പുഷ്പിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃതികളുടെയും അധ്യായങ്ങളുടെയും ഒടുക്കം കൃതിയുടെ പേര്, അധ്യായത്തിന്റെ പേര്, ക്രമസംഖ്യ, രചയിതാവ്, അദ്ദേഹത്തിന്റെ പ്രശസ്തി, നിയോഗം മുതലായവ സൂചിപ്പിച്ചുകൊണ്ട് ഗദ്യത്തിലോ പദ്യത്തിലോ ചേർക്കുന്ന വിവരണവാക്യത്തെയാണ് പുഷ്പിക എന്നു വിളിക്കുന്നത്. സംസ്കൃതപ്രാകൃതഗ്രന്ഥങ്ങളിൽനിന്ന് മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള പഴയ കൃതികളിൽ ഈ രീതി സ്വീകരിച്ചുകാണാം. പുഷ്പിക ഗ്രന്ഥകർത്താവുതന്നെ ചേർത്തതോ അതിന്റെ പഠിതാക്കൾ കൂട്ടിച്ചേർത്തതോ ആകാം. ഗ്രന്ഥത്തിൽ കർത്താവിനെ സംബന്ധിച്ച വിവരവും വിശേഷണവും ചേർക്കുന്നത് അപരാധമായി കണ്ടിരുന്നതിനാൽ പല പുഷ്പികകളിലും ഗ്രന്ഥത്തെക്കുറിച്ചുള്ള വിവരണം മാത്രമേ കാണൂ. പ്രാചീനഗ്രന്ഥങ്ങളെ സംബന്ധിച്ച്, അതിന്റെ കർത്താവിനെക്കുറിച്ചും കാലത്തെക്കുറിച്ചും അറിയാനും ഗ്രന്ഥം ക്രമപ്പെടുത്താനും സഹായിക്കുന്നതിനാൽ പുഷ്പികകൾ ചരിത്ര-സാഹിത്യാന്വേഷികളുടെ മുഖ്യമായ ഉപാദാനമാണ്.

ചില മാതൃകകൾ[തിരുത്തുക]

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ പ്രഥമാദ്യായത്തിന്റെ പുഷ്പിക:

“ഇത്യധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ബാലകാണ്ഡം സമാപ്തം”

ലീലാതിലകത്തിലെ പ്രഥമപുഷ്പികയും സമാപനപുഷ്പികയും:

“ഇതി ലീലാതിലകേ മണിപ്രവാളലക്ഷണം പ്രഥമശില്പം” അന്ത്യം: “സമാപ്തശ്ചായം ഗ്രന്ഥഃ”

കൃഷ്ണഗാഥയുടെ ആദ്യാധ്യായത്തിലെയും ഗ്രന്ഥാന്ത്യത്തിലെയും പുഷ്പിക:

“ആജ്ഞയാ കോലഭൂപസ്യ പ്രാജ്ഞസ്യോദയവർമ്മണഃ

കൃതായാം കൃഷ്ണഗാഥായാം കൃഷ്ണോല്പത്തിഃ സമീരിതാ” അന്ത്യം : “ഇതി കൃഷ്ണഗാഥാ സമാപ്തം”

വരാഹമിഹിരന്റെ ബൃഹജ്ജാതകത്തിന് തലക്കുളത്തു ഗോവിന്ദഭട്ടതിരി എഴുതിയ “ദശാധ്യായി” എന്ന വ്യാഖ്യാനത്തിന്റെ അവസാനപുഷ്പിക:

“ഇതി ഗോവിന്ദസോമയാജികൃതൌ ബൃഹജ്ജാതകവ്യാഖ്യായാം ദശമോധ്യായഃ”

സാഹിത്യദർപ്പണം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിലെ വിശദമായ പുഷ്പിക:

ഇതി ശ്രീമന്നാരായണചരണാരവിന്ദമധുവ്രത സാഹിത്യാർണവകർണധാര ധ്വനിപ്രസ്ഥാപനപരമാചാര്യ കവിസൂക്തിരത്നാകരാഷ്ടാദശഭാഷാവാരവിലാസിനീഭുജങ്ഗസന്ധിവിഗ്രഹിക മഹാപാത്ര ശ്രീവിശ്വനാഥകവിരാജകൃതൌ സാഹിത്യദർപ്പണേ കാവ്യസ്വരൂപനിരൂപണോ നാമ പ്രഥമഃ പരിച്ഛേദഃ

എ.ആർ. മലയവിലാസം എന്ന ലഘുകാവ്യത്തിന് നൽകിയ പുഷ്പിക:

“ഉഭയകവിരാജ ശ്രീ രാജരാജവർമ്മകൃതം മലയവിലാസം മധുരകാവ്യം സമാപ്തം”
"https://ml.wikipedia.org/w/index.php?title=പുഷ്പിക&oldid=835973" എന്ന താളിൽനിന്ന് ശേഖരിച്ചത്