ പ്രസിദ്ധീകരണകാലത്ത് ഇംഗ്ലണ്ടിലെ ഗാർഡിയൻ പത്രത്തിന്റെ നിരൂപകൻ എഴുതി.[4][൧] സാധാരണ ഇംഗ്ലീഷ് വാക്കുകൾക്കൊപ്പം ബഹുഭാഷാപശ്ചാത്തലമുള്ള നവനിർമ്മിതികളും കൃത്രിമപദങ്ങളും ചേർന്ന ശ്ലേഷബഹുലമായ ഇതിലെ തന്നിഷ്ടഭാഷയെ, നിദ്രയുടെയും സ്വപ്നത്തിന്റെയും അനുഭവങ്ങളുടെ പുനരാവിഷ്കരണത്തിനുള്ള ശ്രമമായി കാണുന്ന നിരൂപകരുണ്ട്. ഇതിലെ ഭാഷയുടെ ദുർഗ്രഹതയെക്കുറിച്ച് ഗ്രന്ഥകാരൻ ബോധവാനായിരുന്നു. പുസ്തകത്തിന്റെ മുഴുവൻ അർത്ഥവും ഗ്രഹിക്കാൻ മനുഷ്യർക്ക് മുന്നൂറു വർഷം മുഴുവൻ വേണ്ടി വരുമെന്ന് അദ്ദേഹം 'മേനിപറഞ്ഞതായി' പറയപ്പെടുന്നു.[5]

ഘടന[തിരുത്തുക]

ഫിനെഗൻസ് വെയ്കിലെ കഥാപാത്രമായ അന്നാ ലിവിയാ പ്ലൂറാബെല്ലിയെ ചിത്രീകരിക്കുന്ന ഡബ്ലിനിലെ ജലധാര

നാലു പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതി, മൊത്തം 17 അദ്ധ്യായങ്ങൾ ചേർന്നതാണ്. ഒന്നാം പുസ്തകത്തിൽ 8 അദ്ധ്യായങ്ങളും രണ്ടും മൂന്നും പുസ്തകങ്ങളും 4 വീതം അദ്ധ്യായങ്ങളും ഉള്ളപ്പോൾ നാലാം പുസ്തകം ചെറിയൊരദ്ധ്യായം മാത്രമുള്ളതാണ്. തന്റെ പ്രസിദ്ധ രചനയായ യുളീസ്സിസിൽ എന്ന പോലെ ഇതിലും, അദ്ധ്യായങ്ങൾക്ക് ജോയ്സ് ശീർഷകങ്ങൾ നൽകിയിട്ടില്ല. പുസ്തകക്രമത്തെ റോമൻ അക്കങ്ങളും അദ്ധ്യായങ്ങളെ അറബി അക്കങ്ങളും വഴി സൂചിപ്പിക്കുന്ന പതിവാണ് വിമർശകന്മാർ പൊതുവേ പിന്തുടരുന്നത്.

ഫിനെഗൻസ് വെയ്കിന്റെ കഥാഗതി എന്തെന്ന കാര്യത്തിൽ നിരൂപകന്മാർക്കിടയിൽ അഭിപ്രായസമന്വയമില്ല. "ഹംഫ്രി ചിമ്പ്ഡെൻ ഈയർവിക്കർ" എന്നയാളുടേയും കുടുംബത്തിന്റേയും ഒരു രാത്രിയിലെ ഉറക്കത്തിനിടെ, അവരുടെ സ്വപ്നങ്ങളും പേക്കിനാവുകളും നോവൽ അവതരിപ്പിക്കുന്നു. ഡബ്ലിനിലെ ഒരു മദ്യഷാപ്പുകാരനാണ് ഹംഫ്രി. ഭാര്യ അന്നാ ലിവിയാ പ്ലൂറാബെല്ലിയും, ഇരട്ടപിറന്ന ആണ്മക്കളായ ശേം, ശൗൻ എന്നിവരും മകൾ ഇസബലും ചേർന്നതാണ് അയാളുടെ കുടുംബം. ഈ കുടുംബത്തെ ഉൾപ്പെടുത്തി ഒരു കഥ പറയുകല്ല ജോയ്സ് ചെയ്യുന്നത്. ഇതിൽ ഒരു കഥ ഉണ്ടെന്നു തന്നെ പറയുക വയ്യ. ശിഥിലമായ പലവിധം മനുഷ്യാനുഭവങ്ങളുടെ ചിത്രീകരണത്തിന് ഹംഫ്രിയും കുടുംബവും പ്രയോജനപ്പെടുന്നു എന്നു മാത്രം.[6]

നോവലിന്റെ തുടക്കം, ഒരു വാക്യത്തിന്റെ പകുതിയിൽ ഇങ്ങനെയാണ്: ".....riverrun, past Eve and Adam’s, from swerve of shore to bend of bay, brings us by a commodius vicus of recirculation back to Howth Castle and Environs." നോവൽ അവസാനിക്കുന്നത്, തുടക്കത്തിലെ അപൂർണ്ണവാക്യത്തിന്റെ ആരംഭം കൊടുത്ത് ഈവിധവും: "A way a lone a last a loved a long the....."

വിലയിരുത്തൽ[തിരുത്തുക]

പ്രസിദ്ധീകരണകാലത്തുണ്ടായ നാനൂറോളം നിരൂപണങ്ങളിൽ ചിലത് ഈ കൃതിയെ "ആർക്കും തിരിയാത്ത അസംബന്ധം" എന്നു വിശേഷിപ്പിച്ചപ്പോൾ സവിശേഷ രചനയായി ഇതിനെ കണ്ട മറ്റൊരുവിഭാഗം നിരൂപകർ ജോയ്സിന്റെ പദകുബേരതയിൽ ആശ്ചര്യഭരിതരായി. ഒന്നും പറയാനില്ലാത്ത രചനയെന്നും വായനക്കാരോട് ആരോടും ചെയ്യരുതാത്തതു ചെയ്യുന്ന കൃതിയെന്നും ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ജി.ഡബ്ലിയൂ. സ്റ്റോണിയറെപ്പോലുള്ള വിമർശകർ ഇതിലെ ഭാഷയുടെ ദുർഗ്രഹത സമ്മതിച്ചപ്പോഴും, ക്ഷമയോടെയുള്ള വായന ഇതിൽ ലാളിത്യം കൊണ്ടുവരുമെന്നും അർത്ഥം മങ്ങുന്നിടത്ത് സംഗീതം വായനക്കാരനെ കീഴടക്കുമെന്നും കരുതി.[7]

ഭാഷാപരമായ പരീക്ഷണങ്ങളും, ബോധധാരാശൈലിയും, ദുർഗ്രഹമായ സാഹിത്യവിവക്ഷകളും, സ്വപ്നാനുഭവങ്ങളുടെ ധാരാളിത്തവും, പാത്രസൃഷ്ടിയുടേയും കഥാഘടനയുടേയും അസാമ്പ്രദായികതയും മൂലം സാമാന്യവായനക്കാർക്കിടയിൽ ഏറെ പ്രചാരമില്ലാതിരിക്കുന്ന ഈ കൃതി, ഹാസ്യത്തിന്റെ അനന്തസാദ്ധ്യത പേറുന്നതാണെന്നു പോലും കരുതുന്നവരുണ്ട്. 1939-ൽ ലോകം ഭീഷണമായൊരു മഹായുദ്ധത്തിന്റെ വിളുമ്പിൽ നിൽക്കുമ്പോഴാണ് ഫിനെഗസ് പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ഓർമ്മിപ്പിക്കുന്ന ഇംഗ്ലീഷ് ഹാസ്യലേഖകനും ഗാനരചയിതാവുമായ ആന്തണി ബർജസ് അതിന്റെ ഓരോ പുറത്തും പൊട്ടിച്ചിരിയുടെ സാദ്ധ്യത കാണുന്നു.[8]

ഫിനെഗൻസ് വെയ്ക്കിനെ ജോയ്സിന്റെ നായകശില്പമായി കരുതിയ അമേരിക്കൻ സാഹിത്യനിരൂപകൻ ഹാരോഡ് ബ്ലൂം, പാശ്ചാത്യലോകത്തെ എക്കാലത്തേയും ഉദാത്തരചനകളുടെ സംഹിതയായി സങ്കല്പിച്ച "വെസ്റ്റൺ കാനനിൽ" അതിന് ഇടം നൽകി. സൗന്ദര്യാനുഭൂതിയുമായി ബന്ധപ്പെട്ട യോഗ്യതയെ മുഖ്യപരിഗണനയാക്കിയാൽ നമ്മുടെ 'അലങ്കോലയുഗത്തിന്' ഷേയ്ക്സ്പിയറുടേയും ദാന്തെയുടേയും ഔന്നത്ത്യത്തെ സമീപിക്കാവുന്നതിന്റെ പരമാവധിയായി ഫിനെഗൻസ് വെയ്കിനെ കാണാനാകുമെന്നു ബ്ലൂം കരുതി.[9]

കുറിപ്പുകൾ[തിരുത്തുക]

^ "The work is not written in English, or in any other language, as language is commonly known."

അവലംബം[തിരുത്തുക]

  1. 1.0 1.1 "Finnegans Wake" The James Joyce Centre, Dublin
  2. Finnegan's Wake : ടിം ഫിനെഗനെക്കുറിച്ചുള്ള ഐറിഷ് നാടോടിപ്പാട്ട്, Brobdingnagin Bards, A Bard's Celtic Lyrics Directory
  3. Padraic Colum, A New Book by James Joyce, 1939 May 7-നു ന്യൂ യോർക്ക് ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ച നിരൂപണം, New York Times on The Web
  4. The Guardian, The shock of the new Finnegans Wake by James Joyce - in lieu of review, the Guardian, May 12 1939
  5. "Nothing’s Impossible: Finnegans Wake Translated into Chinese", Publishing Perspectives.com
  6. "Finnegans Wake, ShwOOng.com". Archived from the original on 2009-03-22. Retrieved 2012-11-19.
  7. Restoring James Joyce’s book of the night Archived 2012-09-10 at the Wayback Machine., Gordon Bowker, The Times Literary Supplement, 4 ജൂലൈ 2012
  8. "Anthony Burgess, "Finnegans Wake: What It' s All About"". Archived from the original on 2018-08-01. Retrieved 2012-11-19.
  9. ഫിലിപ്പ് കിച്ചർ, Joyce's Kaleidoscope: An Invitation to Finnegans Wake (പുറം 19)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിനെഗൻസ്_വെയ്ക്&oldid=3777060" എന്ന താളിൽനിന്ന് ശേഖരിച്ചത്