പൂത്തരേക്കുലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിൽ നിന്നുള്ള ഒരു ജനപ്രിയ മധുരപലഹാരമാണ് പൂത്തരേക്കുലു. അരിയിൽ നിന്നും ഉണ്ടാക്കുന്ന, പേപ്പറിനോട് സാമ്യമുള്ള ഒരു നേർത്ത അന്നജപാളിയിൽ പഞ്ചസാര, ഡ്രൈ ഫ്രൂട്ട്‌സ്, അണ്ടിപ്പരിപ്പ് എന്നിവ നിറച്ച് പൊതിഞ്ഞ രീതിയിലാണ് ഇതിന്റെ നിർമ്മാണം. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ ഉത്സവങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും ഈ മധുരപലഹാരം വിശേഷപ്പെട്ടതാണ്.

ചരിത്രം[തിരുത്തുക]

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ആത്രേയപുരം എന്ന ഗ്രാമത്തിലാണ് പൂത്തരേക്കുലു സൃഷ്ടിക്കപ്പെട്ടത്. മധുരത്തിന്റെ പേരിന്റെ അർത്ഥം തെലുങ്ക് ഭാഷയിൽ 'പൂശിയ പാളി' എന്നാണ്. 'പൂത്ത' എന്നാൽ 'പൂശിയ' എന്നും 'രേക്കു' (ബഹുവചനം രേക്കുലു) എന്നാൽ 'പാളി' എന്നുമാണ് തെലുങ്കിലെ അർത്ഥം. [1]

ഈ പലഹാരത്തിന് ഏതാനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. [2] അരി വേവിച്ച് ബാക്കിവന്ന സ്റ്റാർച്ചിൽ പഞ്ചസാരയും നെയ്യും ചേർത്ത് ഒരു ഗ്രാമീണ സ്ത്രീ ആദ്യമായി ഈ മധുരപലഹാരം തയ്യാറാക്കിയതായി പറയപ്പെടുന്നു. [3] അധികം താമസിയാതെ ആത്രേയപുരം ഗ്രാമവാസികൾ അരിപ്പൊടി കൊണ്ട് പൊതികൾ ഉണ്ടാക്കി, പഞ്ചസാരയും നെയ്യും അകത്തു നിറച്ച് മടക്കി. തെലുങ്ക് സംസ്ഥാനങ്ങളിലുടനീളമുള്ള മിഠായി നിർമ്മാതാക്കൾക്ക് അവർ മധുരപലഹാരങ്ങൾ വിതരണം ചെയ്തു തുടങ്ങി.

400-ഓളം കുടുംബങ്ങൾ മധുരപലഹാരങ്ങളുടെ നിർമ്മാണത്തെയും വിപണനത്തെയും ആശ്രയിച്ച് കഴിയുന്ന ആത്രേയപുരത്തെ ഒരു കുടിൽ വ്യവസായമാണ് പൂത്തരേക്കുലു നിർമ്മാണം. സാധാരണയായി, പുരുഷന്മാർ മധുരപലഹാരങ്ങളുടെ വിപണനത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ അവരുടെ ഒഴിവുസമയങ്ങളിൽ പൂത്തരേക്കുലു ഉണ്ടാക്കുന്നു. ഈ കുടിൽ വ്യവസായത്തിന്റെ 2016-ലെ വാർഷിക വിറ്റുവരവ് 3 കോടി രൂപയായിരുന്നു. [2]

2018 ഓഗസ്റ്റിൽ, കിഴക്കൻ ഗോദാവരി ജില്ലയിലെ ഒരു കൂട്ടം പാചകക്കാർ 10.5 മീറ്റർ നീളമുള്ള പൂത്തരേക്കുലു തയ്യാറാക്കിയിരുന്നു. ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിന്റെ ആന്ധ്രാ വിഭവങ്ങൾ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. [4] 2018 ഒക്‌ടോബർ മുതൽ, ആത്രേയപുരം പൂത്തരേക്കുലു എന്ന പലഹാരത്തിനായി ഭൂപ്രദേശസൂചകത്തിനായി അപേക്ഷിക്കുന്നതിനുള്ള പ്രക്രിയയിലാണ് ആന്ധ്രപ്രദേശ് എന്ന് പറയപ്പെടുന്നു.[5]

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ജയ ബിയ്യം (‘ബിയ്യം‘ എന്നാൽ അരി) എന്ന പ്രത്യേകയിനം അരിയുടെ മാവ് ഉപയോഗിച്ചാണ് പൂത്തരേക്കുലുവിനായി പാളികൾ തയ്യാറാക്കുന്നത്. അടിയിൽ ദ്വാരമിട്ട ഒരു കലം മൂന്നു ദിവസം ആവർത്തിച്ചു ചൂടാക്കി എണ്ണ പുരട്ടിവീണ്ടും തണുപ്പിച്ച് മിനുസപ്പെടുത്തിയെടുക്കുന്നു. ആറു മണിക്കൂർ കുതിത്ത അരി നന്നായി അരച്ച് പാൽ പരുവത്തിൽ നേർപ്പിക്കുന്നു. ഈ അരിമാവിൽ പൊടിച്ച പഞ്ചസാരയും നെയ്യും ചേർത്ത ശേഷം നേർത്ത ഒരു തുണി അതിൽ മുക്കി, കമഴ്ത്തി ചൂടാക്കിയ കലത്തിനു മുകളിൽ വിരിച്ച് പാളികൾ ഉണ്ടാക്കുന്നു. പൊടിച്ച ഡ്രൈ ഫ്രൂട്ട്സ്, നെയ്യ് എന്നിവയുടെ മിശ്രിതത്തിൽ മധുരത്തിനായി ശർക്കരയോ പഞ്ചസാരയോ ചേർത്ത് പാളികളിൽ പൊതിഞ്ഞ് പൂത്തരേക്കുലു ഉണ്ടാക്കുന്നു.

അവലംബം[തിരുത്തുക]

  1. https://timesofindia.indiatimes.com/travel/eating-out/interesting-facts-about-pootharekulu-the-paper-thin-dessert-of-andhra/as67673733.cms
  2. 2.0 2.1 India, The Hans (2016-09-28). "Pootharekulu makes Atreyapuram rich & famous". www.thehansindia.com (in ഇംഗ്ലീഷ്). Retrieved 2019-12-04.
  3. "Pootharekulu: The Paperlike Sweet from Andhra". The New Indian Express. Retrieved 2019-12-04.
  4. "Pootharekulu in record books". Deccan Chronicle (in ഇംഗ്ലീഷ്). 2018-08-10. Retrieved 2019-12-04.
  5. https://www.thehindu.com/news/national/andhra-pradesh/association-seeks-gi-tag-for-andhra-pradeshs-paper-sweet/article37973372.ece

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂത്തരേക്കുലു&oldid=4071815" എന്ന താളിൽനിന്ന് ശേഖരിച്ചത്