Jump to content

പൊലിയന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊടവടുക്കത്ത് പൊലിയന്ദ്രം ചടങ്ങിനുള്ള പാലമരം ഉയർത്തുന്നു

കേരളത്തിലെ കാസർകോഡ് ജില്ലയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുന്ന ഒരു ആഘോഷമാണ് പൊലിയന്ദ്രം. പൊലിയന്ദ്രം, പൊലീന്ദ്രം, ബലീന്ദ്ര പൂജ എന്നിങ്ങനെയും ഇത് വിളിക്കപ്പെടുന്നു[1]. ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കർണാടകയിലെ കുന്താപുരം വരെയുളള തുളുനാട്ടിൽ ഈ ആചാരം നടത്തുന്നുണ്ട്. ദീപാവലി ദിവസമാണ് ചടങ്ങ് നടത്തുന്നത്.

ഐതിഹ്യം

[തിരുത്തുക]

ബലീന്ദ്ര പൂജ ലോപിച്ചാണ് പൊലിയന്ദ്രം എന്ന വാക്കുണ്ടായതെന്ന് ഐതിഹ്യം. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന ചടങ്ങിന്റെ തുടർച്ചയായി ബലീന്ദ്ര പൂജയെക്കാണുന്നവരുണ്ട്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ വാവ് പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും സങ്കൽപിക്കുന്നു. ദീപാവലി ദിവസമാണ് ഈ ചടങ്ങുകൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രാചീനകാലത്ത് ദീപാവലി ദിവസം ഇന്ത്യയിൽ പരക്കെ ബലിപൂജ നടന്നതിന് തെളിവുകളുണ്ട്. വരാഹമിഹിരൻ രചിച്ച ബൃഹത് സംഹിതയിൽ ദൈവങ്ങളുടെ പ്രതിമാനിർമ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ഘട്ടത്തിൽ വളരെ പ്രാധാന്യത്തോടെയാണ് ബലി പ്രതിമയെ കുറിച്ച് പ്രസ്താവിച്ചിട്ടൂള്ളത്. ബലിപൂജയായി ആരംഭിച്ച ദീപാവലി ഉത്സവം പിന്നീട് മറ്റൊന്നായി മാറിയതാവാനാണ് വഴി. കർണ്ണാടകയിലെ കുന്താപുരം തൊട്ട് കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ വരെയുള്ള പ്രദേശം ഇന്നും ബലിയാരാധന പഴയപോലെ തുടരുന്നു[2].

ചടങ്ങ്

[തിരുത്തുക]

ശാസ്താക്ഷേത്രങ്ങളിൽ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ദ്രം വിളി കാലാകാലമായി അരങ്ങേറുന്നത്. ചടങ്ങുകളിൽ നാടുമുഴുവൻ പങ്കെടുക്കുന്നു. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കൽപത്തിൽ കൂറ്റൻ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. പാലമരം മുറിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തിന് സമീപം നാട്ടുന്നു. ആബാലവൃദ്ധം ജനങ്ങൾ ആർപ്പുവിളിയോടും വാദ്യഘോഷങ്ങളോടും കൂടി ചെത്തിമിനുക്കിയ കൂറ്റൻ മരം എട്ടും പത്തും കിലോമീറ്റർ അകലെ നിന്ന് ഏറ്റിക്കൊണ്ട് വരുന്നു. സന്ധ്യാനേരത്ത് 21 ദീപങ്ങൾ പാലമരത്തിൽ കൊളുത്തി ഗ്രാമമൊന്നിച്ച് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആർത്തുവിളിച്ച് ആ‍ദരിച്ച് സ്വീകരിക്കുന്നു. കാസർകോട് ജില്ലയിലെ പൊടവടുക്കത്തും കീഴൂരുമുള്ള ശാസ്താക്ഷേത്രങ്ങളിൽ എല്ലാ വർഷവും ഈ ചടങ്ങ് നടക്കുന്നു. ജില്ലയിലെ വടക്കൻ പ്രദേശത്ത് കന്നഡികർ താമസിക്കുന്ന സ്ഥലങ്ങളിൽ വീടുകളിൽ പൊലിയന്ദ്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടൻപാട്ടും പാടാറുണ്ട്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ വാവ് പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും സങ്കൽപിക്കുന്നു. പാലമരത്തിന്റെ ശിഖരങ്ങൾ വെട്ടിയെടുത്ത് ചിരട്ടയിൽ തിരികത്തിച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളിൽ വീടുകളിൽ പൊലിയന്ദ്രം ചടങ്ങ് നടത്തുന്നത്. വൈഷ്ണവ പൂജാവിധികളാണ് ആചരിക്കുന്നത്. മണ്ണ് കൊണ്ട് ഒരു പീഠം നിർമ്മിച്ച ശേഷം അതിൻ‌മേൽ പാല നാട്ടി അതിന്റെ കവരങ്ങളിൽ വിളക്ക് കൊളുത്തിയ ശേഷം നിവേദ്യം വച്ച് പൂജാവിധികൾ. അതിനുശേഷമാണ് പൊലിയന്ദ്രം വിളി. "പൊലിയന്ദ്രം പൊലിയന്ദ്രം ഹരിയോ ഹരി" (ഹരി ഓം ഹരി) എന്ന് മൂന്നുവട്ടം ഉറക്കെ വിളിക്കുന്നു. കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളിൽ ഹരി ഓം എന്നതിന് പകരം ക്ര എന്ന് കൂവുന്ന പതിവാണുള്ളത്. മൂന്നാം ദിവസം പൊലിയന്ദ്രയെ (ബലീന്ദ്രൻ) വിളിച്ച ശേഷം മേപ്പട്ട് കാലത്ത് നേരത്തെ വാ എന്ന് കൂടി പറയും. തുളുഭാഷ സംസാരിക്കുന്നവർ പൊസവർപ്പട്ട് ബേക്ക ബല്ല (പുതുവർഷത്തിൽ വേഗം വാ) എന്നാണ് പറയുന്നത്. ജില്ലയിലെ വടക്കൻ പ്രദേശത്ത് കന്നഡികർ താമസിക്കുന്ന സ്ഥലങ്ങളിൽ വീടുകളിൽ പൊലിയന്ദ്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടൻ പാട്ടും പാടാറുണ്ട്[3]. . ശാസ്താക്ഷേത്രങ്ങളിൽ പൊലിയന്ദ്രം വിളി നടന്ന് കഴിഞ്ഞാൽ മാത്രമേ ഗ്രാമത്തിലെ വീടുകളിൽ പൊലിയന്ദ്രം വിളി നടക്കുകയുള്ളു.

'പൊലിയന്ദ്രം' ഡോക്കുമെന്ററി

[തിരുത്തുക]

കാഞ്ഞങ്ങാട് നെഹ്രു കോളേജിലെ സാഹിത്യവേദിയുടെ പൊലിയന്ദ്രം-റിച്വൽ ഓഫ് എ ഗ്രേറ്റ് റിട്ടേൺ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം പൊലിയന്ദ്രം ചടങ്ങാണ്[4]. മഹാബലിയെ വിളക്കും പൂക്കളും വെച്ച് ദൈവത്തെപ്പോലെ വരവേൽക്കുന്ന ചടങ്ങാണ് വിഷയം. 34 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്ററി. എഴുത്തുകാരനും സാഹിത്യവേദി പ്രസിഡന്റുമായ ഡോ. അംബികാസുതൻ മാങ്ങാടാണ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാഹിത്യവേദി, നെഹ്രു കോളേജിൽ പൊലിയന്ദ്രം ചടങ്ങ് നടത്തുന്നുണ്ട്[5].

അവലംബം

[തിരുത്തുക]
  1. "പൊടവടുക്കം ധർമശാസ്താ ക്ഷേത്രത്തിൽ പൊലിയന്ദ്രം ചടങ്ങിന് തുടക്കം". manoramaonline. 2017-10-20. Retrieved 2017-11-16.
  2. "വടക്ക് മാവേലിയെത്തുന്നതു തിരുവോണത്തിന് അല്ല!". Asianet. 2017-06-12. Retrieved 2017-11-17.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ഭക്തി നിർഭരമായി പൊലിയന്ദ്രം". ജന്മഭൂമിപത്രം. 2016-10-31. Archived from the original on 2016-11-01. Retrieved 2017-11-17.
  4. "സാഹിത്യവേദിയുടെ 'പൊലിയന്ദ്രം'". മാതൃഭൂമിപത്രം. 2017-06-12. Archived from the original on 2019-12-21. Retrieved 2017-11-17.
  5. "പൊലിയന്ദ്രം". manoramaonline. 2017-10-20. Retrieved 2017-11-16.
"https://ml.wikipedia.org/w/index.php?title=പൊലിയന്ദ്രം&oldid=3806295" എന്ന താളിൽനിന്ന് ശേഖരിച്ചത്