പൊന്തൻ‌പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുൾപ്പെട്ടതും മണിമല പഞ്ചായത്തിന്റെ കീഴിലുള്ളതുമായ ഒരു കുഗ്രാമമാണ് പൊന്തൻ‌പുഴ. പത്തനംതിട്ട ജില്ലയിലും കോട്ടയും ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2833 ഹെക്ടർ ഇടതൂർന്ന വനഭൂമിയുള്ള പൊന്തൻപുഴവനം ഈ ഗ്രാമത്തോടു ചേർന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയും കാഞ്ഞിരപ്പള്ളിയിൽനിന്ന് 13 കിലോമീറ്റർ ദൂരത്തിലുമായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. സമീപത്തുള്ള പെരുമ്പെട്ടി ഗ്രാമത്തിൽനിന്ന് കാൽനടയായി 2 കിലോമീറ്റർ നടന്നും ഇവിടെയെത്താവുന്നതാണ്. ഈ ഗ്രാമത്തിൽ നൂറുകണക്കിന് ഭവനങ്ങളും റോഡിനിരുവശത്തുമായി വനമേഖലയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമികളുമുണ്ട്. വനമേഖലയും ജനവാസമേഖലയുടേയും അതിർത്തി തിരിക്കുന്നതിനായി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. വന്മമരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ  ഈ മേഖലയിലെ നിബിഢവനത്തിൽ കാട്ടുപന്നികൾ, മാനുകൾ, മുയലുകൾ, കുരങ്ങുകൾ, മറ്റു ചെറു മൃഗങ്ങൾ, വിവിധയിനം പക്ഷികൾ  എന്നിവയും സർവ്വസാധാരണമാണ്. പൊന്തൻപുഴ ഗ്രാമത്തിലെ വനമേഖലയിൽ ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ റിസർവ്വുകളും ഉൾപ്പെടുന്നു.

നീണ്ടകാലത്തെ കോടതി വ്യവഹാരങ്ങൾക്കുശേഷം 2018 ജനുവരിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതുപ്രകാരം ഈ പ്രദേശത്തെ വനവും അതിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥലവും ഏതാനും ട്രസ്റ്റുകൾ ഉൾപ്പെടെ 283 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊന്തൻ‌പുഴ&oldid=3307471" എന്ന താളിൽനിന്ന് ശേഖരിച്ചത്