പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീയിലെ പേരുകൾ, വഴികൾ, സ്ഥലങ്ങൾ

എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു സഞ്ചാരരേഖയാണ് പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ (ഗ്രീക്ക്: Περίπλους τὴς Ἐρυθράς Θαλάσσης, ലത്തീൻ: Periplus Maris Erythraei). ചെങ്കടൽ വഴി ഉത്തരപൂർവ്വാഫ്രിക്കൻ തീരങ്ങളിലേക്കും ഇന്ത്യൻ തീരപ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരത്തെയും അവിടങ്ങളിലെ കച്ചവടസാദ്ധ്യതകളെയും ആണ് ഇതിൽ വിവരിക്കുന്നത്. ഇതിന്റെ കർത്താവ് അജ്ഞാതനാണെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടകേന്ദ്രങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അനുഭവപരിചയവും പാണ്ഡിത്യവുമുള്ള വ്യക്തിയാണെന്നത് നിസ്തർക്കമാണ്.

"എറിത്രിയൻ കടൽ" (ഗ്രീക്ക്: Ἐρυθρά Θάλασσα) എന്ന് പ്രാചീനയവനകൃതികളിൽ പരാമർശിക്കുന്നത് ചെങ്കടലും പേർഷ്യൻ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗത്തെയാണ്.

പ്രാചീനകാലത്തെ കച്ചവടബന്ധങ്ങളെയും സംസ്കാരങ്ങളെയും വളരെ അറിവുനൽകുന്നു പെരിപ്ലസ്. നിരവധി കച്ചവടകേന്ദ്രങ്ങളെയും കച്ചവടദ്രവ്യങ്ങളെയും തുറമുഖങ്ങളെയും കുറിച്ച് ഇതിലെ 66 ഖണ്ഡങ്ങളിൽ പരാമർശമുണ്ട്. ഇതിൽ വിവരിക്കുന്ന പേരുകളുടെ യഥാർത്ഥസംബന്ധങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. വിശേഷിച്ചും ക്രിസ്ത്വബ്ദാരംഭത്തിലെ കേരളചരിത്രത്തിന്റെ മുഖ്യോപാദാനമാണ് പെരിപ്ലസ്. അക്കാലത്തെ മുസിരിസ്സിനെപ്പറ്റിയും കുറിച്ചുള്ള വിവരണങ്ങൾ കാണാം. കൂടാതെ കേരളതീരത്തെ നൗറ, തിണ്ടിസ്, നെൽക്കിണ്ട, ബക്കാരെ, ബലിത, കുമരി എന്നീ മറ്റു തുറമുഖങ്ങളെപ്പറ്റിയും പറയുന്നുണ്ട്. പണ്ഡ്യന്മാരേയും കേരബോത്രകേരളപുത്രന്മാരേയും കുറിച്ച് സൂചനകൾ തരുന്ന ഇതിൽ അന്ന് തമിഴകമെന്നു അറിയപ്പെട്ടിരുന്ന പ്രദേശത്തെ Damirica അല്ലെങ്കിൽ Limyrike എന്ന് വിളിക്കുന്നുണ്ട്.

രചയിതാവും കാലവും[തിരുത്തുക]

ഹൈഡൽബർക്ക് സർവ്വകലാശാലയിൽ പ്രസ്തുതകയ്യെഴുത്തുപ്രതി ഗ്രീക്ക് ചരിത്രകാരനായ അറിയാനസ്സിന്റെ ഗ്രന്ഥങ്ങൾക്കൊപ്പമാണ് സൂക്ഷിക്കപ്പെട്ടിരുന്നത്. 1622-ൽ മുപ്പതുവർഷയുദ്ധത്തിനിടെ ഹൈഡൽബർക്ക് പിടിച്ചടക്കിയ ജർമ്മൻ കാത്തലിക് ലീഗ് ഗ്രന്ഥശേഖരം വത്തിക്കാൻ ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചിരുന്നു. പുസ്തകങ്ങൾ മാറ്റുന്നതിന് നേതൃത്വം നൽകിയ ലിയോണെ അല്ലാഷ്യോ തയ്യാറാക്കിയ മുഖവുരയിലും കൃതി അറിയാനസ്സിന്റെ പേരിലാണ് ആരോപിച്ചിരുന്നത്. 1815-ലെ പാരീസ് സമാധാന ഉടമ്പടി പ്രകാരം ഗ്രന്ഥശേഖരം ഏതാണ്ട് പൂർണ്ണമായും സർവ്വശലാകാലയ്ക്ക് തിരിച്ചനൽകപ്പെട്ടു. പക്ഷേ, ഈ കൃതി അറിയാനസ്സിന്റെ പേരിൽത്തന്നെ നിലനിന്നു. 16-ആം നൂറ്റാണ്ടുമുതൽ പെരിപ്ലസ്സിനുണ്ടായ പ്രസിദ്ധീകരണങ്ങളിലും വിവർത്തനങ്ങളിലുമെല്ലാം കൃതി അറിയാനസ്സിന്റെ പേരിൽത്തന്നെയാണ്. എന്നാൽ ബ്രിട്ടീഷ് ലൈബ്രറിയിലെ പ്രതിയിൽ രചയിതാവുനെ കുറിച്ച് സൂചനയില്ല.

അവലംബം[തിരുത്തുക]