"ഇവാനീസ് ക്രിസോസ്തമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 79: വരി 79:


==വിലയിരുത്തല്‍==
==വിലയിരുത്തല്‍==

ക്രിസോസ്തമിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. ബൈബിളിന്റേയും, പ്രത്യേകിച്ച് സുവിശേഷങ്ങളുടേയും ചൈതന്യത്തെ സാമാന്യജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനില്‍ക്കുന്ന അവ വായനക്കാരില്‍ മതബോധവും സന്മാര്‍ഗ്ഗചിന്തയും വളര്‍ത്തുന്നു.

ക്രിസ്തുമതത്തെ ഗൗരവമായെടുത്താണ് ക്രിസോസ്തം ശത്രുക്കളെ സമ്പാദിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസെന്ന നിലയില്‍ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മതം രാഷ്ട്രാധികാരത്തിന് കീഴിലാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ക്രിസോസ്തമിനായില്ല.


==കുറിപ്പുകള്‍==
==കുറിപ്പുകള്‍==

02:55, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യകാല ക്രിസ്തീയ സഭാപിതാവ് യോഹന്നാന്‍ ക്രിസോസ്തമസ് പ്രഭാഷണനൈപുണ്യത്തിന് പേരെടുത്തു. ക്രിസോസ്തമസ് എന്ന പേരിന് സ്വര്‍ണ്ണനാവുള്ളവന്‍ എന്നാണര്‍ത്ഥം

കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും ക്രിസ്തീയ സഭയുടെ ആദ്യകാലപിതാക്കന്മാരില്‍ (ജനനംക്രി.വ. 347-നടുത്ത്; മരണം ക്രി.വ. 407) ഒരാളുമാണ് യോഹന്നാന്‍ ക്രിസോസ്തമസ് (ഗ്രീക്ക്: Ιωάννης ο Χρυσόστομος). സ്വര്‍ണനാവുകാരനായ ഈവാനിയോസ്, ജോന്‍ ക്രിസോസ്റ്റം എന്നീ സമാനപേരുകളിലും ഈ സഭാപിതാവു് അറിയപ്പെടുന്നു. ധര്‍മ്മപ്രഭാഷകന്‍, പ്രസംഗകലാനിപുണന്‍, മതരാഷ്ടീയ നേതാക്കന്മാരുടെ അധികാരദുര്‍വിനിയോഗത്തിന്റെ നിശിതവിമര്‍ശകന്‍, തപോനിഷ്ഠന്‍, ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമത്തിന്റെ സ്രഷ്ടാവ് എന്നീ നിലകളില്‍ അദ്ദേഹം പ്രസിദ്ധനാണ്. സ്വര്‍ണ്ണനാവുള്ളവന്‍ എന്നര്‍ത്ഥമുള്ള ക്രിസോസ്തമസ് എന്ന പേര്, മരണാനന്തരമോ, ഒരുപക്ഷേ ജീവിതകാലത്തു തന്നെയോ അദ്ദേഹത്തിന്, പ്രഭാഷണചാതുര്യം കണക്കിലെടുത്തു നല്‍കപ്പെട്ടതാണ്. [1][2]


ക്രിസോസ്തമിനെ വിശുദ്ധനായി വണങ്ങുന്ന പൗരസ്ത്യ ഓര്‍ത്തൊഡോക്സ്, പൗരസ്ത്യ കത്തോലിക്കാ സഭകള്‍, നവമ്പര്‍ 13, ജനുവരി 27 തിയതികളില്‍ അദ്ദേഹത്തിന്റെ തിരുനാല്‍ ആഘോഷിക്കുന്നു. ആ സഭകളില്‍, കേസറിയായിലെ ബാസില്‍, നസിയാന്‍സസിലെ ഗ്രിഗറി എന്നിവര്‍ക്കൊപ്പം മൂന്നു വിശുദ്ധപിതാക്കന്മാരില്‍ ഒരുവനെന്ന നിലയില്‍ ജനുവരി 30-നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. റോമന്‍ കത്തോലിക്കാ സഭ ക്രിസോസ്തമിനെ വിശുദ്ധനും വേദപാരംഗതനുമായി അംഗീകരിക്കുന്നു. പാശ്ചാത്യസഭകളില്‍ പൊതുവേ അദ്ദേഹത്തിന്റെ തിരുനാല്‍ സെപ്തംബര്‍ 13 ആണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും ക്രിസോസ്തമിനെ വിശുദ്ധനായി വണങ്ങുന്നു. [3]).


പ്രഭാഷകന്‍, ദൈവശാസ്ത്രജ്ഞന്‍, ദിവ്യാരാധനാമുറയുടെ പരിഷ്കര്‍ത്താവ് എന്നീ നിലകളിലാണ് ക്രിസോസ്തമസ് മുഖ്യമായും അറിയപ്പെടുന്നത്. യഹൂദവല്‍ക്കരണത്തിനു ശ്രമിച്ച ക്രിസ്ത്യാനികളെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ 8 പ്രഭാഷണങ്ങള്‍ വിവാദപരമാണ്. ക്രൈസ്തവസഭയില്‍ പില്‍ക്കാലത്ത് വലിയ തിന്മയായി ശക്തിപ്രാപിച്ച യഹൂദവിരോധത്തിന്റെ വളര്‍ച്ചയെ അവ ഗണ്യമായി സഹായിച്ചു.[4][5][6].പൗരാണിക ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായിരുന്ന എഫേസൂസിലെ ആര്‍ത്തെമിസ് ക്ഷേത്രം ഉള്‍പ്പെടെയുള്ള 'പേഗന്‍' ബിംബങ്ങളേയും ആരാധനാലയങ്ങളേയും നശിപ്പിക്കുന്നതില്‍ മുന്‍കൈ ഏടുത്തതിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.[7]

ജീവിതം

ആദ്യകാലം

ക്രിസോസ്തമിന്റെ ഒരു ബൈസാന്തിയ ചുവര്‍ശില്പം(കാലം പതിനൊന്നാം നൂറ്റാണ്ട്). സോപ്പുകല്ലില്‍ തീര്‍ത്ത ഇത്, ഇപ്പോള്‍ പാരിസിലെ ലൂവര്‍ മ്യൂസിയത്തിലാണ്.

സിറിയയിലെ റോമന്‍ സൈന്യത്തിന്റെ അധികാരികളില്‍ ഒരാളായിരുന്ന സെക്കുണ്ടസും അന്തൂസയും ആയിരുന്നു ക്രിസോസ്തമസിന്റെ മാതാപിതാക്കള്‍. ക്രിസോസ്തം ജനിച്ച് ഏറെക്കാലം കഴിയുന്നതിനു മുന്‍പ് സെക്കുണ്ടസ് മരിച്ചു. ഇരുപതു വയസ്സു മാത്രമുള്ളപ്പോള്‍ വിധവയായ അന്തൂസ, പിന്നീട് ജീവിച്ചത് മകനെ വളര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിച്ചാണ്. അവരുടെ ഉത്സാഹത്തില്‍ ക്രിസോസ്തമിന് അക്കാലത്ത് ലഭിക്കാവുന്നതില്‍ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രസിദ്ധ വാഗ്മിയും ക്രിസ്തുമതത്തിന്റെ മുന്നേറ്റത്തില്‍ പിന്മാറിക്കൊണ്ടിരുന്ന 'പേഗന്‍' വിശ്വാസങ്ങളുടെ ഉറച്ച അനുഭാവിയും ആയ ലിബിയാനസായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുരു.[ക] ഇരുപതു വയസ്സിനടുത്ത്, അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലെത്തിയസുമായി പരിചയപ്പെട്ടത് ക്രിസോസ്തമിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ക്രിസോസ്തം, തപോനിഷ്ഠമായ ധാര്‍മ്മികജീവിതത്തിലേയ്ക്ക് തിരിയുകയും ക്രിസ്തുമതത്തെക്കുറിച്ച് ആഴമായ അറിവ് സമ്പാദിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. മെലിത്തിയസുമായി പരിചയപ്പെട്ട് മൂന്നു വര്‍ഷം കഴിഞ്ഞാണ് ക്രിസോസ്തം ജ്ഞാനസ്നാനം സ്വീകരിച്ചത്. തുടര്‍ന്ന് ഒരു അന്ത്യോക്യയുടെ തെക്കുഭാഗത്തുള്ള മലമ്പ്രദേശത്തെ ഒരു സന്യാസസമൂഹത്തില്‍ ചേര്‍ന്ന് നാലു വര്‍ഷം പരിശീലനം നേടി. അടുത്ത രണ്ടുവര്‍ഷം ഒരു ഗുഹയില്‍ കഠിനമായ തപശ്ചര്യകളില്‍ ഏകാന്തജീവിതം നയിച്ചു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തതിനാല്‍ ക്രി.വ. 381-ല്‍ അദ്ദേഹം അന്ത്യോക്യായിലേയ്ക്ക് മടങ്ങി.[8]

അന്ത്യോക്യായില്‍

അന്ത്യോക്യായില്‍ മടങ്ങിയെത്തിയ യോഹന്നാന്‍, അവിടെ മെത്രാനായിരുന്ന മെലത്തിയസിന്റേയും അദ്ദേഹത്തിന്റെ പിന്‍ഗാമി ഫ്ലാവിയന്റേയും കീഴില്‍ സേവനമനുഷ്ടിച്ചു. ക്രി.വ. 386-ല്‍ ഫ്ലാവിയന്‍ യോഹന്നാനെ പൗരോഹിത്യത്തിലേയ്ക്കുയര്‍ത്തി. തുടര്‍ന്ന് 12 വര്‍ഷക്കാലം അദ്ദേഹം അന്ത്യോക്യായില്‍ തന്നെ പുരോഹിതവൃത്തിയില്‍ കഴിഞ്ഞു.

"വിഗ്രഹങ്ങളെക്കുറിച്ച്"

ഇക്കാലത്ത് ഒരു പ്രഭാഷകനെന്ന നിലയില്‍ അദ്ദേഹം പ്രശസ്തനാകാന്‍ തുടങ്ങി. തിയൊഡൊഷിയസ് ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയ ഒരു പുതിയ നികുതിയോടു പ്രതിക്ഷേധിച്ച്, അന്ത്യോക്യായിലെ പൗരജനങ്ങള്‍ ചക്രവര്‍ത്തിയുടെ പ്രതിമകള്‍ നശിപ്പിച്ചതില്‍ രോഷം പൂണ്ട റോമന്‍ ഭരണകൂടം നഗരത്തിനെതിരെ പ്രതികാരത്തിനൊരുങ്ങി. ജനങ്ങള്‍ക്ക് മാപ്പുനല്‍കണമെന്നും അന്ത്യോക്യായെ നശിപ്പിക്കരുതെന്നും ചക്രവര്‍ത്തിയോടഭ്യര്‍ത്ഥിക്കാന്‍ അപ്പോള്‍ 80 വയസ്സുണ്ടായിരുന്ന ഫ്ലാവിയന്‍ മെത്രാന്‍‍, 800 മൈല്‍ അകലെയുള്ള കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോയി. മെത്രാന്റെ അസാന്നിദ്ധ്യത്തില്‍, സാമ്രാജ്യത്തിന്റെ പ്രതികാരം ഭയന്ന് മനസ്സിടിഞ്ഞിരുന്ന അന്ത്യോക്യായിലെ ജനങ്ങളെ ധൈര്യപ്പെടുത്താന്‍ 387-ലെ നോയമ്പുകാലത്ത് യോഹന്നാന്‍ നടത്തിയ ഒരു പരമ്പര പ്രസംഗങ്ങള്‍ പ്രസിദ്ധമാണ്. ഫ്ലാവിയസിന്റെ ദൗത്യം വിഫലമാവില്ലെന്നും, നഗരം നശിക്കാന്‍ ദൈവം അനുവദിക്കില്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍, "വിഗ്രഹങ്ങളെക്കുറിച്ച്" (On the Statues) എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ പ്രസംഗങ്ങളില്‍ യോഹന്നാന്‍ ശ്രമിച്ചു. ഒടുവില്‍ ചക്രവര്‍ത്തിയുടെ മാപ്പുമായി ഫ്ലാവിയന്‍ തിരിച്ചുവരുകയും ചെയ്തു.[1]

ബൈബിള്‍ പ്രഭാഷണങ്ങള്‍

ബൈബിള്‍ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും വിശദീകരിച്ചും നടത്തിയ ഇക്കാലത്തെ ഒട്ടേറെ പ്രഭാഷണങ്ങളില്‍ അദ്ദേഹം ജീവിതവിശുദ്ധിക്കും ലാളിത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി ശക്തമായി വാദിച്ചു. ഈ പ്രസംഗങ്ങളില്‍ ആഡംബരജീവിതത്തിന്റേയും സാമ്പത്തിക അനീതികളുടേയും നിശിതമായ വിമര്‍ശനം ഉള്‍പ്പെട്ടിരുന്നു. കുടിയാന്മാരെ ചൂഷണം ചെയ്യുന്ന ഭൂവുടമകളെ ലക്ഷ്യമാക്കിയുള്ള ഈ വിമര്‍ശനം ഉദാഹരണമാണ്:-

പാത്രിയര്‍ക്കീസ്‍

സ്ഥാനാരോഹണം

ന്യൂ യോര്‍ക്ക് നഗരത്തില്‍ വിശുദ്ധ പാട്രിക്കിന്റെ ഭദ്രാസനത്തിലുള്ള ക്രിസോസ്തം പ്രതിമ

ക്രി.വ. 307-ല്‍, തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് മരിച്ചതിനെ തുടര്‍ന്ന് യോഹന്നാനെ ആ സ്ഥാനത്ത് നിയോഗിക്കാന്‍ അര്‍ക്കാഡിയസ് ചക്രവര്‍ത്തി തീരുമാനിച്ചു. അദ്ദേഹത്തെ തലസ്ഥാനത്തേക്കയയ്കാന്‍ ഉത്തരവുകിട്ടിയ അന്ത്യോക്യായിലെ രാജപ്രതിനിധി നഗരത്തിനു പുറത്ത് രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാന്‍ തന്നോടൊപ്പം വരാന്‍ യോഹന്നാനോടാവശ്യപെട്ടു. എന്നാല്‍ നഗരത്തിനു പുറത്തെത്തിയ അദ്ദേഹത്തെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നു വന്ന രാജദൂതനൊപ്പം നിര്‍ബ്ബന്ധിച്ച് അയയ്ക്കുകയാണ് ചെയ്തത്. അങ്ങനെ യോഹന്നാന്‍, ആഗ്രഹിക്കാതെ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്തയും പാത്രിയര്‍ക്കീസും ആയി. ഏറെ അധികാരങ്ങള്‍ ഉള്ള ഈ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ കണ്ടിരുന്ന അലക്സാണ്ഡ്രിയയിലെ പാത്രിയര്‍ക്കീസ് തിയോഫിലസ്, നിവൃത്തിയില്ലാതെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യകാര്‍മ്മികനായെങ്കിലും, യോഹന്നാന്റെ ശത്രുവായി.

നവീകരണം

കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയില്‍ യോഹന്നാന്‍ വ്യാപകമായ നവീകരണത്തിന് തുടക്കമിട്ടു. പാത്രിയര്‍ക്കീസിന്റെ അരമനയിലെ വിലകൂടിയ പാത്രങ്ങളും, പുതുതായി വങ്ങിവച്ചിരുന്ന വെണ്ണക്കള്‍ത്തൂണുകളും വിറ്റ് കിട്ടിയ പണം കൊണ്ട് ആശുപത്രി പണിതു. കാന്യാവൃതം എടുത്ത സ്ത്രീകളുമായി പുരോഹിതന്മാര്‍ ഒരേ വീട്ടില്‍ സാഹോദര്യം നടിച്ച് താമസിക്കുന്നതിനെ കാപട്യമായി കണ്ട അദ്ദേഹം അത്തരം സഹവാസത്തെ നിരോധിച്ചു. അലസരായി തെരുവുകളില്‍ അലഞ്ഞുതിരിയുന്ന സന്യാസിമാരെ അദ്ദേഹം ആശ്രമങ്ങളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബ്ബന്ധിച്ചു.

രാജ്ഞിയുടെ ശത്രുത

ആഡംബരത്തിന്റേയും അതിരറ്റ വേഷഭൂഷാദികളുടേയും ശത്രുവായിരുന്ന യോഹന്നാന്റെ ചില വിമര്‍ശനങ്ങള്‍ യൂഡൊക്സിയാ രാജ്ഞിയെ ലക്ഷ്യമാക്കിയാണെന്ന് വ്യാഖ്യാനമുണ്ടായി. ക്രിസോസ്തമസ് രാജ്ഞിയെ ബൈബിളിലെ ആഹാബ് രാജാവിന്റെ പത്നി ജെസബലിനോട് താരതമ്യപ്പെടുത്തിയതായി കേട്ട യൂഡോക്സിയ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. രാജ്ഞിയുടെ താത്പര്യപ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയര്‍ക്കീസ് തിയോഫിലസിന്റെ നേതൃത്വത്തില്‍ ക്രി.വ. 403-ല്‍ വിളിച്ചുകൂട്ടപ്പെട്ട സഭാസമിതി യോഹന്നാനെ സ്ഥാനഭ്രഷ്ടനാക്കി നഗരത്തില്‍ നിന്ന് ബഹിഷ്കരിച്ചു. എന്നാല്‍ എന്നും അദ്ദേഹത്തെ പിന്തുണച്ചിരുന്ന സാധാരണജനങ്ങള്‍ നഗരത്തില്‍ ലഹള കൂട്ടിയതിനാലും ആ ദിവസങ്ങളില്‍ ഉണ്ടായ ഭൂകമ്പം യോഹന്നാന്റെ ബഹിഷ്കരണത്തിലുള്ള ദൈവകോപത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടതിനാലും താമസിയാതെ അദ്ദേഹത്തെ പഴയ സ്ഥാനത്ത് വീണ്ടും അവരോധിച്ചു.

സ്ഥാനനഷ്ടം‍

പാത്രിയര്‍ക്കീസ് സ്ഥാനത്ത് തിരികെയെത്തിയ യോഹന്നാന് ഏറെക്കാലം തുടരാനായില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞ്, കോണ്‍സ്റ്റാന്റിനോപ്പിളിലെ ജ്ഞാനത്തിന്റെ ദേവാലയത്തിനു സമീപം ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളോടെ യൂഡോക്സിയ രാജ്ഞിയുടെ പ്രതിമ സ്ഥാപിച്ചതിനെ യോഹന്നാന്‍ വിമര്‍ശിച്ചു. തുടര്‍ന്ന് ക്രി.വ. 404-ല്‍ അദ്ദേഹത്തെ വീണ്ടും സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങള്‍ ലഹളകൂട്ടുകയും ജ്ഞാനത്തിന്റെ പള്ളിയും സെനറ്റ് മന്ദിരവും അഗ്നിക്കിരയാവുകയും ചെയ്തു.

അന്ത്യം

നാടുകടത്തല്‍

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അദ്ദേഹത്തെ, അര്‍മേനിയയില്‍ കാക്കസസ് മലനിരകളിലുള്ള ഒരു ഗ്രാമത്തിലേയ്ക്ക് നാടുകടത്തി. അവിടെ അദ്ദേഹം അനുയായികളുമായും പാശ്ചാത്യറോമന്‍ ചക്രവര്‍ത്തി ഹോണേറിയസ്, റോമിലെ മെത്രാന്‍ ഇന്നസന്റ് ഒന്നാമന്‍ എന്നിവരുമായും കത്തിടപാടുകള്‍ നടത്തിയതിനാല്‍, സാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള പിത്തിയസ് മരുഭൂമിയിലേയ്ക്ക് മാറ്റാന്‍ ക്രി.വ. 407-ല്‍ ചക്രവര്‍ത്തി ഉത്തരവിട്ടു.

മരണം‍

പിത്തിയസിലേയ്ക്കുള്ള വഴിയില്‍, ഇന്നത്തെ ജോര്‍ജ്ജിയയിലെ അബ്‌കാസിയ പ്രവിശ്യയിലുള്ള കൊമാനയില്‍ യോഹന്നാന്‍ 62-ആമത്തെ വയസ്സില്‍ അന്തരിച്ചു. "എല്ലാറ്റിലും ദൈവത്തിന് മഹത്വമുണ്ടാകട്ടെ" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.[1]

സംസ്കാരസ്ഥാനങ്ങള്‍

യോഹന്നാനെ ആദ്യം സംസ്കരിച്ചത് കൊമാനയില്‍ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തോടു കാട്ടിയ ക്രൂരതയില്‍ പശ്ചാത്താപിച്ച റോമന്‍ ഭരണം, ക്രി.വ. 438-ല്‍ ചക്രവര്‍ത്തി തിയോഡോഷ്യസ് രണ്ടാമന്റെ കാലത്ത്, യോഹന്നാന്റെ ഭൗതികാവശിഷ്ടം കോണ്‍സ്റ്റാന്റിനോപ്പിളില്‍ കൊണ്ടുവന്ന് ആഘോഷപൂര്‍വം സംസ്കരിച്ചു. നഗരത്തിലെ വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളിയില്‍, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന അര്‍ക്കാഡിയസ് ചക്രവര്‍ത്തിയുടേയും യൂഡോക്സിയാ രാജ്ഞിയുടേയും ശവകുടീരങ്ങള്‍ക്ക് അടുത്തായിരുന്നു പുതിയ സംസ്കാരസ്ഥാനം. എന്നാല്‍ ഈ രണ്ടാം സംസ്കാരവും അന്തിമമായില്ല. 1204-ലെ കുരിശുയുദ്ധത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്ത വെനീസ് സൈന്യം കൊള്ളചെയ്തു കൊണ്ടുപോയ തിരുശേഷിപ്പുകളിലൊന്ന് യോഹന്നാന്റെ ശരീരമാണെന്ന് പറയപ്പെടുന്നു. ഇന്ന് അത് റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ സംസ്കരിക്കപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.[10]

സംഭാവനകള്‍‍

പ്രഭാഷണങ്ങള്‍‍

ബൈസാന്തിയ സാമ്രാട്ട് നൈസഫോറസ് മൂന്നാമന്‍ ക്രിസോസ്തമില്‍ നിന്ന് പ്രഭാഷണഗ്രന്ഥം സ്വീകരിക്കുന്നതായി സങ്കല്പിക്കുന്ന ഈ ചിത്രം പതിനൊന്നാം നൂറ്റാണ്ടിലെ ഒരു കയ്യെഴുത്തുപ്രതിയില്‍ നിന്നാണ്. മുഖ്യദൈവദൂതന്‍ മിഖായേലും ചിത്രത്തിലുണ്ട്.

ആദ്യകാലസഭയിലെ ഏറ്റവും വലിയ ധര്‍മ്മപ്രഭാഷകനായി അറിയപ്പെടുന്ന ക്രിസോസ്തമിന്റെ സ്ഥായിയായ സംഭാവന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ്.[11]പുതിയനിയമത്തിലേയും പഴയനിയമത്തിലേയും വിവിധ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം ഒട്ടേറെ വ്യാഖ്യാനപ്രഭാഷണങ്ങള്‍ നടത്തി. അവയില്‍, പഴയനിയമത്തിലെ ഉല്പത്തിപ്പുസ്തകത്തെക്കുറിച്ചുള്ള 67 പ്രഭാഷണങ്ങളും, സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള 59 പ്രഭാഷണങ്ങളും, പുതിയനിയമത്തിലെ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള 91 പ്രഭാഷണങ്ങളും, യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള 88 പ്രഭാഷണങ്ങളും, അപ്പൊസ്തോലന്മാരുടെ നടപടികളെക്കുറിച്ചുള്ള 55 പ്രഭാഷണങ്ങളും പൗലോസിന്റെ എല്ലാ ലേഖനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ലഭ്യമാണ്. [1] ശ്രോതാക്കള്‍ രേഖപ്പെടുത്തി വച്ച ഈ പ്രഭാഷണങ്ങളുടെ ശൈലി, യോഹന്നാന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതും കേള്‍വിക്കാരെ നേരിട്ട് സംബോധന ചെയ്യുന്ന മട്ടിലുള്ളതും ഒപ്പം അക്കാലത്ത് പ്രസംഗകലയില്‍ നടപ്പുണ്ടായിരുന്ന കീഴ്വഴക്കങ്ങളെ ആശ്രയിച്ചുള്ളതുമാണ്. പൊതുവേ ബൈബിള്‍ വാക്യങ്ങളെ അവയുടെ നേരിട്ടുള്ള അര്‍ത്ഥമെടുത്ത് വ്യാഖ്യാനിക്കുന്ന ഈ പ്രഭാഷണങ്ങള്‍ ചിലയിടങ്ങളില്‍ പ്രതീകാത്മകവ്യാഖ്യാനത്തിന്റെ അലക്സാണ്ഡ്രിയന്‍ ശൈലിയും പിന്തുടരുന്നുണ്ട്.

സാമൂഹ്യവിമര്‍ശനം

ഈ പ്രഭാഷണങ്ങളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരാഹ്വാനം ദരിദ്രരെ സഹായിക്കുന്നതിനെക്കുറിച്ചാണ്.[12] മത്തായിയുടെ സുവിശേഷത്തിലെ വാക്യങ്ങള്‍ ആവര്‍ത്തിച്ച്, അദ്ദേഹം ധനവാന്മാരോട് ആഡംബരങ്ങളില്‍ നിന്ന് വിരമിച്ച് പാവങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെടുകയും, ഭോഗലോലുപതയില്‍ രമിച്ചിരുന്ന ധനികവര്‍ഗ്ഗത്തെ ലജ്ജിപ്പിക്കാന്‍ തന്റെ പ്രഭാഷണസാമര്‍ത്ഥ്യം മുഴുവന്‍ ഉപയോഗിക്കുകയും ചെയ്തു. "ഒരേ സമയം സമ്പന്നനും നീതിമാനും ആയിരിക്കുക അസാദ്ധ്യമാണോ?" എന്ന ചോദ്യം അദ്ദേഹം അവര്‍ക്കു മുന്‍പില്‍ വച്ചു. ശീതകാലത്ത് യാചകന്മാര്‍ തെരുവുകളില്‍ വിറച്ചുമരിക്കുകയും കാരാഗൃഹങ്ങളില്‍ നഗ്നരായ തടവുകാര്‍ അവസാനത്തെ ചാട്ടവാറടികള്‍ ഉണ്ടാക്കിയ രക്തമൊലിക്കുന്ന വൃണങ്ങളുമായി കഴിയുകയും ചെയ്യുമ്പോള്‍ വിലയേറിയ ശൗചപ്പാത്രങ്ങള്‍ ഉപയോഗിച്ച് നിര്‍വൃതിയടയുന്ന പ്രഭുവര്‍ഗത്തോട്, "ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മറ്റൊരു മനുഷ്യന്‍ തണുപ്പില്‍ മരിക്കുമ്പോള്‍ വെള്ളിയില്‍ തീര്‍ത്ത ശൗചപ്പാത്രങ്ങള്‍ ഉപയോഗിക്കാന്‍ മാത്രം നിങ്ങള്‍ നിങ്ങളുടെ വിസര്‍ജ്ജ്യങ്ങളെ ബഹുമാനിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.[13]

ആരാധനാക്രമം

പ്രഭാഷണങ്ങള്‍ക്കു പുറമേ ക്രിസോസ്തമിന്റെ മറ്റൊരു സംഭാവന ക്രിസ്തീയാരാധനാക്രമത്തില്‍ വരുത്തിയ പരിവര്‍ത്തനമാണ്. ദിവ്യാരാധന അല്ലെങ്കില്‍ വിശുദ്ധകുര്‍ബ്ബാനയുടെ അര്‍പ്പണവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളേയും ചടങ്ങുകളേയും പരിഷ്കരിക്കുക വഴി അദ്ദേഹം സഭയുടെ ആരാധാനാജീവിതത്തെ ക്രമപ്പെടുത്തി. ഇന്നേവരേ, പൗരസ്ത്യ ഓര്‍ത്തൊഡോക്സ് സഭയും, മിക്കവാറും പൗരസ്ത്യ കത്തോലിക്കാസഭകളും ക്രിസോസ്തമിന്റെ ദിവ്യാരാധനാക്രമം പിന്തുടരുന്നു. ‍എല്ലാ വര്‍ഷവും, ആണ്ടുവട്ടത്തിലെ ഏറ്റവും വലിയ തിരുനാളായ ഉയിര്‍പ്പു ഞായറാഴ്ചയിലെ ആരാധനയില്‍, ക്രിസോസ്തമിന്റെ പ്രഭാഷണം വായിക്കുന്ന പതിവും ഈ സഭകളിലുണ്ട്.

യഹൂദര്‍ക്കെതിരെ

ക്രിസോസ്തമിന്റെ കാലത്ത് അന്ത്യോക്യായില്‍ സജീവമായ ഒരു യഹൂദസമൂഹം നിലനിന്നിരുന്നു. ആ സമൂഹവുമായി ക്രിസ്ത്യാനികള്‍ ബന്ധം പുലര്‍ത്തുന്നത് ക്രിസോസ്തമിന് ഇഷ്ടമായില്ല. ക്രി.വ. 386-87-ല്‍ നടത്തിയ ചില പ്രസംഗങ്ങളില്‍ ക്രിസോസ്തം, യഹൂദമതവുമായി ബന്ധം പുലര്‍ത്തുകയും യഹൂദരീതികള്‍ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമര്‍ശിച്ചു. ആ പ്രസംഗങ്ങളില്‍ ഇന്ന് ലഭ്യമായ എട്ടെണ്ണത്തില്‍ ക്രിസോസ്തമസ്, തന്റെ വേദജ്ഞാനവും, വാക്‌ചാതുരിയും വാദസാമര്‍ത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നതു കാണാം. യേശുവിന്റെ രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവര്‍ക്ക്, വിശുദ്ധകുര്‍ബ്ബാനയില്‍ യേശുവിന്റെ രക്തബലിയില്‍ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ അദ്ദേഹം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങള്‍ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകള്‍ വേശ്യാലയങ്ങള്‍ക്കു സമവുമാണ്. ലോകത്തിനു മുഴുവന്‍ ഭീഷണി ഉയര്‍ത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്."


ഗ്രീക്ക് ഭാഷയില്‍ നിര്‍വഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങള്‍ അവയുടെ ശക്തിയും ആകര്‍ഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങള്‍ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനരചനകളില്‍ പെട്ടു.[13]

വിലയിരുത്തല്‍

ക്രിസോസ്തമിന്റെ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനം. ബൈബിളിന്റേയും, പ്രത്യേകിച്ച് സുവിശേഷങ്ങളുടേയും ചൈതന്യത്തെ സാമാന്യജനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കു തന്നെയും വിശദീകരിച്ചുകൊടുന്ന വിലയേറിയ ലിഖിതങ്ങളായി നിലനില്‍ക്കുന്ന അവ വായനക്കാരില്‍ മതബോധവും സന്മാര്‍ഗ്ഗചിന്തയും വളര്‍ത്തുന്നു.

ക്രിസ്തുമതത്തെ ഗൗരവമായെടുത്താണ് ക്രിസോസ്തം ശത്രുക്കളെ സമ്പാദിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസെന്ന നിലയില്‍ കൊട്ടാരവുമായി ഒട്ടിനിന്ന് പ്രൗഢിയും അധികാരങ്ങളും കയ്യാളുന്നത് അദ്ദേഹത്തിന്റെ ധാര്‍മ്മികതാസങ്കല്പങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മതം രാഷ്ട്രാധികാരത്തിന് കീഴിലാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ക്രിസോസ്തമിനായില്ല.

കുറിപ്പുകള്‍

ക. ^ മരണക്കിടക്കയിലായിരിക്കേ, ആരെയാണ് അനന്തരഗാമിയായി നിര്‍ദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, "ക്രിസ്ത്യാനികള്‍ അവനെ പിടിച്ചെടുത്തില്ലായിരുന്നെങ്കില്‍, യോഹന്നാനെ ഞാന്‍ നിര്‍ദ്ദേശിക്കുമായിരുന്നു" എന്ന് ലിബിയാനസ് പ്രതികരിച്ചതായി പറയപ്പെടുന്നു.[8]

അവലംബം

  1. 1.0 1.1 1.2 1.3 കത്തോലിക്കാ വിജ്ഞാനകോശം
  2. Pope Vigilius, Constitution of Pope Vigilius, 553
  3. Coptic synaxarium
  4. യോഹന്നാന്‍ ക്രിസോസ്തമസ്, യഹൂദവല്‍ക്കരണക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരായുള്ള പ്രഭാഷണങ്ങള്‍, പരിഭാഷകന്‍ പോള്‍ ഡബ്ലിയൂ ഹാക്കിന്‍സ്. സഭാപിതാക്കന്മാര്‍; v. 68 (വാഷിങ്ങ്ടണ്‍: കത്തോലിക്കാ സര്‍വകലാശാലാ പ്രെസ്, 1979)
  5. വാള്‍ട്ടര്‍ ലാക്വീര്‍, യഹൂദവിരുദ്ധതയുടെ മാറുന്ന മുഖം: പൗരാണികകാലം മുതല്‍ ഇന്നേവരെ, (ഓക്സ്ഫോര്‍ഡ് സര്‍വകലാശാലാ പ്രസ്സ്: 2006), പുറം. 48. ISBN 0-19-530429-2. 48
  6. Yohanan (Hans) Lewy, "John Chrysostom" in Encyclopedia Judaica (CD-ROM Edition Version 1.0), Ed. Cecil Roth (Keter Publishing House: 1997). ISBN 965-07-0665-8.
  7. ജോണ്‍ ഫ്രീലി, The Western Shores of Turkey: Discovering the Aegean and Mediterranean Coasts 2004, പുറം. 148
  8. 8.0 8.1 വിശുദ്ധ യോഹന്നാന്‍ ക്രിസോസ്തമസ്, വേദപാരംഗതന്‍ (ക്രി.വ. 407)Coptic Church.net[1]
  9. വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വില്‍ ഡുറാന്റ്(പുറങ്ങള്‍ 63-64)
  10. ചാള്‍സ് ഫ്രീമാന്‍, Closing of the Western Mind (കുറിപ്പ്, പുറങ്ങള്‍ 389-90)
  11. "യോഹന്നാന്‍ ക്രിസോസ്തം" ആദിമസഭാവിജ്ഞാനകോശം.
  12. Liebeschuetz, J.H.W.G. പ്രാകൃതരും മെത്രാന്മാരും: ക്രിസോസ്തമിന്റേയും അര്‍ക്കാഡിയസിന്റേയും കാലത്തെ സൈന്യവും സഭയും, (ഓക്സ്ഫോര്‍ഡ്, ക്ലാരെന്‍ഡന്‍ പ്രെസ് 1990) പുറങ്ങള്‍.175-176
  13. 13.0 13.1 ചാള്‍സ് ഫ്രീമാന്‍, Closing of the Western Mind (പുറങ്ങള്‍ 254-257)
"https://ml.wikipedia.org/w/index.php?title=ഇവാനീസ്_ക്രിസോസ്തമസ്&oldid=506174" എന്ന താളിൽനിന്ന് ശേഖരിച്ചത്