പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൊന്നാനി തുറമുഖം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൊന്നാനി
അപരനാമം: ചെറിയ മക്ക
Kerala locator map.svg
Red pog.svg
പൊന്നാനി
10°54′04″N 75°55′16″E / 10.9010°N 75.9211°E / 10.9010; 75.9211
ഭൂമിശാസ്ത്ര പ്രാധാന്യം തീരദേശ ഗ്രാമം, പട്ടണം.
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി
പഞ്ചായത്ത്
ചെയർമാൻ മുഹമ്മദ്‌ കുഞ്ഞി
വിസ്തീർണ്ണം 23.32ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 90442
ജനസാന്ദ്രത 3878/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679586-679577-679583
+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പുറത്തൂർ പക്ഷിസങ്കേതം, ബിയ്യം കായൽ, പുതുപൊന്നാനി മുനബം, പൊന്നാനി അഴിമുഖം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു[1].

ചരിത്രം[തിരുത്തുക]

പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട്. പുരാതന കാലത്ത് 'പൊന്നൻ' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നുമാണ് മറ്റൊരു മതം. അറബ്- പേർഷ്യൻ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം 'പൊൻ നാണ്യ'ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് 'പൊന്നാനി'യായതെന്നുമാണ് വേറൊരു അഭിപ്രായം. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഭരണകാലത്ത് പൊന്നുകൊണ്ടുള്ള ആനകളെ ക്ഷേത്രങ്ങളിൽ സമർപ്പിച്ചിരുന്നു എന്നും പൊന്നാനകളിൽ നിന്നാണ് പൊന്നാനി എന്ന പേര് വന്നതെന്നും മറ്റൊരു വാദവുമുണ്ട്. ഇതല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ പാക്കനാർ പറഞ്ഞപ്രകാരം പൊന്നിന്റെ ആനയെ നടത്തിയ ഇടം പൊന്നാനയും പിന്നീട് പൊന്നാനിയുമായി എന്നൊരു കഥയുമുണ്ട്[2]

സാമൂതിരിയുടെ കാലത്തിനു മുമ്പുള്ള പൊന്നാനിയുടെ ചരിത്രത്തെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും ലഭ്യമായിട്ടില്ല. സാമൂതിരിക്കു മുമ്പ് പൊന്നാനി തിരുമനശ്ശേരി രാജാക്കളുടെ കീഴിലായിരുന്നെന്ന് കരുതപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലം പൊന്നാനിയുടെ സുവർണ്ണകാലമായി വിശേഷിപ്പിക്കപ്പെടുന്നു. സാമൂതിരിമാർ പൊന്നാനിയെ അവരുടെ രണ്ടാം തലസ്ഥാനമായി പരിഗണിച്ചു. വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് എത്തിയപ്പോൾ അന്നത്തെ സാമൂതിരി രാജാവ് പൊന്നാനിയിലായിരുന്നു. സാമൂതിരിയുടെ നാവിക പടത്തലവനും പോർച്ചുഗീസുകാരുടെ പേടിസ്വപ്നവുമായിരുന്ന കുഞ്ഞാലി മരക്കാറിനും പൊന്നാനിയുമായി അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാരും കുടുംബവും പൊന്നാനിയിൽ കുറച്ചുകാലം താമസിച്ചിരുന്നു. 1507-ൽ പോർച്ചുഗീസ് നാവികനും പടയാളിയുമായ ഡി അൽമേഡ ഈ നഗരം ചുട്ടെരിച്ചതിനെ തുടർന്നാണ് കുഞ്ഞാലി മരക്കാർ ഇവിടെ നിന്ന് താമസം മാറിയതെന്ന് കരുതപ്പെടുന്നു.

1766-ൽ ടിപ്പുവിന്റെ പടയോട്ടത്തോടു കൂടി സാമൂതിരി യുഗത്തിന് അന്ത്യമാവുകയും പൊന്നാനി മൈസൂർ രാജ്യത്തിന്റെ അധീനതയിലാവുകയും ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പൊന്നാനി ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും കുറച്ചു കാലം ബോംബെ പ്രവിശ്യക്ക് കീഴിൽ വരികയും ചെയ്തു. പിന്നീട് ഇവിടം മലബാറിൽ ഉൾപ്പെട്ട് ഒന്നര നൂറ്റാണ്ടോളം മദ്രാസ് പ്രവിശ്യക്ക് കീഴിൽ വന്നു. അന്നത്തെ മലബാർ കൊടുങ്ങല്ലൂരിനടുത്തുള്ള ആല മുതൽ കാസർഗോടുള്ള ചന്ദ്രഗിരിപ്പുഴ വരെ വിശാലമായിരുന്നു. 1861 വരെ കൂറ്റനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്നു പൊന്നാനി. അക്കാലത്ത് പൊന്നാനിയിലെ മുൻസിഫ് കോടതി കൂറ്റനാട് കോടതി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ചാവക്കാട്, കൂറ്റനാട്, വെട്ടത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൊന്നാനി താലൂക്ക് രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം പൊന്നാനി പാലക്കാട് ജില്ലയുടെ ഭാഗമായി. 1969-ൽ മലപ്പുറം ജില്ലാ രൂപവത്കരണത്തിനു ശേഷമാണ് പൊന്നാനി മലപ്പുറം ജില്ലയുടെ ഭാഗമായത്.

സംസ്കാരം[തിരുത്തുക]

പുറംനാടുകളുമായി പൊന്നാനിക്ക് പുരാതന കാലം മുതലേ ഉണ്ടായിരുന്ന കച്ചവടബന്ധം ഒരു സാംസ്കാരിക വിനിമയത്തിനു കളമൊരുക്കി. പേർഷ്യൻ - അറേബ്യൻ കലാരൂപങ്ങളും ഉത്തരേന്ത്യൻ സംസ്കാരവും പൊന്നാനിയിലെത്തിയത് ആ വഴിയാണ്. ഭാഷയിലും ഇതിന്റെ അനുരണനങ്ങളുണ്ടായി. അറബ്-മലയാളം എന്ന സങ്കര ഭാഷ രൂപപ്പെട്ടത് ഇങ്ങനെയാണ്. ധാരാളം കവിതകൾ ഈ സങ്കര ഭാഷയുപയോഗിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഹിന്ദുസ്ഥാനിയിലെ ഖവ്വാലിയും ഗസലും ഇപ്പോഴും ഉർവ്വരമായി തന്നെ പൊന്നാനിയിൽ ‍നിലനിൽക്കുന്നു. ഇ.കെ അബൂബക്കർ, മായിൻ,ഖലീൽ ഭായ് ( ഖലീലുറഹ്മാൻ )എന്നിവർ പൊന്നാനിയിലെ പ്രമുഖ ഖവാലി ഗായകരാണ്. പൊന്നാനിയുടെ ഗസൽ ഗായകനിരയിൽ ഏറെ ശ്രദ്ധേയനായ ബക്കർ മാറഞ്ചേരിക്കൊപ്പം വെളിയങ്കോട്ടുകാരിയായ ശാരിക ഗിരീഷ്,പുതുപൊന്നാനി എം.ഐ.ട്രെയ്നിംഗ് കോളേജ് അധ്യാപികയും കൊല്ലൻപടിയിൽ താമസക്കാരിയുമായ ഇശ്റത്ത് സബാഹ് എന്നിവരുടെ സാന്നിദ്ധ്യം ഇവിടത്തെ ഗസൽ പാരമ്പര്യത്തിന് ഏറെ തിളക്കമേകുന്നുണ്ട്. ഇരുവരും സംസ്ഥാന സ്കൂള് കലോത്സവങ്ങളിൽ ഉർദു പദ്യോച്ചാരണ മത്സര ജേതാക്കളാണ്.

ഹിന്ദു മുസ്ലിം മത വിഭാഗങ്ങൾക്ക് തുല്യ ജനസംഖ്യയുള്ള പൊന്നാനി, മതമൈത്രിക്കും സഹിഷ്ണുതക്കും പേരുകേട്ട പ്രദേശമാണ്. പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ക്രിസ്തുവർഷം 1510- നാണ് ജുമാമസ്ജിദ് നിർമ്മിക്കപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്ല്യം ലോഗൻ മലബാർ മാനുവലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കാവിലെ ക്ഷേത്രവും,കണ്ടകുറമ്പകാവ്‌, ഓം ത്രിക്കാവ് തുടങ്ങഇവിടുത്തെ ഹിന്ദു ക്ഷേത്രങ്ങളും പ്രശസ്തമാണ്. തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രവും അവയിൽ പെടുന്നു. നൂറിൽപരം ക്രിസ്തിയ കുടുംബങ്ങളുണ്ട് ഇവിടെ. സെൻറ്. അന്തോനീസ് ചര്ച്ച് 1931 ൽ സ്ഥാപിതമായി. മാർത്തോമ വിഭാഗത്തിനും ചര്ച്ച് ഉണ്ട്.

പ്രാചീന നാടൻ കലാരൂപങ്ങളായ കാളവേല, തെയ്യം, തിറ, മൗത്തളപ്പാട്ട്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവൻപാട്ട്, പാണൻപാട്ട് എന്നിവ പൊന്നാനിയിൽ ഇപ്പോഴും സജീവമാണ്.


സാഹിത്യം[തിരുത്തുക]

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛൻ എന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജീവിച്ചിരുന്നത് പഴയ പൊന്നാനി താലൂക്കിൽപ്പെടുന്ന തിരൂരിലാണ്.  പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. പ്രാചീന കവിത്രയങ്ങളിൽപ്പെട്ട ഭാഷാകവിയാണ് എഴുത്തച്ഛൻ.

ആധുനിക കവിത്രയങ്ങളിൽഒരാളും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണ മേനോൻ‍ന്റെ കാവ്യജീവിതവും പൊന്നാനിയിലായിരുന്നു. പ്രശസ്തമായ വള്ളത്തോൾകളരി ആ കാലത്തെ ഒരു കവികൂട്ടായ്മയായിരുന്നു. പിന്നീടുണ്ടായ പൊന്നാനിക്കളരി വള്ളത്തോൾ കളരിയുടെ തുടചർച്ചയോ പരിണാമമോ ആയാണ് വിലയിരുത്തുന്നത്. 

സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. കുട്ടികൃഷ്ണമാരാര്‍,എം. ടി. വാസുദേവൻ‌ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം. ആർ... ബി പ്രമുഖ നോവലിസ്റ്റ്‌ ഉറൂബ്, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ , സി. രാധാകൃഷ്ണൻ , കവി ഇടശ്ശേരി ഗോവിന്ദൻ നായർ പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.

പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ , കോടമ്പിയേ റഹ്മാൻ പി.പി. രാമചന്ദ്രൻ , ആലങ്കോട് ലീലാകൃഷ്ണൻ, സി. അഷറഫ്, മോഹനകൃഷ്ണൻ കാലടി, വി. വി. രാമകൃഷ്ണൻ, ഇബ്രാഹിം പൊന്നാനി,ഷാജി ഹനീഫ്,താഹിർ ഇസ്മായിൽ ചങ്ങരംകുളം കെ.വി നദീർ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു.

1467-1522 കാലത്ത് ജീവിച്ച സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻ സ്ഥാപിച്ച വലിയ പള്ളിയും ദർസും 1571 ൽ സാമുതിരിയോടോന്നിച്ചു രണ്ടാം മഖ്‌ദൂം അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയതും കേരളത്തിന്റെ ആദ്യത്തെ ചരിത്രകാരനായി പരിഗണിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കൃതികളും പൊന്നാനിക്ക് ലോകമെങ്ങും കീർത്തി നേടിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തുഅഫത്തുൽ മുജാഹിദീൻ (പോരാളികളുടെ വിജയം) എന്ന പുസ്തകം കേരളത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകമായി പരിഗണിക്കപ്പെടുന്നു. ഇവ പൊന്നാനിക്ക് ചെറിയ മക്ക യെന്ന വിശേഷണം നൽകി.1900 ത്തിൽ മൌനതുൽ ഇസ്ലാം സഭയും സ്ഥാപിതമായി. ഷെയ്ഖ്‌ സൈനുദ്ധീൻ ഇബ്നു അലി(ഷെയ്ഖ്‌ സൈനുദ്ധീൻ ഒന്നാമൻ - ഒന്നാം മഖ്‌ദൂം),അല്ലാമ അബ്ദുൽ അസീസ്‌ ഇബ്നു സൈനുദ്ധീൻ (രണ്ടാം മഖ്‌ദൂം),ഷെയ്ഖ്‌ അഹമ്മദ്‌ സൈനുദ്ധീൻ ഇബ്നു ഗസ്സാലി(ഷെയ്ഖ്‌ സൈന്ധീൻ രണ്ടാമൻ-----1 -മൂന്നാം മഖ്‌ദൂം)1470 നും 1620 നും ഇടയിൽ ജീവിച്ച ഈ മൂന്ന് പേരാണ് മഖ്‌ദൂമുകളിൽ ഏറ്റവും പ്രശസ്തരും പ്രഗൽഭരുഉം അധിനിവേശ വിരുദ്ധ പോരട്ടത്തിന് ആദ്യമായി ആഹ്വാനം ചെയ്ത മുസ്ലിം നവോത്ഥാന നായകൻ സൈനുദ്ധീൻ മഖ്‌ധൂം ഒന്നാമന്റെ പരമ്പരയിലെ നാല്പതാം സ്ഥനിയാണ് ഇപോഴത്തെ മഖ്‌ധൂമും ഖാസിയും വലിയ പള്ളി പ്രസിഡന്റുമായ സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി.[3]

ജസ്റ്റിസ്‌ കുഞ്ഞഹമ്മദ്‌കുട്ടി, പി.കൃഷ്ണവാര്യർ, പ്രൊഫ.കെ.വി.അബ്ദു‍റഹ്‌മാൻ, പ്രൊഫ.കടവനാട്‌ മുഹമ്മദ്‌, പ്രൊഫ. എ.വി. മൊയ്തീൻകുട്ടി, പ്രൊഫ.എം.എം നാരായണൻ, ചരിത്രകാരൻ ടി. വി. അബ്ദുറഹിമാൻ കുട്ടി, ടി. കെ. പൊന്നാനി എന്നിവരും പൊന്നാനിയുടെ സാഹിത്യ-സാംസ്കാരിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്.

ചിത്രകല[തിരുത്തുക]

പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.

സ്വാതന്ത്ര്യ സമരം[തിരുത്തുക]

സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു.

താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു.

രാഷ്ട്രിയ നേതാക്കൾ[തിരുത്തുക]

പൊന്നാനി നഗരം തപാലോഫീസ്
 • ഇ.കെ. ഇമ്പിച്ചി ബാവ
 • വി. പി. സി. തങ്ങൾ
 • കൊളാടി ഗോവിന്ദൻ കുട്ടി
 • പി. ടി. മോഹനകൃഷ്ണൻ
 • പാലോളി മുഹമ്മദ് കുട്ടി
 • അബ്ദുൽ ഹൈ ഹാജി
 • സി. ഹരിദാസ്
 • എം. എം. കുഞ്ഞാലൻ ഹാജി
 • പ്രൊഫ്‌. എം. എം. നാരായണൻ
 • എ. വി. ഹംസ
 • അഷ്‌റഫ്‌ കൊക്കുർ
 • പി. ടി. അജയ് മോഹൻ
 • വി. പി. ഹുസൈൻ കോയ തങ്ങൾ
 • ഫാത്തിമ ഇമ്പിച്ചി ബാവ
 • സൈദ് മുഹമ്മദ് തങ്ങൾ
 • ഉണ്ണികൃഷ്ണൻ പൊന്നാനി
 • ടി.എം സിദ്ധിഖ്
 • സിദ്ധീഖ് പന്താവൂർ

ദേശീയ പ്രസ്ഥാനത്തിന്റെ ഉദയത്തിനും മുമ്പേ ബ്രിട്ടീഷുകാരോടു പോരാടിയ അവിസ്മരണീയ നാമമാണ് വെളിയങ്കോട് ഉമർഖാസിയുടേത്. കടുത്ത സാമ്രാജ്യത്വവിരോധിയായിരുന്ന ഉമർഖാസി ഒരു നിമിഷകവി കൂടിയായിരുന്നു.

കെ കേളപ്പനോടൊപ്പം പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്ത ഗാന്ധിയനുമാണ് പൊന്നാനിയിലെ തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി .

ഖിലാഫത്ത് പ്രവർത്തകരുടെ ഒരു യോഗം 1921 ജൂൺ 24 നു ആലി മുസ്‌ല്യാരുടെയും മറ്റും നേതൃത്വത്തിൽ പുതുപൊന്നാനിയിൽ വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാൻ ആമു സൂപ്രണ്ടിന്റെ കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങൾ അബ്ദുറഹിമാൻ സാഹിബിന്റെ അവസരോചിത ഇടപെടൽ കാരണം തത്കാലം ശാന്തമായി പിരിഞ്ഞു. ഈ സംഭവത്തിനു മുന്ന് ആഴ്ച കഴിഞ്ഞു ഓഗസ്റ്റ്‌ 20 നാണു മലബാർ കലാപം ആരംഭിച്ചത്. [4]

പൊന്നാനിയിലെ ബീഡിത്തൊഴിലാളികൾ നയിച്ച അഞ്ചരയണ സമരം ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നൽകിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികൾ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യൻ തൊഴിലാളികളുടെ സംഘടിതപ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവർത്തകനായ ഇ.കെ. ഇമ്പിച്ചി ബാവ പൊന്നാനിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഏറ്റവും കുടൂതൽ കാലം പൊന്നാനി പഞ്ചായത്ത്‌ പ്രസിഡന്റും 1960 ല്ലും 19967 ല്ലും രണ്ടു തവണ പൊന്നാനിയിൽ നിന്ന് വിജയിച്ചു M. L. A. യായ പൊന്നാനികാരൻ എന്ന പദവിയും വി. പി. സി. തങ്ങൾക്കു സ്വന്തമാണ്. സി. ഹരിദാസ് രാജ്യസഭാ മെമ്പർ, എം എൽ എ, പൊന്നാനി നഗരസഭാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിചിടുണ്ട്. അഡ്വ.കൊളാടി ഗോവിന്ദൻകുട്ടി, ‍എം. റഷീദ്, വിപി ഹുസൈൻ കോയ തങ്ങൾ, എ.വി  ഹംസ, ഫാത്തിമ്മ ടീച്ചർ, പ്രൊഫ.എം.എം നാരായണൻ , ടി.എം സിദ്ധിഖ് ‍ തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന സ്ഥാനമുള്ളവരാണ്.

കേരളത്തിലെ ഇരുപത്‌ ലോകസഭാ മണ്ഡലത്തിലൊന്നാണ് പൊന്നാനി. തിരൂർ, തിരൂരങ്ങാടി, താനൂർ, തവനൂർ, തൃത്താല, പൊന്നാനി, കോട്ടക്കൽ‍ എന്നീ അസംബ്ളി മണ്ഡലങ്ങൾ ചേർന്നതാണ് പുനർ നിർണയത്തിനു ശേഷമുള്ള പൊന്നാനി ലോകസഭാ മണ്ഡലം. 1957 മുതൽ 1977 കാലയളവ്‌ വരെ ഇതൊരു സംവരണ മണ്ഡലമായിരുന്നു. ആ കാലയളവിൽ ഇടതുപക്ഷ മേൽക്കൈ നിലനിന്നിരുന്നെങ്കിലും പിന്നീട്‌ ഈ മണ്ഡലം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അധീനതയിൽ വന്നു. 2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർ നിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.മുസ്ലിം ലീഗിലെ ഇ. അഹമ്മദ് ആണ്‌ 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019 ൽ നടന്ന ലോകസഭാ തിരഞ്ഞടുപ്പിൽ വിജയിച്ച മുസ്ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ഇപ്പോൾ‍ ഈ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാ മണ്ഡലമാണ് പൊന്നാനി നിയമസഭാ മണ്ഡലം.

ലോകസഭാംഗങ്ങൾ

2016 ൽ നടന്ന നിയമസഭാ തിരഞ്ഞടുപ്പിൽ വിജയിച്ച സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് പൊന്നാനി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മണ്ഡലത്തെ പ്രതിനിധീകരിച്ചവർ

ആധുനിക വിദ്യാഭ്യാസം[തിരുത്തുക]

കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല ശിശു പഠനശാല.ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം 1880 ൽ സ്ഥാപിതമായ ബി. ഇ. എം. യു. പി. സ്കൂൾ ആണ്. ഇപ്പോൾ ടൗൺ ജി.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്ന മാപ്പിള ബോർഡ് സ്കൂൾ ആണ് ആധുനിക രീതിയിലുള്ള നഗരത്തിലെ ആദ്യത്തെ വിദ്യാലയം. 1887-ൽ എഴുതിയ മലബാർ മാനുവലിൽ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗൻ പരാമർശിക്കുന്നുണ്ട്.

1914-ൽ അംഗികാരം ലഭിച്ച പൊന്നാനി നഗരത്തിലെ ഹയർ എലിമെന്റെരി വിദ്യാലയമായ ടി. ഐ. യു. പി. സ്കൂല്ലിന്റെ സ്ഥാപകൻ വിദ്യഭ്യാസ പരിഷ്കര്താവ് കുന്നികലകത് ഉസ്മാൻ മാസ്റ്റർ ആണ്.

പൊന്നാനിയിലെ ആദ്യത്തെ ഹൈസ്കൂൾ ആയ എ.വി. ഹയ്യർ സെക്കണ്ടറി സ്കൂൾ തുടങ്ങിയത് 1895-ലാണ്. 1947-ൽ എം.ഐ. ഹൈസ്കൂളും പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്കായി ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ് ഇന്നത്തെ തൃക്കാവ് ഹൈസ്കൂൾ.[5]

വിനോദ സഞ്ചാരം[തിരുത്തുക]

ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ്. നൂറുകണക്കിനു പക്ഷി സ്നേഹികളും നിരീക്ഷകരും ഇക്കാലത്ത്‌ സന്ദർശനത്തിനായി അഴിമുഖത്തും പരിസര ഭാഗങ്ങളിലുമായി എത്തിച്ചേരാറുണ്ട്. മാർച്ചുമുതൽ മെയ്‌ വരെയുള്ള കാലയളവിലാണ് ദേശാടനപ്പക്ഷികൾ കൂടുതലായും വന്നെത്താറുള്ളത്. ഈ തുറമുഖത്തോട് ചേർന്നു കിടക്കുന്ന പുറത്തൂർ ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ്.

വിനോദസഞ്ചാരികളുടെ മറ്റൊരു ആകർഷണമാണു ബിയ്യം കായൽ. എല്ലാ വർഷവും ഓണാഘോഷത്തോടനുബന്ധിച്ച് ഇവിടെ വള്ളംകളി മത്സരം നടന്നു വരുന്നു. രണ്ടു ഡസനോളം നാടൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു. വനിതാ തുഴക്കാരുള്ള വള്ളങ്ങളും ഇവയിൽ ഉൾപ്പെടും. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്ക് സുഖകരമായ താമസമൊരുക്കുന്നു. കൂടുതൽ വലിയ വിനോദസഞ്ചാര സമുച്ചയത്തിന്റെ നിർമ്മാണ പദ്ധതി ഇവിടെ പുരോഗതിയിലാണ്.ഇപ്പോൾ ഇവിടെ പാർക്ക് ആരംഭിച്ചിട്ടുണ്ട് 

മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്. 1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഭരണം[തിരുത്തുക]

പൊന്നാനിയുടെ ഭരണ മേഖലയെ രണ്ടായി തരംതിരിച്ചിരിക്കുന്നു:

 • റവന്യൂ.
 • തദ്ദേശ സ്വയംഭരണം.

ബ്ലോക്ക്‌ പഞ്ചായത്തും പൊന്നാനി മുനിസിപ്പലിറ്റിയും തദ്ദേശസ്വയംഭരണ വിഭാഗത്തിൽ പെടുന്നു.അമ്പത്‌ വാർഡുകൾ ഉൾപ്പെടുന്നതാണ് പൊന്നാനി മുനിസിപ്പാലിറ്റി. ഓരോ വാർഡിനും തിർഞ്ഞെടുക്കപ്പെട്ട ഒരു മുനിസിപ്പൽ കൌൺസിലറുണ്ടായിരിക്കും റവന്യൂ ഭരണ വിഭാഗത്തിൽ താലൂക്കിനെ പതിനൊന്ന് വില്ലേജുകളായി തിരിച്ചിരിക്കുന്നു.വില്ലേജുകൾ താഴെ പറയുന്നവയാണ്.

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 1991 ലെ സ്ഥിതിവിവരണക്കണക്ക്‌ ഇപ്രകാരമാണ്:

 • വിസ്തീർ‍ണം :199.42 ച. കി
 • ജനസംഖ്യ : 320,888
 • സാക്ഷരത : 71.3%

അവലംബം[തിരുത്തുക]

 1. The maritime trade of ancient Tamils in plant products. Accessed on 31 August 2009.
 2. തമ്പ്രാക്കളുടെ തമ്പ്രാക്കൾ- സി. രാധാകൃഷ്ണൻ. മലയാള മനോരമ ദിനപത്രം 2011 ഫെബ്രുവരി 19
 3. മലബാറിലെ മക്ക - ടി. വി. അബ്ദുറഹിമാൻ കുട്ടി
 4. ചരിത്രമുറങ്ങുന്ന പൊന്നാനി(മൂന്നാം പതിപ്പ്)- ടി. വി. അബ്ദുറഹിമാൻ കുട്ടി (എഡ്യുമാർട്ട് തിരൂരങ്ങാടി)
 5. പൊന്നാനി:പൈതൃകവും നവോത്ഥാനവും- ടി. വി. അബ്ദുറഹിമാൻ കുട്ടി (പൂങ്കാവനം ബുക്ക്സ്)

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊന്നാനി&oldid=3454986" എന്ന താളിൽനിന്ന് ശേഖരിച്ചത്