പെരുന്തട്ട മഹാദേവക്ഷേത്രം

മധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ ക്ഷേത്രനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് പെരുന്തട്ട ശ്രീമഹാദേവക്ഷേത്രം. പാർവ്വതീസമേതനായി ആനന്ദഭാവത്തിലിരിയ്ക്കുന്ന പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാവിഷ്ണു, ശാസ്താവ്, ദുർഗ്ഗ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പരശുരാമൻ പ്രതിഷ്ഠിച്ചെന്ന് പറയപ്പെടുന്ന നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഗുരുവായൂരിന് ചുറ്റുമായി ഇത്തരത്തിൽ അഞ്ച് ശിവക്ഷേത്രങ്ങളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ദീർഘകാലം സാമൂതിരിയുടെ കൈവശമുണ്ടായിരുന്ന ഈ ക്ഷേത്രം, ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെടുകയും പിന്നീട് പുനർനിർമ്മിയ്ക്കുകയും ചെയ്യുകയുണ്ടായി. നിലവിൽ ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
[തിരുത്തുക]ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം, ഒരുകാലത്ത് കൊടുംകാടായിരുന്നു. ഇവിടെ അക്കാലത്തൊരു വേടകുടുംബം താമസിച്ചിരുന്നു. അവർ സ്വന്തമായി ഒരു പശുവിനെ വളർത്തിയിരുന്നു. ആ പശുവിനെ കറന്നുകൊണ്ടുള്ള പാലാണ് ഇവർ സ്ഥിരം ഉപയോഗിച്ചിരുന്നത്. അങ്ങനെയിരിയ്ക്കേ ഒരിയ്ക്കൽ ഈ പശു വീട്ടിൽ നിന്ന് സ്ഥിരം ഓടിപ്പോകാൻ തുടങ്ങി. തിരിച്ചുവരുമ്പോൾ അതിന്റെ അകിട് പൂർണ്ണമായും ഒട്ടിയിട്ടുമുണ്ടാകും! എന്താണിതിന്റെ കാരണമെന്ന് വേടകുടുംബത്തിന് മനസ്സിലായില്ല. അടുത്തെവിടെയും ആരും താമസിയ്ക്കുന്നുമില്ല; പശുവിന് കുട്ടിയുമില്ല. പിന്നെയെന്താണ് ഇതിന്റെ കാരണമെന്നറിയാനായി വേടകുടുംബത്തിലെ കാരണവർ ഒരു ദിവസം രാവിലെ നേരത്തേ എഴുന്നേറ്റ ശേഷം പശു പോകുന്ന വഴിയേ പോകാൻ തുടങ്ങി. ഒരുപാട് അന്വേഷിച്ചുചെന്ന അയാൾ കണ്ടത്, സമീപത്തുള്ള ഒരു ശിലയിൽ പശു പാലഭിഷേകം നടത്തുന്നതാണ്! ഈ ശിലയുടെ സ്ഥാനം തിരിച്ചറിയാൻ പശുവിന്റെ തൊഴുത്തിൽ ഒരു വലിയ തട്ടയുണ്ടാക്കി. തുടർന്ന് കാരണവർ നേരെപ്പോയി സ്ഥലത്തെ നാടുവാഴിയെ ഈ വിവരമറിയിച്ചു. നാടുവാഴി ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ പ്രസ്തുത ശില സ്വയംഭൂവായ ഒരു ശിവലിംഗമാണെന്ന് മനസ്സിലാക്കി അവിടെ ക്ഷേത്രം പണിയാൻ ഉത്തരവിട്ടു. അങ്ങനെ പണികഴിപ്പിച്ച ക്ഷേത്രമാണ് ഗുരുവായൂർ പെരുന്തട്ട മഹാദേവക്ഷേത്രം. വലിയ തട്ട കണ്ട സ്ഥലത്ത് പണിത ക്ഷേത്രമായതിനാലാണ് ഇത് പെരുന്തട്ട എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്.
മേൽപ്പറഞ്ഞ ഐതിഹ്യം കണ്ടെത്തിയത്, പ്രശസ്ത ജ്യോതിഷപണ്ഡിതനായിരുന്ന യശഃശരീരനായ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയാണ്. ക്ഷേത്രനവീകരണത്തോടനുബന്ധിച്ച് 1980-ൽ നടത്തിയ ദേവപ്രശ്നത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഗുരുവായൂർ പരിസരത്തുള്ള നാല് ക്ഷേത്രങ്ങളിലൊന്നാണ് പെരുന്തട്ട ക്ഷേത്രം. മമ്മിയൂർ, ചൊവ്വല്ലൂർ, പേരകം എന്നിവയാണ് മറ്റുള്ളവ. ഈ ശിവക്ഷേത്രങ്ങൾക്കും അഞ്ച് ഭഗവതിക്ഷേത്രങ്ങൾക്കും നടുവിലാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ഥാനം. തന്മൂലം ഗുരുവായൂരിൽ ദർശനത്തിനെത്തുന്നവർ ഇവിടങ്ങളിലും ദർശനം നടത്തുക പതിവാണ്.
ചരിത്രം
[തിരുത്തുക]പെരുന്തട്ട ക്ഷേത്രം അതിപുരാതനമാണെന്ന് ഒട്ടുമിയ്ക്ക ചരിത്രകാരന്മാരും സമർത്ഥിയ്ക്കുന്നുണ്ട്. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ ഇക്കാര്യം ഉറപ്പിയ്ക്കാവുന്നതാണ്. എന്നാൽ, പ്രതിഷ്ഠ നടന്നതിന് കൃത്യമായ ഒരു കാലഗണന പറയാനാകില്ല. തന്മൂലം ഐതിഹ്യത്തെ ആശ്രയിയ്ക്കുകയേ വഴിയുള്ളൂ.
ക്ഷേത്രത്തെക്കുറിച്ച് ആധികാരികമായി പറയാവുന്ന ആദ്യത്തെ പരാമർശം, എ.ഡി. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട തേവാരം എന്ന ശൈവകൃതിയാണ്. തമിഴ് ശൈവകവികളായിരുന്ന 63 നായനാർമാർ എഴുതിയ കവിതകൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ, പാടൽ പെട്ര സ്ഥലങ്ങൾക്ക് തൊട്ടുതാഴെയായി കണക്കാക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായി പെരുന്തട്ട ക്ഷേത്രത്തെ പരാമർശിയ്ക്കുന്നുണ്ട്. 63 നായനാർമാരിൽ പ്രധാനിയായ സുന്ദരമൂർത്തി നായനാർ ഈ കൃതിയിൽ രചിച്ച ഒരു ശ്ലോകമാണ് അന്നേ ഈ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവായി കണക്കാക്കുന്നത്. അതിങ്ങനെയാണ്:
“ | തിരുവഞ്ചൈക്കളത്ത് അടൈന്തിടും തടമതിൽ
കേരളത്ത് പൊൻപുതയൽ പെരുംതട്ടൈ ശിവപരാനൈ കൺകുളിരൈക്കണ്ട്, മനമാറതോത്തരിത്ത് പാമാടൈ ശാർത്തിടുവോം അടിയോർകൾ കൂട്ടമാക |
” |
സുന്ദരമൂർത്തി നായനാർ ശിഷ്യഗണങ്ങൾക്കൊപ്പം നടത്തിയ കേരളയാത്രയാണ് ഈ ശ്ലോകത്തിൽ പരാമർശിയ്ക്കപ്പെടുന്നത്. ആ യാത്രയ്ക്കിടയിൽ അദ്ദേഹം കേരളത്തിലെ ഏക പാടൽ പെട്ര സ്ഥലമായ തിരുവഞ്ചിക്കുളം ശിവക്ഷേത്രം ദർശിയ്ക്കാൻ പോകുന്ന വഴിയിൽ ഗുരുവായൂരിലെത്തുകയും ഇവിടെ ദർശനം നടത്തുകയും ചെയ്തുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നതാണ്. എന്നാൽ, ഗുരുവായൂരിലെ മറ്റ് ശിവക്ഷേത്രങ്ങളെക്കുറിച്ചൊന്നും ഇതിൽ പരാമർശമില്ലാത്തതിനാൽ അവയെക്കാളെല്ലാം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് അനുമാനിയ്ക്കേണ്ടിയിരിയ്ക്കുന്നു.
എ.ഡി. പതിനാലാം നൂറ്റാണ്ടിൽ ഗുരുവായൂർ സാമൂതിരിയുടെ കീഴിലായപ്പോൾ ആദ്യം ഇവിടെയൊരു കോവിലകം പണിതത് പെരുന്തട്ട ക്ഷേത്രത്തിന് സമീപമാണ്. സാമൂതിരി കുടുംബക്കാരുടെ യഥാർത്ഥ സേവാമൂർത്തി ശിവനാണ്. തന്മൂലമാണ് അവർ പെരുന്തട്ട ക്ഷേത്രത്തിനുസമീപം കോവിലകം പണിതത്. അക്കാലത്തുതന്നെ അവർ ഈ ക്ഷേത്രത്തിന്റെ പുറക്കോയ്മാവകാശം ഏറ്റെടുത്തിരുന്നു. പിന്നീടാണ് അവർ ഗുരുവായൂർ ക്ഷേത്രത്തിന്റെ പുറക്കോയ്മാവകാശം ഏറ്റെടുത്തത്. അപ്പോഴും, അതിന്റെ ഊരാളന്മാരായിരുന്ന 72 നമ്പൂതിരി കുടുംബക്കാരെ നിലനിർത്താൻ അവർ ശ്രമിച്ചിരുന്നു. ഇതിനുശേഷം ഗുരുവായൂർ ക്ഷേത്രത്തിനുസമീപവും സാമൂതിരിമാരുടെ ഒരു കോവിലകം പണിയുകയുണ്ടായി. ഇരു കോവിലകങ്ങൾ തമ്മിലും ഒരു തുരങ്കപാതയും ഇതിനോടനുബന്ധിച്ച് സൃഷ്ടിയ്ക്കുകയുണ്ടായി. ഇത് പുറത്തുള്ളവരുടെ കണ്ണുവെട്ടിച്ച് ഗുരുവായൂരപ്പനെയും പെരുന്തട്ടത്തേവരെയും വന്ദിയ്ക്കാൻ ഇതൊരു വഴിയായി. ഇപ്പോൾ ഇരു കോവിലകങ്ങളുമില്ല. പെരുന്തട്ട കോവിലകം ടിപ്പുവിന്റെ പടയോട്ടക്കാലത്തുതന്നെ തകർന്നുപോയിരുന്നു. ഗുരുവായൂർ തെക്കേ നടയിലുണ്ടായിരുന്ന കോവിലകം 1975-ലാണ് പൊളിച്ചുമാറ്റിയത്. തദ്സ്ഥാനത്താണ് ഇന്ന് ഗുരുവായൂർ ദേവസ്വം വകയുള്ള പാഞ്ചജന്യം, ശ്രീവത്സം റസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്നത്.
മൈസൂർ കടുവ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ടിപ്പു സുൽത്താൻ കേരളത്തിലേയ്ക്കുള്ള പടയോട്ടം നടത്തിയ കാലത്ത് ഗുരുവായൂരിലുമെത്തുകയുണ്ടായി. ഗുരുവായൂർ ക്ഷേത്രമൊഴികെയുള്ള എല്ലാ ക്ഷേത്രങ്ങളും ടിപ്പുവിന്റെ പടയാളികൾ പൂർണ്ണമായോ ഭാഗികമായോ തകർത്തുകളഞ്ഞു. പെരുന്തട്ട ക്ഷേത്രവും അതിലുണ്ടായിരുന്നു. ഇക്കാലഘട്ടത്തിൽ ടിപ്പു തമ്പടിച്ചത് പെരുന്തട്ട കോവിലകത്തായിരുന്നു. അവിടെയുണ്ടായിരുന്ന എല്ലാവരും മുമ്പേ നാടുവിട്ടുപോയതാണ് അവിടം കേന്ദ്രീകരിയ്ക്കാൻ ടിപ്പുവിനെ സഹായിച്ചത്. ഇരു കോവിലകങ്ങളും തമ്മിലുണ്ടായിരുന്ന തുരങ്കപാത, ഈ സമയത്ത് വെടിക്കോപ്പുകൾ നിർമ്മിയ്ക്കാനുള്ള സ്ഥലമായി മാറ്റപ്പെട്ടു. അവയിൽ ചിലത് പിൽക്കാലത്ത് ക്ഷേത്രപ്പറമ്പിൽ നിന്നുതന്നെ കണ്ടെത്തിയ സാഹചര്യവുമുണ്ടായി! ഇക്കാലഘട്ടത്തിൽ ധാരാളം ഏറ്റുമുട്ടലുകൾ ക്ഷേത്രപരിസരത്തുവച്ചുണ്ടായിട്ടുണ്ട്. സാമൂതിരിയുടെ പടയാളികളിലൊരാളായിരുന്ന ഹൈദ്രോസുകുട്ടി മൂപ്പൻ ഇവിടെവച്ചാണ് കൊല്ലപ്പെട്ടത്. എന്നാൽ, അധികം വൈകാതെ ടിപ്പുവിനും പടയാളികൾക്കും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയുണ്ടായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ അത് പെരുന്തട്ടത്തേവരുടെ കോപമാണെന്ന് മനസ്സിലാക്കിയ അവർ, പിന്നീട് ഇവിടെ ചില പ്രായശ്ചിത്തങ്ങൾ നടത്തുകയുണ്ടായി.
കാലാന്തരത്തിൽ പെരുന്തട്ട കോവിലകം പൂർണ്ണമായും പൊളിച്ചുമാറ്റുകയും ചുറ്റുമുണ്ടായിരുന്ന നിരവധി സ്ഥലങ്ങൾ അന്യാധീനപ്പെടുകയും ചെയ്തു. ഇത് പെരുന്തട്ട ക്ഷേത്രത്തെയും സാരമായി ബാധിച്ചു. ഇടയ്ക്ക് പൂജകളെല്ലാം മുടങ്ങിപ്പോകുന്ന സാഹചര്യം പോലുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷേത്രകാര്യങ്ങൾ നോക്കുക സാമൂതിരി കുടുംബത്തിനും ബുദ്ധിമുട്ടായി. തന്മൂലം, ക്ഷേത്രം നാട്ടുകാർക്ക് വിട്ടുകൊടുക്കാൻ അവർ തീരുമാനിച്ചു. അതിനുശേഷമാണ് ക്ഷേത്രം കൂടുതൽ വളർച്ചയിലേയ്ക്ക് കുതിച്ചുതുടങ്ങിയത്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]വിശേഷങ്ങൾ
[തിരുത്തുക]- പ്രതിഷ്‌ഠാദിനം
- തിരുവാതിര
- നവരാത്രി
- മണ്ഡലക്കാലം
- രാമയണമാസം
പൂജകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]