പൗഷ് മേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൗഷ് മേളയിലെ ബാവുൾ സംഗീതസദസ്സ്, 2018
പൗഷ് മേള ബസാർ, 2012
പൗഷ് മേളയിലെ ചിത്ര പ്രദർശനം, 2018
പൗഷ് മേളയിലെ ആകാശഊഞ്ഞാൽ

വിളവെടുപ്പ് കാലം അടയാളപ്പെടുത്തുന്ന ഒരു വാർഷിക മേളയും ഉത്സവവുമായ പൗഷ് മേള (ബംഗാളി: পৌষ মেলা, ഇംഗ്ലീഷ്:Poush Mela) പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ശാന്തിനികേതനിൽ നടക്കുന്നു. പൗഷ് മാസത്തിലെ 7-ാം ദിവസം ആരംഭിക്കുന്ന മേള ഔദ്യോഗികമായി മൂന്ന് ദിവസം നീണ്ടുനിൽക്കും. എന്നിരുന്നാലും സർവ്വകലാശാല ചട്ടങ്ങൾ അനുസരിച്ച് വിൽപ്പനക്കാർക്ക് മാസാവസാനം വരെ താമസിക്കാം. 2017 മുതൽ മേള ആറ് ദിവസം നീണ്ടുനിന്നു. ബാവുൾ,[1] കീർത്തൻ, കോബിഗൻ തുടങ്ങിയ ബംഗാളി നാടോടി സംഗീതപരിപാടികൾ ഈ മേളയുടെ പ്രധാന സവിശേഷതയാണ്.

പശ്ചാത്തലം[തിരുത്തുക]

ദേവേന്ദ്രനാഥ ടാഗോർ ഇരുപത് അനുയായികളോടൊപ്പം 1843 ഡിസംബർ 21-ന് (ബംഗാൾ കലണ്ടർ പ്രകാരം1250 പൗഷ് 7-ന് ) രാമചന്ദ്ര വിദ്യാബാഗിഷിൽ നിന്ന് ബ്രഹ്മ വിശ്വാസം സ്വീകരിച്ചു . ഇതാണ് ശാന്തിനികേതനിലെ പൗഷ് ഉത്സവത്തിൻറെ ആധാരം[2]

1891 ഡിസംബർ 21-ന് (1298 പൗഷ് 7-ന്)ശാന്തിനികേതനിൽ ഒരു ബ്രഹ്മമന്ദിരം സ്ഥാപിക്കപ്പെട്ടു. 1894-ൽ മന്ദിറിന് എതിർവശത്തുള്ള മൈതാനത്ത് ബ്രഹ്മ മന്ദിരത്തിന്റെ സ്ഥാപന വാർഷികത്തോടനുബന്ധിച്ച് ഒരു ചെറിയ മേള സംഘടിപ്പിച്ചു. ഒരു ചെറിയ ഗാർഹികാഘോഷമായി ആരംഭിച്ച പൗഷ് മേള ഇപ്പോൾ ബിർഭും ജില്ലയിലെ ആളുകളെ മാത്രമല്ല, ചുറ്റുമുള്ള വിനോദസഞ്ചാരികളുടേയും ശ്രദ്ധ ആകർഷിക്കുന്നു.

1894 മുതൽ എല്ലാ വർഷവും പൗഷ് മേള സംഘടിപ്പിക്കാറുണ്ട്. എന്നിരുന്നാലും 1943-ലെ ബംഗാൾ ക്ഷാമം, 1946-ലെ പ്രത്യക്ഷ കർമ്മ ദിനം, കോവിഡ്-19 മഹാമാരി എന്നിവ കാരണം ഇത് മൂന്ന് തവണ നിർത്തിവച്ചു.

മുൻകാലങ്ങളിൽ ബ്രഹ്മമന്ദിറിന്റെ (സ്ഫടിക ക്ഷേത്രം എന്നും അറിയപ്പെടുന്നു) വടക്കുഭാഗത്തുള്ള മൈതാനത്താണ് മേള നടന്നിരുന്നത്. അന്നേ ദിവസം സന്ധ്യാനമസ്കാരത്തിനു ശേഷം വെടിക്കെട്ട് പ്രദർശനം നടന്നിരുന്നു. മേളയിൽ സംബന്ധിക്കുന്നവരുടെ എണ്ണം കൂടിയതോടെ മേള പുർബപ്പള്ളിയിലെ വയലിലേക്ക് മാറ്റി.

ഉദ്ഘാടനം[തിരുത്തുക]

പൗഷ് ഉത്സവം പൗഷ് മാസം 7-ന് (ഏകദേശം ഡിസംബർ 23-ന് അടുത്തായി) ഉദ്ഘാടനം ചെയ്യുന്നു. നേരം പുലരുമ്പോൾ ശാന്തിനികേതനും പരിസരപ്രദേശവും ഉണർന്നെണീക്കുന്നത് മൃദുവായ ഷെഹ്നായി സംഗീതം കേട്ടുകൊണ്ടാണ്. ആശ്രമത്തിന് ചുറ്റും പാട്ടുകൾ പാടി നടക്കുന്ന വൈതാളിക സംഘമാണ് ആദ്യമായി രംഗത്തെത്തുന്നത്. തുടർന്ന് ഛത്തിംതലയിൽ പ്രാർത്ഥനാ സമ്മേളനം നടക്കും. അതിനുശേഷം എല്ലാവരും ഗാനങ്ങൾ ആലപിച്ചുകൊണ്ട് ഉത്തരായണത്തിലേക്ക് കടക്കുന്നു.[2]

മറ്റ് ദിവസങ്ങൾ[തിരുത്തുക]

ബംഗാളി നാടോടി സംഗീതത്തിന്റെ, പ്രത്യേകിച്ച് ബാവുൾ സംഗീതത്തിന്റെ തത്സമയ പ്രകടനങ്ങളാണ് പൗഷ് മേളയുടെ സവിശേഷത. നാടൻ പാട്ടുകളും നൃത്തങ്ങളും ഗോത്ര കായിക വിനോദങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ മേള സംസ്ഥാനത്തിന്റെ യഥാർത്ഥ പൈതൃകത്തിന്റെ തികഞ്ഞ ഉൾക്കാഴ്ച നൽകുന്നു. ശാന്തിനികേതനിലെ വിദ്യാർത്ഥികൾ അവരുടെ മികച്ച പ്രകടനം അവതരിപ്പിക്കുകയും ഈ ഉത്സവം കൂടുതൽ ആസ്വാദ്യകരവും ആകർഷകവുമാക്കുകയും ചെയ്യുന്നു. ഉത്സവത്തിന്റെ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികൾ ക്രമീകരിച്ചിരിക്കപ്പെടുന്നു. ഈ മേളയുടെ അവസാന ദിവസം ശാന്തിനികേതനുമായി ബന്ധമുള്ളവർക്കായി മാത്രം നീക്കി വെച്ചിരിക്കുന്നു.

പ്രദർശനം[തിരുത്തുക]

പൗഷ്മേളയിലെ ഒരു സ്റ്റാൾ

ഏകദേശം 1500 സ്റ്റാളുകൾ മേളയിൽ പങ്കെടുക്കുന്നു.[3] മൂന്ന് ദിവസത്തെ മേളയിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണം ഏകദേശം 10,000 ആണ്.[4] സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ശാന്തിനികേതനിലേക്ക് പ്രതിദിനം 3,500 വിനോദസഞ്ചാരികളുടെ ഒഴുക്ക്; എന്നാൽ പൗഷ് ഉത്സവ്, ബസന്തോത്സവ്, രബീന്ദ്ര പക്ഷ, നബ ബർഷ തുടങ്ങിയ പ്രധാന ആഘോഷങ്ങളിൽ ഇത് പ്രതിദിനം ശരാശരി 40,000 അല്ലെങ്കിൽ അതിലധികമോ ആയി ഉയരുന്നു. വ്യക്തമായും, അവരിൽ പലരും ശാന്തിനികേതനിൽ തന്നെ തുടരുന്നു. ഇവിടെ 85 ലോഡ്ജുകളും 1,650 പേർക്ക് താമസ സൗകര്യവും ഉണ്ട്. ഇതുകൂടാതെ, കുറച്ച് ദിവസത്തേക്ക് മുറി വാടകയ്‌ക്കെടുക്കാം.[5]

മേളയോടനുബന്ധിച്ച് ഒരുക്കുന്ന സ്റ്റാളുകളിൽ നാടൻ പ്രിന്റഡ് തുണിത്തരങ്ങളും കരകൗശല വസ്തുക്കളും ലഭ്യമാണ്. വീട്ടുകാർക്ക് ഇഷ്ടമുള്ള സാമഗ്രികൾ കൂടാതെ കളിപ്പാട്ടങ്ങളും ഇവിടെ ലഭ്യമാണ്. വിവിധ ഭക്ഷണശാലകളും കാണാം.

അവലംബം[തിരുത്തുക]

  1. "Poush Mela". West Bengal Tourism. മൂലതാളിൽ നിന്നും 22 February 2001-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-14.
  2. 2.0 2.1 Basak, Tapan Kumar, Rabindranath-Santiniketan-Sriniketan (An Introduction), p. 36, B.B.Publication
  3. "Poush Mela to start from Dec 23". Financial Express, 22 December 2007. മൂലതാളിൽ നിന്നും 23 December 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-14.
  4. "Poush Mela in Santiniketan". Indian Tourism. ശേഖരിച്ചത് 2009-02-14.
  5. "Santiniketan-Bolpur". ശേഖരിച്ചത് 2009-03-05.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൗഷ്_മേള&oldid=3697870" എന്ന താളിൽനിന്ന് ശേഖരിച്ചത്