പ്രഥമവിവരറിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് സംഘടനകൾക്കു് നേരിട്ട് ഏറ്റെടുക്കാവുന്ന ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭ്യമായാൽ പോലീസ് സ്റ്റേഷനിൽനിന്നും ഉത്തരവാദപ്പെടുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ രാജ്യത്തെ ക്രിമിനൽ നടപടി നിയമം അനുസരിച്ച് എഴുതി തയ്യാറാക്കുന്ന രേഖയാണ് പ്രഥമവിവരറിപ്പോർട്ട് അഥവാ F.I.R. ( First Information Report). ഇന്ത്യയിൽ 1973-ലെ ക്രിമിനൽ നടപടി നിയമം (The Code of Criminal Procedure 1973 (CrPC)) 154-ആം വകുപ്പിനു് അനുസൃതമായാണു് പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കുന്നതു്. ഒരു കുറ്റകൃത്യത്തിനു് ഇരയായ വ്യക്തിയോ അവരുടെ പ്രതിനിധിയോ ആ കൃത്യവുമായോ ഇരയുമായോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരോ എഴുത്തിലൂടെയോ വാക്കാലോ പോലീസിനു നൽകുന്ന പരാതികളാണു് ഇത്തരം പ്രഥമവിവരറിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനു് അടിസ്ഥാനം.

കോഗ്നീസബിൾ കുറ്റങ്ങളും നോൺ-കോഗ്നീസബിൾ കുറ്റങ്ങളും[തിരുത്തുക]

നേരിട്ട് ഏറ്റെടുക്കാവുന്ന ക്രിമിനൽ കുറ്റങ്ങൾ എന്നു് ഇവിടെ ഉദ്ദേശിക്കുന്നതു് വാറണ്ട് ആവശ്യമില്ലാതെത്തന്നെ അറസ്റ്റ് ചെയ്യപ്പെടാവുന്നതും കോടതിയുടെ നിർദ്ദേശമില്ലാതെത്തന്നെ വ്യക്തമായി പോലീസിന്റെ അന്വേഷണപരിധിയിൽ വരാവുന്നതുമായ കുറ്റങ്ങളെയാണു്. ഇങ്ങനെയുള്ള പ്രവൃത്തികളെ കോഗ്നീസബിൾ കുറ്റങ്ങൾ (cognizable) എന്നു പറയുന്നു. അങ്ങനെയല്ലാത്ത കുറ്റങ്ങളിൽ (നോൺ-കോഗ്നീസബിൾ) കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെ അന്വേഷണം തുടങ്ങിവെക്കാനോ വാറണ്ട് ഇല്ലാതെ സംശയിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനോ പോലീസ് ഉദ്യോഗസ്ഥർക്കു് അധികാരമില്ല. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് സാധാരണ ഗതിയിൽ കൊലപാതകം, ബലാൽസംഗം, മോഷണം, കവർച്ച എന്നിവയടക്കം, മൂന്നുവർഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്നത്ര ഗുരുതരമായ കുറ്റങ്ങളെല്ലാം കോഗ്നീസബിൾ ആയി പരിഗണിക്കുന്നു. ഇവയിൽ പ്രഥമവിവരറിപ്പോർട്ടുകൾ ആധാരമാക്കിയാണു് അന്വേഷണവും മേൽനടപടികളും തുടങ്ങിവെക്കുന്നതു്. പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയതിന് ശേഷം മാത്രമാണു് രേഖാമൂലം കേസന്വേഷണം, അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ ബഹു. കോടതിയിൽ കുറ്റപത്രം സമർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത്.

ഘടന[തിരുത്തുക]

പ്രഥമവിവരറിപ്പോർട്ടിന് മുഖ്യമായും പ്രഥമവിവരം (First Information Statement - FIS), പ്രഥമ വിവര റിപ്പോർട്ട് (First Information Report - FIR) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്: പ്രഥമവിവരം തയ്യാറാക്കിയതിന് ശേഷമാണ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കുറ്റകൃത്യത്തെ കുറിച്ച് ഒരു പോലീസ് സ്റ്റേഷനിൽ ആദ്യം കിട്ടുന്ന വിവരമാണ് പ്രഥമ വിവര റിപ്പോർട്ട്. കേരളത്തിൽ കേരള പോലീസ് മാനുവൽ അഥവാ പോലീസ് സ്റ്റാൻ്റിംഗ് ഓർഡർ പ്രകാരം KPF 25 25-ാം നമ്പർ ഫോമിലാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കുന്നത്. അസ്സലും പകർപ്പുകളുമായി അഞ്ചെണ്ണം കിട്ടത്തക്കവ വിധത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അസ്സൽ (Original ) ബന്ധപ്പെട്ട കോടതിയ്ക്കും പകർപ്പുകൾ പോലീസ് ഇൻസ്പെക്ടർ, ജില്ലയിലെ കുറ്റകൃത്യരേഖകളുടെ ശേഖരം (District Crime Records Bureau - DCRB) എന്നിവിടങ്ങളിലേക്കും അയക്കുന്നു. ഒരു പകർപ്പ് പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുന്നു. പ്രഥമ വിവര റിപ്പോർട്ടിന്റെ ഒരു പകർപ്പ് പരാതിക്കാർക്ക് അവകാശപ്പെട്ടതാണ്. കേരളത്തിൽ പോലീസ് പ്രഥമവിവരറിപ്പോർട്ടുകൾ തയ്യാറാക്കുന്നത് ഓൺലൈൻ സംവിധാനത്തിലാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും പൊതുജനങ്ങൾക്ക് പ്രഥമ വിവര റിപ്പോർട്ട് ലഭിക്കുന്നതാണ്.

"https://ml.wikipedia.org/w/index.php?title=പ്രഥമവിവരറിപ്പോർട്ട്&oldid=2583626" എന്ന താളിൽനിന്ന് ശേഖരിച്ചത്