മരുമക്കത്തായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്നത്തെ കേരളത്തിന്റെ ഭാഗമായ ഭൂപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മാതൃപരമ്പരയുടെ ഒരു രൂപമായിരുന്നു മരുമക്കത്തായം. വംശപരമ്പരയും സ്വത്തിന്റെ അനന്തരാവകാശവും അമ്മയുടെ സഹോദരനിൽ നിന്ന് മരുമക്കളിലേക്കോ കൈമാറിവന്നിരുന്നു. നായർ, അമ്പലവാസികൾ തുടങ്ങി മറ്റു ചില സമുദായങ്ങളും ഈ രീതി പിന്തുടർന്നുവന്നു. മാതൃസഹോദരങ്ങളിൽ മൂത്ത പുരുഷനെ കാരണവർ എന്നറിയപ്പെട്ടു. കുടുംബത്തിന്റെ മുഴുവൻ സ്വത്തുക്കളും കാരണവരാണ് നിയന്ത്രിച്ചുവന്നിരുന്നത്. അനന്തരാവകാശം പക്ഷേ, സഹോദരീപുത്രന്മാർക്കാണ് പോയിരുന്നത്[1]. കൂട്ടുകുടുംബങ്ങളിലാണ് പൊതുവെ ഇവ കാണപ്പെട്ടിരുന്നത്. സഹോദരീസന്താനങ്ങൾ എന്നർത്ഥം വരുന്ന മരുമക്കൾ എന്നതിൽ നിന്നാണ് ഈ പേര് രൂപപ്പെടുന്നത്.

1933 ഓഗസ്റ്റ് 1-ന് ഫോർട്ട് സെന്റ് ജോർജ് ഗസറ്റിൽ പ്രസിദ്ധീകരിച്ച മദ്രാസ് മരുമക്കത്തായം നിയമം 1932, 1933-ലെ 22-ാം നമ്പർ മദ്രാസ് നിയമം എന്നിവ പ്രകാരം ഇത് സംബന്ധിച്ച നിയമങ്ങൾ നിലവിൽ വന്നു.

മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായി വധുഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട് നായർ സമുദായവും,മലബാറിലെ ഉയർന്ന തീയർ, രാജകുടുംബങ്ങളും, ചില ബ്രാഹ്മണരും, അമ്പലവാസികളും, ചില വിഭാഗം മലബാറിലെ മാപ്പിള മുസ്ലീമുങ്ങളും ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനവർഗ്ഗങ്ങളും പാലിച്ചു പോന്നിരുന്നു.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. കണ്ണൂരിൽ പയ്യന്നൂർ ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്[2].പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള ബ്രാഹ്മണർ അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.[അവലംബം ആവശ്യമാണ്]

കമ്മാളന്മാർ മക്കത്തായം സികരിച്ചു. പല ഗിരിവർഗ്ഗക്കരുടെയും ഇടയിൽ ഒരു വ്യവസ്ഥാപിത ക്രമവുമില്ല. രണ്ടു സമ്പ്രദായവും പിന്തുടരുന്നുണ്ട്.[അവലംബം ആവശ്യമാണ്] ക്രെസ്തവ-മുസ്ലിം വിഭാഗം മക്കത്തായവ്യവസ്ഥ പിന്തുടരുന്നു. എന്നാൽ മുസ്ലിം വിഭാഗത്തിൽ ചില അപവാദങ്ങളുണ്ട്. കണ്ണൂരിലെ അറയ്ക്കൽ രാജകുടുംബം ഉൾപ്പെടെ മലബാറിലെ മാപ്പിളമാരും തലശ്ശേരിയിലെ കേയിമാരും മരുമക്കത്തായം അവലംബിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. Chua, Jocelyn Lim (2014). In Pursuit of the Good Life - Aspiration and Suicide in Globalizing South India. p. 213.
  2. Brahman Settlements in Kerala
"https://ml.wikipedia.org/w/index.php?title=മരുമക്കത്തായം&oldid=3950458" എന്ന താളിൽനിന്ന് ശേഖരിച്ചത്