പെനാങ്ക് ദേശീയോദ്യാനം

Coordinates: 5°26′53″N 100°11′36″E / 5.448°N 100.1932°E / 5.448; 100.1932
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെനാങ്ക് ദേശീയോദ്യാനം
Taman Negara Pulau Pinang
பினாங்கு தேசியப் பூங்காக்கள்
槟城国家公园
Monkey Beach
Map showing the location of പെനാങ്ക് ദേശീയോദ്യാനം
Map showing the location of പെനാങ്ക് ദേശീയോദ്യാനം
Map of Malaysia
LocationNorth-western Penang island
Coordinates5°26′53″N 100°11′36″E / 5.448°N 100.1932°E / 5.448; 100.1932
Area2,563 hectares (9.9 sq mi)
Established2003
www.wildlife.gov.my/index.php/en/a

പെനാങ്ക് ദേശീയോദ്യാനം (മലയ: തമൻ നെഗാര പുലാവു പിനാംഗ്; തമിഴ്: பினாங்கு தேசியப் பூங்காக்கள்,Piṉāṅku tēciyap pūṅkākkaḷ; ചൈനീസ്: 槟城国家公园,bīng chéng guó jiā gōng yuán) 1,213 ഹെക്ടർ പ്രദേശത്ത് കടലിലും കരയിലുമായി വ്യാപിച്ചുകിടക്കുന്നതും ശാസ്ത്രജ്ഞന്മാർ, ഗവേഷകന്മാർ, പ്രകൃതി സ്നേഹികൾ എന്നിവർ പ്രകൃതി വിഭവങ്ങളിൽ പര്യവേക്ഷണം നടത്തപ്പെടുന്നതുമായ മലേഷ്യയിലെ ഒരു ദേശീയോദ്യാനമാണ്. മുമ്പ് പന്തായി ആച്ചേഹ് ഫോറസ്റ്റ് റിസർവ്വ് എന്നറിയപ്പെട്ടിരുന്ന ഈ പ്രാചീന പ്രദേശം 417 സസ്യവർഗ്ഗങ്ങൾക്കും 143 ജന്തുവർഗ്ഗങ്ങൾക്കും അഭയസങ്കേതമൊരുക്കുന്നു.പെനാങ്ക് ദ്വീപിൻറെ വടക്കുപടിഞ്ഞാറൻ അറ്റത്തു സ്ഥിതിചെയ്യുന്ന പന്തായി ആച്ചേഹ് ഫോറസ്റ്റ് റിസർവ്വ് 2003 ഏപ്രിൽ മാസത്തിൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

1980 ലെ മലേഷ്യൻ ദേശീയ പാർക്ക് ആക്ട് പ്രകാരം നിയമപരമായി ഗസറ്റ് വിജ്ഞ്ഞാപനം ചെയ്യപ്പെട്ട ആദ്യ പരിരക്ഷിത പ്രദേശമായിത്തീർന്നു പെനാങ് ദേശീയോദ്യാനം. സംസ്ഥാന സർക്കാരിൻറേയും ഫെഡറൽ സർക്കാരിൻറേയും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ സൂചിപ്പിക്കുന്ന ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. സസ്യജന്തുജാലം, പുരാവസ്തുഗവേഷണം, ചരിത്രം, നരവംശശാസ്ത്രം, ശാസ്ത്രം, പ്രകൃതിദൃശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളെയും സംരക്ഷിക്കുന്നതിനും പെനാങ് നാഷണൽ പാർക്ക് സ്ഥാപിക്കപ്പെട്ടു. സസ്യജന്തുജാലത്തെ സംരക്ഷിക്കുന്നതിനും അതോടോപ്പം ഭൂവിജ്ഞാനം, പുരാവസ്തുഗവേഷണം, ചരിത്രം, നരവംശശാസ്ത്രം, പ്രകൃതിദൃശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ പഠനവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി പെനാങ് ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടു. ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകർഷണങ്ങളിൽ മലമുകളിലും താഴ്‍വാത്തുമുള്ള ഡിപ്റ്ററോകാർപസ് വനങ്ങൾ, കണ്ടൽ വനമേഖലകൾ, മണൽ ബീച്ചുകളിലെ ആവാസ കേന്ദ്രങ്ങൾ, കാലാവസ്ഥാനുസൃതമായുള്ള ഒരു മെരോമിക്റ്റിക് തടാകം, തുറസ്സായ കടൽത്തീരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഡിപ്റ്ററോകാർപസി വനങ്ങളിലെ ഒരു സാധാരണ വൃക്ഷമായ സെരായ (Shorea curtisii) മരങ്ങളുടെ നിര മുകാ ഹെഡിനു ചുറ്റുപാടുമുളള കുത്തനെയുള്ള ചരിവുകളിൽനിന്ന് എളുപ്പത്തിൽ കാണാൻ സാധിക്കുന്നു. ഡിപ്റ്ററോകാർപസി, ലെഗൂമിനേസീ, അപ്പോസൈനേസീ, അനാക്കാർഡിയേസീ, യൂഫോർബിയേസീ, മൊറേസി എന്നിവയടക്കം ഏകദേശം 1000 ത്തിലധികം സസ്യവർഗ്ഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 1955-ന് മുമ്പ് പന്തായി ആച്ചേഹ് ഫോറസ്റ്റ് റിസർവിൻറെ ഭാഗങ്ങളിൽ മരം മുറിക്കൽ നടന്നിരുന്നു. 1955 മുതൽ വനമേഖലകളിലൊന്നും മരംമുറിക്കൽ പ്രവർത്തനങ്ങൾ നിലവിലില്ല. 1996 ൽ എല്ലാ മരംമുറിക്കൽ പ്രവർത്തനങ്ങളും നിർത്തിവയ്ക്കപ്പടുകയും മലേഷ്യൻ പൊതു ധനം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോടെ പെനെങ്ക് ദേശീയോദ്യാനം വികസിപ്പിക്കാൻ അനുവദിക്കപ്പെട്ടു.

പരിസ്ഥിതി വൈവിധ്യം[തിരുത്തുക]

മലേഷ്യയിലെ മറ്റ് പ്രധാന പരിരക്ഷിത പ്രദേശങ്ങളിൽ കാണപ്പെടാത്ത അത്യപൂർവ്വമായ അഞ്ചുതരം ആവാസവ്യവസ്ഥ ഇവിടെ കാണപ്പെടുന്നു. ആമകൾ, ക്രസ്റ്റേഷ്യനുകൾ, അപൂർവ പിച്ചർ ചെടികൾ എന്നിവയുൾപ്പെടെ 417 തരം സസ്യലതാദികളാലും 143 തരം ജന്തുവർഗ്ഗങ്ങളാലും സമ്പുഷ്ടമാണ് ഈ ദേശീയോദ്യാനം. മലേഷ്യയിലെ ജൈവ വൈവിധ്യത്തിന്റെ ഏറ്റവും അസാധാരണമായ സമ്മേളനത്താൽ അനുഗൃഹീതമായ ഉദ്യാനമായി ഇതു വാഴ്‍ത്തപ്പെടുന്നു.

സസ്യജാലം[തിരുത്തുക]

ദ്വിതീയ വനമാണ് ഇവിടെ ഒരു പ്രധാന ആകർഷണം. ബീച്ചുകൾ നീണ്ടുകിടക്കുന്നതും പാറക്കെട്ടുകളിൽ വളരുന്ന ബോൺസായികൾ മറ്റു നിരവധി വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ നിറഞ്ഞതുമാണ്. ഇവിടെ കാണപ്പെടുന്ന പ്രധാന സസ്യവർഗ്ഗങ്ങളിൽ ചെങ്ങൽ (Neobalanocarpus), മെരന്തി സെറായ, ജെലുടോങ് (Dyera costulata), ഗഹാറു (അകിൽ), ടോങ്‍കാറ്റ് അലി, ബിൻടങ്കർ എന്നിവയെല്ലാം ഉൾപ്പെടുന്നു. തീരത്തോടടുത്ത പ്രദേശത്തു താറുമാറാക്കപ്പെട്ട ദ്വീതീയ വനങ്ങൾക്കാണു പ്രാമുഖ്യം. ഇതിൽ പ്രധാമായുളളത് സ്ക്രൂ പൈൻ പോലെയുള്ള കട്ടികൂടിയ മരങ്ങളാണ്. ചുവന്ന പേപ്പർ പോലെയുള്ള പുറംതൊലിയുള്ള പെലവാൻ വൃക്ഷങ്ങൾ നിരവധിയുണ്ട്. ഇതിനു താഴെയായി പന്നൽച്ചെടികളും മറ്റ് അടിക്കാടുകളും വ്യാപിച്ചുകിടക്കുന്നു. കാറ്റാടി മരങ്ങൾ, കടൽ ബദാം, കശുമാവ്, ഒരുവശത്തേയ്ക്കു ചാഞ്ഞുകിടക്കുന്ന തെങ്ങുകൾ എന്നിവയാണ് ഇവിടെ നിലനിൽക്കുന്ന മറ്റ് ശ്രദ്ധേയങ്ങളായ മരങ്ങൾ.

ടുക്കുൺ ബീച്ചിനു സമാന്തരമായി നിരവധി കണ്ടൽ മരങ്ങൾ കണ്ടുവരുന്നു. കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ ചരിവുകളിൽ കാട്ട് ഓർക്കിഡുകളും കശുമാവുകളുമുണ്ട്. കശുമാവുകൾ ഇവിടെ വർഷങ്ങൾക്കുമുമ്പു നടന്നിരുന്ന നിരവധി കാർഷിക പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. തീരത്തിനടുത്ത് കാട്ടിനുള്ളിൽ പൂർണ്ണമായി വളർന്നുനിൽക്കുന്ന മരത്തടികൾ കണ്ടെത്തിയിട്ടുണ്ട്. തീരദേശ ആവാസവ്യവസ്ഥയെ അതിജീവിക്കാൻ കഴിയുന്നതരം പച്ചർ ചെടികളും(Nepenthes spp.) ഇവിടെ കാണപ്പെടുന്നു.

ജന്തുജാലം[തിരുത്തുക]

ദേശീയോദ്യാനത്തിലും സമീപപ്രദേശങ്ങളിലുമായി കാണപ്പെടുന്ന ജന്തുജാലങ്ങളിൽ ഡോൾഫിനുകൾ, നീർനായ, ഹാക്സ്ബിൽ കടലാമകൾ, കുരങ്ങുകൾ എന്നിവയും ഉൾപ്പെടുന്നു. ഡസ്കി ലീപ് കുരങ്ങന്മാർ, നീണ്ട വാലുള്ള മകാക് എന്നിവയെയും ഇവിടെ കാണാനാവും. പക്ഷികളിൽ പ്രധാമമായി കാക്ക മീൻകൊത്തി, കുളക്കോഴി, വലിയ കൊക്കുകൾ[1] എന്നിവയാണുള്ളത്. മറ്റു വലിയ പക്ഷികളിൽ വെള്ളവയറൻ കടൽ‌പ്പരുന്ത്‌, കൃഷ്ണപ്പരുന്ത്, പൊന്മാൻ എന്നിവയെ ഇടയ്ക്കിടെ കാണാവുന്നതാണ്.

സസ്തനികളിൽ കാട്ടുപന്നികൾ, കാട്ടുപൂച്ചകൾ, വെരുക്, സീ ഓട്ടർ, കൂരമാൻ, എലികൾ, വാവലുകൾ അണ്ണാൻ എന്നിവയും കടൽ ജീവികളിൽ ഞണ്ടുകൾ, വിവിധയിനം മത്സ്യങ്ങൾ, വലിയ കൊഞ്ചുകൾ ഉരഗങ്ങളിൽ ഉടുമ്പ്, പാമ്പുകൾ തുടങ്ങിയവ ഇവിടെ സാധാരണമാണ്. കടലാമകൾ പലപ്പോഴും ദേശീയോദ്യാനത്തിലേയ്ക്കു കടന്നുവരുന്നു. ജലത്തിൻറെ താഴ്ന്ന പാളികളിൽ ഓക്സിജൻ ലഭിക്കുന്നില്ലാത്തതിനാൽ മെരോമിക്റ്റിക് തടാകത്തിൽ ജീവിസാന്നിദ്ധ്യ കുറവാണ്. തടാകത്തിലെ ലവണാംശം കൂടിയ ജലം Faunus ater വർഗ്ഗത്തിലെ ഒച്ചുകളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Penang National Park". Tourism Malaysia. Retrieved 22 May 2014.
"https://ml.wikipedia.org/w/index.php?title=പെനാങ്ക്_ദേശീയോദ്യാനം&oldid=3086131" എന്ന താളിൽനിന്ന് ശേഖരിച്ചത്