"ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: be-x-old:Бэнэдыкт XVI
വരി 213: വരി 213:
പുരോഹിതരുടെ പീഡനങ്ങള്‍ക്ക് ഇരകളായ രണ്ട് ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും 21ന് വത്തിക്കാനിലേക്ക് മടങ്ങും മുന്പ് സിഡ്നി സെന്‍റ് മേരീസ് കത്തീഡ്രലില്‍വെച്ച് മാര്‍പ്പാപ്പ നേരില്‍ കണ്ടു.
പുരോഹിതരുടെ പീഡനങ്ങള്‍ക്ക് ഇരകളായ രണ്ട് ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും 21ന് വത്തിക്കാനിലേക്ക് മടങ്ങും മുന്പ് സിഡ്നി സെന്‍റ് മേരീസ് കത്തീഡ്രലില്‍വെച്ച് മാര്‍പ്പാപ്പ നേരില്‍ കണ്ടു.


മാര്‍പ്പാപ്പയെ വരവേല്‍ക്കാനെന്നപോലെ യാത്രയാക്കാനും വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി [[കെവിന്‍ റുഡ്]]വത്തിക്കാനിലെ ആദ്യത്തെ ഓസ്ട്രേലിയന്‍ റസിഡന്‍റ് അംബാസഡറായി മുന്‍ ഉപപ്രധാനമന്ത്രി ടിം ഫിഷറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു.
മാര്‍പ്പാപ്പയെ വരവേല്‍ക്കാനെന്നപോലെ യാത്രയാക്കാനും വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി [[കെവിന്‍ റുഡ്]] വത്തിക്കാനിലെ ആദ്യത്തെ ഓസ്ട്രേലിയന്‍ റസിഡന്‍റ് അംബാസഡറായി മുന്‍ ഉപപ്രധാനമന്ത്രി ടിം ഫിഷറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു.


==ആധാര സൂചിക==
==ആധാര സൂചിക==

11:20, 8 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ബെനെഡിക്ട് പതിനാറാമന്‍
ജന്മനാമം ജോസഫ് അലോയിസ് റാറ്റ്സിംഗര്‍
പേപ്പൽ ഭരണം തുടങ്ങിയത് 19 ഏപ്രില്‍ 2005 (18 വര്‍ഷം)
പേപ്പൽ ഭരണം അവസാനിച്ചത് നിലവിലുള്ള പാപ്പ
മുൻ‌ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍
പിൻ‌ഗാമി നിലവിലുള്ള പാപ്പ
ജനനം (1927-04-16) 16 ഏപ്രിൽ 1927  (97 വയസ്സ്)
മാര്‍ക്ടല്‍ ആം ഇന്‍, ബവേറിയ, ജര്‍മനി
ബെനെഡിക്ട് എന്നു പേരുള്ള മറ്റു മാർപ്പാപ്പമാർ
ബെനഡിക്ട് പതിനാറാമന്റെ പേപ്പല്‍ മുദ്ര. പേപ്പല്‍ റ്റിയാറയ്ക്കു പകരം ബിഷപ്പിന്റെ തലപ്പാവ് ഉപയോഗിച്ചിരിക്കുന്നു. മുദ്രയുടെ താഴെയായി പാല്ലിയവും ചേര്‍ത്തിരിക്കുന്നു.

ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ആഗോള കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ തലവനാണ്. (ഈ പദവിയില്‍ എത്തുന്നതിനു മുമ്പുള്ള പേര്‌: ജോസഫ്‌ റാറ്റ്‌സിംഗര്‍, ജനനം: ഏപ്രില്‍ 16, 1927, ബവേറിയ, ജര്‍മ്മനി). 2005 ഏപ്രില്‍ 19നു നടന്ന പേപ്പല്‍ കോണ്‍ക്ലേവില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രില്‍ 25ന് മാര്‍പ്പാപ്പയെന്ന നിലയില്‍ ആദ്യ ദിവ്യബലി അര്‍പ്പിച്ചു. അതേ വര്‍ഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പക്ക് ജര്‍മന്‍, വത്തിക്കാന്‍ പൗരത്വങ്ങളുണ്ട്.

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരുമായ ഇദ്ദേഹം സഭയുടെ പരന്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമര്‍ശകര്‍ ചിത്രീകരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍റെ അടുത്ത സഹായിയായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍, മാര്‍പ്പാപ്പയാകുന്നതിനു മുന്‍പ്‌ ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്‍റ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍,വിശ്വാസ തിരുസംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

എഴുപത്തെട്ടാം വയസില്‍ മാര്‍പ്പാപ്പയായ ബെനെഡ്കിട് പതിനാറാമന്‍ ക്ലമന്‍റ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജര്‍മ്മനിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒന്‍പതാമത്തെ മാര്‍പ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീന്‍, ഗ്രീക്ക്‌, ഹീബ്രു ഭാഷകള്‍ വശമുള്ള മാര്‍പ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

കാലഘട്ടത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാര്‍ത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയില്‍ ആദ്യ വര്‍ഷങ്ങളില്‍ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.

ജീവിതരേഖ

ബാല്യ കൌമാരങ്ങള്‍

ജര്‍മ്മനിയിലെ ബവേറിയയിലുള്ള മാര്‍ക്ടല്‍ ആം ഇന്‍ (Marktl am Inn) എന്ന സ്ഥലത്തായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ ജനനം.ജനന ദിവസംതന്നെ മാമ്മോദീസയുംനടന്നു. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗര്‍ സീനിയറിന്‍റെയുംമരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു. മരിയയുടെ കുടുംബ വേരുകള്‍ ഇറ്റലിയിലെ ബൊല്‍സാനൊ-ബോസെന്‍ മേഖലയിലാണ്. ജോസഫ് റാറ്റ്സിംഗര്‍ സീനിയറുമായുള്ള വിവാഹത്തിനു മുന്പ് മരിയ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.

മാര്‍പാപ്പയുടെ സഹോദരന്‍ ഫാ. ജോര്‍ജ് റാറ്റ്സിംഗര്‍ ജര്‍മനിയിലെ റീഗന്‍സ്ബര്‍ഗില്‍ സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം റീഗന്‍സ്ബര്‍ഗ് കത്തീഡ്രല്‍ ഗായകസംഘം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിവാഹിതയായിരുന്ന സഹോദരി മരിയ 1991ല്‍ മരണം വരെ ബവേറിയയിലെ കുടുംബവീടിന്‍റെ ചുമതല വഹിച്ചിരുന്നു.

സാല്‍സ്‌ബര്‍ഗില്‍നിന്നും 30 കിലോമീറ്റര്‍ അകലെ ,ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ട്രോണ്‍സ്റ്റീന്‍ ഗ്രാമത്തിലാണ്‌ ജോസഫ്‌ റാറ്റ്‌സിംഗര്‍ ബാല്യ, കൗമാരങ്ങള്‍ ചെലവഴിച്ചത്‌. ബാല്യത്തില്‍തന്നെ അദ്ദേഹം പൗരോഹിത്യത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഇടവകയില്‍ സന്ദര്‍ശനം നടത്തിയ മ്യൂണിക്ക്‌ കര്‍ദ്ദിനാളിനെ വരവേറ്റ കുട്ടികളുടെ സംഘത്തില്‍ അഗമായിരുന്ന അഞ്ചു വയസുകാരന്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍ കര്‍ദ്ദിനാളിന്‍റെ സ്‌നേഹമസൃണമായ പെരുമാറ്റത്തില്‍ ആകൃഷ്‌ടനായി, തനിക്കും ഒരു കര്‍ദ്ദിനാളാകണമെന്ന്‌ അന്ന്‌ മാതാപിതാക്കളോടു പറഞ്ഞു.

1941ല്‍ പതിനാലാം പിറന്നാളിനു പിന്നാലെ ജോസഫ്‌ റാറ്റ്‌സിംഗര്‍ ,നാസി യുവ സംഘടനയായ ഹിറ്റ്ലര്‍ യൂത്തില്‍അംഗമായി. അക്കാലത്ത്‌ ജര്‍മനിയില്‍ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റലര്‍ യൂത്തില്‍ പ്രവര്‍ത്തിച്ചിരിക്കണമെന്ന്‌ നിഷ്‌കര്‍ഷയുണ്ടായിരുന്നു. കത്തോലിക്കാ വിരുദ്ധരാണെന്ന്‌ കരുതിയിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവ്‌ ജോസഫ്‌ ജോസഫ്‌ റാറ്റ്‌സിംഗര്‍ സീനിയര്‍ നാസികര്‍ക്ക്‌ എതിരായിരുന്നു. അതുകൊണ്ടുതന്നെ ഹിറ്റ്‌ലര്‍ യൂത്തില്‍ സജീവമാകാന്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍ തല്‍പരനായിരുന്നില്ലെന്ന്‌ മാര്‍പ്പാപ്പയുടെ ജീവചരിത്രകാരന്‍ ജോണ്‍ എല്‍ അലെന്‍ ജൂനിയര്‍ വ്യക്തമാക്കുന്നു.

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന്‌ വൈദികനെ നാസികര്‍ ആക്രമിക്കുന്നത്‌ ഉള്‍പ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു വളര്‍ന്നത്‌ ജോസഫിന്‍റെ വിശ്വാസം കൂടുതല്‍ ശക്തമാക്കി.

വൈകാതെ സെമിനാരിയില്‍ ചേര്‍ന്ന ജോസഫ്‌ റാറ്റ്‌സിംഗര്‍ 1943ല്‍ പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ജര്‍മനിനിയിലെ ആന്‍റി എയര്‍ക്രാഫ്‌റ്റ്‌ കോര്‍പ്‌സ്‌ വിഭാഗത്തില്‍ സഹായിയായി സേവനമനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ജര്‍മന്‍ കാലാള്‍പടയില്‍ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന്‌ കടുത്ത സൈനിക ജോലികളില്‍നിന്ന്‌ ഒഴിവു ലഭിച്ചു. റാറ്റ്‌സിംഗറുടെ സ്വദേശം ഉള്‍പ്പെടുന്ന മേഖലയില്‍ അമേരിക്കന്‍ സൈന്യം ചുവടുറപ്പിച്ചതിനെ തുടര്‍ന്ന്‌ അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പില്‍ അടക്കപ്പെട്ടു. 1945ല്‍ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗര്‍ അതേ വര്‍ഷം നവംബറില്‍ സഹോദരന്‍ ജോര്‍ജിനൊപ്പം വീണ്ടും സെമിനാരിയില്‍ തിരിച്ചെത്തി. ട്രോണ്‍സ്റ്റീനിലെ സെന്‍റ് മൈക്കിള്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. 1946 മുതല്‍ 1951 വരെ മ്യൂണിക്ക്‌ സര്‍വകലാശാലക്കു കീഴിലുള്ള ഫ്രെയ്‌സിംഗ്‌ സ്‌കൂളില്‍ തത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു.

പൗരോഹിത്യം, അധ്യാപനം

1951 ജൂണ്‍ 29ന്‌ ഫ്രെയ്‌സിംഗില്‍ മ്യൂണിക്കിലെ കര്‍ദ്ദിനാള്‍ മൈക്കിള്‍ വോണ്‍ ഫോള്‍ഹാര്‍ബറില്‍നിന്ന്‌ ഇരുവരും തിരുപ്പട്ടം സ്വീകരിച്ചു. 1953ല്‍ ജോസഫ്‌ റാറ്റ്‌സിംഗറിന്‌ ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ ലഭിച്ചു. വിശുദ്ധ അന്തോനീസിന്‍റെ സഭാ നിയമങ്ങളിലെ ജനങ്ങളും ദൈവഭവനവും എന്നതായിരുന്നു ഗവേഷണ വിഷയം. നാലു വര്‍ഷത്തിനുശേഷം വിഖ്യാത ഫണ്ടമെന്റല്‍ തിയോളജി പ്രഫസര്‍ ഗോട്ടിലെബ്‌ സൊഹെന്‍ഗെനിന്‍റെ കീഴില്‍ സര്‍വകലാശാലാ ആധ്യാപനത്തിനുള്ള യോഗ്യത നേടി. വിശുദ്ധ ബോണവെഞ്ചറിനെക്കുറിച്ചായിരുന്നു റാറ്റ്‌സിംഗര്‍ ഗവേഷണ പഠനം നടത്തിയത്‌.

1959ല്‍ ബോണ്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. വിശ്വാസത്തിന്‍റെയും തത്വശാസ്‌ത്രത്തിന്‍റെയും ദൈവം എന്ന വിഷയത്തിലായിരുന്നു ആദ്യ ക്ലാസ്‌. 1963ല്‍ മുന്‍സ്റ്റെര്‍ സര്‍വകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട്‌ ദൈവശാസ്‌ത്ര പണ്ഡിതനെന്ന നിലയില്‍ വിഖ്യാതനായിക്കഴിഞ്ഞ ഫാ. ജോസഫ്‌ റാറ്റ്‌സിംഗര്‍ മുന്‍സ്റ്റെറില്‍ നിറഞ്ഞ സദസ്സിനു മുമ്പാകെയാണ്‌ ആദ്യ പ്രഭാഷണം നടത്തിയത്‌.

മുതല്‍ 1963 വരെ ബോണില്‍ അധ്യാപകനായിരുന്നു. 1962 മുതല്‍ 65 വരെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ ജോസഫ്‌ ഫ്രിംഗ്‌സിന്‍റെ ദൈവശാസ്‌ത്ര ഉപദേശകനെന്ന നിലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇക്കാലയളവില്‍ ഹാന്‍സ്‌ കുംഗ്‌, എഡ്വേഡ്‌ ഷില്ലെബീക്‌സ്‌ തുടങ്ങിയവര്‍ക്കൊപ്പം സഭയിലെ പരിഷ്‌കരണ വാദികളായ ദൈവശാസ്‌ത്രജ്ഞരിലൊരാളായി കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ അംഗീകരിക്കപ്പെട്ടു. ദൈശവശാസ്‌ത്രത്തിലെ അഗാധ പാണ്ഡിത്യം കണക്കിലെടുത്ത്‌ ജര്‍മന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്‍റെയും അന്താരാഷ്‌ട്ര ദൈവശാസ്‌ത്ര കമ്മീഷന്‍റെയും നിര്‍ണായക പദവികളില്‍ അദ്ദേഹം നിയമിതനായി.

1963 മുതല്‍ 1966 വരെ മുന്‍സ്റ്റെറിലും 1966 മുതല്‍ 1969 വരെ തുബിന്‍ഗെനിലും അധ്യാപകനായി പ്രവര്‍ത്തിച്ചു. 1969ല്‍ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ ഗവേഷണ മേധാവിയായും സര്‍വകലാശാലാ വൈസ്‌ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. 1968ല്‍ എഴുതിയ ക്രിസ്‌തീയതക്ക്‌ ആമുഖം എന്ന പുസ്‌തകത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ സഭയിലെ ഭിന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ മാര്‍പ്പാപ്പ ബാധ്യസ്ഥനാണെന്ന്‌ റാറ്റ്‌സിംഗര്‍ ചൂണ്ടിക്കാട്ടി. സഭക്ക്‌ കേന്ദ്രീകൃത സ്വഭാവും നിയമ വിധേയത്വവും കൂടുതലാണെന്നും റോമില്‍നിന്ന്‌ അമിത നിയന്ത്രണമുണ്ടെന്നും അദ്ദഹം എഴുതി.

1969ല്‍ റീഗന്‍സ്‌ബര്‍ഗ്‌ സര്‍വകലാശാലയില്‍ സേവനമാരംഭിച്ച റാറ്റ്‌സിംഗര്‍ ഹാന്‍സ്‌ ഉര്‍സ വോണ്‍ ബല്‍ത്തസര്‍, ഹെന്റി ഡേ ലുബാക്‌, വാള്‍ട്ടര്‍ കാസ്‌പെര്‍ തുടങ്ങിയവര്‍ക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്‌ത്ര പ്രസിദ്ധീകരണത്തിന്‍റെ പ്രസാധനത്തിന്‌ മുന്‍കൈ എടുത്തു. 1972ലാണ്‌ കമ്യൂണോയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത്‌. പില്‍ക്കാലത്ത്‌ ഒന്നാംകിട കത്തോലിക്കാ ദൈവശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലൊന്നായി വളര്‍ന്ന കമ്യൂണോ ഇന്ന്‌ പതനേഴു ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ കമ്യൂണോയുടെ പ്രധാന എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.

അര്‍ച്ച്‌ബിഷപ്പ്‌, കര്‍ദ്ദിനാള്‍

1977 മാര്‍ച്ച്‌ 25ന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ജോസഫ്‌ റാറ്റ്‌സിംഗറെ മ്യൂണിക്‌ ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചു. അതേ വര്‍ഷം മെയ്‌ 28ന്‌ അദ്ദേഹം അഭിഷിക്തനായി. എണ്‍പതു വര്‍ഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം.

അതേ വര്‍ഷം ജൂണ്‍ 27ന്‌ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ റാറ്റ്‌സിംഗറെ കര്‍ദ്ദിനാളായി ഉയര്‍ത്തി. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത 1978 ഓഗസ്റ്റിലെ പേപ്പല്‍ കോണ്‍ക്ലേവില്‍പങ്കെടുത്ത കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ അതേ വര്‍ഷം സെപ്‌റ്റംബറില്‍ ഇക്വഡോറിലെ ഗുയൈക്വിലില്‍ നടന്ന പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട മൂന്നാമത്‌ രാജ്യാന്തര സമ്മേളനത്തില്‍ മാര്‍പ്പാപ്പയെ പ്രതിനിധീകരിച്ചു. ഒക്‌ടോബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്ത കോണ്‍ക്ലേവിലും പങ്കെടുത്തു. 1980ല്‍ ഇന്നത്തെ ലോകത്ത്‌ ക്രിസ്‌തീയ കുടുംബത്തിന്‍റെ ദൗത്യം എന്ന വിഷയത്തില്‍ നടന്ന അഞ്ചാമത്ത്‌ സാധാരണ ജനറല്‍ അസംബ്ലിയുടെ റിലേറ്ററായിരുന്ന അദ്ദേഹം 1983ല്‍ ആറാമത്‌ ജനറല്‍ അസംബ്ലിയുടെ ഡെലഗേറ്റ്‌ പ്രസി‍ഡന്‍റായിരുന്നു.

വിശ്വാസ തിരുസംഘം അധ്യക്ഷന്‍

1981 നവംബര്‍ 25ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്‍റെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്‌ത്ര കമ്മീഷന്‍റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍റെയും പ്രസിഡന്‍റായും നിയമിച്ചു.

1982 ഫെബ്രുവരി 15ന്‌ മ്യണിക്‌ ആന്റ്‌ ഫ്രൈയ്‌സിംഗ്‌ അതിരൂപതയുടെ അജപാലന ചുമതല അദ്ദേഹം രാജിവെച്ചു. 1993 ഏപ്രില്‍ അഞ്ചിന്‌ മാര്‍പ്പാപ്പ അദ്ദേഹത്തെ വെല്ലെറ്റി -സെഗ്നി കര്‍ദ്ദിനാള്‍ ബിഷപ്പായും1998 നവംബര്‍ ആറിന്‌ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ വൈസ്‌ ഡീനായും 2002 നവംബര്‍ 30ന്‌ ഡീനായും ഉയര്‍ത്തി.

ഇക്കാലങ്ങളിലെല്ലാം ജനന നിയന്ത്രണം, സ്വവര്‍ഗ ലൈംഗീകത, മതാന്തര സംവാദം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ അരക്കിട്ടുറപ്പിക്കുന്നതില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. വിശ്വാസ തിരുസംഘത്തിന്‍റെ പ്രിഫെക്‌ട്‌ ആയിരിക്കെ ലാറ്റിന്‍ അമേരിക്കയിലെ ചില വിമോചന ദൈവശാശ്‌ത്ര പ്രചാരകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 1984ലും 1986ലും വിമോചന ദൈവശാസ്‌ത്രത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ ഇത്‌ മനുഷ്യര്‍ക്കിടയില്‍ വെറുപ്പം ആക്രമണോത്സുകതയും വളര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ്‌ പ്രവണതയാണെന്ന്‌ ആരോപിച്ചു. റോമന്‍ കൂരിയയില്‍ പൗരസ്‌ത്യ തിരുസംഘം ഉള്‍പ്പെടെ നിരവധി വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌.

മാര്‍പ്പാപ്പ തെരഞ്ഞെടുപ്പ്‌

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മരിക്കുകയോ പദവിയില്‍ തുടരാനാകാത്ത വിധം അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിക്കുകയോ ചെയ്യുന്ന പക്ഷം പിന്‍ഗാമായാകന്‍ പരിഗണിക്കപ്പെടുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ളത്‌ കര്‍ദ്ദിനാള്‍ ജോസഫ്‌ റാറ്റ്‌സിംഗറാണെന്ന്‌ പേരു വെളിപ്പെടുത്താത്ത വത്തിക്കാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈം മാസിക 2005 ജനുവരിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മരണത്തിനു പിന്നാലെ കര്‍ദ്ദിനാള്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍ അടുത്ത മാര്‍പ്പാപ്പയാകുമെന്ന്‌ ഏറെക്കുറെ ഉറപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2005 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു പേരുടെ പട്ടികയിലേക്ക്‌ അദ്ദേഹത്തെ ടൈം മാസിക തെരഞ്ഞെടുത്തു.

അതേസമയം ആധുനിക കാലത്ത്‌ മാര്‍പ്പായുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രവചനങ്ങള്‍ അപൂര്‍വമായേ യാഥാര്‍ത്ഥ്യമായിട്ടുള്ളു എന്നതുകൊണ്ട്‌ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ക്ക്‌ സാധ്യതയില്ലെന്ന പ്രചാരണങ്ങളുമുണ്ടായി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും മുന്‍ഗാമിയായ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയും അപ്രതീക്ഷിതമായാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

അതുകൊണ്ടുതന്നെ സാധ്യതാ പട്ടികയില്‍ മുന്‍നിരക്കാരനായിരുന്ന കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു തരത്തില്‍ അപ്രതീക്ഷിതമായി. 2005 ഏപ്രില്‍ 19ന്‌ പേപ്പല്‍ കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു ഇത്‌ എന്നോടു ചെയ്യരുതേ എന്ന്‌...പക്ഷെ, ഇക്കുറി അവിടുന്ന്‌ എന്റെ പ്രാര്‍ത്ഥന കേട്ടില്ല. വിരമിക്കുന്നതിന്‌ താന്‍ മുന്‍പ്‌ ആഗ്രഹം പ്രകടിപ്പിച്ചതു പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.

മധ്യകാലഘട്ടത്തിലെ വിഖ്യതാനായ ജര്‍മന്‍ മാര്‍പ്പാപ്പലിയോ ഒമ്പതാമന്‍റെ ഓര്‍മദിവസമാണ്‌ ജര്‍മനിയില്‍നിന്നുള്ള പുതിയ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌ എന്നതും ശ്രദ്ധേയമായി.

കര്‍ദ്ദിനാള്‍ തിരുസംഘത്തിന്‍റെ പ്രോട്ടോഡീക്കന്‍ ജോര്‍ജ്‌ മെദിന എസ്‌തെവെസ്‌ പുതിയ മാര്‍പ്പാപ്പയുടെ പേരു പ്രഖ്യാപിച്ചു. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക പരിസരത്ത്‌ തടിച്ചുകൂടിയിരുന്ന വിശ്വാസി സമൂഹത്തെ ഇറ്റാലിയന്‍, സ്‌പാനിഷ്‌, ഫ്രഞ്ച്‌, ജര്‍മന്‍, ഇംഗ്ലീഷ്‌ ഭാഷകളില്‍ അഭിസംബോധന ചെയ്‌ത ശേഷമാണ്‌ കര്‍ദ്ദിനാള്‍ എസ്‌തെവെസ്‌ ലത്തീന്‍ ഭാഷയില്‍ പ്രഖ്യാപനം നടത്തിയത്‌.

ബസലിക്കയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ മാര്‍പ്പാപ്പ ഇറ്റാലിയനിലാണ്‌ ആദ്യമായി സംസാരിച്ചത്‌. തുടര്‍ന്ന്‌ ലത്തീന്‍ ഭാഷയില്‍ പരമ്പരാഗത ഉര്‍ബി ഇത്‌ ഓര്‍ബി പ്രഭാഷണം നടത്തി.

പ്രിയ സഹോദരി സഹോദരന്‍മാരേ, ശ്രേഷ്‌ഠനായ ജോണ്‍ പോള്‍ രണ്ടാമനു ശേഷം കര്‍ദ്ദിനാള്‍മാര്‍ ദൈവത്തിന്‍റെ മുന്തിരിത്തോപ്പിലെ വിനീത വേലക്കാരനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ഉപകരണങ്ങളുടെ അപര്യാപ്‌തത എനിക്കു മുന്നിലുണ്ടെങ്കിലും എങ്ങനെ ജോലി ചെയ്യണമെന്ന്‌ ദൈവത്തിനറിയാം. എല്ലാത്തിനുമപരിയായി എന്നെ നിങ്ങളുടെ പ്രാര്‍ത്ഥനക്കായി സമര്‍പ്പിക്കുന്നു. തിരുവുദ്ധാനത്തിന്‍റെ ആഹ്ലാദത്തിലും അവിടുത്തെ അവസാനിക്കാത്ത കൃപാകടാക്ഷത്തിലുള്ള ആത്മവിശ്വാസത്തിലും നമുക്ക്‌ മുന്നോട്ടു നീങ്ങാം. ദൈവം നമ്മെ സഹായിക്കും. അവിടുത്തെ പരിശുദ്ധ മാതാവ്‌ നമ്മോടൊപ്പമുണ്ടാകും. നന്ദി.

ഏപ്രില്‍ 24ന്‌ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രഥമ ദിവ്യബലി മധ്യേ അദ്ദേഹത്തെ പാല്ലിയവും മുക്കുവന്‍റെ മോതിരവും അണിയിച്ചു. മെയ്‌ ഏഴിന്‌ അദ്ദേഹം തന്റെ കത്തീഡ്രല്‍ ദേവാലയമായ അര്‍ച്ച്‌ സെന്‍റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്‌ ബസിലിക്കയുടെ ചുമതലയേറ്റു.

പേര്‌

നുര്‍സിയയിലെ വിശുദ്ധ ബെനെഡിക്‌ടിന്റെയും ഒന്നാം ലോക മഹായുദ്ധ കാലത്തെ മാര്‍പ്പാപ്പയായിരുന്ന ബെനെഡിക്‌ട്‌ പതിനഞ്ചാമന്‍റെയും ബഹുമാനാര്‍ത്ഥമാണ്‌ അനുഗ്രഹീതന്‍ എന്ന്‌ അര്‍ത്ഥമുള്ള ബെനെഡിക്‌ട്‌ എന്ന പേര്‌ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ തെരഞ്ഞെടുത്തത്‌.

സഭാഭരണം

പുതിയ മാര്‍പ്പാപ്പയുടെ പ്രഥമ ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍മാര്‍ ഓരോരുത്തരായി അദ്ദേഹത്തോട്‌ വിധേയത്വം പ്രഖ്യാപിച്ച്‌ ആശീര്‍വാദം വാങ്ങുന്ന പതിവുണ്ട്‌. ഇതിനു പകരം ബെനഡിക്‌ട്‌ പതിനാറാമന്‍റെ പ്രഥമ ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍മാര്‍ വൈദികര്‍ അല്‍മായര്‍,ദമ്പതികള്‍, കുട്ടികള്‍, പുതിയതായി സ്ഥൈര്യലേപനം സ്ഥീകരിച്ചവര്‍ തുടങ്ങിവരുടെ പ്രതിനിധികളായി പന്ത്രണ്ടുപേര്‍ അദ്ദേഹത്തിന്‌ ആശംസയറിയിക്കുകയായിരുന്നു. (തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുതന്നെ കര്‍ദ്ദിനാള്‍മാര്‍ മാര്‍പ്പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിച്ചിരുന്നു).

വിശ്വാസികളോട്‌ കൂടുതല്‍ അടുത്ത്‌ ഇടപഴകുന്നതിനായി തുറന്ന പേപ്പല്‍ കാറാണ്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ തെരഞ്ഞെടുത്തത്‌. റോമിന്‍റെ മെത്രാന്‍ എന്ന നിലയില്‍ എല്ലാ വര്‍ഷാരംഭത്തിലും സിസ്റ്റൈന്‍ ചാപ്പലില്‍ നവജാതത ശിശുക്കളെ മാമ്മോദീസ മുക്കുന്ന ചടങ്ങ്‌ ജോണ്‍ പോള്‍ രണ്ടാമനെപ്പോലെ ബെനെഡിക്‌ട്‌ പതിനാറാമനും തുടര്‍ന്നു.

മാര്‍പ്പാപ്പയുടെ സ്ഥാനിക മുദ്രയില്‍ ലൗകീക അധികാരത്തിന്‍റെ പ്രതീകമായിരുന്ന മൂന്നു തട്ടുകളുള്ള കിരീട (റ്റിയാറ )ത്തിനു പകരം ആത്മീയാധികാരത്തിന്‍റെ പ്രതീകമായ പൗരാണിക കിരീടം(മെറ്റ്‌ര്‍) ഉള്‍പ്പെടുത്തി. പരമ്പരാഗതമായ പാല്ലിയവും അദ്ദേഹം ധരിക്കുന്നുണ്ട്‌.

നാമകരണ നടപടികള്‍

തന്റെ മുന്‍ഗാമിയായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്‍റെ പ്രാരംഭ നടപടിയായ നാമകരണത്തിന്‌ 2005 മെയ്‌ ഒമ്പതിന്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ തുടക്കം കുറിച്ചു. സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ച്‌ ചുരുങ്ങിയത്‌ അഞ്ചു വര്‍ഷം പിന്നിട്ട ശേഷമാണ്‌ നാമകരണ പ്രക്രിയ ആരംഭിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഈ സമയപരിധിയില്‍ മാറ്റം വരുത്താവുന്നതാണെന്ന്‌ നാമകരണത്തിന്‍റെ ചുമതല വഹിക്കുന്ന റോം രൂപതാ വികാരി ജനറാള്‍ കാമില്ലോ റൂയിനി വ്യക്താക്കിയിട്ടുണ്ട്‌. മുന്‍പും പ്രത്യേക സാഹചര്യങ്ങളില്‍ അഞ്ചു വര്‍ഷം തികയുന്നതിനു മുന്‍പ്‌ നാമകരണ നടപടി ആരംഭിച്ചിട്ടുണ്ട്‌.

പുതിയ മാര്‍പ്പാപ്പ ചുമതലയേറ്റശേഷം ആദ്യമായി വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്‌ മദര്‍ മരിയാനെ കോപെയും മദര്‍ അസെന്‍ഷന്‍ നിക്കോള്‍ ഗോണിയുമാണ്‌. 2005 മെയ്‌ 14ന്‌ വിശുദ്ധീകരണ തിരുസംഘത്തിന്‍റെ പ്രീഫെക്‌ടായ കര്‍ദ്ദിനാള്‍ ഹോസെ സരാവിയ മാര്‍ട്ടിന്‍സാണ്‌ നാമകരണം നിര്‍വഹിച്ചത്‌.

മുന്‍ഗാമികളുടെ പതിവില്‍നിന്ന്‌ വ്യത്യസ്‌തമായാണ്‌ വിശുദ്ധീകരണ തിരുക്കര്‍മകളുടെ കാര്‍മികനായി വിശുദ്ധീകരണ തിരുസംഘത്തിന്റെ പ്രീഫെക്‌ടിനെ ബെനെഡിക്‌ട്‌ പതിനാറാമന്‍ നിയോഗിച്ചത്‌.

വിശുദ്ധരെ പ്രഖ്യാപിക്കല്‍

2005 ഒക്‌ടോബര്‍ 23ന്‌ മെത്രാന്‍മാരുടെ സിനഡിന്‌ സമാപനം കുറിച്ച്‌ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ദിവ്യബലിയിലാണ്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ചുമതലേയേറ്റശേഷം ആദ്യമായി വിശുദ്ധരുടെ പ്രഖ്യാപനം നടന്നത്‌. ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ ബില്‍സെവ്‌സ്‌കി(ഉക്രൈന്‍), ഫാ. ആല്‍ബെര്‍ട്ടോ ഹുര്‍ട്ടാഡോ(ചിലി), ഫാ. സിഗ്‌മണ്ട്‌ ഗൊരാസ്‌ദോവ്‌സ്‌കി(പോളണ്ട്‌), ഫാ. ഗയെറ്റാനൊ കറ്റനോസോ(ഇറ്റലി) എന്നിവരെയാണ്‌ അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചത്‌.

പ്രബോധനങ്ങള്‍

യേശുക്രിസ്‌തുവുമായുള്ള സൗഹൃദം എന്നതാണ്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പ്രബോധനങ്ങളുടെ പ്രധാന വിഷയം. കൃത്രിമ ജനനനിയന്ത്രണം, ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളില്‍ വളരെ കടുത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. ഈ വിഷയങ്ങളില്‍ തന്‍റെ മുന്‍ഗാമിയെപ്പോലെ അദ്ദേഹം സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സ്വതന്ത്ര ചിന്താഗതികള്‍ മൂലം പാശ്ചാത്യ ലോകത്ത്‌ സഭയ്ക്കുണ്ടായ ക്ഷീണത്തില്‍നിന്നും കരകയറാന്‍ വിശ്വാസ സംബന്ധിയായി കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കാനാണ്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്‌.

മതസൗഹാര്‍ദ്ദ നീക്കങ്ങള്‍

വിമത കത്തോലിക്കര്‍

റോമന്‍ കത്തോലിക്കാ സഭാ നേതൃത്വവുമായി 1975 മുതല്‍ അഭിപ്രായ ഭിന്നതയില്‍ കഴിയുന്ന വിശുദ്ധ പത്താം പീയുസിന്റെ സമൂഹത്തിന്റെ പ്രതിനിധി ബിഷപ്പ്‌ ബെര്‍നാഡ്‌ ഫെലേയുമായി 2006 ഓഗസ്റ്റ്‌ 29ന്‌ മാര്‍പ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗറെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തതിനെ ബിഷപ്പ്‌ ബെര്‍നാഡ്‌ ഫെലേ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു.

ഓര്‍ത്തഡോക്‌സ്‌ സഭകള്‍

വത്തിക്കാന്‍ ഇയര്‍ ബുക്കില്‍നിന്ന്‌ പടിഞ്ഞാറിന്റെ പാത്രിയാര്‍ക്കീസ്‌ എന്ന തന്റെ പദവി നീക്കം ചെയ്യാനുള്ള ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ തീരുമാനത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമിനിക്കല്‍ ഓര്‍ത്തഡോക്‌സ്‌ പാത്രിയാര്‍ക്കേറ്റിലെ മെത്രാന്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്‌തുവിന്റെ വികാരി, ആഗോള സഭയുടെ പരമോന്നത വൈദികന്‍ എന്നീ വിശേഷണങ്ങള്‍ നിലനിര്‍ത്തി പടിഞ്ഞാറിന്റെ പാത്രീയാര്‍ക്കീസ്‌ എന്ന പദവി നീക്കം ചെയ്യുന്നത്‌ മാര്‍പ്പാപ്പക്ക്‌ ആഗോള തലത്തിലുള്ള അധികാരത്തിന്റെ പരോക്ഷ സൂചനയാണെന്നും ഇത്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിഭാഗങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും 2006 ജൂണ്‍ എട്ടിന്‌ ഓര്‍ത്തഡോക്‌സ്‌ ബിഷപ്പ്‌സ്‌ സിനഡ്‌ സെക്രട്ടറി പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പടിഞ്ഞാറിന്റെ പാത്രിയാര്‍ക്കീസ്‌ എന്ന വിശേഷണം ഒഴിവാക്കിയതിനു പിന്നില്‍ പൗരസ്‌ത്യ പാത്രിയാര്‍ക്കേറ്റിന്റെ പ്രാധാന്യം കുറക്കാനുള്ള ഉദ്ദേശ്യമില്ലെന്ന്‌ ക്രൈസ്‌തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്‌പെര്‍ വ്യക്തമാക്കിയെങ്കിലും ഓര്‍ത്തഡോക്‌സ്‌ സിനഡ്‌ ഇത്‌ അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഏതന്‍സ്‌ ആര്‍ച്ച്‌ബിഷപ്പ്‌ ക്രിറ്റോഡോളസ്‌ 2006 ഡിസംബര്‍ 13ന്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ഗ്രീസിലെ സഭയുടെ പ്രതിനിധി വത്തിക്കാനില്‍ നടത്തുന്ന പ്രഥമ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്‌.

പ്രൊട്ടസ്റ്റന്റ്‌ സഭകള്‍

ഫ്രാന്‍സിലെ പ്രധാന പ്രൊട്ടസ്റ്റന്റ്‌ സഭാ വിഭാഗമായ റീഫോംഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഫ്രാന്‍സിന്‌ 2005ല്‍ മാര്‍പ്പാപ്പ സന്ദേശമയച്ചിരുന്നു. പരിഗണനയുടെ സൂചനകള്‍ നല്‍കിയതിന്‌ സഭാ പ്രതിനിധികള്‍ മാര്‍പ്പാപ്പക്ക്‌ നന്ദി അറിയിച്ചു. അതേ വര്‍ഷം ജര്‍മനിയിലെ കോളോണില്‍ നടത്തിയ പ്രഭാഷണത്തിലും അദ്ദേഹം പ്രൊട്ടസ്റ്റന്റ്‌ സഭകളെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. 2006ല്‍ ആഗ്ലീക്കന്‍ സഭാ നേതാവായ കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പ്‌ റൊവാന്‍ വില്യംസുമായി മാര്‍പ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. ഇരു സഭകളും തമ്മില്‍ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന സംവാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംയുക്ത പ്രസ്‌താവന ഇരുവരും ചേര്‍ന്ന്‌ പുറത്തിറക്കുകയും ചെയ്‌തു. 2008 ജനുവരിയില്‍ യോര്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്പ്‌ ജോണ്‍ സെന്റാമുവുമായി മാര്‍പ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി.

ലേറ്റര്‍ ഡേ സെയ്‌ന്‍റ്സ്‌

2008ല്‍ അമേരിക്കന്‍ പര്യടന വേളയില്‍ മാര്‍പ്പാപ്പയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വമതപ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ദ ചര്‍ച്ച്‌ ഓഫ്‌ ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ്‌ ലേറ്റര്‍ ഡേ സെയ്‌ന്റ്‌സ്‌ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. ഇതാദ്യമായാണ്‌ മാര്‍പ്പാപ്പയുടെ ഒരു ചടങ്ങില്‍ ഈ സഭക്ക്‌ ക്ഷണം ലഭിച്ചത്‌.

മതാന്തര സംവാദം

മറ്റു മതങ്ങളുമായി സംവാദം നടത്താനും ബന്ധം മെച്ചപ്പെടുത്താനും ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ വിവാദങ്ങള്‍ക്ക്‌ വഴിതെളിക്കുകയും ചെയ്‌തു.

യഹൂദ മതം

ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ ലോക ജൂത കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്‌തിരുന്നു. ജൂത മതത്തിന്റെ ചരിത്രത്തോടും ഹിറ്റ്ലറുടെ കൂട്ടക്കുരിതിയോടും അദ്ദേഹം പുലര്‍ത്തുന്ന വൈകാരികമായ സമീപനത്തെ കോണ്‍ഗ്രസ്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ജൂത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഒരു പോളിഷ്‌ വൈദികനുമായി മാര്‍പ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തിയത്‌ ആഗോള വ്യാപകമായി ജൂതന്‍മാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. മാര്‍പ്പാപ്പയുടെ നടപടി തങ്ങളെ ഞെട്ടിച്ചതായി യൂറോപ്യന്‍ ജൂത കോണ്‍ഗ്രസ്‌ വത്തിക്കാനയച്ച കത്തില്‍ വ്യക്തമാക്കി.

ഇസ്‌ലാം

താന്‍ മുന്‍പ്‌ അധ്യാപകനായിരുന്ന ജര്‍മനിയിലെ റീഗന്‍സ്‌ബര്‍ഗ്‌ സര്‍വകലാശാലയില്‍ 2006 സെപ്‌റ്റംബറില്‍ നടത്തിയ പ്രഭാഷണത്തിനിടെ ബെനെഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്‌ലിം സമൂദായത്തിന്റെ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കി. ഇതേ തുടര്‍ന്ന്‌ മാര്‍പ്പാപ്പ ക്ഷമാപണം നടത്തി.

ബുദ്ധമതം

മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിബത്തന്‍ ബുദ്ധമതസ്ഥരുടെ ആത്മീയാചാര്യന്‍ ദലൈലാമ ബെനെഡിക്‌ടിക്‌ പതിനാറാമനെ അഭിനന്ദിച്ചിരുന്നു. 2008 ഒക്‌ടോബറില്‍ ദലൈലാമ വത്തിക്കാന്‍ സന്ദര്‍ശിച്ചു.

രചനകള്‍

ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ ഇദ്ദേഹം. ക്രിസതീയതക്ക്‌ ഒരു ആമുഖം എന്ന പേരില്‍ 1968ല്‍ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്‌. ദൈവശാസ്‌ത്രത്തില്‍ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ രചനകള്‍.

ആരോഗ്യം

പ്രായാധിക്യവുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും എഴുത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ടും വിശ്വാസ തിരുസംഘത്തിന്‍റെ അധ്യക്ഷ പദവിയില്‍നിന്ന്‌ രാജിവെക്കാന്‍ തീരുമാനിച്ച കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ മൂന്നു തവണ രേഖാമൂലം രാജി സമര്‍പ്പിച്ചിരുന്നു. പക്ഷെ, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച്‌ തുടരുകയായിരുന്നു.

1991 സെപ്‌റ്റംബറില്‍ പക്ഷാഘാതത്തെ തുടര്‍ന്ന്‌ കാഴ്‌ച്ചശക്തി താല്‍കാലികമായി ക്ഷയിച്ചു. 1992ല്‍ ആല്‍പ്‌സില്‍ അവധിക്കാലം ചെലവഴിക്കവെ വീണ്‌ തലക്ക്‌ പരിക്കേറ്റിരുന്നു. 2005 മേയില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ക്ക്‌ വീണ്ടും നേരിയ പക്ഷാഘാതമുണ്ടായതായി വത്തിക്കാന്‍ വെളിപ്പെടുത്തി. അദ്യത്തെ പക്ഷാഘാതം അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചതായും അതുകൊണ്ട്‌ മരുന്ന്‌ കഴിക്കുന്നതായും വെളിപ്പെടുത്തലുണ്ടായി.

പൊതു വിവരങ്ങള്‍

ഉപേക്ഷിക്കപ്പെടുകയോ മറവിയിലാകുകയോ ചെയ്ത പല സ്ഥാനിക വേഷങ്ങളും ചിഹ്നങ്ങളും ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ പുനരവതരിപ്പിച്ചു. ചുവന്ന നിറമുള്ള പേപ്പല്‍ ഷൂസാണ്‌ ഇതില്‍ ഏറെ ശ്രദ്ധേയം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ആദ്യ നാളുകളില്‍ ഉപയോഗിച്ചിരുന്നെങ്കിലും പേപ്പല്‍ ഷൂസ്‌ പിന്നീട്‌ വിസ്‌മൃതിയിലായിരുന്നു.

ഈ ഷൂസ്‌ ഇറ്റലിയിലെ ഒരു ഫാഷന്‍ ഡിസൈനിംഗ്‌ സ്ഥാപനം നിര്‍മിച്ചതാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നെങ്കിലും ഇത്‌ മാര്‍പ്പാപ്പക്കു വേണ്ടി ഷൂ നിര്‍മിക്കുന്നയാള്‍തന്നെ തന്നെ തയാറാക്കിയതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

മാര്‍പ്പാപ്പമാര്‍ പരമ്പരാഗതമായി ശൈത്യകാലത്ത്‌ ഉപയോഗിച്ചിരുന്ന ചുവന്ന തൊപ്പിയായ കമൗറോ 2005 ഡിസംബര്‍ 21 മുതല്‍ ബെനെഡിക്‌ട്‌ പതിനാറാമന്‍ ഉപയോഗിച്ചു തുടങ്ങി. ജോണ്‍ 23ആമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ്‌ (1958-1963)കമൗറോ ഇതിനു മുമ്പ്‌ ഏറ്റവുമൊടുവില്‍ ഉപയോഗിച്ചത്‌.

പുറത്ത്‌ പോകുമ്പോള്‍ ഉപയോഗിക്കുന്ന കാപെല്ലോ റൊമാനോ എന്ന തൊപ്പിയും ബെനഡിക്‌ട്‌ പതിനാറാമന്‍ പുനരവതരിപ്പിച്ചു. മുന്‍കാല മാര്‍പ്പാപ്പമാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാപെല്ലോ റൊമാനോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇടക്കിടെ മാത്രമെ ധരിച്ചിരുന്നുള്ളൂ. മൂന്ന തരം പേപ്പല്‍ മോസ്സെറ്റയും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. ചുവപ്പു നിറമുള്ള വേനല്‍കാല മോസെറ്റ മാത്രമാണ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ ധരിച്ചിരുന്നത്‌. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ഉപയോഗിച്ചിരുന്ന ശൈത്യകാല മോസ്സെറ്റയും പാസ്‌കല്‍ാസെറ്റയുമാണ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ കൂട്ടിച്ചേര്‍ത്തത്‌.

സ്ഥാനാരോഹണ പ്രഭാഷണത്തില്‍ പാല്ലിയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച്‌ ബെനെഡിക്‌ട്‌ പതിനാറാമന്‍ വിശദമായി പ്രതിപാദിച്ചിരുന്നു. ആദ്യ സഹസ്രാബ്‌ദത്തിലെ മാര്‍പ്പാപ്പമാര്‍ ഉപയോഗിച്ചിരുന്ന പാല്ലിയമാണ്‌ അദ്ദേഹം തെരഞ്ഞെടുത്തത്‌. മാര്‍പ്പാപ്പ പദത്തിന്‍റെയും സഭയുടെയും നൈരന്തര്യം വ്യക്തമാക്കാന്‍ ആരാധനാക്രമവുമായി ബന്ധപ്പെട്ട പല പ്രതീകങ്ങളും അദ്ദേഹം പുനരവതരിപ്പിച്ചു.

മാര്‍പ്പാപ്പയുടെ വേഷവിതാനങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഡംബരമാണെന്ന്‌ വിഖ്യാത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ഫ്രാങ്കോ സെഫെറെലി ആരോപിച്ചിരുന്നു. ഇന്നത്തെ കാലത്ത്‌ സഭാ വസ്‌ത്രങ്ങള്‍ക്ക്‌ അമിത ആഡംബരത്തിന്‍റെ ആവശ്യമില്ല. അമിത ആഡംബരമുള്ള വസ്‌ത്രങ്ങള്‍ മാര്‍പ്പാപ്പയെ ചുറ്റുപാടുകളില്‍നിന്ന്‌ അകറ്റി നിര്‍ത്തുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആരാധനാക്രമ ആഘോഷങ്ങള്‍ പഴയകാലത്തിന്‍റെ തുടര്‍ച്ചയാണെന്ന്‌ വ്യക്തമാക്കാനാണെന്ന്‌ വത്തിക്കാന്‍ പറയുന്നു.

അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍

മാര്‍പ്പാപ്പയായി ചുമതലയേറ്റ് മൂന്നു വര്‍ഷത്തിനുള്ളില്‍തന്നെ ബെനെഡിക്ട് പതിനാറാമന്‍ ഇറ്റലിയിലും പുറത്തും ഒട്ടേറെ അപ്പസ്തോലിക യാത്രകള്‍ നടത്തി.ജന്‍മരാജ്യമായ ജര്‍മനി അദ്ദേഹം രണ്ടു തവണ സന്ദര്‍ശിച്ചു. ലോക യുവജന ദിനാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. ബാല്യകാലം ചെലവഴിച്ച സ്ഥലങ്ങളിലേക്കായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം.

പോളണ്ടിലും സ്പെയിനിലും മാര്‍പ്പാപ്പക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ജര്‍മനിയിലെ റീഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍അദ്ദേഹം നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം കെട്ടടങ്ങും മുന്പായിരുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലേക്കുള്ള യാത്ര. മുസ്ലിം സംഘടനകളുടെ പ്രതിഷേധം മൂലം മാര്‍പ്പാപ്പക്ക് തുര്‍ക്കിയില്‍ കനത്ത സുരക്ഷ ക്രമീകരിച്ചിരുന്നു.ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസുമായി ചേര്‍ന്ന് മാര്‍പ്പാപ്പ നടത്തിയ സംയുക്ത പ്രഖ്യാപനം കത്തോലിക്ക-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള അകലം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

2007ല്‍ ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ബ്രസീല്‍ സന്ദര്‍ശിച്ച മാര്‍പ്പാപ്പ അവിടെ ബിഷപ്പുമാരുടെ സമ്മേളത്തില്‍ പങ്കെടുത്തു. അതേ വര്‍ഷം ജൂണില്‍ വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെജന്‍സ്ഥലമായ അസീസിയേലേക്ക് മാര്‍പ്പാപ്പ തീര്‍ത്ഥയാത്ര നടത്തി. സെപ്റ്റംബറില്‍ ഓസ്ട്രിയയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ മാര്‍പ്പാപ്പ നാസി ക്യാന്പുകളില്‍ കൊല്ലപ്പെട്ട വിയന്നയിലെ ജൂതന്‍മാരുടെ സ്മരണക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.മിറാസസെലിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

അമേരിക്കന്‍ പര്യടനം 2008

വൈദികര്‍ ഉള്‍പ്പെട്ട ലൈംഗീക പീഡന വിവാദങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ റോമന്‍ കത്തോലിക്കാ സഭ രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 2008 ഏപ്രില്‍ 15 മുതല്‍ 20 വരെ ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രാജ്യത്ത് സന്ദര്‍ശനം നടത്തിയത്.

കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ഒരു വൈദികനെ താന്‍ സംരക്ഷിച്ചതായി 2002ല്‍ ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് നടത്തിയ വെളിപ്പെടുത്തലാണ് അമേരിക്കന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കോളിളക്കങ്ങളിലൊന്നിന് നാന്ദി കുറിച്ചത്. വൈദികരുടെ പീഡനങ്ങള്‍ക്ക് വിധേയരായ അനേകമാളുകള്‍ ഇതേ തുടര്‍ന്ന് പരസ്യമായി രംഗത്തെത്തി.1960 മുതല്‍ 2002 വരെ അയ്യായിരത്തോളം വൈദികര്‍ പതിനാലായിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് കണക്ക്. പീഡനത്തിന് ഇരകളായവരും ബന്ധുക്കളും ഉള്‍പ്പെടെ അനേകം പേര്‍ സഭ വിട്ടു. പള്ളികളുടെ ആസ്തികള്‍ വിറ്റുവരെ നഷ്ടപരിഹാരം കൊടുക്കാന്‍ സഭ നിര്‍ബന്ധിതമായി.

ഈ വിവാദത്തോട് മാര്‍പ്പ എങ്ങനെ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ലോകം ഉറ്റുനോക്കിയിരുന്നത്.അമേരിക്കയിലേക്കുള്ള യാത്രാമധ്യേതന്നെ മാര്‍പ്പാപ്പ തന്‍റെ നിലപാട് വ്യക്തമാക്കി.ഒരുപാട് വൈദികര്‍ ഉണ്ടാകുന്നതിനേക്കള്‍ നല്ല വൈദികര്‍ ഉണ്ടാകുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കാതെ സഭയുടെ വീഴ്ച്ചകള്‍ തുടര്‍ച്ചയായി ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്ത മാര്‍പ്പാപ്പ ജനഹൃദയങ്ങള്‍ കീഴടക്കുന്നതാണ് അമേരിക്കയില്‍ കണ്ടത്.

ആദ്യ ദിനത്തില്‍ വാഷിംഗ്ടണില്‍ കര്‍ദ്ദിനാള്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുതല്‍ അവസാന ദിവസം ന്യുയോര്‍ക്ക് യാങ്കി സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍വരെ അദ്ദേഹം വിവാദത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ തയാറായത് ശ്രദ്ധേയമായി. ഇതിനു പുറമെ ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയരായ നാലു പേരുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയ മാര്‍പ്പാപ്പ അവരെ ആശ്വസിപ്പിച്ചു.അമേരിക്കയില്‍ പര്യടനം നടത്തുന്ന മൂന്നാമത്തെ മാര്‍പ്പാപ്പയാണെങ്കിലും പല കാര്യങ്ങളിലും ഒന്നാമത്തെ മാര്‍പ്പാപ്പ എന്ന ഖ്യാതി കുറിച്ചാണ് അദ്ദേഹം മടങ്ങിയത്.

പ്രമാണം:Bush greets Pope.jpg
അമേരിക്കയില്‍ പര്യടനത്തിനെത്തിയ ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയെ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ഭാര്യ ലോറയും മെരിലാന്‍റ് ആന്‍ഡ്രൂസ് എയര്‍ ബേസില്‍ സ്വീകരിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷും ഭാര്യ ലോറയും വിമാനത്താവളത്തിലെത്തിയാണ് മാര്‍പ്പാപ്പയെ സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുന്നത് അത്യപൂര്‍വമാണ്. പതിനാറാം തീയതി തന്‍റെ 81ആം ജന്‍മദിനത്തില്‍ വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പ കേക്ക് മുറിച്ചു. വലിയ ഇടയന് പിറന്നാള്‍ മംഗളങ്ങള്‍ നേരാന്‍ ഒട്ടേറെയാളുകള്‍ വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണില്‍ എത്തി.

ഓവല്‍ ഓഫീസില്‍ ബുഷുമായി കൂടിക്കാഴ്ച്ച നടത്തിയ മാര്‍പ്പാപ്പ വൈകുന്നേരം പ്രസി‍ഡന്‍റിനും ഭാര്യക്കുമൊപ്പം പ്രാര്‍ത്ഥന നടത്തുകയും രാജ്യത്തെ കത്തോലിക്കാ വൈദിക ശ്രേഷ്ഠരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.17ആം തീയതി രാവിലെ വാഷിംഗ്ടണിലെ നാഷണല്‍ ബേസ്ബോള്‍ സ്റ്റേഡിയത്തില്‍ മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 48000ഓളം പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് അമേരിക്കയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായും വിവിധ മത പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 18ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത മാര്‍പ്പാപ്പ മനുഷ്യാവകാശ സംരക്ഷണത്തില്‍ എല്ലാ രാജ്യങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ബോധിപ്പിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ചില രാജ്യങ്ങളുടെ ഏകപക്ഷീയ സമീപനങ്ങള്‍ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ന്യോയോര്‍ക്കിലെ പാര്‍ക്ക് ഈസ്റ്റ് ജൂത സിനഗോഗില്‍ മാര്‍പ്പാപ്പ നടത്തിയ സന്ദര്‍ശനവും ചരിത്രത്തില്‍ ഇടം നേടി. അമേരിക്കയില്‍ ഒരു സിനഗോഗ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പ്പാപ്പയാണ് ബെനെഡിക്ട് പതിനാറാമന്‍. ജൂതന്‍മാരുടെ പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ദുഃഖവെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിവാദം തുടരുന്നതിനിടെയാണ് മാര്‍പ്പാപ്പ സിനഗോഗിലെത്തിയത്.

സഭയെ പ്രശ്നങ്ങളില്‍നിന്ന് മുന്നോട്ടു നയിക്കാന്‍ വൈദികരും വിശ്വാസികളും ബിഷപ്പുമാരോട് സഹകരിക്കണമെന്ന് സെന്‍റ് പാട്രിക് കത്തീഡ്രലിലെ ദിവ്യബലിമധ്യേ മാര്‍പ്പാപ്പ നിര്‍ദേശിച്ചു. 19ന് യോങ്കേഴ്സിലെ സെന്‍റ് ജോസഫ് സെമിനാരിയില്‍ അംഗവൈകല്യം ബാധിച്ച കുട്ടികളുമായി ഏതാനും മിനിറ്റ് ചെലവഴിച്ച ശേഷം മുപ്പതിനായിരത്തോളം യുവതീയ യുവാക്കള്‍ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്തു.

തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിലനിന്നിരുന്ന ന്യുയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍ 20ന് സന്ദര്‍ശനം നടത്തിയ മാര്‍പ്പാപ്പ അവടെ മരിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലോക സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുടെയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.ന്യോയോര്‍ക്കിലെ യാങ്കി സ്റ്റേഡിയത്തില്‍ മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. അന്നു വൈകുന്നേരം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വൈസ് പ്രസിഡന്‍റ് ഡിക് ചെനിയുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പക്ക് യാത്രയയ്പ്പ് നല്‍കി.

അമേരിക്കയില്‍ കത്തോലിക്കാ വൈദികരുടെ എണ്ണം 1965ല്‍ 58,000മായിരുന്നത് 2007ല്‍ 41,500 ആയി കുറഞ്ഞതായാണ് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ചിന്‍റെ കണക്ക്. അതേസമയം വിശ്വാസികളുടെ സഖ്യ 1965ലെ 45.6 ദശലക്ഷത്തില്‍നിന്ന് 64.4 ദശലക്ഷമായി ഉയര്‍ന്നു.

മാര്‍പ്പാപ്പയുടെ സന്ദര്‍ശനം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഉണര്‍വ് പകര്‍ന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ വിലയിരുത്തി. സന്ദര്‍ശനം ലക്ഷ്യ മിട്ടിരുന്നതിലും വലിയ വിജയമായെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ദി പറഞ്ഞു.

ലോക യുവജന ദിനം (സിഡ്നി-2008)

2008 ജൂലെ 15 മുതല്‍ 20 വരെ ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവനജങ്ങളുടെ സമ്മേളനമായ ലോക യുവജനദിനത്തിന്‍റെ പ്രധാന ആകര്‍ഷണം മാര്‍പ്പാപ്പയുടെ സാന്നിധ്യമായിരുന്നു.

ബെനെഡിക്‌ട്‌ പതിനാറാമന്‍റെ പ്രഥമ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു ഇത്‌. പതിനാലാം തീയതി ഓസ്‌ട്രേലിയയില്‍ എത്തിയ അദ്ദേഹം പതിനേഴാം തീയതിയാണ്‌ വേള്‍ഡ്‌ യൂത്ത്‌ ഡേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്‌. സൂപ്പര്‍ തേസ്‌ഡേ എന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ദിവസം ജാക്‌സണ്‍ തുറമുഖത്തിനു ചുറ്റും ബോട്ടില്‍ സഞ്ചരിച്ച മാര്‍പ്പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്‌തു.

തുടര്‍ന്ന്‌ ബറാംഗാരുവില്‍ 170 രാജ്യങ്ങളില്‍നിന്നുള്ള യുവതീയുവാക്കള്‍ അണിനിരന്ന പൊതു ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ 18 വെള്ളിയാഴ്‌ച്ച നടന്ന കുരിശിന്‍റെ വഴിയുടെ പുനരാവിഷ്‌കാരത്തിനും അദ്ദേഹം സാക്ഷിയായി.

20ന്‌ ഞായറാഴ്‌ച്ച റാന്‍ഡ്‌വിക്‌ റേസ്‌കോഴ്‌സില്‍ മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമാപന ദിവ്യബലിയില്‍ നാലു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയാണിത്.

സ്‌നേഹത്തിനു സാക്ഷികളാകാന്‍ വഹിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത മാര്‍പ്പാപ്പ ആധുനിക കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിശ്വാസ ഊഷരതയെയും അതിവിജീവിച്ച്‌ വിശ്വാസം നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ നിര്‍ദേശിച്ചു.

അമേരിക്കയിലെന്ന പോലെ ഓസ്‌ട്രേലിയയിലും പുരോഹിതരുടെ ലൈംഗീക പീഡനങ്ങളുമായി ബന്ധപ്പെട്ട് മാര്‍പ്പാപ്പ ക്ഷമാപണം നടത്തി. ``പീഡനത്തിന്‌ ഇരകളായവരോട്‌ ഞാന്‍ മാപ്പു ചോദിക്കുന്നു. അവരുടെ ഇടയനെന്ന നിലയില്‍ അവരുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു-അദ്ദേഹം പറഞ്ഞു. പുരോഹിതരുടെ പീഡനങ്ങള്‍ക്ക് ഇരകളായ രണ്ട് ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളെയും 21ന് വത്തിക്കാനിലേക്ക് മടങ്ങും മുന്പ് സിഡ്നി സെന്‍റ് മേരീസ് കത്തീഡ്രലില്‍വെച്ച് മാര്‍പ്പാപ്പ നേരില്‍ കണ്ടു.

മാര്‍പ്പാപ്പയെ വരവേല്‍ക്കാനെന്നപോലെ യാത്രയാക്കാനും വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ് വത്തിക്കാനിലെ ആദ്യത്തെ ഓസ്ട്രേലിയന്‍ റസിഡന്‍റ് അംബാസഡറായി മുന്‍ ഉപപ്രധാനമന്ത്രി ടിം ഫിഷറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു.

ആധാര സൂചിക


ഫലകം:Link FA