ഒലൊഫ് വൊൺ ഡാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒലൊഫ് വൊൺ ഡാലിൻ

സ്വീഡനിലെ ചരിത്രകാരനും സാഹിത്യകാരനുമായിരുന്നു ഒലൊഫ് വൊൺ ഡാലിൻ. 1708 ഓഗസ്റ്റ്. 29-ന് ഇദ്ദേഹം സ്വീഡനിലെ വിൻബർഗിൽ ജനിച്ചു. ലുണ്ട് (Lund) സർവ്വകലാശാലയിലെ വിദ്യാഭ്യാസത്തിനു ശേഷം സ്റ്റോക്ഹോമിലെ ഒരു കുലീന കുടുംബത്തിൽ ട്യൂട്ടറായി ജോലി നോക്കി(1727).

രാജകൊട്ടാരത്തിലെ ലൈബ്രേറിയൻ[തിരുത്തുക]

സ്വീഡനിലെ രാജകൊട്ടാരത്തിൽ ഇദ്ദേഹം 1737 മുതൽ 39 വരെ ലൈബ്രേറിയനായി പ്രവർത്തിച്ചു. പിൽക്കാലത്ത് ഗസ്റ്റാവസ് മൂന്നാമൻ എന്ന പേരിൽ രാജാവായിത്തീർന്ന രാജകുമാരന്റെ ട്യൂട്ടറായും (1750-56) കൊട്ടാരത്തിലെ ഹിസ്റ്റോറിയോഗ്രാഫറായും (1755-56) സേവനമനുഷ്ഠിച്ചിരുന്ന ഡാലിൻ സ്വീഡിഷ് ഭരണകൂടത്തിന് അനഭിമതനായതിനെത്തുടർന്ന് 1756 മുതൽ 61 വരെ കൊട്ടാരത്തിൽ നിന്നു പുറത്താക്കപ്പെട്ടിരുന്നു. എങ്കിലും 1763-ൽ രാജാവിന്റെ കൗൺസിലറാകാൻ ഇദ്ദേഹത്തിന് സാധിച്ചു.

രചനകൾ[തിരുത്തുക]

ഇദ്ദേഹം 1732 മുതൽ 34 വരെ നടത്തിയിരുന്ന ദെൻ സ്വാൻസ്കാ ആർഗസ് (Then swanska Argus) എന്ന ആനുകാലിക പ്രസിദ്ധീകരണം സ്വീഡനിൽ ആധുനിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വളരെയേറെ സഹായമേകി. സ്വീഡനിലെ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി പ്രവർത്തിക്കാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

  • ദ് സ്റ്റോറി ഒഫ് ദ് ഹോഴ്സ് (1740)

എന്ന പ്രശസ്ത സാഹിത്യകൃതിയുൾപ്പെടെ പല നാടൻ പാട്ടുകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഡാലിനിന്റെ

  • ഹിസ്റ്ററി ഒഫ് ദ് സ്വീഡിഷ് കിങ്ഡം (1747-62)

എന്ന മൂന്നു വാല്യങ്ങളുളള ചരിത്രഗ്രന്ഥം ശ്രദ്ധേയമാണ്. 1763 ആഗസ്റ്റ്. 12-ന് ഇദ്ദേഹം സ്റ്റോക്ഹോമിൽ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡാലിൻ, ഒലൊഫ് വൊൺ (1708-63) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഒലൊഫ്_വൊൺ_ഡാലിൻ&oldid=3627098" എന്ന താളിൽനിന്ന് ശേഖരിച്ചത്