പ്രത്യൂഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രത്യൂഷ്
സജീവമായത്8 ജനുവരി 2018
സ്ഥാനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയൊറോളജി, പൂനെ
നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ്, നോയിഡ
വേഗത6.8 പെറ്റാഫ്ലോപ്സ്[1]
ചെലവ്‌ 450 crore[2]
ലക്ഷ്യംകാലാവസ്ഥാ പഠനം

പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയൊറോളജിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടറാണ് പ്രത്യൂഷ് (ഹിന്ദി: प्रत्यूष).[3] 2018 ജനുവരി 8-ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധനാണ് ഇത് ഉദ്ഘാടനം ചെയ്തത്.[1] പ്രത്യുഷിന്, അന്നുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടായിരുന്ന സൂപ്പർ കമ്പ്യൂട്ടറുകളേക്കാൾ വേഗമുണ്ടായിരുന്നു. ഇത് രാജ്യത്തെ ആദ്യ മൾട്ടി പെറ്റാഫ്ലോപ്സ് സൂപ്പർ കമ്പ്യൂട്ടർ കൂടിയാണ്.[2] 2018 ജനുവരിയിലെ സ്ഥിതിയനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടറാണ് പ്രത്യൂഷ്.[4][3] പരമാവധി 6.8 പെറ്റാഫ്ലോപ്സ് വേഗത വരെ കൈവരിക്കുവാൻ ഇതിനു സാധിക്കും.[2]

പ്രത്യൂഷിന് രണ്ട് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്‌.പി.സി.) യൂണിറ്റുകളുണ്ട്. 4.0 പെറ്റാഫ്ലോപ്സ് ശേഷിയുള്ള ഒന്നാമത്തെ യൂണിറ്റ് പൂനെയിലെ ഐ.ഐ.ടി.എമ്മിൽ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള 2.8 പെറ്റാഫ്ലോപ്സ് യൂണിറ്റ് നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗിൽ സൂക്ഷിച്ചിരിക്കുന്നു. ഈ രണ്ടു യൂണിറ്റുകളും സംയോജിപ്പിച്ച് പ്രവർത്തിക്കുന്നതിനാൽ പ്രത്യൂഷിന് 6.8 പെറ്റാഫ്ലോപ്സ് വേഗത വരെ ലഭിക്കുന്നു.[2]

'പ്രത്യൂഷ്' എന്ന വാക്കിന് സൂര്യൻ എന്നാണർത്ഥം. ഇന്ത്യയിലെ കാലാവസ്ഥാ പ്രവചനസംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.[2][1] മൺസൂൺ, സുനാമി, ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം, വരൾച്ച, ഇടിമിന്നൽ, വായുശുദ്ധി എന്നിവയെല്ലാം മെച്ചപ്പെട്ട രീതിയിൽ പ്രവചിക്കുവാൻ പ്രത്യുഷ് സഹായിക്കുന്നു.[4] കാലാവസ്ഥാ ഗവേഷണത്തിനു മാത്രമായി ഒരു സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിനുമുമ്പ് ജപ്പാൻ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കാലാവസ്ഥാ പഠനത്തിനായി സൂപ്പർ കമ്പ്യൂട്ടറുകൾ നിർമ്മിച്ചിട്ടുണ്ട്.[2][1]

ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ സൂപ്പർ കംപ്യൂട്ടിംഗ് രംഗം വളർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. 2008-ൽ ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടിംഗ് ശേഷി 40 ടെറാഫ്ലോപ്സ് ആയിരുന്നു. 2013-14 കാലഘട്ടത്തിൽ ഇത് 1 പെറ്റാഫ്ലോപ്സ് ആയി ഉയർന്നു.[2]

10 പെറ്റാഫ്ലോപ്സ് ശേഷിയുള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കുന്നതിനായി 2017-ൽ ഭാരത സർക്കാർ 400 കോടി രൂപ അനുവദിച്ചിരുന്നു.[1] പൂനെ ഐ.ഐ.ടി.എം.ലെ ശാസ്ത്രജ്ഞർ 2018-ൽ 6.8 പെറ്റാഫ്ലോപ്സ് ശേഷിയുള്ള പ്രത്യൂഷ് സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്തു. സൂര്യചന്ദ്ര എ. റാവു ആയിരുന്നു ഇതിന്റെ പ്രോജക്ട് ഡയറക്ടർ.[5] ഏകദേശം 450 കോടി രൂപയാണ് പ്രത്യൂഷിന്റെ നിർമ്മാണച്ചെലവ്.[2]

ലോകത്തിലെ ഏറ്റവും വേഗത കൂടിയ 500 സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ആദ്യ 30 സ്ഥാനങ്ങളിലൊന്നിൽ പ്രത്യൂഷ് ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "India unveils Pratyush, its fastest supercomputer yet". The Hindu. 2018-01-08. Archived from the original on 2018-01-26. Retrieved 2018-01-26.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "Pratyush launched as India's fastest supercomputer yet". The Financial Express (India). 2018-01-09. Archived from the original on 2018-01-26. Retrieved 2018-01-26.
  3. 3.0 3.1 "Pratyush, India's Fastest Supercomputer, Established At Pune's IITM". NDTV. 2018-01-09. Archived from the original on 2018-01-26. Retrieved 2018-01-26.
  4. 4.0 4.1 "India's fastest supercomputer 'Pratyush' established at Pune's IITM". The Indian Express. 2018-01-09. Archived from the original on 2018-01-26. Retrieved 2018-01-26.
  5. "Supercomputer Pratyush HPC to boost India's rankings, forecast weather faster". The Hindustan Times. 2018-01-08. Archived from the original on 2018-01-26. Retrieved 2018-01-26.
  6. "India sets up its fastest supercomputer Pratyush at Pune's IITM". India Today. 2018-01-09. Archived from the original on 2018-01-26. Retrieved 2018-01-26.
"https://ml.wikipedia.org/w/index.php?title=പ്രത്യൂഷ്&oldid=3638079" എന്ന താളിൽനിന്ന് ശേഖരിച്ചത്