പെരുമ്പളം ഗ്രാമം ( Perumbalam Village )

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം. ഗ്രാമീണതയുടെ സൗന്ദര്യവും, പ്രശാന്ത സുന്ദരമായ പ്രകൃതി മനോഹാരിതയും ഇഴചേർക്കപ്പെട്ട്, നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമം അനേകം ക്ഷേത്രങ്ങളുടെ ഗ്രാമം കൂടിയാണ്.

വിശാലമായ വേമ്പനാട്ട് കായലിന്റെ  നീല വിരിമാറിൽ ഒരു മരതക രത്നം പോലെ വിരാജിക്കുന്ന കൊച്ചു ദ്വീപാണ് പെരുമ്പളം. ഹരിതാഭമാർന്ന നെൽവയലുകളാലും, കേരവൃക്ഷങ്ങളാലും, സമ്പന്നമാണ് ഈ നാട്.

രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഈ സ്ഥലവും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളും ഉണ്ടായിരുന്നില്ല എന്ന് ചരിത്രം പറയുന്നു. ലോക സഞ്ചാരികളായ ടോളമി 400 ലും, മെഗസ്തനീസ് 306 ലും കേരളത്തിൽ വന്നപ്പോൾ പായ്ക്കപ്പലിൽ സഞ്ചരിച്ചത് ഈ വഴിക്കായിരുന്നു എന്നും, അന്നത്തെ തുറമുഖമായിരുന്ന  കടുത്തുരുത്തിയിൽ നിന്ന് തൃപ്പൂണിത്തുറ യിലേക്ക് പോയത് ഇതിലെ ആയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇവിടം  കടൽ മാറി കരയായി വളരെക്കാലം ചതുപ്പുനിലം ആയി കിടന്നിരിക്കണം  എന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇന്നും ഇവിടെ  കുഴിച്ചു നോക്കിയാൽ കിട്ടുന്ന കിട്ടുന്ന കക്കാ ശേഖരവും, കണ്ടൽ മരങ്ങളുടെയും, ഉപ്പുത്ത, ബ്ലാത്തി എന്നീ ചെടികളുടെയും മറ്റും അവശിഷ്ടങ്ങൾ ഇതിന് തെളിവാണ് .  

എ.ഡി.1341 ജൂൺ മാസത്തിലെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ പല  പ്രദേശങ്ങൾക്കും ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങളും സംഭവിച്ചു. പെരുമ്പളത്തിന്റെ വടക്കുവശത്ത് ശത്രുക്കളുടെ  ഉപദ്രവം ചെറുക്കാൻ നമ്പൂതിരിമാർ വെട്ടിച്ചതും, ഇരുവശവും കൈതകൾ വെച്ച് പിടിപ്പിച്ചിരുന്നതുമായ തോട് കൈതപ്പുഴ കായൽ ആയി മാറുകയും പിന്നീട് ഇതൊരു ദ്വീപായി രൂപപ്പെടുകയും ചെയ്തു എന്നു പറയുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നിന്നാണ് പെരുമ്പളം  എന്ന വാക്കിന്റെ ഉത്ഭവം. കണ്ടൽ വനങ്ങളും , മുതല മുൾക്കാടുകളും, ചതുപ്പും നിറഞ്  പ്രദേശമായിരുന്നു പണ്ട് ഈ സ്ഥലം. #പളം എന്നാൽ കടലോരം, ചതുപ്പുനിലം എന്നിങ്ങനെ അർത്ഥമുണ്ട്.  #പെരും എന്നാൽ വലുത് എന്നർത്ഥം. അപ്പോൾ #പെരുമ്പളം എന്നാൽ വലിയ കടലോരം എന്നോ, വലിയ ചതുപ്പുനിലം എന്നോ അർത്ഥത്തിൽ ആകാം ഈ  പേരിന്റെ  ആവിർഭാവം.

ഇവിടെ  ജനവാസം ആരംഭിക്കുന്നത് ഏതാണ്ട് 1300 വർഷങ്ങൾക്കു മുമ്പായിരിക്കണം. പഴയ കൊച്ചിരാജ്യത്തിന്റെ  വടക്കേ അതിർത്തിയിൽ താസിച്ചിരുന്ന നമ്പൂതിരിമാർ, കൊച്ചി - കോഴിക്കോട്  രാജ്യങ്ങൾ തമ്മിൽ നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളിൽ പൊറുതിമുട്ടി തങ്ങൾക്ക് സമാധാനപരമായി  ജീവിക്കുവാൻ കുറച്ച് സ്ഥലം നൽകണമെന്ന് കൊച്ചി രാജാവിനോട് അപേക്ഷിച്ചുവെന്നും തത്ഫലമായി രാജാവ് നൽകിയ സ്ഥലം ആയിരുന്നു ഇതെന്നും പറയപ്പെടുന്നു. എന്നാൽ ഈ പ്രദേശത്തെ ആദിമവാസികൾ അരയൻമാർ ആയിരുന്നെന്നും, അവർ കൂട്ടമായി കഴിഞ്ഞിരുന്ന ദ്വീപാണ് പെരുമ്പളം എന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും ഇവിടെ 56 നമ്പൂതിരി മനകൾ നിലവിലുണ്ടായിരുന്നു എന്ന് പഴമക്കാർ പറയുന്നു. പട്ടേക്കാട്, കെയ്യ് കാട്, പൂവൻ തറ, അമ്പാട്ട് , ഇറപ്പുഴ കുന്നേൽ,പുതുക്കാട് , വെള്ളയിൽ, കാവു മന, വടക്കനേഴത്ത്,  പഴമ്പാകുളം ( പനമ്പുകാട് ),കണ്ണാട്ട്, എടവനക്കാട്  എന്നിവയെല്ലാം മേൽപ്പറഞ്ഞ പുരാതന മനകളിൽപ്പെടുന്നു... പോരാട്ടസമരങ്ങളുടെ ചരിത്രം പേറുന്ന നാടുകൂടിയാണ് പെരുമ്പളം. നാട് കൊള്ളയടിക്കാൻ വന്ന അക്രമികളെ ചെറുത്ത് തോൽപ്പിച്ച് നാടിനെ രക്ഷിച്ച ധീരയോദ്ധാക്കളുടേയും, ജാതിക്കും, അയിത്തത്തിനുമെതിരെ സമരം ചെയ്ത സാമൂഹ്യ പരിഷ്ക്കർത്താക്കളുടേയും, ഭാരത സ്വാതന്ത്ര സമരത്തിന്റെ തീജ്വാലയിലേയ്ക്ക് സധൈര്യം മുന്നിട്ടിറങ്ങിയ ധീര ദേശാഭിമാനികളുടെയും നാടാണ് പെരുമ്പളം..! എ.ഡി.1503 ൽ പെരുമ്പളത്ത്  വന്ന ആൽബുക്കറിന്റെ  നേതൃത്വത്തിലുള്ള പോർട്ടുഗീസ് പട്ടാളം ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. വൻ നാശനഷ്ടങ്ങൾ പെരുമ്പളം ഗ്രാമത്തിന് ഉണ്ടാക്കിയ ഈ പടയോട്ടം നിരവധി ഇല്ലങ്ങളുടേയും, കുടുംബങ്ങളുടെയും നാശത്തിനും വഴിതെളിച്ചു. അന്ന് പറങ്കിപട താവളമടിച്ചിരുന്ന സ്ഥലം ഇന്ന് ' പടപറമ്പ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ന്  പെരുമ്പളം ഗ്രാമത്തിൽ ബോധി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്ഥിതി ചെയ്യുന്ന പ്രദേശമായിരുന്നു അന്നത്തെ പടപ്പറമ്പെന്ന് പഴമക്കാർ പറയുന്നു. കൊള്ളക്കാരായ പറങ്കി പട്ടാളത്തെ  ഒറ്റയ്ക്ക് എതിർത്ത് , വൻ നാശനഷ്ടങ്ങൾ വരുത്തിയ ഇടങ്കേറ്റിൽ ചക്കി വാരസ്യാർ എന്ന വീരേധിഹാസത്തിന്റെ ആത്മബലിയുടെ ചരിത്രവും നമ്മുടെ ഗ്രാമത്തിനുണ്ട്.  ഗ്രാമത്തിന്റെ മൺതരികളെ പോലും പുളകം കൊള്ളിക്കുന്നതാണ് ആ ധീര ചരിത്രം. കാലപ്രവാഹത്തിൽ ഏതാണ്ട് 350 വർഷങ്ങൾക്കുമുമ്പ് പെരുമ്പളം ദേശത്തെ പൗരാണിക വാസികളായ  ബ്രാഹ്മണ കുടുംബങ്ങൾ നാമാവശേഷമായി. എ.ഡി. 1742  തിരുവിതാംകൂർ വാണിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സചിവൻ രാമയ്യൻ ദളവ പെരുമ്പളത്ത് വരികയും, ഹൈദരാലി  തിരുവിതാംകൂർ  ആക്രമിക്കുമോ എന്ന ഭയംകൊണ്ടു  രാജ്യാതിർത്തി സുരക്ഷിതമാക്കുന്ന തിന്റെ ഭാഗമായി പട്ടേക്കാട് ക്ഷേത്രത്തിന് വടക്കുഭാഗത്ത് മണൽ കോട്ട നിർമി ച്ചെന്നും, ഏതാണ്ട്  70 വർഷം മുമ്പുവരെ അതിന്റെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നതായും പറയുന്നു. പെരുമ്പളത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ അരയുകുളര ക്ഷേത്രം എ.ഡി.  1650 ൽ നാട്ടുകാർ നിർമ്മിച്ച് ഇടപ്പള്ളി - ഇളങ്ങല്ലൂർ സ്വരൂപത്തിന് നൽകുകയായിരുന്നു. പെരുമ്പളത്തെ പൗരാണികരായ  ബ്രാഹ്മണ കുടുംബങ്ങൾ സ്ഥാപിച്ചതാണ് ഗ്രാമത്തിലെ പല ക്ഷേത്രങ്ങളും. പേരണ്ടൂർ കിടയിൽ ഭദ്രകാളി ക്ഷേത്രം, ഇറപ്പുഴ , കോയിക്കൽ,  കുന്നേൽ  etc ക്ഷേത്രങ്ങൾ ഈ സമൂഹത്തിന്റെ സംഭാവനകളാണ്..

സ്വാതന്ത്രസമരത്തിന്റെ തീജ്വാല  നാടെങ്ങും  പരന്നപ്പോൾ പെരുമ്പളം എന്ന കൊച്ചു ഗ്രാമവും സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗഭാക്കായി. 1922-ൽ ആര്യസമാജം മിഷണറിയായിരുന്ന ബ്രഹ്മചാരി ലക്ഷ്മണന്റെ നേതൃത്വത്തിൽ നെടിയപറമ്പിൽ വച്ച് ഒരു യോഗം കൂടുകയും, പി.ജി. കൃഷ്ണപ്പണിക്കർ ( പി.ജി.സർ ) , മാര്യാത്ത് തൊമ്മൻ, കൊച്ചിക്കാട്ട് ഗോപാലകൃഷ്ണൻ നായർ, തുരുത്തേൽ കണ്ണൻ, കറുമ്പൻ, ആദിച്ചൻ, തിരുവഞ്ചൻ, നാളിയാത്ത് നാരായണൻ നായർ എന്നിവരുൾപ്പെട്ട ഒരു കമറ്റി രൂപീകരിക്കുകയും അരയുകുളങ്ങര ക്ഷേത്ര മൈതാനത്ത് വച്ച് സർവ്വ ശ്രീ കെ.പി. കേശവമേനോൻ, കേളപ്പജി, ജോർജ്ജ് തോമസ്, ടി.എം വർഗീസ് തുടങ്ങിയവർ പങ്കെടുത്ത ഒരു മഹാസമ്മേളനം നടത്തുകയുണ്ടായി.  മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ അയിത്തോച്ചാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് നടത്തിയ സവർണ ജാഥയിൽ , പെരുമ്പളത്തു നിന്ന് ബ്രഹ്മചാരി ലക്ഷ്മണന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. പാണപറമ്പിലും, നെടിയപറമ്പിലും #പന്തിഭോജനം നടത്തി അയിത്തതിനെതിരെ വിപ്ലവം സൃഷ്ടിച്ച നാടു കൂടിയാണിത്.

സ്വാതന്ത്രസമരത്തിന്റെ ഭാഗമായി ഗാന്ധിജി ഉപ്പുസത്യാഗ്രഹം സംഘടിച്ചപ്പോൾ, അതിൽ പങ്കെടുക്കുവാൻ ഈകൊച്ചുഗ്രാമത്തിൽ നിന്ന് യാത്ര തിരിച്ചവരാണ് സി.എസ് രാഘവൻ ഇളയിടം, ശ്രീ. സി.ജി. ഗോപാലകൃഷ്ണൻ എന്നീ ധീര ദേശാഭിമാനികൾ. എന്നാൽ കോഴിക്കോട് വച്ച് ഇവർ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് സ്വാതന്ത്രാനന്തരം ഭാരത സർക്കാർ ഇവരെ താമ്രപത്രവും, സ്വാതന്ത്രസമര പെൻഷനും നൽകി ആദരിച്ചു....

തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് നയിച്ച സ്വാതന്ത്രസമര പ്രക്ഷോഭത്തിൽ പെരുമ്പളത്ത് നിന്ന് ടി.എം. ചേന്ദൻ എന്ന നിയമബിരുദധാരി പങ്കെടുക്കുകയും, വൈക്കത്ത് വച്ച് അറസ്റ്റ് വരിച്ച് ജയിൽവാസമനുഭവിക്കുകയും ചെയ്തു. അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്. ശ്രീകൃഷ്ണവിലാസം പ്രഹസന യോഗം യോഗക്ഷേമ സമാജം,  ടാഗോർ ആർട്സ് ക്ലബ് ഫൈനാർട്സ്, സി.കെ.പി.എം ഗ്രന്ഥശാല, വീനസ് തീയറ്റേഴ്സ്, വൈ. എൻ.എം. എ ,പണ്ഡിറ്റ് കറുപ്പൻ ഗ്രന്ഥശാല, പി.ഐ.എസ്.എ, എ.കെ.ജി.എം.സി, നെഹ്റു യൂത്ത് സെന്റർ, കുമാരനാശാൻ സ്മാരക വായനശാല  ഫ്രണ്ട്സ് ഡ്രാമാറ്റിക് ക്ലബ് ,ഐലൻഡ് ഡ്രാമാറ്റിക്ക് ക്ലബ്, ഐലന്റ് തീയേറ്റേഴ്സ്, പി. സി. സി. തുടങ്ങിയവ  പെരുമ്പളത്തിന്റെ സാംസ്കാരികനഭോ മണ്ഡലത്തെ ഉജ്ജ്വലമാക്കിയ  സാമൂഹിക  പ്രസ്ഥാനങ്ങളാണ്.

പ്രശസ്തരും, പ്രഗൽഭരുമായ സാംസ്കാരിക പ്രവർത്തരുടെ നാടായിരുന്നു പെരുമ്പളം. കെ. എൻ.വിശ്വനാഥൻ , വിദ്വാൻ കൃഷ്ണദേവ്, പെരുമ്പളം രവി, എൻ.പി.സുകുമാരൻ, പി. എൻ. പെരുമ്പളം, പെരുമ്പളം ശ്രീധരൻ തുടങ്ങിയ എഴുത്തുകാരുടേയും, സാംസ്കാരിക പ്രവർത്തകരുടെയും  ഒരു നീണ്ടനിരതന്നെ നമുക്കുണ്ടായിരുന്നു. പ്രശസ്ത കവി ചെമ്മനം ചാക്കോ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത സ്ഥലം കൂടിയാണിത്. പ്രശസ്ത നോവലിസ്റ്റായ എസ്.കെ. മാരാർ  തന്റെ സാഹിത്യ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ഇവിടെയായിരുന്നു. കെ.പി.കേശവമേനോൻ, കേളപ്പജി , മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ , ഇ.എം.എസ് നമ്പൂതിരിപ്പാട്, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ   ഈ നാട്  സന്ദർശിച്ചിട്ടുണ്ടു്. വിദ്യാഭ്യാസ  മേഖലയിൽ ഈ നാടിന്  അഭിമാനാർഹമായ ഒരു പശ്ചാത്തലമുണ്ട്. 1850 ൽ സ്ഥാപിച്ചതും H S L P S എന്നറിയപ്പെടുന്നതുമായ സ്കൂളാണ് പെരുമ്പളത്തെ ആദ്യത്തെ വിദ്യാലയം. 1902  ൽ ദ്വീപിന്റെ  തെക്കു  ഭാഗത്ത് മഠത്തുംമുറിയിൽ ശ്രീ ഗോപാല പണിക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി സർക്കാരിലേക്ക് കൊടുത്ത സൗത്ത് എൽപി സ്കൂളും ,1961 ൽ ശ്രീ.വെള്ളേ ചിറയിൽ ഭാസ്കരന്റെയും മറ്റും  ശ്രമഫലമായി എസ്. എൻ. ഭജന യോഗം സംഭാവന ചെയ്ത സ്ഥലത്ത് നോർത്ത് എൽപി സ്കൂളും പ്രവർത്തനം ആരംഭിച്ചു. 1961 ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ ടി .പി കേശവപിള്ള സാറിന്റെ ശ്രമഫലമായി  ഒരു ഹൈസ്ക്കൂൾ ഉണ്ടാവുകയും, നാട്ടുകാർ ഉൽപ്പന്ന പിരിവ് നടത്തി ,പണം സംഭരിച്ച് സ്ഥലം വാങ്ങി  സർക്കാരിലേക്ക് നൽകി സ്കൂളിന് ഒരു പുതിയ കെട്ടിടം  നിർമ്മിക്കുകയും ചെയ്തു .1991 മുതൽ ഇതൊരു  ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിച്ചു വരുന്നു