ഉള്ളടക്കത്തിലേക്ക് പോവുക

ഫസിയോള ഹെപ്പാറ്റിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫസിയോള ഹെപ്പാറ്റിക്ക
മുഴുവളർച്ചയെത്തിയ ഫസിയോള ഹെപ്പാറ്റിക്കകൾ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
F. hepatica
Binomial name
Fasciola hepatica

ട്രെമാറ്റോഡ വർഗ്ഗത്തിൽ പെട്ട ഒരിനം പരാദജീവിയാണ് ഫസിയോള ഹെപ്പാറ്റിക്ക (Fasciola hepatica). മനുഷ്യർ ഉൾപ്പടെ വിവിധ സസ്തനികളുടെ കരളിനെ ഇവ ബാധിക്കാറുണ്ട്. ചെമ്മരിയാടുകളിൽ നിന്നും കന്നുകാലികളിൽ നിന്നുമാണ് ഇത് മനുഷ്യനിലേക്ക് എത്തുന്നത്. ഇവ മൂലം ഉണ്ടാകുന്ന രോഗബാധ ഫാഷിയോളോസിസ് എന്ന പേരിൽ അറിയപ്പെടുന്നു.ചെടികളിൽ കാണപ്പെടുന്ന മെറ്റസെർക്കേറിയ ലാർവ കഴിക്കുന്നത് വഴിയാണ് ഇവ പടരുന്നത്.താരതമ്യേന വലുപ്പമുള്ള ഇനമായത് കൊണ്ടും ആടുമാടുകളെ ബാധിക്കുന്ന പരാദവിര എന്ന നിലയിൽ സാമ്പത്തിക പ്രാധാന്യം ഉള്ളതുകൊണ്ടും ഇവ ഏറെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ട ട്രിമറ്റോഡയിനമാണിവ. ഫസിയോള ജൈജാൻ്റിയ ആണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധു. രണ്ടിനങ്ങൾക്കും പരസ്പരം ഇണ ചേരാൻ കഴിയും.[1]

ജീവിതചക്രം

[തിരുത്തുക]

അന്തിമാതിഥേയരായ മൃഗങ്ങളുടെ പിത്തനാളത്തിലും കരളിലുമാണ് ഇവ കാണപ്പെടുന്നത്. ചെമ്മരിയാട്, കന്നുകാലി, എരുമ എന്നിവയാണ് ഇവയുടെ സാധാരണ ഇരകൾ. മനുഷ്യരുൾപ്പടെയുള്ള മറ്റ് സസ്തനികളെയും ഇവ അന്തിമാതിഥേയരാക്കാറുണ്ട്. പരോക്ഷ ജീവിതചക്രമാണ് ഇവയുടേത്.

ഇടക്കാലാതിഥേയരായ ഒച്ചുകളിലൊന്ന്

ലിമ്നേയിഡേ കുടുംബത്തിൽപ്പെട്ട വായു ശ്വസിക്കുന്ന നറുനീർ ഒച്ചുകളാണ് ഇവയുടെ ഇടക്കാലാതിഥേയർ. Galba truncatula എന്ന ഒച്ചാണ് ഏറ്റവും കൂടുതൽ ഇവയാൽ ബാധിക്കപ്പെടുന്നത്.

ഫസിയോള ഹെപ്പാറ്റിക്കയുടെ ജീവിതചക്രം

പിത്തനാളത്തിലിരിക്കുന്ന മുതിർന്ന വിരകൾ ഇടുന്ന മുട്ടകൾ പിത്തത്തിലൂടെ കുടലിലെത്തി മലത്തിലൂടെ പുറത്ത് വെളിയിൽ വരുന്നു. നറുനീർ ജലാശയങ്ങളിൽ എത്തിയ മുട്ടകളിൽ ഭ്രൂണം രൂപം കൊള്ളുന്നു. ഏകദേശം രണ്ട് ആഴ്ചകൾ കഴിഞ്ഞ് മിറാസീഡിയ ലാർവകൾ പുറത്ത് വെള്ളത്തിലേക്ക് വന്ന്, വെള്ളത്തിൽ ജീവിക്കുന്ന ഒച്ചുകളെ ബാധിക്കുന്നു. ഒച്ചുകൾക്കുള്ളിൽ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുക്കം സെർക്കേറിയ ലാർവയായി ഒച്ചിൽ നിന്ന് പുറത്ത് വരുന്നു. വെള്ളത്തിലുള്ള ചെടികളിലും മറ്റ് പ്രതലങ്ങളിലും ചെന്ന് സെർക്കേറിയ സിസ്റ്റ് രൂപീകരിച്ച് മെറ്റസെർക്കേറിയ ആകുന്നു. ഇത്തരത്തിൽ ലാർവകളുള്ള ചെടികൾ കഴിക്കുന്നതിലൂടെയാണ് അന്തിമാതിഥേയരായ മൃഗങ്ങളിൽ ഇവ എത്തുന്നത്. കുടലിൽ എത്തുമ്പോൾ ഇവ സിസ്റ്റുകളിൽ നിന്ന് പുറത്ത് വന്ന് കുടൽച്ചുമർ തുളച്ച് പെരിറ്റോണിയത്തിലെത്തി അവിടെ നിന്ന് കരളിലേക്കും ചെറുകുടലിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും ചെന്ന് ഒടുക്കം പിത്തനാളത്തിൽ ചെന്ന് അവസാനിക്കുന്നു. ഇവിടെ വച്ചാണ് ഇവ മുഴുവളർച്ചയെത്തുന്നത്.

മനുഷ്യരിൽ മുഴുവളർച്ചയെത്താൻ 3 മുതൽ 4 മാസം വരെ എടുക്കാറുണ്ട്. ഒരു വിര ശരാശരി 25,000 മുട്ടകൾ വരെ ഒരു നാളിൽ പുറപ്പെടുവിക്കാറുണ്ട്.

മെയ്ഘടന

[തിരുത്തുക]

3 സെൻ്റിമീറ്റർ വരെ നീളവും 1.3 സെൻ്റിമീറ്റർ വരെ വീതിയുമുള്ള ഇവ ട്രിമറ്റോഡകൾക്കിടയിൽ താരതമ്യേന വലിയ ഇനമാണ്. ഇല പോലെ പരന്നിരിക്കുന്ന ഇവയുടെ പിന്നറ്റം മുൻവശത്തേക്കാൾ കൂർത്തതാണ്. ഇവയുടെ അടിവശത്തായി ചെറുതും എന്നാൽ കരുത്തേറിയതുമായ ഈമ്പൽക്കിണ്ണങ്ങൾ ഉണ്ട്. ഇവയിലൊന്ന് അതിൻ്റെ വായാണ്.

(a) പരാദങ്ങളായും (b) സ്വതന്ത്രമായും ജീവിക്കുന്ന വിരകളുടെ തോൽപ്പുറത്തെ വ്യത്യാസങ്ങൾ

ആതിഥേയ മൃഗത്തിൻ്റെ ദഹന രസങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ഇവയുടെ പുറന്തോൽ കട്ടിയുള്ളതും പ്രത്യേക തരം മാന്ദ്യത്തിൽ നിന്ന് പടച്ചെടുത്തതുമാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. Mas-Coma, Santiago; Valero, María Adela; Bargues, María Dolores (2009). "Fasciola, Lymnaeids and Human Fascioliasis, with a Global Overview on Disease Transmission, Epidemiology, Evolutionary Genetics, Molecular Epidemiology and Control". Advances in Parasitology. Vol. 69. pp. 41–146. doi:10.1016/S0065-308X(09)69002-3. ISBN 978-0-12-374795-2. PMID 19622408.
"https://ml.wikipedia.org/w/index.php?title=ഫസിയോള_ഹെപ്പാറ്റിക്ക&oldid=4591018" എന്ന താളിൽനിന്ന് ശേഖരിച്ചത്