പ്രബോധകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേസരി എ. ബാലകൃഷ്ണ പിള്ളയുടെ പത്യാധിപത്യത്തിലും ഉടമസ്ഥതയിലും നടന്നിരുന്ന വാരികയാണ് പ്രബോധകൻ. സമദർശിയിലൂടെ ഭരണകൂടത്തിനെതിരെ കേസരി, നിശിത വിമ‍ശനമുയർത്തിയിരുന്നു. സമദർശിയുടെ ഉടമ രാമൻമേനോന്റെ മരണത്തെ തുടർന്ന് ചുമതലയേറ്റവർ ഈ വിമർശനങ്ങളെ ഭയന്നു. തുടർന്ന് 1926 ജൂൺ 19 ന് അദ്ദേഹം സമദർശിയിൽ നിന്നും രാജിവച്ചു.[1]

സ്വന്തമായി പത്രം തുടങ്ങണമെന്ന ചിന്തയിൽ മൂന്നുവർഷം മലയായിലും മറ്റും യാത്ര ചെയ്ത് പണമുണ്ടാക്കി 1930 ഏപ്രിൽ 22 ന് ശാരദാ പ്രിന്റിംങ് വർക്‌സ് എന്ന സ്ഥാപനം പുളിമൂട്ടിൽ ആരംഭിച്ചു. അവിടെ നിന്നാണ് പ്രബോധകൻ പുറത്തിറങ്ങിയത്. സമദർശിയുടെ തനിപ്പകർപ്പായിരുന്നു ഇത്. രാഷ്ട്രീയ വിമർശനം , സാഹിത്യ നിരൂപണം, വൈജ്ഞാനീയ സാഹിത്യം, വിശ്വ വിഖ്യാതമായ പാശ്ചാത്യനോവലുകളുടെയും, ചെറുകഥകളുടേയും തർജ്ജമകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ പുരസ്‌കരിച്ചെഴുതിയ വിശിഷ്ടമായ വിഭവങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു ഈ വാരികയുടെ അകത്താളുകൾ ഓരോന്നും.

അയിത്തോച്ചാടന പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോട് ചേർന്നു നിന്നും പ്രബോധകൻ ജനകീയ സമരങ്ങൾക്ക് കരുത്തേകി. ശുചീന്ദ്രം സത്യാഗ്രഹത്തിനെതിരായി സർക്കാരും സവർണ്ണരും ചേർന്ന് നടത്തിയ സമരം പൊളിക്കൽ തന്ത്രങ്ങളുടെ നേരും നെറിയുമില്ലാത്ത പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചുക്കൊണ്ട് തിരുവനന്തപുരത്തെ ഒരു പൊതുകാര്യ പ്രവർത്തകനായിരുന്ന എ. നാരായണപിള്ള പ്രബോധകന്റെ 3-ാം ലക്കത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതുകണ്ട് അരിശം മൂത്ത ഭരണാധിപന്മാർ പത്രപ്രവർത്തന റഗുലേഷൻ നിയമത്തിന്റെ മറപിടിച്ചുകൊണ്ട് ബാലകൃഷ്ണപിള്ളയുടേയും, നാരായണപിള്ളയുടേയും പേരിൽ കോർട്ട് അലക്ഷ്യത്തിന് കേസ്സെടുക്കുകയും പ്രബോധകന്റെ ലൈസൻസ് റദ്ദു ചെയ്യുകയും ചെയ്തു. അങ്ങനെ 14 ലക്കങ്ങൾ ചെന്നതോടെ 1930 സെപ്റ്റംബർ 10-ന് ബാലകൃഷ്ണപിള്ള സ്വതന്ത്രമായി ആരംഭിച്ച പ്രബോധകൻ പ്രസിദ്ധീകരണം നിറുത്തി. അതേ ആഴ്ച തന്നെ കേസരി എന്ന പേരിൽ നേരത്തേ കൊല്ലം പെരിനാട് കളീലിൽ ആർ നാരായണപിള്ള വാങ്ങിയിരുന്ന ലൈസൻസ് നിയമപരമായി വാങ്ങി ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ കേസരി എന്ന പുതിയൊരു പത്രം പുറത്തിറങ്ങി. ഏകദേശം അഞ്ചുകൊല്ലത്തോളം കേസരി മുടങ്ങാതെ പ്രസിദ്ധീകരിക്കുവാൻ പത്രാധിപർക്കു കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. "കേസരിയുടെ നിലപാടുകളുടെ പുനരവലോകനം ജനാധിപത്യത്തിന്റെ ആവശ്യം". ജനയുഗം. December 18, 2018. മൂലതാളിൽ നിന്നും 2018-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 5, 2020.
"https://ml.wikipedia.org/w/index.php?title=പ്രബോധകൻ&oldid=3638107" എന്ന താളിൽനിന്ന് ശേഖരിച്ചത്