പോളിഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിളകൾക്ക് അനുയോജ്യമായ തരത്തിൽ കാലാവസ്ഥ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്ന ആധുനിക രീതിയാണ് ഗ്രീൻ ഹൗസ് ഫാമിങ്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുക്കാൻ ഈ കൃഷിരീതിയിലൂടെ സാധിക്കും. പോളി ഹൗസുകൾ എന്നും ഇവ അറിയപ്പെടുന്നു. ഗ്രീൻ ഹൗസ് ഫാമിംഗിലൂടെ ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നൊക്കെ ചെടിയെ സംരക്ഷ് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുകയാണ് .[1]

പോളിഹൗസ് / ഗ്രീൻഹൗസ്[തിരുത്തുക]

കാർഷിക മേഖലയിൽ പുത്തനുണർവായ സംരക്ഷിത കൃഷിയുടെ ഭാഗമാണ് പോളിഹൗസ്. ജി.ഐ. പൈപ്പുകളും, പോളിത്തിൻ ഷീറ്റുകളുമുപയോഗിച്ചാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്. ഹരിതഗൃഹപ്രവാഹത്തിന്റെ തത്ത്വം തന്നെയാണ് പോളി ഹൗസുകളിൽ ഉപയോഗിക്കുന്നത്. ശൈത്യമേഖലകളിൽ തണുപ്പിനെ തരണം ചെയ്യുന്ന വിധം ഉരുവെടുത്ത സംരക്ഷിത കൃഷിരീതിയുടെ ഭാഗമാണ് പോളി ഹൗസുകൾ. അന്തിരിക്ഷതാപനിലയെക്കാളും 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വർദ്ധനവ് പോളിഹൗസുകളിൽ കാണപെടുന്നു. പോളിഹൗസിന്റെ നിർമ്മാണരീതിക്കനുസരിച്ച് ചെലവും വ്യത്യാസപ്പെടുന്നു. ഗ്ലാസു മുതൽ പോളിത്തിൻ ഷീറ്റുകൾ വരെ പോളിഹൗസ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. ഉഷ്ണമേഖലകളിൽ പ്രധാനമായും പോളിത്തിൻ ഷീറ്റുകളാണ് ഉപയോഗിച്ച് പോരുന്നത്. ഇവ നിർമ്മാണചെലവും കുറയ്ക്കുന്നു. പച്ചക്കറി കൃഷിയും, പുഷ്പ്പ കൃഷിയാണ് പോളിഹൗസുകളിൽ പ്രധാനമായും കണ്ടുവരുന്നത്.[2]

Polyhouse

ഗ്രീൻഹൗസ് നിർമാണം[തിരുത്തുക]

  1. ഫ്രെയിം അഥവാ ചട്ടക്കൂട്
  2. ആവരണം .
  3. അറിസ്ഥിതി നിയന്ത്രണ സംവിധാവങ്ങൾ (താപനിലയും ആർദ്രതയും)
  4. ഫെര്ട്ടിഗേഷൻ സംവിധാനം .

ഗ്രീൻഹൗസുകളുടെ സ്ട്രക്ചറുകൾ ജി.ഐ. പൈപ്പുകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഗ്രീൻ ഹൗസ് സ്ട്രക്ചറുകൾ പലതരത്തിൽ ഉണ്ടെങ്കിലും ജി.ഐ. പൈപ്പുകളാണ് ഏറ്റവും അനുയോജ്യം. ചെലവ് കുറഞ്ഞ മാർഗങ്ങൾ എന്ന നിലയിൽ മുള, കവുങ്ങ്, കാറ്റാടിക്കഴകൾ തുടങ്ങിയവ കൊണ്ട് ഫ്രയിം നിർമ്മിച്ച് അതിന് മുകളിൽ പോളിഫിലിം ഉറപ്പിക്കുന്ന സമ്പ്രദായം പലരും ശുപാർശ ചെയ്യുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഇത് നഷ്ടത്തിലേ കലാശിക്കൂ. ഫ്രയിമുകൾ/സ്ട്രക്ചറുകൾ വേണ്ടത്ര ബലമില്ലാത്തതും, ഗുണമില്ലാത്തതും, നിരപ്പില്ലാത്തതും കൂർത്ത പ്രതലമുള്ളതും ആകയാൽ വിലകൂടിയ പോളിഫിലിമുകൾ കേടുപാട് സംഭവിച്ച് കാറ്റിന്റെ ശക്തി താങ്ങാനാവാതെയും ഗ്രീൻ ഹൗസ് അപ്പാടെ നിലംപതിക്കുകയും ചെയ്യും.[3]

ഗ്രീൻ ഹൗസ് രണ്ട് തരത്തിൽ നിർമ്മിക്കാം[തിരുത്തുക]

ഫാക്ടറികളിൽ പ്രീ-ഫാബ്രിക്കേറ്റ് ചെയ്ത ജി.ഐ. പൈപ്പുകൾ വിവിധ മാതൃകകളിൽ ലഭ്യമാണ്. ഇവ കൊണ്ടുവന്ന് നട്ടും ബോൾട്ടും ചെയ്ത് പെട്ടെന്ന് ഗ്രീൻ ഹൗസ് ഉണ്ടാക്കിയെടുക്കാം. മറ്റൊന്ന് ജി.ഐ. പൈപ്പുകൾ കൃത്യമായ അളവിൽ വാങ്ങിക്കൊണ്ടുവന്ന് കൃത്യമായ മാതൃകയിൽ സഥലത്തുവെച്ചുതന്നെ നിർമ്മിച്ചെടുക്കുക എന്ന രീതിയും. രണ്ട് രീതികൾക്കും അതിന്റേതായ ഗുണദോഷങ്ങളും ഉണ്ട്. പ്രീഫാബ്രിക്കേറ്റഡ് സംവിധാനത്തിന് പൊതുവേ ചെലവ് കൂടിയിരിക്കും.

ഏതുതരത്തിൽ നിർമ്മിച്ചാലും ഗ്രീൻ ഹൗസുകൾ ശക്തമായ കാറ്റിലും മഴയിലും തകർന്ന് വീഴാത്ത തരത്തിൽ ശക്തമായതും തുരുമ്പുപിടിക്കാത്തതുമാവണം. പോളിഫിലിമുകൾ നിശ്ചിത ഗുണമേന്മയുള്ളതും ചുളുവുകൾ വീഴാതെയും, അലൂമിനിയം പ്രൊഫൈൽ സ്പ്രിംഗ് സംവിധാനം ഉപയോഗിച്ച് ഫ്രയിമുകളിൽ വലിച്ച് ഉറപ്പിക്കേണ്ടതുമാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് അനുസരിച്ച് 140 കി.മീറ്റർ വേഗത്തിലുള്ള കാറ്റിനെ അതിജീവിക്കാൻ കഴിയുന്ന ശക്തി ഗ്രീൻ ഹൗസുകൾക്കുണ്ടായിരിക്കണം. ഇതിന് അനുസൃതമായ തരത്തിലുള്ള ജി.ഐ. തൂണുകളും ഫ്രയിമുകളും നിർബന്ധമായും നിർമ്മിച്ചിരിക്കണം.

എല്ലാത്തരം പൂക്കളും കായ്കനികളും ഗ്രീൻഹൗസുകളിൽ ഉണ്ടാകുന്നതുമൂലം ചില സീസണിൽ കിട്ടാത്ത കായ്കനികളും പൂക്കളും കൂടുതൽ മെച്ചപ്പെട്ട വിലയ്ക്ക് വിപണനം നടത്താനും ഗ്രീൻഹൗസ് കൃഷി സമ്പ്രദായത്തിലൂടെ കഴിയും. ആധുനിക കൃഷിരീതികളായ മണ്ണില്ലാകൃഷി (ഹൈഡ്രോപോണിക്), ഏറോപോണിക് എന്നിവ ഗ്രീൻഹൗസുകളിൽ മാത്രമേ സാദ്ധ്യമാകുകയുള്ളൂ. വിവിധതരം പോളീഹൗസുകൾ/ഗ്രീൻ ഹൗസുകൾ ഉണ്ടെങ്കിലും ഓരോ പ്രദേശത്തെയും കാലാവസ്ഥകൂടി കണക്കിലെടുത്തുള്ള മാതൃകകൾ കൃത്യമായി സാങ്കേതികവിദഗ്ദ്ധരുടെ മേൽനോട്ടത്തിൽത്തന്നെ തെരഞ്ഞെടുക്കണം.

കേരളത്തിലെ ഗ്രീൻഹൗസുകളുടെ പ്രധാനപ്രശ്‌നം വേനൽകാലത്തുള്ള വർദ്ധിച്ച താപനിലയാണ്. ഗ്രീൻഹൗസുകൾക്കുള്ളിലെ താപനില പുറമേ ഉള്ളതിനേക്കാൾ എപ്പോഴും അധികരിച്ചായിരിക്കും. ഈ താപനില പരിധിവിട്ട് ഉയരാൻ പാടില്ല. കൃത്യമായ താപനിർഗമന സംവിധാനവും (വെന്റിലേഷൻ) വശങ്ങളുടെ ഉയരം കുറഞ്ഞത് 4.5 മീറ്ററും ആയി ക്രമപ്പെടുത്തുകയും കാര്യക്ഷമമായി ഒരു ഫോഗർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ താപനില അഭികാമ്യമായ രീതിയിൽ ക്രമപ്പെടുത്താൻ കഴിയും. ചതുരാകൃതിയിൽ വലിയ ഗ്രീൻഹൗസുകൾ നിർമ്മിക്കുന്നതിനേക്കാളും ദീർഘചതുരാകൃതിയിൽ ഗ്രീൻഹൗസുകൾ നിർമ്മിക്കുന്നതാണ് കൂടുതൽ നല്ലത്. സ്ഥലത്തിന്റെ കിടപ്പനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

ഏതൊക്കെ വിളകൾ?[തിരുത്തുക]

ഏതു വിളയും ഗ്രീൻഹൗസുകളിൽ കൃഷി ചെയ്യാം. എങ്കിലും തുറസ്സായ സ്ഥലത്ത് മതിയായ ഉത്പാദനക്ഷമതയുള്ള വിളകൾ ഗ്രീൻഹൗസുകളിൽ കൃഷി ചെയ്യണമെന്നില്ല. ഗ്രീൻഹൗസുകളിലെ ഓരോ ഇഞ്ച് സ്ഥലവും വിലപ്പെട്ടതായതിനാൽ തറ വിസ്തീർണ്ണത്തിന് പുറമെ മുകളിലേക്കുള്ള നാല് മീറ്റർ ഉയരമുള്ള സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്ന പടർന്നു കയറുന്ന പ്രത്യേക ഗ്രീൻ ഹൗസ് ഇനങ്ങൾ കൃഷി ചെയ്യാം. കേരളത്തിലെ സാഹചര്യങ്ങളിൽ കാബേജ്, കോളിഫ്‌ളവർ, മുളക് തുടങ്ങിയവ ഗ്രീൻഹൗസുകളിൽ കൃഷി ചെയ്യുന്നത് ഒട്ടും ലാഭകരമല്ല. ഗ്രീൻഹൗസുകളുടെ തറ വിസ്തീർണ്ണം മാത്രമേ ഈ വിളകൾ ഉപയോഗപ്പെടുത്തുന്നുള്ളൂ.

കേരളത്തിലെ കാലാവസ്ഥയിൽ വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ വിളകൾ കാപ്‌സിക്കം, തക്കാളി, സാലഡ് വെള്ളരി, അച്ചിങ്ങപ്പയർ എന്നിവയാണ്. ഇവയ്ക്ക് പുറമേ പുഷ്പകൃഷിയും ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയും. വള്ളിയായി മുകളിലേക്ക് വളരുന്ന പ്രത്യേക ഇനത്തിലുള്ള തക്കാളിയും കാപ്‌സിക്കവും മറ്റുമാണ് കൃഷി ചെയ്യേണ്ടത്. പരാഗണം ആവശ്യമില്ലാത്തതോ സ്വപരാഗണം നടത്തുന്നതുമായതോ ആയ വിളകൾ വേണം ഗ്രീൻ ഹൗസ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. ഉത്പാദനക്ഷമത ഗ്രീൻ ഹൗസുകളിൽ തുറസ്സായ കൃഷിരീതിയേക്കാൾ 10-12 ഇരട്ടിയാണ്. ഉദാഹരണത്തിന് തക്കാളിയുടെ ചില ഇനങ്ങളുടെ ഉത്പാദനം ഒരു സെന്റിന് 2400 കി.ഗ്രാം വരെ ലഭ്യമാണ്. കൃത്യമായി പറഞ്ഞാൽ ഒരേക്കറിന് 240 മെട്രിക് ടൺ. ഇതേ സമയം തുറസ്സായ കൃഷിയിൽ ഏക്കറിന് പരമാവധി 15 മെട്രിക് ടണ്ണിൽ കൂടുതൽ കിട്ടില്ല.

അവലംബം[തിരുത്തുക]

  1. "Samayam Malayalam". Retrieved 2022-09-24.
  2. "vikaspedia Domains". Retrieved 2022-09-24.
  3. "ഗ്രീൻഹൗസുകളുടെ പ്രധാന ഭാഗങ്ങൾ". Archived from the original on 2022-09-24. Retrieved 2022-09-24.
"https://ml.wikipedia.org/w/index.php?title=പോളിഹൗസ്&oldid=3821663" എന്ന താളിൽനിന്ന് ശേഖരിച്ചത്