പേനക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗതികിട്ടാതെ അലയുന്ന ആത്മാവിനെ കുടിയിരുത്തിയിട്ടുള്ള ഇടമാണ്‌ പേനക്കാവ്‌.[1] ഗതി കിട്ടാതെ അലയുന്ന ആത്മാവിനെയാണ് പേന എന്നു വിശേഷിപ്പിക്കുന്നത്.

മരിച്ചയാളുടെ സങ്കല്‌പത്തിലുള്ള കോലത്തെ പേനത്തിറ എന്നാണ് വിളിക്കുന്നത്. പുലയർ, പറയർ, കരിമ്പാലർ എന്നിവിർക്കിടയിൽ ഈ ആരാധനാസമ്പ്രദായം നിലനിൽക്കുന്നു. വെടിവഴിപാടാണ്‌ പേനക്കാവുകളിലെ പ്രധാന വഴിപാട്‌. ഇതുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള മന്ത്രവാദപ്പാട്ട് പേനപ്പാട്ട്‌ എന്നറിയപ്പെടുന്നു.[2] ഉത്തരകേരളത്തിലെ മലയർ, പുലയർ, പുള്ളുവർ, പണിയർ എന്നിവർക്കിടയിലാണ്‌ ഇതുള്ളത്‌. കരുവാൾ, പിള്ളതീനി, തീയരിമാല, അസുരമഹാകാളി, നീർക്കണ്ണി, വെറ്റിലപ്പുളവൻ, കുട്ടിച്ചാത്തൻ, വീരൻ, ഗുളികൻ, ചാമുണ്ഡി തുടങ്ങിയവരെക്കുറിക്ക് മലയരുടെ പേനപ്പാട്ടിൽ സൂചനയുണ്ട്. ഒരാൾ മരിച്ചാൽ പരേതാത്മാവിന്‌ വീതിയുണ്ടാവാനായി മൂന്നാംനാൾ പേനപ്പാട്ട്‌ പാടണമെന്ന്‌ പണിയർക്കിടയിൽ ഒരു ആചാരം നിലനിൽക്കുന്നുണ്ട്.[1]

ഐതിഹ്യം/വിശ്വാസം[തിരുത്തുക]

ഗതി കിട്ടാതെ അലയുന്ന ആത്മാവായ പേന ചില മനുഷ്യരിലേക്ക്‌ ആവേശിക്കുകയും അപ്പോൾ അവർ നിലത്തുവീണുരുളുകയും പുലമ്പുകയും ചെയ്യും എന്നു വിശ്വസിക്കുന്നു. പ്രസ്തുത ആത്മാവിന്‌ മോക്ഷം ലഭിക്കാനുള്ള കർമ്മങ്ങൾ നടത്താൻ ബന്ധുമിത്രാദികളെ ഓർമ്മപ്പെടുത്തുകയാണ് ഈ പ്രവേശനത്തിന്റെ ലക്ഷ്യം. ആ ആത്മാവിന്‌ മോക്ഷം ലഭിക്കാനായി പേനയെ പ്രതിമകളിൽ ആവാഹിച്ച്‌ പുണ്യക്ഷേത്രങ്ങളിലോ പുണ്യതീർത്ഥങ്ങളിലോ സമർപ്പിക്കണമെന്നാണ് വിശ്വാസം.[1]

കേരളത്തിൽ[തിരുത്തുക]

കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി എസ്‌റ്റേറ്റിലുള്ള വാപ്പാട്ട്‌ പേനക്കാവാണ്‌ കേരളത്തിലെ പ്രസിദ്ധമായ പേനക്കാവ്. കുംഭമാസം 28-ആം തിയതിയാണ് ഇവിടെ ഉത്സവം നടക്കുന്നത്‌. നാഗാളി (നാഗരാജാവ്‌), കരിയോൻ, ഭഗവതി, ഗുരുക്കന്മാർ (പേന), മുത്തപ്പൻ, കിരാതശിവൻ, വടക്കേനടദേവി (പാർവതി), ഗുളികൻ, മലവില്ലി എന്നിവരെയാണ്‌ ഇവിടെ പൂജിക്കുന്നത്. ഈ പേനക്കാവിലെ കൂറ്റൻകാഞ്ഞിരമരത്തിലെ ഇലകൾ ഉത്സവനാളുകളിൽ മധുരിക്കുമത്രെ.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "പ്രേതങ്ങൾക്കും ഒരു കാവ്‌". മംഗളം ഓൺലൈൻ. മൂലതാളിൽ നിന്നും 28 ഫെബ്രുവരി 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഫെബ്രുവരി 2016.
  2. "അഭ്രപാളികളുടെ നക്ഷത്രവഴികളിൽ". മലയാളസംഗീതം. മൂലതാളിൽ നിന്നും 7 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 മാർച്ച് 2016.
"https://ml.wikipedia.org/w/index.php?title=പേനക്കാവ്&oldid=3490260" എന്ന താളിൽനിന്ന് ശേഖരിച്ചത്