Jump to content

പൊർഫീറിയോ ഡിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊർഫീറിയോ ഡിയാസ്
പൊർഫീറിയോ ഡിയാസ്


വൈസ് പ്രസിഡന്റ്   Ramón Corral
(1904–1911)
മുൻഗാമി  José María Iglesias
പിൻഗാമി  Juan N. Méndez
പദവിയിൽ
17 February 1877 – 1 December 1880
മുൻഗാമി Juan N. Méndez
പിൻഗാമി Manuel González
പദവിയിൽ
1 December 1884 – 25 May 1911
മുൻഗാമി Manuel González
പിൻഗാമി Francisco León de la Barra

ജനനം (1830-09-15)15 സെപ്റ്റംബർ 1830
Oaxaca, Oaxaca, Mexico
മരണം 2 ജൂലൈ 1915(1915-07-02) (പ്രായം 84)
Paris, France
രാഷ്ട്രീയകക്ഷി Liberal
ജീവിതപങ്കാളി Delfina Ortega
Carmen Romero Rubio

മെക്സിക്കോയിലെ മുൻ പ്രസിഡന്റായിരുന്നു പൊർഫീറിയോ ഡിയാസ്(1830 സെപ്റ്റംബർ15 – 1915 ജൂലൈ 2) 1876 മുതൽ 80 വരേയും 84 മുതൽ 1911 വരേയും മെക്സിക്കൻ ഭരണം നിയന്ത്രിച്ച ഇദ്ദേഹത്തെ ഒരു സേച്ഛാധിപതിയായും കണക്കാക്കുന്നുണ്ട്. ജോസ് ഡി ലാ ക്രൂസ് പൊർഫീറിയോ ഡിയാസ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഒക്സാക്ക (Oaxaca) പട്ടണത്തിലെ ഒരു സാധുകുടുംബത്തിൽ 1830 സെപ്റ്റംബർ 15-നായിരുന്നു ജനനം. ചെറുപ്പത്തിൽ പുരോഹിതനാകാനുള്ള പരിശീലനം നേടിയെങ്കിലും 1846-48 കാലത്ത് അമേരിക്കൻ ഐക്യനാടുകളുമായി നടന്ന യുദ്ധത്തിൽ പങ്കെടുത്തുകൊണ്ട് ഇദ്ദേഹം സൈനിക-രാഷ്ട്രീയ രംഗങ്ങളിലേക്കു കടക്കുകയാണുണ്ടായത്.

ലിബറൽ പക്ഷത്തിന്റെ മുന്നണിപോരാളി

[തിരുത്തുക]

പിന്നീട് നിയമപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മെക്സിക്കൻ രാഷ്ട്രീയത്തിൽ ലിബറൽ നേതാവായിരുന്ന ബെനിറ്റോ ജൂവാറെസിന്റെ വലംകയ്യായി ഇദ്ദേഹം പ്രവർത്തിച്ചുപോന്നു. മെക്സിക്കോയിൽ സാന്റാ ആന്നായുടെ ഭരണത്തിനെതിരായി ലിബറൽപക്ഷം 1854-ൽ നടത്തിയ വിപ്ലവത്തിലും പിന്നീടുണ്ടായ ആഭ്യന്തര സമരങ്ങളിലും ഇദ്ദേഹം ലിബറൽ പക്ഷത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു. ഇതോടെ സൈന്യത്തിൽ ഉന്നതശ്രേണിയിലെത്താൽ കഴിഞ്ഞു. 1861-ൽ ഇദ്ദേഹം ജനറൽ പദവിയിലെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജൂവാറെസിനെ ഇദ്ദേഹം പിന്തുണച്ചു. 1861-67 കാലത്തെ ഫ്രഞ്ച് അധിനിവേശത്തിനെതിരായി പോരാടിയ ശ്രദ്ധേയനായ പടയാളിയായിരുന്നു ഡിയാസ്.

സജീവരാഷ്ട്രീയത്തിൽ

[തിരുത്തുക]

സമാധാനം പുനഃസ്ഥാപിച്ചതോടെ ഇദ്ദേഹം പട്ടാളത്തിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുതുടങ്ങി. എന്നാൽ ജൂവാറെസിന്റെ നയങ്ങളിൽ അസംതൃപ്തനായ ഡിയാസ് രാഷ്ട്രീയത്തിൽ സജീവ പങ്കാളിയാവുകയും 1871-72 കാലത്ത് അദ്ദേഹത്തിനെതിരായ നിലപാടെടുക്കുകയും ചെയ്തു. ജൂവാറെസ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ ഡിയാസ് നടത്തിയ പ്രക്ഷോഭം പക്ഷേ ഫലവത്തായില്ല. ജൂവാറെസിന്റെ പിൻഗാമിയായി വന്ന സെബാസ്റ്റ്യൻ ലെർദൊ ദെ ടെജാദ രണ്ടാംതവണ സ്ഥാനമേറ്റപ്പോൾ അതിനെതിരായി ഡിയാസ് വീണ്ടുമൊരു പ്രക്ഷോഭത്തിനു നേതൃത്വം നൽകി. ഇതു വിജയിക്കുകയും 1876-77-ൽ ഇദ്ദേഹം മെക്സിക്കോയുടെ താത്ക്കാലിക പ്രസിഡന്റാവുകയും ചെയ്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

[തിരുത്തുക]

1877-ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1880-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. എന്നാൽ 1884-ൽ വീണ്ടും മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തി. തുടർന്ന് 26 വർഷം (തുടർച്ചയായി ഏഴുതവണ) പ്രസിഡന്റു പദവി വഹിച്ചു. ഇക്കാലത്ത് മെക്സിക്കോയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോൽബലകമായ നയം നടപ്പിലാക്കിയെങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന വിമർശനം ഇദ്ദേഹത്തിനെതിരായി ഉയർന്നുവന്നു. ദീർഘകാലം മെക്സിക്കോയുടെ ഭരണ നേതൃത്വം വഹിച്ച ഡിയാസിന് ഒരു സ്വേച്ഛാധിപതിയുടെ പരിവേഷമുണ്ട്. ജനവികാരം ഇദ്ദേഹത്തിനെതിരായിത്തീരുകയും ഫ്രാൻസിസ്കോ മാഡെറോയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ 1911-ൽ അധികാരമൊഴിഞ്ഞ് ഇദ്ദേഹം പാരിസിലേക്കു പോയി. അവിടെ 1915 ജൂലൈ 2-ന് നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിയാസ്, പൊർഫീറിയോ (1830 - 1915) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പൊർഫീറിയോ_ഡിയാസ്&oldid=3150762" എന്ന താളിൽനിന്ന് ശേഖരിച്ചത്