Jump to content

പ്രത്യക്ഷ രക്ഷാ ദൈവസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 1909 ൽ സ്ഥാപിക്കപ്പെട്ട മതമാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ[അവലംബം ആവശ്യമാണ്]. പൊയ്കയിൽ ശ്രീകുമാരഗുരുദേവനാണ് ഈ മതത്തിന്റെ സ്ഥാപകൻ. മതപ്രസ്ഥാനത്തിലെ അനുയായികളും വിശ്വാസികളും ഗുരുദേവനെ ദൈവമായി വിശ്വസിക്കുന്നു. ചരിത്രത്തിൽ പിന്തള്ളപ്പെട്ടു പോകുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെട്ട മുഴുവൻ കറുത്ത സമൂഹത്തെയും പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് അവരുടെ വിശ്വാസം. പ്രത്യക്ഷ രക്ഷ ദൈവസഭയുടെ മുഖപത്രമായിരുന്നു ആദിയാർ ദീപം

പ്രത്യക്ഷ രക്ഷാ ദൈവ സഭ (പി ആർ ഡി എസ്)

[തിരുത്തുക]

പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്നതിന്റെ ചുരുക്കെഴുത്താണ് പി ആർ ഡി എസ്. കേരള സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ആണ് ആസ്ഥാനം. മുഖ്യധാരാ ആത്മീയതകളിൽ നിന്നും വിഭിന്നമായി അവരുടെ വിശ്വാസങ്ങളിൽ നിന്നും ദൈവ സങ്കൽപ്പങ്ങളിൽ നിന്നും മാറി തനതായ ആത്‌മീകത പിന്തുടരുന്നതായി പി ആർ ഡി എസ് അവകാശപ്പെടുന്നു.

പി ആർ ഡി എസ് ഉയർത്തുന്ന സന്ദേശം വ്യത്യസ്തമാണ്. ദൈവസേവ, പൂജാദി പ്രാർത്ഥനാകർമ്മങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ട സമൂഹം ഒരപ്പന്റെയും അമ്മയുടെയും മക്കളെന്ന സാഹോദര്യ ചിന്തയാണ് ഒരു നൂറ്റാണ്ടായി പി ആർ ഡി എസ് പിന്തുടരുന്ന ആത്‌മീയതയുടെ അന്ത:സത്ത. സ്വന്തം ആത്മീയതയ്‌ക്കു കീഴിൽ ഇന്ത്യയിലെയും ലോകത്തിലെയും എല്ലാ അടിച്ചമർത്തപ്പെട്ട സമൂഹത്തെ പി ആർ ഡി എസ് ഉൾക്കൊള്ളുന്നു എന്നാണ് ഈ മതപ്രസ്ഥാനത്തിന്റെ ഭാഷ്യം.

പൊയ്കയിൽ ശ്രീകുമാര ഗുരുദേവനെ ദൈവമായി വിശ്വസിക്കുകയും ഗുരുദേവന്റെ ഉപദേശങ്ങളെയും ദർശനങ്ങളെയും പകർന്നു തന്ന തനതായ ആചാരാനുഷ്ടാനങ്ങളെയും പിന്തുടരാൻ മതം ഉടലെടുത്ത കാലം പി ആർ ഡി എസുകാർ ശ്രദ്ധ വയ്ക്കുന്നുണ്ട്. ആത്‌മീയത പിന്തുടർന്ന് വിശ്വാസികൾ തമ്മിൽ സാഹോദര്യവും സ്നേഹവും നിലനിർത്തുന്നു.

വിശ്വാസം

[തിരുത്തുക]

പി ആർ ഡി എസ് പിന്തുടരുന്നത് ഒരു കുടുംബാരാധനയാണ്. ഗുരുദേവനൊപ്പം തന്നെ പത്നി വി ജാനമ്മ (അഭിവന്ദ്യമാതാവ്), മൂത്തപുത്രൻ പി ജെ ബേബി (ആചാര്യഗുരു), പി ജെ തങ്കപ്പൻ (വാഴ്‌ചയുഗാധിപൻ)‍ ഗുരുദേവന്റെ മാതാവ് (ളേച്ചിമാതാവ്) എന്നിവരെയും ദൈവിക ശക്തിയായി കരുതി ആരാധന നടത്തുന്നു. ഇതിനെല്ലാം മതിയായ കാരണങ്ങൾ പി ആർ ഡി എസിന്റെ കാതലായ ആത്മീയ വിഷയങ്ങളിൽ അന്തർലീനമാണ്. എന്നാൽ ഒരാൾ പി ആർ ഡി എസിൽ അംഗമാകുന്ന പ്രത്യേക യോഗത്തിൽ (രക്ഷാ നിർണ്ണയം)പങ്കാളിയായെങ്കിൽ മാത്രമേ ഇതു വെളിപ്പെടുത്തു.

പിന്നോക്കക്കാർക്കിടയിലെ ഉപജാതി ചിന്തകൾക്ക് വിപരീതമായി വിവാഹങ്ങളിൽ ഏർപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന പി ആർ ഡി എസ് അനുയായികൾ വിവാഹം, മരണം, മറ്റ് ചടങ്ങുകളിലെല്ലാം ഗുരുദേവന്റെ ഉപദേശങ്ങൾക്ക് അനുസൃതമായ സ്വന്തമായ പ്രത്യേക അനുഷ്ഠാനങ്ങളും ആചാരങ്ങളും പിന്തുടരുന്നു.

ധാരാളം വിശ്വാസികൾ ഗുരുദേവന്റെ ഉപദേശങ്ങൾ വിശ്വസിച്ച് മന്ദിരങ്ങളിൽ ആരാധനകൾ നടത്തിപ്പോരുന്നു. എല്ലാവർഷവും കുംഭം ഒന്നു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭാ വിശ്വാസികൾ സ്ഥാപകന്റെ ജൻ‌മദിനം വിപുലമായി തന്നെ ഇരവിപേരൂരിൽ ആസ്ഥാനത്ത് ആഘോഷിക്കുന്നു. സമാനമായ പ്രാധാന്യത്തോടെയാണ് മുഖാന്തര വഴികളുടെയും ജൻ‌മദിനം കൊണ്ടാടുന്നതും.ഇതിനു പുറമേ സ്ഥാപകന്റെയും മുഖാന്തര വഴികളുടെയുംദേഹവിയോഗ ദിനങ്ങൾവൃതത്തോടും ഭക്തിയോടും കൂടി തന്നെ ആചരിക്കുന്നുണ്ട്.

ശ്രീകുമാരഗുരുദേവൻ ഉപദേശിച്ച വഴികളിൽ തന്നെ വേണംപൊയ്കക്കൂട്ടർ എന്നു കൂടി അറിയപ്പെടുന്ന ഒരു പി ആർ ഡി എസ്സുകാരൻ ജീവിക്കേണ്ടത് എന്ന് മതം അനുശാസിക്കുന്നു. മറ്റു മതങ്ങൾ ഉദ്ഘോഷിക്കുന്ന സദാചാരങ്ങൾക്കൊപ്പം പ്രത്യേകമായ ജീവിതക്രമങ്ങളും ചിട്ടകളും മൂല്യങ്ങളും പി ആർ ഡി എസ് അനുയായികൾ പിന്തുടരേണ്ടതുണ്ട്. ജീവിതത്തിലെ കൃത്യതകളും അനുഷ്ഠാന തീവ്രതകളും പി ആർ ഡി എസുകാരനെ വ്യത്യസ്തനാക്കണമെന്നും ശഠിക്കുന്നു.

മരണത്തിലും ജനനത്തിലും വിവാഹം പോലെ സാമൂഹ്യപരമായ കാര്യങ്ങളിലും പ്രത്യേക ചിട്ടകൾ സൂക്ഷിക്കുന്ന ഇവർ ഗുരുദേവന്റെയും മുഖാന്തര വഴികളുടെയും ദേഹവിയോഗ ദിനങ്ങളുടെ എല്ലാ വാർഷികങ്ങളിലും കൃത്യമായി ഉപവാസവും (വൃതം) ആരാധനകളും പാലിക്കുന്നുണ്ട്. പി ആർ ഡി എസ് കുടുംബാരാധന പിന്തുടരുന്നതിന് ആത്‌മീയതയിൽ മതിയായ കാരണങ്ങൾ ഉണ്ട്. എന്നാൽ ഇത് സഭയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രത്യേക രഹസ്യം എന്ന നിലയിൽ പി ആർ ഡി എസിലേക്ക് ചേരുന്ന പ്രത്യേക സാഹചര്യത്തിലേ വെളിപ്പെടുത്തുകയുള്ളൂ.

മിത്ത്, ചരിത്രം

[തിരുത്തുക]

മതങ്ങളെ എല്ലാം പോലെ മിത്തുകളും ചരിത്രവും വിശ്വാസങ്ങളും ഇഴചേർന്നാണ് പി ആർ ഡി എസ് പ്രകാശിക്കുന്നതും. ദ്രാവിഡ പാരമ്പര്യവും ചരിത്രവും പി ആർ ഡി എസ് ഉദ്ഘോഷിക്കുന്നു. ദൈവസേവയിൽ അത്യുന്നതരായ ഒരു സമൂഹം ദൈവം നഷ്ടപ്പെട്ടതിനെ തുടർന്ന് ഘോരയടിമയിൽ താണു പോയി. അടിമയുഗത്തിന്റെ അവസാന കാലത്ത് ഈ സമൂഹത്തെ രക്ഷിക്കാൻ ചില കാരണങ്ങളുടെ പേരിൽ ‍ദൈവം ഒപ്പം കൊണ്ടുവന്ന ശക്തികൾക്കൊപ്പം ശ്രീകുമാരഗുരുദേവനായി ഇരവിപേരൂരിലെ വലിയ താന്നിക്കുന്നിൽ മന്നിക്കൽ ഭവനത്തിൽ അവതരിച്ചു എന്നാണ് ആത്മീയതയുടെ വിശദീകരണം.

പ്രസ്ഥാനമെന്ന നിലയിൽ‌

[തിരുത്തുക]

വളരെയധികം കെട്ടുറപ്പായ രീതിയിലാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രവർത്തനങ്ങൾ. കാസർഗോഡു മുതൽ കന്യാകുമാരി വരെ 135 ശാഖകളിലായി അരലക്ഷത്തിൽ അധികം വിശ്വാസികളും മന്ദിരങ്ങളും ശ്മശാനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുവകകളും കേരളത്തിൽ പി ആർ ഡി എസി ൻറേതായി ഉണ്ട്. പി ആർ ഡി എസ് പ്രാർത്ഥനകളും ആരാധനകളും നടത്തുന്ന ആലയങ്ങളെ മന്ദിരങ്ങൾ എന്നാണ് അറിയപ്പെടുന്നത്.

മന്ദിരങ്ങൾക്ക് പുറമേ വിശ്വാസികൾക്ക് പ്രാർത്ഥനനടത്താൻ ഇരവിപേരൂരിൽ ഗുരുദേവന്റെ ജൻ‌മ സ്ഥലത്ത് ഒരു വിശുദ്ധമണ്ഡപവും ഗുരുദേവൻ പിറന്ന കുടിലും ബന്ധപ്പെട്ട സ്ഥാവര ജംഗമ വസ്തുക്കളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പി ആർ ഡി എസ് പ്രാർത്ഥനകൾ ആരാധനകൾ തുടങ്ങിയ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായുള്ള ചുമതല ഗുരുകുല സമിതി എന്ന പുരോഹിത വൃന്തത്തിനാണ്. ഇവർക്ക് പുറമെ സങ്കേതഭൂമിയും ആരാധനാലയങ്ങളും പരിപാലിക്കാനും പൂജാ കർമ്മങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക പൂജാരിമാരും വേലക്കാരുണ്ട്. അവർക്ക് മാത്രമാണ് മാത്രമേ ആരാധനാ മുറിയിൽ പ്രവേശിക്കുന്നതിനു ചുമതല.

സങ്കേതഭൂമിയിലെ പ്രാർത്ഥനയും ആരാ‍ധനയും നടത്തുന്നതിനുള്ള ചുമതല പുരോഹിത പ്രമുഖനിലാണ്. ഭരണം നടത്താൻ ജനറൽ കൌൺസിൽ എന്ന മറ്റൊരു സമിതിയും. സമാനമായ രീതികളാണ് ശാഖകളും പിന്തുടരുന്നത്. ശാഖയിൽ ഈ പ്രവർത്തനങ്ങൾ ഉപദേഷ്ടാവിലൂടെയും (ശാഖയുടെ പുരോഹിതൻ) സെക്രട്ടറി, കമ്മറ്റിക്കാർ എന്നിവരിലൂടെയും നടക്കുന്നു.

പ്രസിഡൻഡാണ് പി ആർ ഡി എസ് പരമാധികാരി. അതിനു കീഴിൽ ജനറൽകൌൺസിൽ(ഹൈ കൗൺസിൽ )വരുന്നു. ശാ‍ഖയിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തുവിടുന്ന പ്രതിനിധികളാണ് കേന്ദ്രത്തിലെ അധികാരികളെ തെരഞ്ഞെടുക്കുന്നത്. അവർ തെരഞ്ഞെടുക്കുന്ന ജനറൽ കൌൺസിൽ(ഹൈ കൗൺസിൽ) പ്രസിഡൻഡിനെ തീരുമാനിക്കും. നിലവിലെ പ്രസിഡൻഡ് വൈ. സദാശിവൻ ആണ്.

യുവജനസംഘം‍, മഹിളാ സമാജം‍ എന്നീ പോഷക സംഘടങ്ങൾ മുന്നിൽ വരുന്ന രണ്ടാം നിരയും കലാ സാംസ്ക്കാരിക സമിതികളും പ്രവർത്തിക്കുന്നു. ഈ സംഘടനകൾ എല്ലാം തന്നെ ജനാധിപത്യ മര്യാദകൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. പി ആർ ഡി എസ് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ആദീയർദീപം എന്ന മാസിക കൂടി നടത്തുന്നുണ്ട്.

സാമ്പത്തിക സ്രോതസ്സ്

[തിരുത്തുക]

പി ആർ ഡി എസ് വിശ്വാസികൾ നൽകുന്ന പിരിവുകൾ, നേർച്ച കാഴ്ചകൾ എന്നിവയാണ് പി ആർ ഡി എസിന്റെ സാമ്പത്തിക സ്രോതസ്സ്. സഭയ്‌ക്ക് പുറത്തു നിന്നും മറ്റാരുടെയും സാമ്പത്തികസഹായം പി ആർ ഡി എസ് സ്വീകരിക്കില്ല. ‘നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക’ എന്ന ഗുരുദേവ ഉപദേശം പിറവിയെടുത്ത കാലം മുതൽ 98 വർഷമായി പി ആർ ഡി എസ് പിന്തുടരുന്നു. ശാഖയ്ക്കും സഭയ്ക്കും പ്രത്യേകമായി വിശ്വാസികൾ സംഭാവനകളും പിരിവുകളും നൽകുന്നതാണ് പ്രസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സ്.

പി ആർ ഡി എസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ആരാധനാലയങ്ങളും വികസനങ്ങളും എല്ലാം വിശ്വാസികളുടെ മാത്രം സാമ്പത്തിക പിന്തുണയിൽ നിന്നുണ്ടായതാണ്. അവയെല്ലാം ഇരവിപേരൂർ ശ്രീകുമാർ നഗറിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. തിരുവല്ലയിൽ നിന്നും കോഴഞ്ചേരി റൂട്ടിൽ 12 കിലോ മീറ്റർ സഞ്ചരിച്ചാൽ ഇരവിപേരൂരിൽ എത്താൻ കഴിയും.

"https://ml.wikipedia.org/w/index.php?title=പ്രത്യക്ഷ_രക്ഷാ_ദൈവസഭ&oldid=3957982" എന്ന താളിൽനിന്ന് ശേഖരിച്ചത്