പൂവട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ചില ഭാഗങ്ങാളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ ഓണത്തപ്പന് നേദിക്കാനായി തിരുവോണദിനത്തിൽ തുമ്പപ്പൂവും അരിയും ചേർത്ത് ഉണ്ടാക്കുന്ന അടയാണ് പൂവട. ചട്ടിയിൽ വച്ച് വറുക്കാതെ നെല്ല് കുത്തി അരി ഉരലിൽ ഇട്ട് പൊടിച്ച് അതിൽ ശർക്കര ചേർത്താണ് പൂവടയുണ്ടാക്കുക. സാധാരണ അട ഉണ്ടാക്കുന്നതിനേക്കാൾ ബഹുമാനം കൂടുതൽ വേണ്ട ഒരു ചടങ്ങായാണ് ഇതിനെ കാണുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന പൂവട ചൂടോടെ മാവേലി ക്കായി അർപ്പിക്കുന്നു. ആർപ്പു വിളിക്ക് അടമ്പടിയാായി പൂക്കളം സന്ദർശിക്കാനും പൂവട ഭക്ഷിക്കാനും മാവേലിയെ ക്ഷണിക്കുന്ന പാട്ടുകൾ ചടങ്ങുകളിൽ ഉപയോഗിക്കുന്നു. ഒരു പൂവട തൃക്കാക്കരയപ്പൻ എന്നു വിളിക്കുന്ന മരം കൊണ്ട് നിർമ്മിച്ച സ്തൂപത്തിനു സമീപം ചാരി വക്കുകയും മറ്റൊന്നു പ്രതീകമായി അകലേക്ക് എറിയുകയുമാണ് കൊടുങ്ങല്ലൂർ ഭാഗത്തെ ഓണച്ചടങ്ങുകളിലൊന്ന്. തുമ്പച്ചെടിക്ക് അതിന്റെ സൗന്ദര്യത്തേക്കാളും വലിപ്പത്തേക്കാളും ഔഷധഗുണമുണ്ട് എന്നത് ആദികാല ആയുർവേദ വൈദ്യരായിരുന്ന ബൗദ്ധർ കണ്ടെത്തിയിരുന്നു. എളിമയുടെ പര്യായമായി തുമ്പപ്പൂവിനെയും നന്ദ്യാർവട്ടത്തെയും അവർ കരുതിയിരുന്നതും എടുത്തു പറയത്തക്കതാണ്.

പാചകരീതി[തിരുത്തുക]

പച്ചരി കുതിർത്ത് പൊടിച്ചു്, വെള്ളം ചേർത്തുകുഴച്ചു്, വാഴയിലയിൽ പരത്തുക. തേങ്ങ ചിരകിയത്, ശർക്കര ചിരകിയത്, നേന്ത്രപ്പഴം അരിഞ്ഞതു് എന്നിവ ഇതിന് മേൽ വച്ച് ഇല മടക്കി, ആവിയിൽ വേവിച്ചെടുക്കുക. തുമ്പപ്പൂവ് ചേർത്ത് വാഴയിലയിൽ പൊതിഞ്ഞാണ് വിളമ്പുന്നത്.

കുറിപ്പുകൾ[തിരുത്തുക]

  1. ഓണത്തപ്പന് നേദിക്കാൻ ഉള്ള അടയുടെ പൊടി വറുക്കില്ല.
  2. ഇങ്ങനെ ഉണ്ടാക്കുന്ന അടയുടെ ഉള്ളിൽ ഒന്നോ രണ്ടോ തുമ്പപ്പൂവും വെയ്ക്കാറുണ്ട്.
"https://ml.wikipedia.org/w/index.php?title=പൂവട&oldid=2870335" എന്ന താളിൽനിന്ന് ശേഖരിച്ചത്