പെരിമ്പലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനക്കയം ഗ്രാമപഞ്ചായത്തിലെ പാണായിയും ആനക്കയവും അതിരിട്ട ഒരു ഉൾപ്രദേശമാണ് പെരിമ്പലം. മൂന്ന് വശവും കടലുണ്ടിപുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ഗ്രാമപഞ്ചായത്തിലെ 15, 16 വാ‍ർ‍ഡുകൾ ഈ പ്രദേശത്താണ്. മാഷുമാരുടെ ഗ്രാമം എന്നൊരു ചെല്ലപ്പേര് പെരിമ്പലത്തിനുണ്ട്. മിക്കവാറും കുടുംബങ്ങളിൽ ഒരു അധ്യാപകനെങ്കിലും കാണപ്പെടുന്നതുകൊണ്ടാണ് ഈ പേര് വന്നത്. [1]

ഭൂപ്രകൃതി[തിരുത്തുക]

കിഴക്ക് ആനക്കയവും വടക്ക് പാണായിയും പടിഞ്ഞാറ് പുഴക്ക് മറുപുറം പള്ളിപ്പുറവും തെക്ക് വള്ളിക്കാപറ്റയും സ്ഥിതിചെയ്യുന്നു. പുഴക്കപ്പുറമുള്ള പ്രദേശങ്ങളിലേക്ക് പോകാൻ പണ്ടുമുതലെ കടവുകളുണ്ടായിരുന്നു. പള്ളിപ്പുറം ഭാഗത്തേക്ക് ആനപ്പാറകടവ്, പടിഞ്ഞാറ്റുമുറിയിലേക്ക് കടക്കോട്ടിൽ മന കടവ്, വള്ളിക്കാപ്പറ്റ ഭാഗത്തേക്ക് പാറക്കുന്ന് കടവ് എന്നിവയായിരുന്നു അവ. പാറക്കുന്ന് കടവിൽ ഇപ്പോൾ തൂക്കുപാലം ഉണ്ട്. ആനക്കയം മുതൽ പെരുമ്പലത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പാണായി‍ൽ ചേരുന്ന റോഡാണ് പ്രധാന ഗതാഗതമാർഗം. ഏകദേശം അഞ്ച് കിലോമീറ്റർ നീളമുള്ള ഈ റോഡ് ആനക്കയം പുഴക്ക് സമീപത്ത് നിന്നു തുടങ്ങി എണങ്ങാമ്പറമ്പ്, പള്ളപ്പടി, പൊറ്റമ്മൽ, വെറ്റിലപ്പാറ, പടിഞ്ഞാറെതല, കാരാടൻമുക്ക്(മോസ്കോനഗർ) എന്നിങ്ങനയുള്ള കൊച്ചുപ്രദേശങ്ങളിലൂടെ കടന്ന് പാണായി- ആനക്കയം റോഡിൽ ചേരുന്നു. പെരിമ്പലത്തിന്റെ മണ്ണ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. കുന്നുകളും പറമ്പും കൂടുതലും താഴ്ന്ന പ്രദേശങ്ങൾ വളരെ കുറവുമായതുകൊണ്ട് നാണ്യവിളകൾക്ക് അനുയോജ്യമായ മണ്ണാണ്. വേനൽക്കാലത്ത് പുഴക്കിരുവശവും പച്ചക്കറികൃഷി സജീവമാകും. പ്രദേശത്തെ ചുറ്റി U ആകൃതിയിൽ വളഞ്ഞുപുളഞ്ഞു ഒഴുകുന്ന കടലുണ്ടിപ്പുഴ കാലവ്യത്യാസമില്ലാതെ പ്രദേശത്തുകാർക്ക് ജലം ലഭ്യമാക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 173 - 194, Published by: Gramapanchayath Anakkayam
"https://ml.wikipedia.org/w/index.php?title=പെരിമ്പലം&oldid=3314673" എന്ന താളിൽനിന്ന് ശേഖരിച്ചത്