പ്രിൻസ് വില്യം സൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലാസ്കയുടെ തെക്കൻ തീരത്തുള്ള പ്രിൻസ് വില്യം സൗണ്ട്.

പ്രിൻസ് വില്യം സൗണ്ട് (Sugpiaq: Suungaaciq) യു.എസ്. സംസ്ഥാനമായ അലാസ്കയുടെ തെക്കൻ തീരത്ത്, അലാസ്ക ഉൾക്കടലിലെ ഒരു ജലസന്ധിയാണ്. കെനായി അർദ്ധദ്വീപിൻറെ കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രാൻസ്-അലാസ്ക പൈപ്പ്ലൈൻ സിസ്റ്റത്തിന്റെ തെക്കൻ ടെർമിനസിലുള്ള വാൽഡെസ് ആണ് ഇതിന്റെ ഏറ്റവും വലിയ തുറമുഖം. നിരവധി ചെറിയ ദ്വീപുകൾ ഉൾക്കൊള്ളുന്ന ജലസന്ധിയിലെ മറ്റ് വാസസ്ഥലങ്ങളിൽ കോർഡോവ, വിറ്റിയർ എന്നിവയും അലാസ്കയിലെ പ്രാദേശിക ഗ്രാമങ്ങളായ ചെനെഗയും ടാറ്റിറ്റ്‍ലെക്കും ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

1778-ൽ പ്രിൻസ് വില്യം സൗണ്ടിൽ പ്രവേശിച്ച ജെയിംസ് കുക്ക് ഈ ജലസന്ധിയ്ക്ക് അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്ന ഏൾ ഓഫ് സാൻഡ്‌വിച്ചിന്റെ പേരിൽ സാൻഡ്‌വിച്ച് സൗണ്ട് എന്ന് പേരിട്ടു. ആ വർഷം അവസാനം, അപ്പോൾ 13 വയസ്സ് മാത്രം പ്രായമുള്ള റോയൽ നേവിയിലെ മിഡ്ഷിപ്പ്മാൻ റാങ്കിലുണ്ടായിരുന്ന ജോർജ്ജ് മൂന്നാമന്റെ മൂന്നാമത്തെ മകൻ വില്യം ഹെൻറി രാജകുമാരനെ ബഹുമാനിക്കുന്നതിനായി പ്രിൻസ് വില്യം സൗണ്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1790-ൽ സ്പാനിഷ് പര്യവേക്ഷകനായ സാൽവഡോർ ഫിഡാൽഗോ ഈ ജലസന്ധിയിലേക്ക് പ്രവേശിക്കുകയും അതിന്റെ പല ഘടക ഭാഗങ്ങൾക്കും നാമകരണം നടത്തുകയും ചെയ്തു. പോർട്ട് വാൽഡെസ്, പോർട്ട് ഗ്രാവിന അഥവാ കോർഡോവ എന്നിങ്ങനെ ഫിഡാൽഗോ അന്ന് നൽകിയ പേരുകൾ ജലസന്ധിയിലെ ചില സ്ഥലങ്ങൾ ഇപ്പോഴും വഹിക്കുന്നു. പര്യവേക്ഷകൻ ഇന്ന് കോർഡോവ നിലനിൽക്കുന്ന യഥാർത്ഥ സ്ഥലത്ത് ഇറങ്ങുകയും സ്പെയിനിലെ രാജാവിന്റെ പേരിൽ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തു.

1793-ൽ ജലസന്ധിയുടെ തെക്കേയറ്റത്ത് ആധുനിക സെവാർഡ് ആയി അറിയപ്പെടുന്ന വോസ്ക്രെസെൻസ്കി തുറമുഖം സ്ഥാപിച്ച അലക്സാണ്ടർ ആന്ദ്രേവിച്ച് ബാരനോവ്, അതിനെ ചുഗാച്ച് ബേ എന്ന് പേരിട്ടു വിളിച്ചു.[1] അമേരിക്കയിൽ റഷ്യക്കാർ നിർമ്മിച്ച ആദ്യത്തെ കപ്പലായ ഫീനിക്സ് എന്ന മൂന്ന് പായ്മരങ്ങളുള്ള കപ്പൽ അവിടെ നിർമ്മിക്കപ്പെട്ടു. ആനി മൊണ്ടേഗ് അലക്സാണ്ടർ 1908-ൽ ജലസന്ധിയിലൂടെ ഒരു പര്യവേഷണം നയിച്ചിരുന്നു.[2]

ഗുഡ്ഫ്രൈഡേ ഭൂകമ്പത്തിന്റെ ഫലമായി 1964 മാർച്ച് 27-ന് ഉണ്ടായ ഒരു സുനാമിയിൽ, തീരദേശ ഗ്രാമമായ ചെനേഗയിലെ ചുഗാച്ച് ഗ്രാമവാസികൾ കൊല്ലപ്പെടുകയും വാൽഡെസ് പട്ടണം നശിപ്പിക്കപ്പെടുകയും ചെയ്തു. ഏകദേശം നാല് മിനിറ്റും മുപ്പത്തിയെട്ട് സെക്കൻഡും നീണ്ടുനിൽക്കുന്ന 9.2 മെഗാ പ്രഹരശക്തിയുള്ള ഈ ഭൂകമ്പം വടക്കേ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പമായും ലോക ചരിത്രത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഭൂകമ്പമായും അറിയപ്പെടുന്നു. പ്രിൻസ് വില്യം സൗണ്ടിൽ, പോർട്ട് വാൽഡെസിൻറെ ജലാന്തർഭാഗത്ത് വൻതോതിൽ മണ്ണിടിച്ചിലുണ്ടാകുകയും വാൽഡെസ് നഗര തുറമുഖത്തിന്റെയും ഡോക്കുകളുടെയും തകർച്ചയ്ക്കിടയിലും അവിടെ നങ്കൂരമിട്ടിരുന്ന കപ്പലിനുള്ളിലുമായി 32 പേർ മരണമടയുകയും ചെയ്തു. സമീപത്ത്, ഏകദേശം 27-അടിയോളം (8.2 മീറ്റർ) ഉയരമുള്ള സുനാമി ചെനെഗ ഗ്രാമത്തെ നശിപ്പിക്കുകയും അവിടുത്തെ താമസക്കാരായിരുന്ന 68 പേരിൽ 23 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. തിരമാലയെ മറികടന്ന് ഉയർന്ന സ്ഥലത്തേക്ക് കയറിയവർ മാത്രമാണ് സുനാമിയെ അതിജീവിച്ചത്.

ഭൂകമ്പത്തിനു ശേഷമുള്ള സുനാമി വിറ്റിയർ, സെവാർഡ്, കൊഡിയാക് തുടങ്ങിയ പട്ടണങ്ങൾ മറ്റ് അലാസ്കൻ സമൂഹങ്ങൾ എന്നിവയ്ക്കൊപ്പം ബ്രിട്ടീഷ് കൊളംബിയ, വാഷിംഗ്ടൺ, ഒറിഗൺ, കാലിഫോർണിയ എന്നിവിടങ്ങളിലെ ആളുകളെയും സ്വത്തുക്കളെയും സാരമായി ബാധിച്ചിരുന്നു. ഫലക ചലന മേഖലയിലുണ്ടായ ഈ ഭൂകമ്പത്തിലൂടെ രണ്ട് തരം സുനാമികൾ ഉണ്ടായി. ചെറുതും പ്രാദേശികവുമായ 20 സുനാമികൾക്ക് പുറമേ ഒരു ടെക്റ്റോണിക് സുനാമിയും ഉണ്ടായി. സമുദ്രാന്തർഭാഗ, ഭൗമോപരിതല മണ്ണിടിച്ചിലുകളാൽ ഉത്പാദിപ്പിക്കപ്പെട്ട ഈ ചെറു സുനാമികളായിരുന്ന സുനാമി കാരണമുണ്ടായ നാശത്തിന്റെ ഭൂരിഭാഗത്തിനും ഉത്തരവാദികളായിരുന്നത്. പെറു, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, ജപ്പാൻ, മെക്സിക്കോ, എന്നിവയുൾപ്പെടെ 20-ലധികം രാജ്യങ്ങളിലും അന്റാർട്ടിക്കയിലും സുനാമി തിരമാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 220 അടി (67 മീറ്റർ) ഉയരമുണ്ടായിരുന്ന ഏറ്റവും വലിയ സുനാമി തിരമാല അലാസ്കയിലെ ഷൂപ്പ് ബേയിലാണ് രേഖപ്പെടുത്തിയത്.

1989 മാർച്ച് 24 ന്, വാൽഡെസിൽ നിന്ന് പുറപ്പെട്ടതിന് ശേഷം, എക്സോൺ വാൽഡെസ് എന്ന എണ്ണക്കപ്പൽ ബ്ലിഗ് റീഫിലിടിച്ച് തകർന്നത് വലിയൊരു എണ്ണ ചോർച്ചയ്ക്ക് കാരണമായിത്തീരുകയും പരിസ്ഥിതിക്ക് വൻതോതിൽ നാശമുണ്ടാക്കിയ ഇത്, ഏകദേശം 250,000 കടൽപ്പക്ഷികൾ, ഏകദേശം 3,000 കടൽ ഓട്ടറുകൾ, 300 നീർ നായകൾ, 50 വെള്ളത്തലയൻ കടൽപ്പരുന്തുകൾ, 22 വരെ കൊലയാളി തിമിംഗലങ്ങൾ എന്നിവ കൊല്ലപ്പെട്ടുന്നതിന് നിമിത്തമാകുകയും ചെയ്തു. മനുഷ്യ സൃഷ്ടിയായ ഏറ്റവും മോശപ്പെട്ട പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. 2010-ലെ ഡീപ്‌വാട്ടർ ഹൊറൈസൺ ഓയിൽ ചോർച്ചയ്ക്ക് ശേഷം, പുറത്തുവിട്ട എണ്ണയുടെ അളവിന്റെ കാര്യത്തിൽ, യു.എസ്. ജലമേഖലയിൽ സംഭവിച്ച രണ്ടാമത്തെ വലിയ ചോർച്ചയായിരുന്നു വാൽഡെസ് ചോർച്ച.

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രിൻസ് വില്യം സൗണ്ടിന് ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ വനമായ ചുഗാച്ച് ദേശീയ വനത്തിൻറെ ഭാഗമാണ്. പ്രിൻസ് വില്യം സൗണ്ട് കുത്തനെയുള്ളതും ഹിമപാളികളടങ്ങിയ ചുഗാച്ച് പർവതനിരകളാൽ വലയം ചെയ്യപ്പെട്ടതുമാണ്. നിമ്ന്നോന്നതമായ തീരപ്രദേശം മടക്കുകളുള്ളതും നിരവധി ദ്വീപുകളും ഫ്ജോർഡുകളുമുള്ളതും അവയിൽ പലതും ടൈഡ് വാട്ടർ ഹിമാനികൾ ഉൾക്കൊള്ളുന്നതുമാണ്. ജലസന്ധിയെ രൂപപ്പെടുത്തുന്ന പ്രധാന ബാരിയർ ദ്വീപുകൾ മൊണ്ടേഗ് ദ്വീപ്, ഹിഞ്ചിൻബ്രൂക്ക് ദ്വീപ്, ഹോക്കിൻസ് ദ്വീപ് എന്നിവയാണ്.

അവലംബം[തിരുത്തുക]

  1. "Alaska" (PDF). Alaska Library.{{cite web}}: CS1 maint: url-status (link)
  2. "On Her Own Terms: Annie Montague Alexander and the Rise of Science in the American West on JSTOR". www.jstor.org (in ഇംഗ്ലീഷ്). doi:10.1525/j.ctt1ppmch. Retrieved 2021-08-23.
"https://ml.wikipedia.org/w/index.php?title=പ്രിൻസ്_വില്യം_സൗണ്ട്&oldid=3792680" എന്ന താളിൽനിന്ന് ശേഖരിച്ചത്