പൊൻകുന്നം ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊൻകുന്നം ദാമോദരൻ
ജനനം(1915-11-25)നവംബർ 25, 1915
മരണംനവംബർ 24, 1994(1994-11-24) (പ്രായം 78)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഅദ്ധ്യാപകൻ,
സാഹിത്യകാരൻ
കുട്ടികൾഎം.ഡി. രത്നമ്മ,
എം.ഡി. രാജേന്ദ്രൻ,
എം.ഡി. അജയഘോഷ്,
എം.ഡി. ചന്ദ്രമോഹൻ

കവിത, നോവൽ, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണു് പൊൻകുന്നം ദാമോദരൻ. കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം.[1]

ജീവിത രേഖ[തിരുത്തുക]

1915 നവംബർ 25-ന് കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന ഗ്രാമത്തിൽ ജനിച്ചു.

സംസ്കൃതത്തിലും മലയാളത്തിലും വിദ്വാൻ പരീക്ഷയും ആയുർവേദത്തിൽ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി നോക്കി[2]. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, പാർടി പിളർന്നപ്പോൾ സി പി ഐ (എം)- ലും പിന്നീട് സി പി ഐ-ലും പ്രവർത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തിൽസജീവമായിരുന്നു.

പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്നമ്മ, എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ ഇദ്ദേഹത്തിന്റെ മക്കളാണു്.

എം.ഡി. രാജേന്ദ്രന്റെ സംഗീതസംവിധാനത്തിൽ മധു ബാലകൃഷ്ണനും ബിജു നാരായണനും ചേർന്നു ദാമോദരന്റെ "ജനഗണമന പാടുമ്പോൾ" എന്ന കവിത ആലപിച്ചിട്ടുണ്ട്.[3]

പ്രധാന കൃതികൾ[തിരുത്തുക]

തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണ് പൊൻകുന്നം ദാമോദരൻ ശ്രമിച്ചിരുന്നതു്.

കവിത[തിരുത്തുക]

മലയാള കവിതയിൽ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരൻ കവിതാരചന ആരംഭിച്ചത്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹിക സമസ്യകൾ ശക്തമായി ആവിഷ്കരിക്കുവാനാണു് പൊൻകുന്നം ദാമോദരൻ ശ്രമിച്ചതു്. കാല്പനികതയുടെ വികാരാംശത്തെ മൂർത്ത ജീവിതവുമായി സമന്വയിപ്പിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.

കേരളത്തിന്റെ നാടോടിസംസ്കാരത്തിനും ലാവണ്യബോധത്തിനും ഊർജ്ജം നല്കുന്ന ഒട്ടേറെ ഗാനങ്ങളും ഇദ്ദേഹത്തിന്റെ തൂലികയിൽനിന്ന് മലയാളത്തിനു ലഭിച്ചു.

 • വാരിക്കുന്തങ്ങൾ
 • നവരശ്മി
 • ദുഃഖസത്യങ്ങൾ
 • മഗ്ദലനമറിയം
 • പൊൻകുന്നം ദാമോദരന്റെ കവിതകൾ
 • ജനഗണ മന പാടുമ്പോൾ
 • സോവിയറ്റിന്റെ മകൾ
 • രക്തരേഖകൾ
 • പ്രഭാതഭേരി
 • നവരശ്മി

നോവൽ[തിരുത്തുക]

 • ആദർശം-തീച്ചൂള
 • രാക്കിളികൾ
 • നീരാളി
 • അനാഥ പെണ്ണ്
 • സർപ്പം കൊത്തുന്ന സത്യങ്ങൾ

നാടകം[തിരുത്തുക]

നാടകകൃത്ത് എന്ന നിലയിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. പൗരോഹിത്യത്തിനും യാഥാസ്ഥിതികത്വത്തിനും എതിരെ പോരാടി പുതിയ സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വീറുള്ള മനുഷ്യരുടെ കഥകളാണ് ദാമദോരൻ തന്റെ നാടകങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

 • വഴിവിളക്കുകൾ
 • രാഷ്ട്രശില്പി
 • കണ്ണില്ലെങ്കിലും കാണാം
 • മതമേതായാലും മനുഷ്യൻ നന്നായാൽ മതി
 • തടവു പുള്ളി
 • കരിവേപ്പില
 • ആ കണ്ണീരിൽ തീയുണ്ട്
 • വിശക്കുന്ന ദൈവങ്ങൾ
 • ആ കണ്ണീരിൽ തീയുണ്ട്, ഈ രക്തത്തിൽ ഭ്രാന്തുണ്ട്

നിരൂപണം[തിരുത്തുക]

 • ചെമ്മീനിലെ തകഴി

മരണാനന്തര വിവാദം[തിരുത്തുക]

പൊൻകുന്നം ദാമോദരൻ ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്നഗാനം "നോട്ടം" എന്ന ചിത്രത്തിൽ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമായി.പകർപ്പവകാശലംഘനത്തെ കുറിച്ച് പൊൻകുന്നം ദാമോദരന്റെ മകൻ എം.ഡി. ചന്ദ്രമോഹൻ പരാതിപ്പെട്ടിരുന്നു.[4]. മൂലരചനയുടെ സംഗീതം നിർവഹിച്ചിരുന്നതു എം.എസ്‌. ബാബുരാജും ശിവദാസനും ആയിരുന്നു.

പുരസ്കാരം[തിരുത്തുക]

മരണാനന്തര ബഹുമതിയായി 'പച്ചപ്പനം തത്തേ' എന്ന ഗാനത്തിനു 2005-ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പൊൻകുന്നം ദാമോദരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പൊൻകുന്നം_ദാമോദരൻ&oldid=3832347" എന്ന താളിൽനിന്ന് ശേഖരിച്ചത്