ഫാ. ജോബ് മൈലാടിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാദർ ജോബ് മൈലാടിയിൽ
Fr. Job Myladiyil.jpg
ജനനംആഗസ്റ്റ് 17, 1933
മരണംജനുവരി 6, 2016
സംഘടനസി.എം.ഐ.സഭ
പ്രസ്ഥാനംസീറോ മലബാർ സഭ

കത്തോലിക്കസഭയിലെ കാർമലൈറ്റ്‌സ് ഓഫ് മേരി ഇമാക്കുലേറ്റ് (സി.എം.ഐ) മിഷണറി വിഭാഗത്തിലെ വൈദികനും സാമൂഹിക പ്രവർത്തകനുമായിരുന്നു ഫാദർ ജോബ് മൈലാടിയിൽ (ആഗസ്റ്റ് 17, 1933 - ജനുവരി 6, 2016[1]). കോഴിക്കോട് അമലാപുരിയിൽ ചാവറ കൾച്ചറൽ സെന്ററും ചാവറ പബ്ലിക് ലൈബ്രറിയും സ്ഥാപിച്ചത് ഫാ.മൈലാടിയിലാണ്. ചാവറ കൾച്ചറൽ സെന്ററിന്റെ ആദ്യ ഡയറക്ടറുമായിരുന്നു. കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂളുകളുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. സീറോ മലബാർ സഭയുടെ കോഴിക്കോട് നഗരത്തിലെ ആദ്യ ദേവാലയമായ അമലാപുരി പള്ളി പണികഴിപ്പിച്ചത് അദ്ദേഹമാണ്. സഭയുടെ കേരളത്തിന് പുറത്തുള്ള ആദ്യ ഇടവക വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കോട്ടയത്ത് പാലാ മൂഴൂരിലെ പ്രസിദ്ധമായ മൈലാടിയിൽ കുടുംബത്തിൽ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി 1933 ആഗസ്ത് 17 നാണ് ജനിച്ചത്. 1957 ൽ ആദ്യവ്രതം അനുഷ്ഠിച്ച അദ്ദേഹം, 1960 മെയ് 17 ന് നിത്യവ്രതം എടുത്തു.[1] 1963 മെയ് 17 ന് വൈദികപട്ടം സ്വീകരിച്ചു.[2]

സഭാപ്രവർത്തനം[തിരുത്തുക]

വൈദികപട്ടം സ്വീകരിച്ച ശേഷം ഫാ. മൈലാടിയിൽ ഊട്ടി രൂപതയിലെ ഗൂഡല്ലൂർ സെന്റ് മേരീസ് ചർച്ച് വികാരിയായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഗൂഡല്ലൂർ അരുൾ നിലയം, ബെക്കി എന്നീ സ്ഥാപനങ്ങൾ രൂപംകൊണ്ടു. 1972-1979 കാലത്ത് കോഴിക്കോട് അമലാപുരി സെന്റ് തോമസ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുമ്പോഴാണ്, സീറോ മലബാർ സഭയുടെ കോഴിക്കോട് നഗരത്തിലെ ആദ്യ ദേവാലയമായ അമലാപുരി പള്ളി പണികഴിപ്പിക്കുന്നത്. 2002-2005 കാലത്തും അദ്ദേഹം അമലാപുരി ഇടവക വികാരിയായി പ്രവർത്തിച്ചു.[1]

1984-1993 കാലത്ത് സീറോ മലബാർ സഭയുടെ കേരളത്തിന് പുറത്തെ ആദ്യ ഇടവക വികാരിയായി ബെംഗളൂരിലെ ധർമാരാം കേന്ദ്രമായി സേവനമനുഷ്ഠിച്ചു. ബെംഗളൂരിലെ മലയാളികളായ സീറോ മലബാർ വിശ്വാസികളെ സംഘടിപ്പിച്ച് 24 സെന്ററുകളിലായി അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.[3] റോമിലെ സീറോ മലബാർ അംഗങ്ങളെ സംഘടിപ്പിച്ച് ഒരു ഇടവക അവിടെ സ്ഥാപിക്കാനും ഫാ.മൈലാടിയിൽ ഏതാനും വർഷക്കാലം പ്രവർത്തിച്ചു. സി.എം.ഐ.കോഴിക്കോട് പ്രൊവിൻസിന്റെ അജപാലനത്തിന്റെ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1]

പൊതുപ്രവർത്തനം[തിരുത്തുക]

എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ഡയറക്ടറായി മൂന്നുവർഷം പ്രവർത്തിച്ച ഫാ.മൈലാടിയിൽ, 1997 ൽ കോഴിക്കോട് അമലാപുരിയിൽ ചാവറ കൾച്ചറൽ സെന്റർ സ്ഥാപിച്ചു. 2000 വരെ അതിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. ചാവറ പബ്ലിക് ലൈബ്രറിയുടെ സ്ഥാപകനും അദ്ദേഹം തന്നെ. കോഴിക്കോട് സി.എം.ഐ.സഭയ്ക്ക് കീഴിൽ സ്ഥാപിതമായ സിൽവർഹിൽസ് സ്‌കൂളുകളുടെ വളർച്ചയ്ക്കും കാര്യമായ സംഭാവന നൽകി.

അമലാപുരി ചാവറ കൾച്ചറൽ സെന്റർ[തിരുത്തുക]

ഫാ.മൈലാടിയിൽ ആദ്യ ഡയറക്ടറായി 1997 ജനുവരി മൂന്നിനാണ് കോഴിക്കോട് അമലാപുരി ചാവറ കൾച്ചറൽ സെന്റർ പ്രവർത്തനം തുടങ്ങിയത്. അൽഫോൺസ് കണ്ണന്താനം ഐ.എ.എസ്.ആണ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കോഴിക്കോട്ട് അരങ്ങേറുന്ന പ്രമുഖ സാംസ്‌കാരിക പരിപാടികളുടെ വേദിയായി താമസിയാതെ ആ കൾച്ചറൽ സെന്ററിനെ മാറ്റിയെടുക്കാൻ ഫാ.മാലാടിയിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞു.[4] പുസ്തകചർച്ചകൾ, കഥകളി, ചിത്രകലാക്യാമ്പുകൾ, പ്രഭാഷണങ്ങൾ, പ്രമുഖരുടെ അനുസ്മരണങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ സാംസ്‌ക്കാരിക പരിപാടികളുടെ കേന്ദ്രമായി അത് മാറി.

അവസാന കാലം[തിരുത്തുക]

അവസാനകാലം തളിപ്പറമ്പ് ദർശന ഭവനത്തിലാണ് ചെലവിട്ടത്.[5] 2016 ജനുവരി ആറിന് വയനാട് കൽപ്പറ്റ ഫാത്തിമ ആസ്പത്രിയിലായിരുന്നു അന്ത്യം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 ഫാ.ജോബ് മൈലാടിയിൽ അന്തരിച്ചു. മാതൃഭൂമി, ജനുവരി 7, 2016
  2. Job Myladiyil Page. Website: Syro-Malabar Church.
  3. Parish History. Website: St. Thomas Forane Church, Bangalore .
  4. ചാവറയച്ചനോടൊപ്പം വിശുദ്ധിയിൽ ചാവറ കൾച്ചറൽ സെന്ററും. മംഗളം വെബ്ബ്‌സൈറ്റിൽ വന്ന റിപ്പോർട്ട്.
  5. ഫാ.ജോബ് മൈലാടിയിൽ സിഎംഐ ബംഗളൂരൂ സീറോമലബാർ സഭാസമൂഹത്തിന്റെ ഇടയശില്പി. റവ.ഡോ. തോമസ് കല്ലുകുളം സിഎംഎ; ദീപിക ഓൺലൈൻ.
"https://ml.wikipedia.org/w/index.php?title=ഫാ._ജോബ്_മൈലാടിയിൽ&oldid=2429220" എന്ന താളിൽനിന്ന് ശേഖരിച്ചത്