ഫാറൂഖ് ലുഖ്മാൻ
ഫാറൂഖ് ലുഖ്മാൻ | ||
---|---|---|
ഫാറൂഖ് ലുഖ്മാൻ | ||
ജനനം | 1935 [1]. ഏദൻ, യെമൻ | |
മരണം | 2019 ജൂലൈ 27 ജിദ്ദ | |
തൊഴിൽ | പത്രാധിപർ | |
Notable credit(s) | പത്രപ്രവർത്തകൻ, എഴുത്തുകാരൻ |
വിദേശത്തുനിന്ന് ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ച സമ്പൂർണ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപരാണ് ഫാറൂഖ് ലുഖ്മാൻ[2].
ജീവിതരേഖ
[തിരുത്തുക]1935 ൽ യെമനിലെ ഏദനിൽ ജനനം. പിതാവ്: പ്രമുഖ മാധ്യമ പ്രവർത്തകനായ മുഹമ്മദലി ലുഖ്മാൻ. ബ്രിട്ടീഷ് ഗ്രാമർ സ്‌കൂൾ, മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടി.
പത്രപ്രവർത്തന രംഗത്ത്
[തിരുത്തുക]ഏദനിൽ പിതാവ് മുഹമ്മദലി ലുഖ്മാൻ നടത്തിയിരുന്ന അറബി ദിനപത്രമായ ഫതഉൽ ജസീറയുടെയും ഇംഗ്ലീഷ് വാരികയായ ഏദൻ ക്രോണിക്കിളിന്റെയും എഡിറ്റർ പദവിയിലൂടെയായിരുന്നു രംഗപ്രവേശം. ഡെയ്‌ലി മെയിൽ, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവർത്തിച്ചു. പ്രസാധകരായ ഹിഷാം അലി ഹാഫിസ്, മുഹമ്മദലി ഹാഫിസ് സഹോദരന്മാരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനായി 1975 ൽ ജിദ്ദയിലേക്കു വരികയും അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേൽക്കുകയും ചെയ്തു. അറബ് ലോകത്തെ പ്രഥമ സാമ്പത്തിക ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. സൗദി റിസർച്ച് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ പത്രപ്രവർത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ, ഫിലിപ്പൈൻസ് പ്രസിഡന്റായിരുന്ന ഇമൽഡ മാർക്വേസ്, പാകിസ്താൻ പ്രസിഡന്റായിരുന്ന സിയാവുൽ ഹഖ് തുടങ്ങി വിവിധ ലോക നേതാക്കളെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.
മലയാളം ന്യൂസ്
[തിരുത്തുക]1998 ൽ ഗൾഫ് മേഖലയിലെ മലയാളികളുടെ അവഗണിക്കാനാവാത്ത സാന്നിധ്യം തിരിച്ചറിഞ്ഞ് മലയാള ഭാഷയിൽ ഒരു പത്രം എന്ന ആശയം പ്രസാധകരായ മുഹമ്മദലി ഹാഫിസ്, ഹിഷാം അലി ഹാഫിസ് സഹോദരന്മാർക്കു മുമ്പാകെ സമർപ്പിച്ച് അംഗീകാരം നേടി. ഇതിനാവശ്യമായ പത്രപ്രവർത്തകരെ കേരളത്തിലെത്തി വിവിധ പത്രങ്ങളിൽനിന്ന് കണ്ടെത്തിയതും ഫാറുഖ് ലുഖ്മാൻ തന്നെ. തുടർന്ന് 1999 ഏപ്രിൽ 16 ന് മലയാളം ന്യൂസ് പ്രസിദ്ധീകരണം തുടങ്ങി. 2012 ൽ വിരമിക്കുന്നതുവരെ അദ്ദേഹം മുഖ്യ പത്രാധിപ സ്ഥാനത്തു തുടർന്നു. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരിക്കേ തന്നെ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടെയും മുഖ്യ പത്രാധിപ സ്ഥാനവും അലങ്കരിച്ചു.
ഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ
[തിരുത്തുക]1970 ൽ ആധുനിക യെമനെക്കുറിച്ചുള്ള ആധികാരിക പഠനം പുസ്തകമായി പ്രസിദ്ധീകരിച്ചു. അറബിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അറബിയിൽ പ്രസിദ്ധീകരിച്ച ആലം ബിലാ ഹുദൂദ് (അതിരുകളില്ലാത്ത ലോകം), തായ്‌വാന്റെ കഥ, ഇന്ത്യൻ കറിക്കൂട്ടുകൾ എന്നിവ പ്രമുഖ കൃതികളാണ്. വിരൽപാടുകൾ എന്ന പേരിൽ മുന്നൂറു പ്രമുഖ വ്യക്തികളുടെ ജീവചരിത്രക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ജീവചരിത്രവും അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ കാലിഗ്രഫിസ്റ്റ് ഈജിപ്തുകാരൻ സയ്യിദ് ഇബ്രാഹിമിന്റെ ജീവചരിത്രവും ഫാറൂഖ് ലുഖ്മാന്റെ കൃതികളിൽ പെടും. അറബി ഭാഷയിൽ മാത്രം അയ്യായിരത്തിൽപരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാൻ പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നായി പ്രസിദ്ധീകരിക്കുന്ന ശർഖുൽ ഔസത്തിന്റെയും ഇഖ്തിസാദിയ പത്രത്തിന്റെയും സ്ഥിരം കോളമിസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചു മാത്രം നൂറിൽപരം ലേഖനങ്ങളെഴുതി.
കുടുംബം
[തിരുത്തുക]ഭാര്യ: ബറക ഹമൂദ്. മക്കൾ: അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ അറബ് വനിതയായ ഡോ. വാഹി ലുഖ്മാൻ (ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി), ദാഫർ ലുഖ്മാൻ (ദുബായ്), യുംന് (പത്രപ്രവർത്തക), അബ്ദുല്ല (ദുബായ്), മാഹിർ ലുഖ്മാൻ (ദുബായ്).