പ്രിതീഷ് നന്ദി
ഇന്ത്യൻ ഇംഗ്ലീഷ് കവിയും ചിത്രകാരനും പത്രപ്രവർത്തകനുമാണ് പ്രിതീഷ് നന്ദി. 1951 ജനുവരി 15-ന് മഹാരാഷ്ട്രയിൽ ജനിച്ചു. സതീഷ് ചന്ദ്രനന്ദി, പ്രൊഫല്ല നളിനി നന്ദി എന്നിവരാണ് മാതാപിതാക്കൾ. കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ വിദ്യാഭ്യാസം നേടിയശേഷം 1982-91 കാലയളവിൽ ടൈംസ് ഒഫ് ഇന്ത്യയുടെ പബ്ളിഷിങ് എഡിറ്ററായും ഇലസ്റ്റ്രേറ്റഡ് വീക്കിലി എഡിറ്ററായും സേവനമനുഷ്ഠിച്ചു. പിന്നീട് ഫിലിം ഫെയർ, ഫെമിന, സയൻസ് ടുഡേ, ധർമയുഗ് മുതലായ മാസികകളുടെ പ്രസാധനം ഏറ്റെടുത്തു.
ദൂരദർശനിലെ പ്രീതിഷ് നന്ദി ഷോയിലൂടെ ജനപ്രീതി നേടിയ നന്ദി അനേകം ടി.വി. പരിപാടികൾ അവതരിപ്പിച്ചു. 1993-ൽ ഒരു മീഡിയാ കമ്പനി ആരംഭിച്ചു. സ്വന്തം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 1996-ൽ ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫെ ആരംഭിച്ചു. 1998-ൽ രാജ്യസഭാംഗമായ[1] ഇദ്ദേഹം നാഷണൽ ടൂറിസം ബോർഡിലും പല പാർലമെന്ററി കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]നാല്പതിലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓഫ് ഗോഡ്സ് ആൻഡ് ഒലീവ്സ്(1967) ഓൺ അയ്ദർ സൈഡ് ഒഫ് അരഗൻസ് (1968), ഫ്രം ദി ഔട്ടർ ബാങ്ക് ഒഫ് ദ് ബ്രഹ്മപുത്ര (1969), മാഡ്നസ് ഈസ് ദ് സെക്കൻഡ് സ്ട്രോക്ക് (1971), ദ് പോയട്രി ഒഫ് പ്രീതിഷ് നന്ദി (1973), ലോൺ സോങ് സ്ട്രീറ്റ് (1975), ഇൻ സീക്രഡ് അനാർക്കി (1979), ദ് നോ വെയർ മാൻ (1977) മുതലായവയാണ് മുഖ്യ കവിതാസമാഹാരങ്ങൾ.
പരിഭാഷകൾ
[തിരുത്തുക]ഇന്ത്യൻ പോയട്രി ഇൻ ഇംഗ്ലീഷ് ടുഡേ (1973), മോഡേൺ ഇന്ത്യൻ പോയട്രി (1974) തുടങ്ങി ഏതാനും കവിതാ സമാഹരങ്ങൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമൃതാപ്രീതം, കൈഫിആസ്മി, സമർസെൻ, അജ്ഞേയ മുതലായവരുടെ കവിതകൾ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. കബീറിന്റെയും മീരാഭായിയുടെയും സ്തുതിഗീതങ്ങളും ഇദ്ദേഹത്തിന്റെ പരിഭാഷകളിൽ ഉൾപ്പെടുന്നു. ഒരു കവിതാനാടകവും ഇദ്ദേഹത്തിന്റേതായുണ്ട്. പ്രീതിഷ് നന്ദിയുടെ കവിതകളിലെ ഗാനാത്മകത അനുവാചകരെ ഏറെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഭാവാത്മകത തുളുമ്പുന്ന അനേകം ഗദ്യകവിതകളും ഇദ്ദേഹം രചിക്കുകയുണ്ടായി.
ബഹുമതികൾ
[തിരുത്തുക]നാഷണൽ സയൻസ് ടാലന്റ് സ്കോളർ (1964), ശ്രീകാന്ത് വർമ അവാർഡ് ഫോർ ജേർണലിസം (1988), ഔട്ട്സ്റ്റാൻഡിങ് സിറ്റിസൺ അവാർഡ് (1986, 92), വിജയരത്ന അവാർഡ് (1989) പ്രിയദർശിനി അവാർഡ് (1990), ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ് (1990) മുതലായ ബഹുമതികൾക്കു പുറമേ 1977-ൽ പദ്മശ്രീ പുരസ്കാരവും ലഭിക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ Biographical Sketches of Members of Rajya Sabha – 1998 Archived 2019-03-27 at the Wayback Machine. accessed September 2007
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പ്രീതിഷ് (1951 - ) നന്ദി, പ്രീതിഷ് (1951 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |