പ്രകാശാനന്ദ
![]() | ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പ്രകാശാനന്ദ സ്വാമി | |
---|---|
ജനനം | കുമാരൻ 1923 പിറവന്തൂർ |
മരണം | 2021 ജൂലൈ 07 വർക്കല |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | പ്രകാശാനന്ദ സ്വാമി |
തൊഴിൽ | സന്യാസി |
അറിയപ്പെടുന്നത് | ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി , പ്രസിഡന്റ്. |
ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിൽ പെട്ട സന്യാസിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു പ്രകാശാനന്ദ.
ജീവിതരേഖ[തിരുത്തുക]
കൊല്ലം ജില്ലയിലെ പിറവന്തൂരിലെ എലിക്കാട്ടൂർ കളത്താറടി എന്ന കർഷകകുടുംബത്തിൽ, 1923ൽ, രാമൻ- വെളുമ്പി ദമ്പതികളുടെ
അഞ്ചുമക്കളിൽ ഇളയവനായാണ് ജനനം. ശങ്കരൻ, ലക്ഷ്മി, കുഞ്ഞുപിള്ള, ഗൗരി എന്നിവരായിരുന്നു സഹോദരങ്ങൾ [1]
പൂർവ്വാശ്രമം, സ്കൂൾ പഠനം[തിരുത്തുക]
പൂർവ്വാശ്രമത്തിലെ പേര് കുമാരൻ എന്നായിരുന്നു. പിറവന്തൂരിലെ പേരുകേട്ട കുടുംബമായിരുന്നു കളത്താറടി. അതുകൊണ്ടുതന്നെ കളത്താറടിയെന്നാണ് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. ശ്രീനാരായണ ഗുരു 1916ൽ [2] കളത്താറടി തറവാട് സന്ദർശിച്ചപ്പോൾ ‘നമുക്കിവിടെ ഒരാളുണ്ടല്ലോ' എന്ന് പറഞ്ഞുവത്രേ. [3] കുമാരന്റെ അമ്മ വെളുമ്പി ശ്രീനാരായണ ഗുരു ഭക്തയായിരുന്നു. [4] ചെറുപ്പകാലത്ത് അമ്മയ്ക്കൊപ്പം കുമാരൻ ശിവഗിരിയിൽ പോവാറുണ്ടായിരുന്നു. പലതവണ ശ്രീനാരായണ ഗുരുവിനെ നേരിൽ കണ്ടിട്ടുമുണ്ട്.[5]
കളത്താറടി കുടുംബത്തിന്റെ പേരിൽ സ്ഥാപിതമായ കളത്താറടി ഗവൺമെന്റ് യു.പി. സ്കൂളിലായിരുന്നു പഠനം. [6] ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. അന്നത്തെ ഏഴാംക്ലാസുകാർക്ക് അദ്ധ്യാപകനായും ക്ലാർക്കായുമൊക്കെ ജോലി ലഭിക്കുമായിരുന്നു. അതെല്ലാം വേണ്ടെന്നുവച്ച് കുമാരൻ പുരാണങ്ങളും ഗുരുദേവകൃതികളും തെരഞ്ഞുപിടിച്ച് പഠിച്ചു. കൃഷിയിലും അച്ഛനെ സഹായിച്ചുപോന്നു. [7] കൃഷിജോലിയിലേർപ്പെട്ടപ്പോഴും ഗുരു പ്രബോധന പ്രചാരകസംഘങ്ങളിൽ സജീവമായി. [8]
ശിവഗിരി മഠത്തിൽ ചേരൽ, ആധ്യാത്മിക പഠനം,സന്യാസദീക്ഷ[തിരുത്തുക]
ഇരുപത്തിരണ്ടാം വയസ്സിൽ കാർഷികവിളകളുമായി പുനലൂർ ചന്തയിലേക്കു പോയ കുമാരൻ വീട്ടിലേക്കു മടങ്ങാതെ ശിവഗിരി മഠത്തിലെത്തി. [9] വീട്ടുകാർ നാടായ നാടെല്ലാം തെരഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കുമാരൻ ശിവഗിരിയിലുണ്ടെന്ന് ബന്ധുക്കൾ അറിയുന്നത്. ശിവഗിരി മഠത്തിൽ എത്തിയ കുമാരൻ മഠത്തിലെ സന്യാസിവര്യന്മാർക്ക് മുന്നിൽ നിന്ന് ഗുരുദേവകൃതികൾ ഭംഗിയായി ഉരുവിട്ടു. ശിവഗിരി മഠം അധികൃതർ കുമാരന് അവിടെ അല്പം ഇടം അനുവദിച്ചു. ശിവഗിരിയിലായതുകൊണ്ട് ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങിവരാൻ കാര്യമായി നിർബന്ധിച്ചതുമില്ല[10]
ശിവഗിരി മഠത്തിലെ മഹാസമാധിയിലെ പൂജാ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന സുധാനന്ദ സ്വാമിയുടെ സഹായി ആയാണ് കുമാരൻ ആശ്രമ ജീവിതം ആരംഭിക്കുന്നത്. [11] അന്ന് മഠാധിപതിയായിരുന്ന, ശ്രീനാരായണ ഗുരുവിൽ നിന്ന് നേരിട്ട് സന്യാസദീക്ഷ ലഭിച്ച[12] സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് കുമാരൻ ആധ്യാത്മിക പഠനം തുടങ്ങിയത്. അതിനിടെയാണ് പരിവ്രാജകനായി സഞ്ചാരത്തിനിറങ്ങുന്നത്. കന്യാകുമാരി മുതൽ ഹിമാലയം, നേപാൾ വരെ ആ യാത്ര നീണ്ടു. [13] 1958-ൽ നീണ്ട സേവനത്തിന്റെയും ത്യാഗത്തിന്റെയും സാധനാനുഷ്ഠാനങ്ങളുടെയും ഒടുവിൽ കുമാരൻ മുപ്പത്തിയഞ്ചാം വയസ്സിൽ, ശിവഗിരിമഠത്തിന്റെ അന്നത്തെ മഠാധിപതിയായ ശങ്കരാനന്ദസ്വാമികളിൽനിന്നു സന്യാസദീക്ഷയും സ്വാമി പ്രകാശാനന്ദയെന്ന സന്യാസനാമവും സ്വീകരിച്ച് ഗുരുദേവ ശിഷ്യപരമ്പരയിലെ കണ്ണിയായി.[14]
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും കുന്നുംപാറയിലുമുള്ള മഠങ്ങളിൽ പ്രകാശാനന്ദ വളരെക്കാലം ആശ്രമ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. [15]
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് നേതൃത്വത്തിലേക്കുള്ള കടന്നുവരവ്, പ്രവർത്തനങ്ങൾ[തിരുത്തുക]
ശിവഗിരി കേന്ദ്രീകരിച്ചായിരുന്നു വലിയൊരു കാലം പ്രകാശാനന്ദയുടെ പ്രവർത്തനം. ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1970ൽ, 47–ാം വയസ്സിൽ അദ്ദേഹം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി. ശിവഗിരിയെ ഗുരുവിന്റെ സങ്കൽപം പോലെ ഒരു സർവമത സാഹോദര്യ കേന്ദ്രമാക്കി മാറ്റുന്നതിലായിരുന്നു ശ്രദ്ധ. [16] ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്ത പോലെ എല്ലാ മതങ്ങളുടെയും സാരാംശം പഠിക്കാൻ വേദിയാവുന്ന ബ്രഹ്മവിദ്യാലയം (മതമഹാപാഠശാല) സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ലോകമെങ്ങും ശ്രീനാരായണ ദർശനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. [17] 1977ലും അദ്ദേഹം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1995 മുതൽ 1997 വരെയും 2006 മുതൽ 2016 വരെയും അദ്ദേഹം ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. അധ്യക്ഷസ്ഥാനമൊഴിഞ്ഞ ശേഷവും ശിവഗിരി തീർഥാടനങ്ങളിലും ഗുരുവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സ്വാമി സജീവസാന്നിധ്യമായിരുന്നു. [18]
ശ്രീനാരായണ ഗുരുവിന്റെ അമ്പതാമത് മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുദർശനം ആഗോളതലത്തിൽ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ശ്രീനാരായണ ഗുരുവർഷാചരണം സംഘടിപ്പിക്കപ്പെട്ടതും സ്വാമി പ്രകാശാനന്ദ ജനറൽ സെക്രട്ടറിയായിരുന്ന 1977 കാലത്താണ്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും, 2012ൽ ശാരദാ പ്രതിഷ്ഠ ശതാബ്ദി ആഘോഷവും, [19] 2014ൽ ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്. ധർമപ്രചരണത്തിനൊപ്പം ശിവഗിരിയുടെ വികസനത്തിനും സ്വാമിയുടെ നേതൃശേഷി വിനിയോഗിച്ചു. ശിവഗിരിയുടെ സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധപുലർത്തി. [20][21]കുന്നുംപാറയിൽ അന്യാധീനപ്പെട്ട ആശ്രമം വക ഭൂമി തിരികെപ്പിടിച്ചതും ആ മണ്ണ് കൃഷിയിടവും പൂന്തോട്ടവുമാക്കി മാറ്റുന്നതും പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആയിരുന്നു.[22]
കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാമി പ്രകാശാനന്ദ ഈ അടുപ്പം ശിവഗിരിമഠത്തിന്റെ പുരോഗമനത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. നരേന്ദ്രമോദി പ്രധാന മന്ത്രിയാവുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ ശിവഗിരിയിൽ എത്തിച്ചതിന് പിന്നിലും സ്വാമി പ്രകാശാനന്ദ ആയിരുന്നു. ജാതി മത സാംസ്‌കാരിക തലങ്ങളിൽ വലിയ സൗഹൃദ ബന്ധങ്ങളുള്ള വ്യക്തികൂടിയായിരുന്നു സ്വാമി പ്രകാശാനന്ദ. നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ മഠത്തിൽ എത്തിക്കുക വഴി ശിവഗിരി മഠത്തെ ആഗോള പ്രശസ്തിയിൽ എത്തിക്കാൻ സ്വാമി പ്രകാശാനന്ദയ്ക്ക് സാധിച്ചിരുന്നു.[23]
ആത്മീയരംഗത്ത് കേരളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഒന്ന് കൂടിയാണ് സ്വാമി പ്രകാശാനന്ദയുടേത്.[24] ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത ഗുരുഭക്തി, പ്രാർഥനാപൂർവമായ കർമനിർവഹണം, ധർമനിഷ്ഠ, നിശ്ചയദാർഢ്യം എന്നീ ഗുണങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയായിരുന്നു. പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും ലളിതമായ ജീവിതമാണ് സ്വാമി പ്രകാശാനന്ദ നയിച്ചിരുന്നത്. ശിവഗിരിമഠത്തിലെ ശാരദാമഠത്തിനു തൊട്ടു പിറകു വശത്തുളള ഓടിട്ട നിരക്കെട്ടിടത്തിലെ ആദ്യ മുറിയിലായിരുന്നു സ്വാമി പ്രകാശാനന്ദ ദീർഘകാലം താമസിച്ചിരുന്നത്. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ആയിരുന്നപ്പോഴും പ്രസിഡന്റായ ശേഷവും ഏറെക്കാലം ഈ ചെറിയ മുറിയാണ് അദ്ദേഹം ഉപയോഗിച്ചത്. മൂന്നാമതും ട്രസ്റ്റിന്റെ അദ്ധ്യക്ഷ പദവിയിലെത്തുകയും പ്രായാധിക്യത്തിന്റെ അവശതകൾ നേരിയതോതിൽ അലട്ടിത്തുടങ്ങുകയും ചെയ്ത ശേഷമാണ് ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പർ മുറിയിലേക്ക് താമസം മാറ്റിയത്. [25] ശിവഗിരിയിൽ, തന്നെ കാണാനെത്തുന്ന സന്ദർശകർക്ക് സ്വാമി പ്രകാശാനന്ദ കൽക്കണ്ടവും ഉണക്ക മുന്തിരിയും പ്രസാദമായി നൽകുക പതിവായിരുന്നു.[26] ശ്രീനാരായണ ഗുരു പാലിച്ചിരുന്ന മറ്റൊരു ചിട്ടയായിരുന്നു അത്.[27]
സ്വാമിയുടെ മൗനവൃതം[തിരുത്തുക]
1982 ൽ ഷഷ്ഠിപൂർത്തി വേളയിൽ സ്വാമി പ്രകാശാനന്ദ മൗനവ്രതത്തിലായി. [28] 1983 ൽ ഷഷ്ട്യബ്ദ പൂർത്തി ദിവസമാണ് അടുത്ത 10 വർഷം താൻ മൗന വ്രതത്തിലായിരിക്കുമെന്ന് സ്വാമി പ്രകാശാനന്ദ പ്രഖ്യാപിച്ചത്. ധർമസംഘം ട്രസ്റ്റ് ഭരണത്തിലുള്ള അതൃപ്തിയാലായിരുന്നു ആ തീരുമാനം. [29]
‘ത്യാഗ സന്യാസവും ഭരണ സമ്പ്രദായവും ഒന്നിച്ചു പോകണമെങ്കിൽ ഭരണത്തിലുള്ള സന്യാസിമാരെല്ലാം ത്യാഗികൾ കൂടിയായിരിക്കണം. ശിവഗിരി മഠത്തിന്റെ ബോർഡ് ഭരണമാണ് ത്യാഗികളുടെ അഭാവത്തിനു കാരണം. ഒരു ദുർഭൂതം ആൾമാറാട്ടമായി വന്നു കൂടി ശിവഗിരിയെ പാപപങ്കിലമാക്കി. ഗുരുദേവൻ തന്നെ ആയുധമാക്കി ആ ദുർഭൂതത്തെ ആട്ടിപ്പായിച്ചു. ആ ദൗത്യം പൂർത്തിയാക്കിയതിനാൽ ത്യാഗത്തിലേക്കു തിരിച്ചു പോകുന്നു. ഒരു ത്യാഗിക്കു മാത്രമേ ദീർഘകാല മൗനം സാധ്യമാകൂ’– അദ്ദേഹം അന്നിറക്കിയ പ്രസ്താവനയിൽ പറയുന്നു. [30] അക്കാലത്തും അദ്ദേഹം സന്ദർശകരെ സ്വീകരിക്കുമായിരുന്നു. അത്യാവശ്യം ചിലരോട് എഴുത്തിലൂടെ ആശയവിനിമയം നടത്തും. [31] മഠത്തിലെ സന്യാസിമാർക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്ക് പിന്നിൽ ചില ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. ശിവഗിരിമഠത്തിന്റെയോ ധർമ്മസംഘം ട്രസ്റ്റിന്റെയോ ഭരണപരമായ കാര്യങ്ങളിൽ പുറമെ നിന്നുളളവർ ഇടപെടുന്നത് അദ്ദേഹത്തിനിഷ്ടമായിരുന്നില്ല. എന്തൊക്കെ അഭിപ്രായഭിന്നതകളുണ്ടായാലും ശിവഗിരിയുടെ കാര്യം സന്യാസിമാർ തീരുമാനിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. [32]
8 വർഷവും 3 ദിവസവും നീണ്ട മൗനവ്രതം പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം അവസാനിപ്പിച്ചത്. [33]
മഠത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ[തിരുത്തുക]
ശിവഗിരി മഠത്തിന്റെ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിലും സ്വാമി പ്രകാശാനന്ദ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 1994 ൽ മഠംഭരണം സംബന്ധിച്ച് തർക്കത്തെത്തുടർന്ന് ഹൈക്കോടതി ഭരണസമതി പിരിച്ചുവിട്ടു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതീകാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാതിപതിയായി. 1995 ൽ എസ്എൻഡിപി യുടെ സഹായത്തോടെ ഒരു വിഭാഗം സ്വാമിമാർ മഠത്തിന്റെ ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തമായി ചെറുക്കാൻ മുന്നിട്ടിറങ്ങിയത് സ്വാമി പ്രകാശാനന്ദയാണ്. തർക്കങ്ങൾ തുടർന്നപ്പോൾ 1995 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൊലീസ് സഹായത്തോടെയാണ് സ്വാമി പ്രകാശാനന്ദ ചുമതലയേറ്റത്. അന്നത്തെ പൊലീസ് നടപടി വൻവിവാദമായിരുന്നു. [34] [35]
ശിവഗിരി മഠത്തിന്റെ ഭരണം നായനാർ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ സ്വാമി പ്രകാശാനന്ദ കേരളമൊട്ടാകെ ഒരു രഥയാത്ര നടത്തി. [36] തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സ്വാമി പ്രകാശാനന്ദ അനുഷ്ഠിച്ച നിരാഹാരം ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലും ആശുപത്രിയിലുമായി 31 ദിവസമാണ് നിരാഹാരം തുടർന്നത്. ശ്രീനാരായണ ഗുരുഭക്തരിലും സംസ്ഥാനത്തെ ജനാധിപത്യവിശ്വാസികളിലും ആശങ്കയുണ്ടാക്കിയ സമരമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. [37]സെക്രട്ടേറിയറ്റിനു മുന്നിലെ ഉപവാസ സമരപ്പന്തലിൽനിന്നു പൊലീസ് ബലം പ്രയോഗിച്ചാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. അവിടെയും നിരാഹാരം തുടർന്ന അദ്ദേഹം ഗ്ലൂക്കോസ് പോലും സ്വീകരിക്കാൻ വിസമ്മതിച്ചു. തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. ആശുപത്രിയിലെ നിരാഹാരവും 16 ദിവസം നീണ്ടതോടെ ആത്മഹത്യാ ശ്രമം ആരോപിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ജാമ്യത്തിൽ വിട്ടതോടെയാണ് പ്രതിസന്ധി അയഞ്ഞത്. സുപ്രീം കോടതി വരെ നീണ്ട നിയമ യുദ്ധത്തിലൂടെ മഠം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം തടയാനുമായി. [38] ലേശംപോലും തളർച്ചയില്ലാതെ 31 ദിവസം ഉപവാസമിരുന്നത് ഡോക്ടർമാരെത്തന്നെ അമ്പരപ്പിച്ചിട്ടുമുണ്ട്. ചെറുപ്പത്തിലേ ശീലിച്ച മനസ്സിന്റെ ഏകാഗ്രതയാണ് ഇതൊക്കെ ചെയ്യാനുള്ള കരുത്തു നൽകിയതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[39]
സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെ ആകാം എന്ന് സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു. ഇടിക്കട്ട കൊണ്ട് ഇടിച്ച ശേഷം ജഡം പുഴയിൽ തള്ളിയതാകാം എന്ന് ജഡത്തിന്റെ നെറ്റിയിൽ സമാനമായ മുറിവ് ഉണ്ടായിരുന്നതിനാൽ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഈ കാര്യം അന്വേഷണോദ്യോഗസ്ഥർ ചോദിച്ചാൽ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. [40]
മരണം[തിരുത്തുക]
രണ്ട് വർഷത്തോളം ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടർന്ന് വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.
ഇതിനിടെ പ്രകാശാനന്ദയെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നുൾപ്പെടെ വിവാദങ്ങൾ ഉയർന്നിരുന്നു. സ്വാമി പ്രകാശാനന്ദയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് 2020ൽ കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. സ്വാമി പ്രകാശാനന്ദയെ ആശുപത്രി മോർച്ചറിയോട് ചേർന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിൽ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാൻ അനുവദിക്കില്ലെന്നും ചൂണ്ടാക്കാട്ടി അദ്ദേഹത്തിന്റെ അടുത്ത അനുയായികളിൽ ഒരാളായ തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. [41][42][43]
2021 ജൂലൈ ഏഴാം തീയതി വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം അന്നേ ദിവസം വൈകുന്നേരം അഞ്ചേകാൽ മണിയോടുകൂടി ശിവഗിരിയിൽ സമാധിയിരുത്തി. [44]
അവലംബം[തിരുത്തുക]
- ↑ https://keralakaumudi.com/news/news.php?id=589115&u=prakashanandha
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda.html
- ↑ https://www.manoramaonline.com/news/editorial/2021/07/08/malayala-manorama-editorial-08-07-2021.html

- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://keralakaumudi.com/news/news.php?id=589193&u=editorial
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://www.manoramaonline.com/news/editorial/2021/07/08/malayala-manorama-editorial-08-07-2021.html
- ↑ https://keralakaumudi.com/news/news.php?id=589145&u=prakashanandha
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://www.manoramaonline.com/news/latest-news/2021/07/07/sivagiri-mutt-former-head-swami-prakashananda-passes-away.html
- ↑ https://keralakaumudi.com/news/news.php?id=589145&u=prakashanandha
- ↑ https://www.mathrubhumi.com/news/kerala/swami-prakashananda-passed-away-1.5811274
- ↑ https://www.mathrubhumi.com/news/kerala/sivagiri-mutt-former-head-swami-prakashananda-dies-1.5811379
- ↑ https://keralakaumudi.com/news/news.php?id=589193&u=editorial
- ↑ https://malayalam.news18.com/news/kerala/former-chief-of-sivagiri-mutt-swami-prakashananda-passes-away-rv-404625.html
- ↑ https://www.mathrubhumi.com/news/kerala/sivagiri-mutt-former-head-swami-prakashananda-dies-1.5811379
- ↑ https://keralakaumudi.com/news/news.php?id=589150&u=prakashanandha
- ↑ https://keralakaumudi.com/news/news.php?id=589193&u=editorial
- ↑ https://keralakaumudi.com/news/news.php?id=589193&u=editorial
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-07.
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://keralakaumudi.com/news/news.php?id=589150&u=prakashanandha
- ↑ https://keralakaumudi.com/news/news.php?id=589150&u=prakashanandha
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-07.
- ↑ https://malayalam.news18.com/news/kerala/former-chief-of-sivagiri-mutt-swami-prakashananda-passes-away-rv-404625.html
- ↑ https://keralakaumudi.com/news/news.php?id=589145&u=prakashanandha
- ↑ https://malayalam.news18.com/news/kerala/former-chief-of-sivagiri-mutt-swami-prakashananda-passes-away-rv-404625.html
- ↑ https://www.manoramaonline.com/news/kerala/2021/07/08/swami-prakashananda-side-story.html
- ↑ https://www.manoramaonline.com/news/editorial/2021/07/08/malayala-manorama-editorial-08-07-2021.html
- ↑ https://www.marunadanmalayalee.com/news/special-report/swami-prakashananda-199782
- ↑ https://malayalam.news18.com/news/kerala/former-chief-of-sivagiri-mutt-swami-prakashananda-passes-away-rv-404625.html
- ↑ https://www.marunadanmalayalee.com/news/special-report/swami-prakashananda-199782
- ↑ https://www.newindianexpress.com/states/kerala/2020/aug/12/save-swami-prakashananda-from-illegal-detention-says-plea-in-hc-2182185.html
- ↑ https://keralakaumudi.com/news/news.php?id=588410&u=sivagiri-swami-prakashanandha