"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Detective fiction}}
[[File:Conan doyle.jpg|thumb|250px|right|ആർതർ ക്വനൻ ഡൊയൽ ഷെർലോക്‌ഹോംസിന്റെ സൃഷ്ടാവ്]]
[[File:Conan doyle.jpg|thumb|250px|right|ആർതർ ക്വനൻ ഡൊയൽ ഷെർലോക്‌ഹോംസിന്റെ സൃഷ്ടാവ്]]



14:20, 22 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആർതർ ക്വനൻ ഡൊയൽ ഷെർലോക്‌ഹോംസിന്റെ സൃഷ്ടാവ്

നിയമലംഘകരെ ഗൂഢമാർഗങ്ങളിലൂടെ കണ്ടുപിടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായ അപസർപ്പകരുടെ കൃത്യങ്ങളെ ആധാരമാക്കി ആവേശജനകമാംവിധം രചിക്കപ്പെടുന്ന കഥകളാണ് അപസർപ്പക കഥകൾ (ഇംഗ്ലീഷ്:Detective Stories).

അന്വേഷിക്കപ്പെടുന്ന കുറ്റം ഒട്ടു മിക്കപ്പോഴും മോഷണം, അക്രമം, കവർച്ച, കൊലപാതകം എന്നിവയായിരിക്കും. കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. പക്ഷേ കുറ്റകൃത്യം ചെയ്തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിറ്റക്റ്റീവ് അഥവാ കുറ്റാന്വേഷകൻ രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകൾപോലും അയാൾ ശേഖരിക്കുന്നു. അതിവിദഗ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അയാൾ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത്തരത്തിലാണ് അപസർപ്പകകഥകളിലെ ഇതിവൃത്തം നീങ്ങുന്നത്. ഒട്ടുമിക്ക സംഭവങ്ങളും നിഗൂഹനം ചെയ്തിരിക്കുന്നതുമൂലം, ഇത്തരം കഥകൾ വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കും. അടുത്ത പടിയെന്ത്? എന്നറിയാനുള്ള വെമ്പലും ഉത്കണ്ഠയും അവരിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. സാധാരണക്കാരായ വായനക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കഥാവിഭാഗം ഇതാണ്.

അപസർപ്പകകഥകളുടെ ഉത്പത്തി, പുരാണഗ്രന്ഥങ്ങളിൽ തന്നെ കാണാനുണ്ടെന്ന് പല സാഹിത്യചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. ഹിംസയുടെയും പ്രതികാരത്തിന്റെയും കഥകൾ അവയിൽ ധാരാളം ഉണ്ട്. അത്തരം ഹിംസയും പ്രതികാരവും ചിലപ്പോൾ ഏകാന്തവിജനതകളിലാണ് സംഭവിക്കുക; ചിലപ്പോൾ ഇരുട്ടിലും. അവയുടെ യഥാർഥമായ അവസ്ഥ പിന്നീട് അല്പാല്പമായി അനാവരണം ചെയ്യപ്പെടുന്നു. മഹാഭാരതത്തിലെ പ്രസേനന്റെ മരണവും ആ മരണത്തെക്കുറിച്ച് പ്രചരിക്കുന്ന അപവാദവും കൃഷ്ണൻ നടത്തുന്ന അന്വേഷണവും അപസർപ്പകകഥയുടെ സ്വഭാവം കലർന്നിട്ടുള്ള ആഖ്യാനഭാഗമാണ്. ഇലിയഡ്, ഒഡീസി എന്നീ യവനേതിഹാസങ്ങളിലും ഇത്തരം കഥാഖ്യാനങ്ങൾ കാണാനുണ്ട്. മധ്യകാലയുഗങ്ങളിൽ ബൊക്കാച്ചിയോ, ചോസർ തുടങ്ങിയവരുടെ കഥകളിലും അവിടവിടെയായി അപസർപ്പകകഥാസ്വഭാവം തെളിഞ്ഞുനിൽക്കുന്നു. ആധുനികമായ അപസർപ്പകകഥയുടെ ആദ്യത്തെ ഉദാഹരണമായി വോൾട്ടയറുടെ സാദിഗ് എന്ന കഥയിലെ ഒരധ്യായത്തെ ചില സാഹിത്യ ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. അതിലെ നായകനായ തത്ത്വജ്ഞാനി, താൻ നേരിൽ കണ്ടിട്ടില്ലാത്ത ഒരു കുതിരയെയും പട്ടിയെയും ചില തെളിവുകളെ അടിസ്ഥാനമാക്കി ശരിയായി വിവരിക്കുന്നതിനുള്ള വൈദഗ്ധ്യം കാണിക്കുന്നതായാണ് ഈ അധ്യായത്തിൽ വോൾട്ടയർ ചിത്രീകരിച്ചിട്ടുള്ളത്. ഷെർലോക്ഹോംസ് എന്ന വിഖ്യാതനായ ഡിറ്റക്റ്റീവിന്റെ മുന്നോടിയാണ് ഈ തത്ത്വജ്ഞാനിയെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ആധുനികചരിത്രം

ഇന്നറിയുന്ന തരത്തിലുള്ള അപസർപ്പകകഥയുടെ ജനനം 1841-ലാണെന്നു പറയാം. ആ വർഷത്തിൽ ഫിലഡെൽഫിയയിലെ ഒരു മാസിക (Graham's Magazine), അതിന്റെ ഏപ്രിൽ ലക്കത്തിൽ റൂമോർഗിലെ കൊലകൾ എന്ന പേരിൽ ഒരു ചെറുകഥ പ്രസിദ്ധം ചെയ്തു. എഡ്ഗർ അലൻപോ (Edgar Allan Poe)എന്ന വിഖ്യാതനായ സാഹിത്യകാരനായിരുന്നു അതിന്റെ കർത്താവ്. കുറ്റാന്വേഷണ പ്രക്രിയയുടെ തത്ത്വപരവും പ്രായോഗികവുമായ വശങ്ങൾ ആ കഥയിൽ ചിത്രീകരിക്കപ്പെട്ടിരുന്നു. തുടർന്ന് 1842-ൽ അതേ കഥയുടെ തുടർച്ച എന്ന നിലയ്ക്ക് മറ്റൊരു കഥയും പ്രകാശിതമായി; 1845-ൽ മൂന്നാമതൊരു കഥകൂടി ഇദ്ദേഹം അവയോടു ചേർത്തു. ഈ മൂന്നു കഥകളും ചേർത്ത് കഥകൾ (Tales) എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെയാണ് ആദ്യത്തെ അപസർപ്പകകഥയായി സാഹിത്യചരിത്രകാരന്മാർ വിവരിക്കുന്നത്. ഷെ വാലിയേ സി. ഓഗസ്താങ് ദ്യുപാങ് (Chevalier C.Augustin Dupin) എന്ന നായകന്റെ വിദഗ്ധവും സാഹസികവുമായ കുറ്റാന്വേഷണങ്ങളുടെ ചിത്രീകരണമാണ് ഈ കഥകളിൽ കാണുന്നത്. സാഹിത്യത്തിലെ ആദ്യത്തെ ഡിറ്റക്റ്റീവ് ഈ കഥാനായകനാണെന്നു പറയാം.

അപസർപ്പകകഥ എന്ന പ്രത്യേക വിഭാഗം ജന്മമെടുക്കുന്നത് എഡ്ഗർ അലൻപോയുടെ ഈ മൂന്നു കഥകളുടെ പ്രകാശനത്തോടുകൂടിയാണ്. അപസർപ്പക കഥാസാഹിത്യത്തിന് നിയാമകമായ തത്ത്വങ്ങളും നിയമങ്ങളുമെല്ലാം അലംഘനീയമെന്നു തോന്നുംവിധം ആവിഷ്കരിച്ചു എന്നതാണ് ഈ കഥകളുടെ അസാധാരണമായ പ്രത്യേകത എന്ന് എച്ച്. ഡഗ്ലസ് തോംസൻ എന്ന നിരൂപകൻ പ്രസ്താവിക്കുന്നു. ഈ പ്രസ്താവത്തോട് സാഹിത്യചരിത്രകാരന്മാർ പൊതുവിൽ യോജിക്കുന്നുമുണ്ട്.

ഇതിനെത്തുടർന്ന് അമേരിക്കൻ സാഹിത്യത്തിൽ ധാരാളം അപസർപ്പകകഥകൾ പ്രത്യക്ഷപ്പെട്ടു; ആ കഥകളെല്ലാം ജനസാമാന്യത്തിനിടയിൽ വലിയ പ്രചാരം നേടുകയും ചെയ്തു. ഏകദേശം ഇരുപതു വർഷങ്ങൾക്കുശേഷം അപസർപ്പകകഥകൾ ഫ്രഞ്ചുസാഹിത്യത്തിൽ ശ്രദ്ധാർഹമായ വളർച്ച പ്രാപിച്ചു; അതിന് നേതൃത്വം നൽകിയത് എമിൽ ഗാബോറിയൻ എന്ന ഫ്രഞ്ചു കഥാകാരനാണ്.

ഇംഗ്ലീഷിൽ

വിൽക്കീ കോളിൻസ്

ഇംഗ്ലീഷ് സാഹിത്യത്തിൽ അപസർപ്പകകഥകളുടെ തുടക്കം കുറിക്കുന്നത് വിൽക്കീ കോളിൻസ് രചിച്ച ചാന്ദ്രശില (Moon Stone) എന്ന കഥയാണ്. ഇതിലെ നായകനായ സർജന്റ് കഫ് ഒരു നല്ല ഡിറ്റക്റ്റീവിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്നു. 1842-ൽ ഇംഗ്ലണ്ടിലെ വിഖ്യാതമായ സ്കോട്ട്‌ലൻഡ് യാർഡ് എന്ന കുറ്റാന്വേഷണസംഘം സ്ഥാപിക്കപ്പെട്ടു. അതോടെ, കുറ്റാന്വേഷണത്തെക്കുറിച്ച് ആളുകൾക്ക് പലതും അറിയാനുള്ള അവസരമുണ്ടായി. ധാരാളം അപസർപ്പകകഥകൾ അക്കാലത്ത് വായനക്കാർക്കിടയിൽ പ്രചരിച്ചു. ചാൾസ് ഡിക്കൻസ്പോലും തന്റെ അന്ത്യകാലത്ത് ഒരു അപസർപ്പകകഥ രചിക്കുന്നതിൽ ഏർപ്പെടുകയുണ്ടായി. അത് പകുതിയാക്കിയപ്പോൾ മരണം അദ്ദേഹത്തെ അപഹരിച്ചെങ്കിലും അപൂർണമായ അവസ്ഥയിൽ തന്നെ 1870-ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു. എഡ്വിൻ ഡ്രൂഡിനെ സംബന്ധിക്കുന്ന രഹസ്യം (The Mystery of Edwin Drood) എന്നാണ് ആ കഥയുടെ പേര്.

അഗതാ കൃസ്റ്റി

അപസർപ്പകകഥാവിഭാഗത്തിലെ ഏറ്റവും വിഖ്യാതനും വിദഗ്ധനുമായ എഴുത്തുകാരൻ ആർതർ കോനൻ ഡോയ്ൽ (Arthur Conan Doyle) ആണ്. വൈദ്യവൃത്തിയിലേർപ്പെട്ടുകൊണ്ടാണ് അദ്ദേഹം ജീവിതം ആരംഭിച്ചത്. ചികിത്സയ്ക്കു വേണ്ടത്ര രോഗികളെ ലഭിക്കാതെവന്നതുമൂലം അദ്ദേഹം കഥാരചനയിലേക്ക് തിരിഞ്ഞു. ആദ്യകാലകഥകളൊന്നും ആരെയും കാര്യമായി ആകർഷിച്ചില്ല. 1891-ൽ രചിച്ച ബൊഹിമിയയിലെ അപവാദം (A Scandal in Bohemia) എന്ന കഥയാണ് പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയത്. തുടർന്ന് അദ്ദേഹം തന്റെ അനശ്വരകഥാപാത്രമായ ഷെർലക്ക് ഹോംസ് എന്ന ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചു. ഷെർലക്ക് ഹോംസിന്റെ വീരകൃത്യങ്ങൾ, ഷെർലക്ക് ഹോംസിന്റെ ഓർമക്കുറിപ്പുകൾ എന്നിങ്ങനെയുള്ള കഥകളിലൂടെ ആ കഥാപാത്രത്തെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചുവെന്ന് തെളിയിക്കുന്ന ഒരു സംഭവം അന്നുണ്ടായി. ഒരു കഥയിൽ ഷെർലക്ക് ഹോംസ് മരിക്കുന്നതായി ചിത്രീകരിച്ചുകൊണ്ട് ആർതർ കോനൻ ഡോയ്ൽ തന്റെ കഥാപരമ്പരയ്ക്ക് വിരാമമിട്ടു; പക്ഷേ, വായനക്കാർ വിട്ടില്ല. അവരുടെ സംഘടിതവും തീവ്രവുമായ നിവേദനങ്ങൾക്ക് വഴങ്ങി, ആ കഥാനായകനെ പുനർജീവിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി. 1902-ൽ പ്രസിദ്ധം ചെയ്ത ബാസ്കർ വില്സിലെ നായ് എന്ന അപസർപ്പകകഥയിലാണ് കോനൻ ഡോയ്ൽ തന്റെ കലാപരമായ കഴിവ് ഏറ്റവും ഭംഗിയായി വെളിപ്പെടുത്തിയിട്ടുള്ളത്.

ജി.കെ. ചെസ്റ്റർട്ടൻ, ഈ.സി. ബെന്റ്ലി തുടങ്ങിയവർ രചിച്ച അപസർപ്പകകഥകളും സാഹിത്യമൂല്യത്തിന്റെ കാര്യത്തിൽ പേരുകേട്ടവയാണ്.

ഫ്രാൻസിലെ മികച്ച അപസർപ്പകകഥാകാരനായ മോറിസ്-ലെ ബാങ്ക് എന്ന എഴുത്തുകാരന്റെ കഥകൾ, ലോകത്തിലെ വിവിധ ഭാഷകളിൽ ധാരാളമായി വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്.

മലയാളത്തിൽ

മലയാളകഥാനോവൽ പ്രസ്ഥാനങ്ങളിൽ ആരംഭകാലത്തു തന്നെ അപസർപ്പക കഥകളും സ്ഥാനം പിടിച്ചു. മലയാളത്തിലെ കഥാകാരന്മാരുടെ ആദ്യതലമുറയ്ക്കു മാർഗദർശകമായിരുന്നത് എഡ്ഗർ അലൻപോയും, സർ ആർതർ കോനൻ ഡോയലും, നഥാനിയേൽ ഹാത്തോണുമൊക്കെയായിരുന്നു. കടംകൊണ്ട ആശയങ്ങളെ കഴിയുന്നത്ര മലയാളീകരിച്ച് അവതരിപ്പിക്കാനാണ് ഈ തുടക്കക്കാരെല്ലാം ശ്രമിച്ചത്. വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ, ഒടുവിൽ കുഞ്ഞുകൃഷ്ണ മേനോൻ, എം.ആർ.കെ.സി., അമ്പാടി നാരായണപ്പൊതുവാൾ തുടങ്ങിയവർ രചിച്ച കഥകളിൽ ഏറ്റവും പ്രചാരം നേടിയത് അപസർപ്പക കഥകളായിരുന്നു.

അതിവിരുതനായ ഒരു കള്ളന്റെ ജീവിതകഥയെ ആധാരമാക്കി വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ 1065-ൽ പ്രസിദ്ധീകരിച്ച വാസനാവികൃതി എന്ന കഥയാണ് മലയാള ഭാഷയിൽ അറിയപ്പെട്ടിടത്തോളം ആദ്യം ഉണ്ടായ അപസർപ്പക കഥ. സർ ആർതർ കോനൻ ഡോയ്ലിന്റെ ഷെർലക് ഹോംസ് കഥകളിൽനിന്നാണ് നായനാർ തന്റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. വാസനാവികൃതിയെ പിന്തുടർന്ന് മേനോക്കിയെ കൊന്നതാര് എന്നൊരപസർപ്പകഥകൂടി നായനാർ രചിച്ചു. അപസർപ്പക കഥകൾക്കു സാഹിത്യരംഗത്തു പിന്നീടുണ്ടായിട്ടുള്ള അയിത്തം ആദ്യകാല രചയിതാക്കളെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.

അപ്പൻ തമ്പുരാൻ 1905-ൽ പ്രസിദ്ധീകരിച്ച ഭാസ്കരമേനോൻ ആണ് മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി ഒ.എം. ചെറിയാൻ രചിച്ച കാലന്റെ കൊലയറ (1928) മലയാളത്തിൽ ആദ്യകാലത്തുണ്ടായ അപസർപ്പകകഥകളിൽ ഏറ്റവും പ്രചാരം നേടിയ കൃതിയായി മാറി. കാരാട്ട് അച്യുതമേനോൻ രചിച്ചതും മലയാളത്തനിമ ഏറെ തുടിച്ചു നില്ക്കുന്നതുമായ വിരുതൻ ശങ്കു വളരെയേറെ പ്രചാരം നേടിയ കൃതിയാണ്.

അപസർപ്പക കഥകൾക്കുണ്ടായ അദ്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും ബംഗാളിയിൽനിന്നുമുള്ള വിവർത്തനങ്ങളും രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമായിരുന്നു അവയെല്ലാം. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആർ. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവൻപിള്ള, പി.എസ്. നായർ, എൻ.ബാപ്പുറാവു, ഇസഡ് എം. പാറേട്ട് എന്നിവർ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് കോട്ടയം പുഷ്പനാഥ്, തോമസ് ടി.അമ്പാട്ട്, വേളൂർ പി.കെ. രാമചന്ദ്രൻ, ബാറ്റൺ ബോസ്, ശ്യാംമോഹൻ, ഹമീദ് തുടങ്ങിയവർ അപസർപ്പക നോവൽ, കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപസർപ്പകകഥകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപസർപ്പകകഥ&oldid=1112630" എന്ന താളിൽനിന്ന് ശേഖരിച്ചത്