പുഴയോരജൈവസംരക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുഴയോരആവാസവ്യവസ്ഥ ജൈവരീതിയിൽ സംരക്ഷിക്കുന്ന മാർഗ്ഗം. അതായത് കൽഭിത്തികൾക്ക് പകരം സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്ന രീതി. പുഴയോരത്തിന്റെയും പുഴയുടെയും ദീർഘകാലത്തേക്കുള്ള ആരോഗ്യത്തിന് ശാശ്വതമായ പരിഹാരമാണ് ഈ ജൈവരീതി.

പുഴയോര ആവാസവ്യവസ്ഥ[തിരുത്തുക]

തുമ്പൂർമുഴി പുഴയോരആവാസവ്യവസ്ഥ

പുഴത്തീരത്തോട് ചേർന്ന് കാണപ്പെടുന്ന ആവാസവ്യവസ്ഥയാണ് പുഴയോരആവാസവ്യവസ്ഥ. കരയുടെയും വെള്ളത്തിന്റെയും ഇടയ്ക്കുള്ള ആവാസവ്യവസ്ഥ ആയതിനാൽ കരയുടെ പാരിസ്ഥിതികധർമ്മങ്ങൾ വെള്ളത്താൽ സ്വാധീനിക്കപ്പെടുന്നു; ഒപ്പം വെള്ളത്തിന്റെ പാരിസ്ഥിതികധർമ്മങ്ങൾ കരയാൽ സ്വാധീനിക്കപ്പെടുന്നു. അതായത് ഇതിലേതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടായാൽ അത് മറ്റൊന്നിനെയും പ്രശ്‌നത്തിലാക്കുന്നു.

പുഴയോരആവാസവ്യവസ്ഥ മറ്റ് ആവാസവ്യവസ്ഥകളിൽ നിന്ന് പ്രത്യേകതകൾ ഉള്ള ഒന്നായിരിക്കും. പുഴയോരം എപ്പോഴും നനവ് നിലനിൽക്കുന്ന ആവാസവ്യവസ്ഥയായതിനാൽ അത്തരത്തിൽ നിലനിൽക്കാൻ കഴിവുള്ള സസ്യങ്ങളും അവയെ ആശ്രയിക്കാൻ കഴിവുള്ള ജീവികളുമാണിവിടെ കാണപ്പെടുന്നത്. പുഴത്തീരത്തോട് ചേർന്ന് പല സസ്തനികളും മാളമുണ്ടാക്കി താമസിക്കുന്നു. മത്സ്യങ്ങൾക്ക് പുഴയോരസസ്യങ്ങളുടെ വേരുകൾക്കിടയിൽ മുട്ടയിടാനും ജീവിക്കാനും പക്ഷികൾക്ക് മരങ്ങളിൽ കൂടുവെയ്ക്കാനുമൊക്കെ കഴിയുന്നു. പുഴയോരസസ്യങ്ങളാകട്ടെ വേരുകളാൽ പുഴത്തീരത്തെ സംരക്ഷിക്കുകയും ഇലകൾ പൊഴിച്ച് മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുകയും അവിടത്തെ ചൂട് നിയന്ത്രിക്കുകയും ചെയ്യുന്നു.

പുഴയിലോരോ ഭാഗത്തെയും കാലാവസ്ഥ, ആർദ്രത, ഊഷ്മാവ് തുടങ്ങിയ പ്രത്യേകതകളനുസരിച്ച് മണ്ണും അവിടത്തെ സസ്യജീവജാലങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ പുഴയുടെ ഉദ്ഭവത്തോടടുത്ത മലകളിൽ പാറയിൽ പറ്റിപ്പിടിച്ച് വളരുന്ന തരം പായൽ, പൂപ്പൽ സസ്യങ്ങളാണ് കൂടുതലായുണ്ടാകുക. അല്പം കൂടി താഴേയ്ക്ക് വരുമ്പോൾ പുഴത്തീരത്ത് നിത്യഹരിതവൃക്ഷങ്ങൾ കാണാം. സമതലങ്ങളിലെത്തുമ്പോഴേക്കും മണ്ണ് അല്പം കൂടി അയവുള്ളതാകും. നിക്ഷേപത്തിന്റെ നിരക്ക് കൂടുന്നതുകൊണ്ട് എക്കലിന്റെ അളവ് നന്നായി ഉണ്ടാകും. ജലത്തെ ആശ്രയിച്ചു വളരുന്ന തരം സസ്യങ്ങളും ഔഷധച്ചെടികളും ഇവിടെ ധാരാളമായി കാണുന്നു. എന്നാൽ പുഴ അവസാനിക്കാറാകുമ്പോൾ ലവണജലത്തിൽ നിലനിൽക്കാൻ കഴിവുള്ള കണ്ടൽ പോലുള്ള സസ്യങ്ങളാകും കാണുക.

പുഴയോരസസ്യങ്ങൾ[തിരുത്തുക]

ഓരോ പുഴയിലും അവിടത്തെ ഭൂമിശാസ്ത്ര-കാലാവസ്ഥാ പ്രത്യേകതകൾ, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ആർദ്രത, പുഴയിലൊഴുകുന്ന വെള്ളത്തിന്റെ അളവ് തുടങ്ങിയവയെല്ലാം അനുസരിച്ച് തനത് പുഴയോരസസ്യങ്ങൾ കാണാൻ കഴിയും.

പുഴയോരത്ത് പലതരം ഔഷധസസ്യങ്ങളും വള്ളിച്ചെടികളും കാട്ടുമരങ്ങളും നാട്ടുപഴങ്ങളും പേരറിയാത്ത സസ്യങ്ങളുമുണ്ട്. വെള്ളിലം, കാട്ടുപിച്ചകം, കൈനാറി, കൈത, പാറോത്ത്, അയിനിപ്ലാവ് തുടങ്ങിയ സസ്യങ്ങളെല്ലാം ധാരാളം ജലാംശമുള്ളിടത്ത് കണ്ടുവരുന്നതും പുഴത്തീരമിടിയാതെ സംരക്ഷിക്കുന്നവയുമൊക്കെയാണ്. മുളവർഗ്ഗത്തിലെയും പുല്ലുവർഗ്ഗത്തിലെ ചില ചെടികളും പൂഴത്തീരത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നവയാണ്. ഞാവൽ, ഉങ്ങ്, അമ്പഴം, പുളിമാവ് തുടങ്ങിയ മരങ്ങളുടെ ഇലകൾ പൊതയിടാൻ (ചവറ്-ജൈവവളം) കർഷകർ ഉപയോഗിച്ചിരുന്നുവത്രേ. അത്തി, ഇത്തി, ചേര്, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങളും കുറുന്തോട്ടി, കറുക, കഞ്ഞുണ്ണി തുടങ്ങിയ ചെറുഔഷധസസ്യങ്ങളുമെല്ലാം പുഴത്തീരത്ത് കണ്ടുവന്നിരുന്നു. കൂടാതെ കാവത്ത്, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങിനങ്ങളും ചെത്തിപ്പഴം, പൂച്ചപ്പഴം, തൊണ്ടിപ്പഴം, ആത്തപ്പഴം തുടങ്ങിയ കാട്ടുപഴങ്ങളും ലഭിക്കുന്ന സസ്യങ്ങൾ എന്നിവയും പുഴത്തീരത്തെ സമ്പത്തായിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഈ കണ്ണി പരിശോധിക്കുക

പുഴത്തീരസസ്യങ്ങളുടെ പ്രാധാന്യം[തിരുത്തുക]

പ്രധാനമായും പുഴത്തീരസസ്യങ്ങൾ പുഴത്തീരത്തെ മണ്ണിടിച്ചിൽ തടഞ്ഞ് തീരം ഫലഭൂയിഷ്ടവും കരുത്തുറ്റതുമാക്കുന്നു. പുഴത്തീരത്ത് സസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ നീർത്തടം സമ്പന്നമാകുന്നു. അതായത് വെള്ളം സംരക്ഷിക്കാനും സംഭരിക്കാനും കഴിയുന്നു. കൂടാതെ മണ്ണും എക്കലും തീരത്ത് നന്നായി രൂപംകൊള്ളുന്നു. വറ്റിപ്പോയ നീർച്ചോലകളെ പുനരുജ്ജീവിപ്പിക്കാനും പുഴത്തീരസസ്യങ്ങൾക്ക് കഴിയും. പുഴയുടെ മേൽത്തടം മുതൽ കീഴ്ത്തടം വരെയുള്ള നിരവധി ജീവജാലങ്ങളുടെ വൈവിധ്യം നിലനിർത്തുന്നതിൽ പുഴയോരസസ്യങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ആനയും സിംഹവാലൻകുരങ്ങും മുതൽ നീർനായയും ഉടുമ്പും വരെയുള്ള ജീവികളും മുൻപ് സൂചിപ്പിച്ച പക്ഷികളും ശലഭങ്ങളും മത്സ്യങ്ങളും നിത്യഹരിതവൃക്ഷങ്ങളും ഓർക്കിഡുകളും എല്ലാം ഈ പുഴയോരക്കാടിനോട് ചേർന്ന് കാണപ്പെടുന്നവയാണ്. മാത്രമല്ല, കാടിന്റെ തുടർച്ചയും മൃഗങ്ങളുടെ സഞ്ചാരപാതയും നിലനിർത്താൻ പുഴയോരക്കാടുകൾ വളരെ അത്യാവശ്യമാണ്.

ജനവാസം കൂടുതലുള്ള പ്രദേശങ്ങളിൽ മനുഷ്യർക്ക് തന്നെയാണ് പുഴയോരസസ്യങ്ങൾ ഏറ്റവും ഗുണം ചെയ്യുന്നത്. മണ്ണൊലിപ്പ് തടയുന്നതോടൊപ്പം മത്സ്യങ്ങളുടെ നിലനിൽപിനെയും സഹായിക്കുന്നതിനാൽ ആദിവാസികൾ മുതൽ ഉൾനാടൻ മീൻപിടുത്തക്കാരുടെ വരെ ഉപജീവനമാർഗ്ഗത്തിന് താങ്ങാകുന്നു. സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് പുഴത്തീരം പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ പുഴയിലെ വെള്ളം ശുദ്ധവും പുഴയോരം കുളിർമ്മയുള്ളതുമായിത്തീരും.

പുഴയോരത്തെ പ്രശ്‌നങ്ങൾ[തിരുത്തുക]

പുഴയോരം കൈയേറി കൃഷിയ്ക്കും ടൂറിസത്തിനും മറ്റ് ആവശ്യങ്ങൾക്കുമുപയോഗിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പുഴത്തീരത്തെ സംബന്ധിച്ച് പുഴയിലെ ഒഴുക്ക് വളരെ പ്രധാനമാണ്. അണക്കെട്ടുകളാണ് ഈ ഒഴുക്കിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. പുഴത്തീരത്തെ സ്ഥലം പൊതുഭൂമിയായതിനാൽ ഈ ഭാഗത്ത് നശീകരണപ്രവണതയും കൂടുതലാണ്. പുഴത്തീരത്തെ മരങ്ങൾ അനാവശ്യമായി വെട്ടിവീഴ്ത്തുന്നത് കൂടാതെ പുഴയിലെ വെള്ളം ജലസേചനത്തിനും മറ്റുമായി ചൂഷണം ചെയ്യുന്നതും പതിവായിത്തീർന്നിരിക്കുന്നു. വിറക്, തടി, കൃഷി, അനധികൃത മീൻപിടുത്തം, മൃഗവേട്ട എന്നിവയ്ക്ക് വേണ്ടിയെല്ലാം പുഴയോരക്കാടുകൾ നശിപ്പിക്കുന്നു. അളവിൽ കവിഞ്ഞ മണലെടുപ്പും ജലചൂഷണവും കാരണം ജലനിരപ്പ് താഴ്ന്നതും പുഴയോരസസ്യങ്ങൾ നശിക്കാൻ കാരണമായി. അശാസ്ത്രീയമായ മണലെടുപ്പ് കാരണം നദിയുടെ അടിത്തട്ട് താഴുകയും തീരം ഇടിയുകയും ചെയ്യുന്നു. ഇത് പുഴയോരസസ്യങ്ങളെയും ജലലഭ്യതയെയും പുഴയെ ആശ്രയിക്കുന്ന ജനങ്ങളെയും സാരമായി ബാധിക്കുന്നു.

ടൂറിസമാണ് ഇന്ന് പുഴയും തീരവും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം. ടൂറിസത്തിനായുള്ള നിർമ്മാണപ്രവൃത്തികൾക്കായി പുഴത്തീരം യാതൊരു നിയന്ത്രണവുമില്ലാതെ നൽകുന്നത് അവിടത്തെ സസ്യജന്തുജാലങ്ങൾക്ക് ഭീഷണിയായിത്തീരുന്നു. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും വൃക്ഷത്തൈകളും വിത്തുകളും നശിപ്പിക്കുന്നതും വന്യജീവികളെ ശല്യം ചെയ്യുന്നതും അനിയന്ത്രിത ടൂറിസത്തിന്റെ മറ്റ് പ്രശ്‌നങ്ങളാണ്.

ജനപങ്കാളിത്തത്തോടെ സംരക്ഷണം[തിരുത്തുക]

ചാലക്കുടിപ്പുഴയോരത്ത് വെട്ടുകടവിൽ കാനറി ക്ലബ്ബ് അംഗങ്ങൾ തൈകൾ നടുന്നു

മനുഷ്യനുണ്ടായ കാലം മുതൽ പ്രകൃതിവിഭവങ്ങൾ നാം ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ നമ്മുടെ അനിയന്ത്രിതമായ ആവശ്യങ്ങൾ കാരണം വിഭവങ്ങൾ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതേ രീതിയിൽ തുടരാതെ, വിഭവങ്ങൾ സംരക്ഷിച്ചുകൊണ്ട്, പുഴയ്ക്കും കാടിനുമെല്ലാം എന്തെങ്കിലും തിരികെ നൽകാനാകുമോ എന്ന് നാം ചിന്തിച്ചുതുടങ്ങേണ്ടതുണ്ട്.

ചാക്കും ശീമക്കൊന്നക്കമ്പുകളും കൊണ്ട് തയ്യാറാക്കിയ സംരക്ഷാകവചങ്ങൾ

ചാലക്കുടിപ്പുഴയോരത്ത് ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറവും റിവർ റിസർച്ച് സെന്ററും തുടക്കമിട്ടിട്ടുണ്ട്. പുഴയ്ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട തീരവും നല്ല ഒഴുക്കുമെല്ലാം നൽകാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ പൊതുജനപങ്കാളിത്തത്തോടു കൂടി ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്. പുഴത്തീരത്ത് തനത് സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് തീരത്ത് താമസിക്കുന്ന ജനങ്ങളുടെ കൂടി സഹകരണത്തോടെ അവ സംരക്ഷിക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. അതിനായി,

  • ആദ്യം പുഴത്തീരത്ത് സസ്യങ്ങൾ നടേണ്ട ഭാഗങ്ങൾ തെരഞ്ഞെടുക്കുന്നു.
  • ആ ഭാഗം കൃത്യമായി മാപ്പ് ചെയ്യുന്നു.
  • തീരത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സസ്യങ്ങൾ നടുന്നു.
  • ഇതിനിടെ തീരത്തുള്ള തദ്ദേശവാസികളെ ഒരു സർവ്വേയിലൂടെ പരിചയപ്പെടുകയും പ്രവർത്തനപദ്ധതി പരിചയപ്പെടുത്തുകയും ചെയ്യുന്നു.
  • നാട്ടുകാരുടെ സഹകരണത്തോടെ നനച്ച് സംരക്ഷിക്കുന്നു.
  • ഒന്നോ രണ്ടോ മാസം കൂടുന്തോറും തീരത്തിന് വന്നിട്ടുള്ള മാറ്റങ്ങൾ മാപ്പിൽ രേഖപ്പെടുത്തുന്നു.
"https://ml.wikipedia.org/w/index.php?title=പുഴയോരജൈവസംരക്ഷണം&oldid=2322684" എന്ന താളിൽനിന്ന് ശേഖരിച്ചത്