പോൾ ഡ്യൂസ്സെൻ
പോൾ ഡ്യൂസ്സെൻ | |
---|---|
![]() | |
ജനനം | |
മരണം | ജൂലൈ 6, 1919 | (പ്രായം 74)
ദേശീയത | German |
ജർമൻ തത്ത്വചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു പോൾ ഡ്യൂസ്സെൻ (1845 ജനുവരി 7 – 1919 ജൂലൈ 6). വെസ്റ്റർ വാൽഡിൽപ്പെട്ട ഒബർഡ്രൈയ്സ് ഗ്രാമത്തിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി ജനിച്ചു.
വിദ്യാഭ്യാസവും ഉദ്യോഗവും[തിരുത്തുക]
ഫോർട്ടയിലെ വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത് ഫ്രൈഡ്റിക് നീഷെയുമായി അടുത്ത സൗഹൃദം പുലർത്താൻ സാധിച്ചു. ഇരുവരും പിന്നീട് ബോൺ സർവ്വകലാശാലയിലെ ദൈവശാസ്ത്രവിഭാഗത്തിൽ വിദ്യാർഥികളായി. എന്നാൽ നീഷെ, ഭാഷാശാസ്ത്രം തന്റെ മുഖ്യ പഠനവിഷയമായി സ്വീകരിക്കുകയും അധ്യാപകനായ റിറ്റ്ഷലിനെ പിന്തുടർന്ന് ലീപ്സിഗിലേക്ക് പോവുകയും ചെയ്തു. ഡ്യൂസ്സെനും പിന്നീട് ഭാഷാശാസ്ത്ര പഠനത്തിലേക്കു തിരിഞ്ഞു. 1869-ൽ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കുറച്ചുകാലം സെക്കൻഡറി വിദ്യാലയങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. 1872-ൽ ജനീവയിലെ ഒരു റഷ്യൻ കുടുംബത്തിന്റെ ട്യൂട്ടറായി. ഇവിടെവച്ച് ഇദ്ദേഹം സംസ്കൃതം അഭ്യസിക്കുകയും ഭാരതീയ തത്ത്വശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കുകയും ചെയ്തു. അചിരേണ ഇദ്ദേഹം ഷോപ്പൻഹോവറിന്റെ ആരാധകനായിത്തീർന്നു. 1889-ൽ കീലിൽ അധ്യാപകനായി.
പ്രധാനകൃതികൾ[തിരുത്തുക]
ഡ്യൂസ്സെന്റെ പ്രധാന കൃതി യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് ഫിലോസഫി(Universal History of Philosophy) ആണ്. ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യ വാല്യം ഭാരതീയ തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ളതാണ്; രണ്ടാം വാല്യത്തിൽ പാശ്ചാത്യതത്ത്വചിന്തയാണ് പരാമൃഷ്ടമായിട്ടുളളത്. ബൈബിളിലെ തത്ത്വചിന്തയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
തത്ത്വശസ്ത്രത്തിന്റെ ചരിത്രം[തിരുത്തുക]
തത്ത്വശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുന്നതിലൂടെ ജീവിതത്തിന്റെ അർഥം മനസ്സിലാക്കുവാനും അതിനെ ആത്മീയമായും മതപരമായും വ്യാഖ്യാനിക്കുവാനും സാധിക്കും എന്ന് ഡ്യൂസ്സെൻ വിശ്വസിച്ചു. വ്യത്യസ്ത മതങ്ങളുടേയും തത്ത്വശാസ്ത്ര വിഭാഗങ്ങളുടേയും ദർശനങ്ങളുടെ ചരിത്രം പഠനവിധേയമാക്കുമ്പോൾ കേവല ബാഹ്യാഡംബരങ്ങൾ നീക്കി പരമമായ സത്യം കണ്ടെത്തുവാൻ കഴിയും.
പരമമായ സത്യം[തിരുത്തുക]
കാന്റിന്റെ കൃതികളിൽ ഈ പരമമായ സത്യത്തെക്കുറിച്ചുള്ള പരിചിന്തനം ദൃശ്യമാണ്. വേദാന്തത്തിൽ നിന്നും പ്ലേറ്റോയുടെ കൃതികളിൽ നിന്നും ക്രിസ്ത്യൻ വിശ്വാസങ്ങളിൽ നിന്നും ആശയ ങ്ങൾ ഉൾക്കൊണ്ട് ഇതിന് പൂർണത നൽകിയത് ഷോപ്പൻ ഹോവറാണ്. ഡ്യൂസ്സെന്റെ അഭിപ്രായത്തിൽ ഷോപ്പൻഹോവറാണ് യഥാർഥ ക്രിസ്ത്യാനിയായ തത്ത്വചിന്തകൻ. ജേക്കബ് ബോഹെമിന്റെ വ്യാഖ്യാതാക്കളിൽ പ്രധാനിയായിരുന്നു ഡ്യൂസ്സെൻ. ഷോപ്പൻഹോവർ സൊസൈറ്റി സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനയാണ്. 1919-ൽ ഡ്യൂസ്സെൻ അന്തരിച്ചു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.librarything.com/author/deussenpaul
- http://www.alternativeright.com/authors/paul-deussen/
- http://www.amazon.com/Philosophy-Upanishads-Paul-Deussen/dp/076615470X
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യൂസ്സെൻ, പോൾ (1845 - 1919) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |