പൂന്തോട്ടത്ത് അച്ഛൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെൺമണി പ്രസ്ഥാനത്തിലെ ഒരു കവിയായിരുന്നു പൂന്തോട്ടത്ത് അച്ഛൻനമ്പൂതിരി (1821 - 65) . പാലക്കാട്ടു ജില്ലയിൽ കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരൻ നമ്പൂതിരിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. കുഞ്ചൻ നമ്പ്യാരുടെ ജൻമഗൃഹത്തിനു തൊട്ടടുത്തതാണ് പൂന്തോട്ടത്തില്ലം. ഇദ്ദേഹത്തിന്റെ ശരിയായ പേര് ദാമോദരൻ എന്നാണ്. പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനായിരുന്നു വൈദികാചാര്യൻ. തൃപ്പൂണിത്തുറ എത്തി സംസ്കൃതം പഠിക്കുകയും അവിടെയുളള ഒരു ക്ഷത്രിയ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. വെൺമണി അച്ഛനോടും കൊടുങ്ങല്ലൂർ വിദ്വാൻ ഇളയ തമ്പുരാനോടും അടുപ്പമുണ്ടായിരുന്നതിനാൽ കൊടുങ്ങല്ലൂർക്കളരിയിലെ ഒരംഗമായി. തൃശൂർ അഷ്ടമി ഇല്ലത്തുനിന്നും ഇദ്ദേഹം ഒരന്തർജനത്തേയും വിവാഹം കഴിച്ചിട്ടുണ്ട്. ഈ ബന്ധത്തിൽ മൂന്നു പുത്രൻമാരും അഞ്ചുപുത്രിമാരുമുണ്ടായി.

കൃതികൾ[തിരുത്തുക]

  • അംബരീഷചരിതം ഓട്ടൻതുള്ളൽ (എസ്.റ്റി. റെഡ്യാരും ശ്രീരാമവിലാസം പ്രസ്സും കുഞ്ചൻ നമ്പ്യാർക്കു കർതൃത്വം നല്കി, പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ കൃതിയാണ്);
  • കാലകേയവധം ശീതങ്കൻതുള്ളൽ (ഇതിലെ സ്വർഗവർണന കൊടുങ്ങല്ലൂർ വിദ്വാൻ ഇളയ തമ്പുരാനും അവസാനഭാഗം തൃശൂർ തെക്കേക്കുറുപ്പത്തു കൊച്ചുണ്ണി മേനോനുമാണ് എഴുതിച്ചേർത്തിരിക്കുന്നത്);
  • സ്യമന്തകം ആട്ടക്കഥ

എന്നിവയാണ് പ്രധാന കൃതികൾ.

നമ്പ്യാരുടെ മണിപ്രവാളശൈലി സ്വായത്തമായിരുന്നിട്ടും ഫലിതത്തിലും പരിഹാസത്തിലും കുഞ്ചന്റെ അടുത്തെത്താൻ അച്ഛൻ നമ്പൂതിരിക്കു കഴിഞ്ഞിട്ടില്ല.[അവലംബം ആവശ്യമാണ്] എന്നാൽ ഏതാനും ഒറ്റശ്ളോകങ്ങൾ കൊണ്ടുമാത്രം ഇദ്ദേഹം അവിസ്മരണീയനായിട്ടുണ്ട്. കൊയ്ത്തുകഴിഞ്ഞ് കറ്റയുമായി ആയാസപ്പെട്ടു പാടത്തു നിന്നു വരുന്ന ഒരു കർഷകസ്ത്രീയെക്കുറിച്ചുള്ള ശ്ലോകം ഇങ്ങനെയാണ്:-

കാമുകിയുമായുണ്ടായ ഒടുവിലത്തെ കൂടിക്കാഴ്ച അനുസ്മരിച്ചു ദുഖിക്കുന്ന കാമുകനാണ് മറ്റൊരു ശ്ലോകത്തിൽ:-

ദാരിദ്ര്യദുഃഖത്തിൽ സഹായം അഭ്യർത്ഥിച്ച് കടത്തനാട്ടു ശങ്കരവർമ്മ രാജാവിന് അടിയറ വച്ച ഈ ശ്ലോകവും പ്രസിദ്ധമാണ്:-

"കുളിർത്ത ചെന്താമര തന്നകത്തെ" എന്നു തുടങ്ങുന്ന ശ്ലോകവും പ്രസിദ്ധമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 അമൂല്യശ്ലോകമാല, സമാഹരണം, വ്യാഖ്യാനം: അരവിന്ദൻ(പുറങ്ങൾ 118, 148, 184)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പൂന്തോട്ടത്ത് അച്ഛൻ നമ്പൂതിരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.