പൂനിലാർകാവ് ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂനിലാർക്കാവ്ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര പട്ടണത്തിൽ നിന്നും അരകിലോമീറ്റർ വടക്ക് ഭാഗത്താണ് പൂനിലാർകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ പരബ്രഹ്മശക്തിയായ "ദുർഗ്ഗാഭഗവതി" ആണ്. മാതൃഭാവമായ ‘വനദുർഗ്ഗ’ സങ്കൽപ്പത്തിൽ കിഴക്ക് ദർശനം. 108 ദുർഗ്ഗാലയങ്ങളിൽ വച്ച് പ്രസിദ്ധമായ ‘പൂണൂലിയമ്മ’ എന്ന നാമവും ഈ മഹാദേവിയ്ക്ക് ഉണ്ട്. പ്രതിഷ്ഠാദിനം ഇടവമാസത്തിൽ മകയിരം നക്ഷത്രം ആണ്. ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്[അവലംബം ആവശ്യമാണ്].

ഐതിഹ്യം[തിരുത്തുക]

ഈ ക്ഷേതത്തിന്റെ ഉൽപ്പത്തിയെപ്പറ്റി കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: അവതാരപുരുഷനായ ശ്രീപരശുരാമൻ തന്റെ യാത്രാ വേളയിൽ ഇന്ന് ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുകൂടി പോകുന്ന സമയത്ത് അതിമനോഹരമായ ഒരു ദിവ്യ തേജസ്സ് കണ്ടു. പ്രസ്തുത തേജസ്സ് ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ എന്നറിയുന്നതിനായി അടുത്തുള്ള ഒരു പാറയിൽ ശില സ്ഥാപിച്ച് ശൈവമന്ത്രങ്ങളെ ഉരുവിട്ട് ആ തേജസ്സിനെ ആവാഹിച്ചു. എന്നാൽ പ്രസ്തുത തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. അനന്തരം വേറൊരു ശിലസ്ഥാപിച്ച് വൈഷ്ണവശക്തിയെ ആവാഹിച്ചു. അപ്പോഴും തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ ജഗദംബയായ ആദിപരാശക്തിയെ ധാനിച്ച് ഒരു ശിലയിലേക്ക് ആവാഹിച്ചു. ഉടൻ താൻ കണ്ടിരുന്ന തേജസ്സ് ശിലയിൽ ലയിക്കുകയും ഭൂമിയിൽ നിന്നു അതിശക്തയായി ജലം പൊന്തിവരുകയും അതോടെ സ്വയംഭൂവായി ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങനെ ഭാര്ഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം “പൂനിലാർക്കാവ്” എന്നു പ്രസിദ്ധമായി.

മറ്റ് പ്രതിഷ്ഠകൾ[തിരുത്തുക]

ക്ഷേത്രമതിൽക്കകത്ത് തെക്ക് വശത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ ഗണപതി ഭഗവാൻ ചുറ്റമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു. സുബ്രഹ്മണ്യ ക്ഷേത്രം കുന്നുംതൃകോവിൽ എന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. കുന്നതൃകോവിലിന്റെ പിൻവശത്ത് ശ്രീ മഹാദേവന്റെ ക്ഷേത്രമുണ്ട്. ശിവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും കിടക്കുന്നു. പരശുരാമൻ ഇവിടെ കുറെ കാലം തപസ്സനുഷ്ടിക്കുകയുണ്ടായി. അദ്ദേഹം വസിച്ചിരുന്ന ഗുഹയും ‘മുനിയറ’ എന്ന പേരിൽ ഇന്നും പൂനിലാർക്കാവ്ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന് തൊട്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

പൂജകൾ[തിരുത്തുക]

പൂനിലാർക്കാവ് ദേവിക്ഷേത്രത്തിൽ ആണ്ട് വിശേഷങ്ങളിൽ മുഖ്യമായവ തൃക്കാർത്തിക, ആറാട്ടുപുഴ പൂരം പറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ്. ഈ ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവ് സ്ഥിതി ചെയ്യുന്നു. കന്നി മാസത്തിൽ ബ്രഹ്മശ്രീ പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരിപാടിന്റെ മുഖ്യകർമ്മികത്വത്തിൽ “സർപ്പബലി” നടത്തുന്നു.